
കേരളത്തിലെ സർക്കാർ ആശുപത്രികളിൽ, പ്രത്യേകിച്ചു മെഡിക്കൽ കോളെജുകളിൽ, ചികിത്സാപിഴവു മൂലം സാധാരണക്കാരായ രോഗികൾ അനുഭവിക്കേണ്ടിവരുന്ന ദുരിതങ്ങൾ പലപ്പോഴായി വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. അതിൽ അവസാനത്തേതാണ് ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളെജിലുണ്ടായത്. കൈയിലെ ആറാം വിരൽ നീക്കം ചെയ്യുന്നതിന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നാലു വയസുള്ള കുട്ടിയുടെ നാവിനായിരുന്നു ശസ്ത്രക്രിയ നടത്തിയത്. കുട്ടിയുടെ ബന്ധുക്കൾ അതു കണ്ടുപിടിച്ച് പ്രതിഷേധിച്ചപ്പോൾ ഉടൻ തന്നെ മറ്റൊരു ശസ്ത്രക്രിയ നടത്തി ആറാം വിരൽ നീക്കം ചെയ്തു. കുട്ടിയുടെ തൊണ്ടയിൽ ഒരു കെട്ടുണ്ടായിരുന്നുവെന്നും അതു നീക്കം ചെയ്യാനാണ് നാവിൽ ശസ്ത്രക്രിയ നടത്തിയതെന്നും മെഡിക്കൽ കോളെജ് അധികൃതർ പറയുന്നുണ്ട്. പക്ഷേ, അങ്ങനെയൊരു കെട്ടിനെക്കുറിച്ച് ബന്ധുക്കൾക്ക് ആർക്കും അറിവില്ലായിരുന്നു. നാവിനു ശസ്ത്രക്രിയ നടത്താനല്ല അവർ കുട്ടിയെ ആശുപത്രിയിൽ കൊണ്ടുവന്നത്. അങ്ങനെയൊരു ശസ്ത്രക്രിയ നടത്തുന്നുവെന്ന് ഡോക്റ്റർമാർ അടക്കം ആശുപത്രിയിലെ ആരും കുട്ടിയുടെ ബന്ധുക്കളെ അറിയിച്ചുമില്ല. നിശ്ചയിച്ചിരുന്ന ശസ്ത്രക്രിയ കൈവിരൽ നീക്കം ചെയ്യാനാണ്. അതു ചെയ്യാതെ നാവിൽ ശസ്ത്രക്രിയ ചെയ്തത് എങ്ങനെ ന്യായീകരിച്ചാലും അംഗീകരിക്കാൻ വിഷമമാണ്. അബദ്ധം പറ്റിയതാണെന്ന് ഡോക്റ്റർ ആദ്യം സമ്മതിച്ചു എന്നാണു ബന്ധുക്കൾ പറയുന്നത്.
കൂടുതൽ ഗൗരവമുള്ള ശസ്ത്രക്രിയയാണ് ഇങ്ങനെ മാറി ചെയ്തതെങ്കിൽ എത്ര വലിയ ദുരന്തമായി അതു മാറുമായിരുന്നു എന്നു ചിന്തിക്കേണ്ടതുണ്ട്. തലയിൽ നടത്തേണ്ട ശസ്ത്രക്രിയ കാലിലും വയറ്റിലുമൊക്കെയായി മാറിയാൽ എന്താവും സ്ഥിതി. ഓരോ രോഗിക്കും എന്താണു ചെയ്യേണ്ടത് എന്നു കൃത്യവും വ്യക്തവുമായി ഡോക്റ്റർക്ക് അറിയണം. അല്ലെങ്കിൽ മെഡിക്കൽ കോളെജുകൾ ഭാഗ്യപരീക്ഷണ കേന്ദ്രങ്ങളായി മാറും. പന്തീരാങ്കാവ് സ്വദേശി ഹർഷിന എന്ന യുവതിയുടെ വയറ്റിൽ പ്രസവ ശസ്ത്രക്രിയക്കിടെ കത്രിക കുടുങ്ങിയ സംഭവത്തിൽ ഏറെ വിവാദത്തിലായതാണു കോഴിക്കോട് മെഡിക്കൽ കോളെജ്. 2017 നവംബറിൽ മെഡിക്കൽ കോളെജിൽ നടന്ന പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഹർഷിനയുടെ വയറ്റിൽ കത്രിക അകപ്പെട്ടത് എന്നാണ് ആരോപണം ഉയർന്നത്. 2022 സെപ്റ്റംബറിലാണ് ഇതേ മെഡിക്കൽ കോളെജിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ കത്രിക പുറത്തെടുത്തത്. വയറ്റിൽ കത്രികയുമായി അഞ്ചു വർഷത്തോളം വേദന തിന്നു ജീവിച്ച ഹർഷിന അതിന്‍റെ പ്രയാസങ്ങൾ തുടർന്നും അനുഭവിക്കുകയാണ്. നീതി തേടിയുള്ള ഹർഷിനയുടെ പോരാട്ടവും ഇപ്പോഴും തുടരുന്നു. മരുന്നു മാറി കുത്തിവച്ചതിനെത്തുടർന്ന് യുവതി മരിച്ചെന്ന ആരോപണവും നേരത്തേ കോഴിക്കോട് മെഡിക്കൽ കോളെജിനെതിരേ ഉയർന്നിരുന്നു.
വയനാട് മാനന്തവാടി മെഡിക്കൽ കോളെജിൽ ഹെർണിയ ശസ്ത്രക്രിയയിലെ പിഴവു മൂലം ആരോഗ്യ വകുപ്പിലെ ജീവനക്കാരനായ യുവാവിന്‍റെ വൃഷണം നഷ്ടപ്പെട്ടതായി പരാതി ഉയർന്നത് ഏതാനും മാസം മുൻപാണ്. ശസ്ത്രക്രിയയിൽ ഗുരുതര വീഴ്ച പറ്റിയിട്ടും അതു മറച്ചുവച്ചു എന്നാണ് യുവാവ് ആരോപിച്ചത്. പിന്നീട് മെഡിക്കൽ കോളെജിലെ തന്നെ മറ്റൊരു ഡോക്റ്ററാണ് വൃഷണത്തിനു ഗുരുതര പരുക്കു പറ്റിയതായി സ്കാനിങ് റിപ്പോർട്ട് പരിശോധിച്ച് അറിയിച്ചത്. തുടർന്ന് സ്വകാര്യ മെഡിക്കൽ കോളെജിൽ നടത്തിയ പരിശോധനയിൽ വൃഷണത്തിന്‍റെ പ്രവർത്തനം നിലച്ചതും കണ്ടെത്തുകയായിരുന്നു. ആലപ്പുഴ മെഡിക്കൽ കോളെജ് ആശുപത്രിയുടെ അനാസ്ഥ മൂലമാണു രോഗി മരിച്ചതെന്ന് ആരോപിച്ച് മൃതദേഹവുമായി ബന്ധുക്കൾ പ്രതിഷേധിച്ചത് കഴിഞ്ഞദിവസം രാത്രിയാണ്. പനി മൂലം ചികിത്സ തേടിയ രോഗിക്കു ന്യുമോണിയ ബാധിക്കുകയായിരുന്നു. അടിയന്തരമായി കോട്ടയം മെഡിക്കൽ കോളെജിലേക്കു കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 25 ദിവസം മുൻപ് പനി ബാധിതയായി ആലപ്പുഴ മെഡിക്കൽ കോളെജിൽ നടന്നെത്തിയ രോഗിയുടെ അസുഖം പിന്നീട് മൂർച്ഛിക്കുകയായിരുന്നു. ചുമതലയുണ്ടായിരുന്ന സീനിയർ ഡോക്റ്റർ ഒരിക്കൽപോലും പരിശോധനയ്ക്ക് എത്തിയില്ലെന്നും ജൂണിയർ ഡോക്റ്റർമാർ മാത്രമാണു കണ്ടതെന്നും ബന്ധുക്കൾ ആരോപിക്കുന്നുണ്ട്. വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ നടപടിയെടുക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഉറപ്പുനൽകിയ ശേഷമാണ് ബന്ധുക്കൾ പ്രതിഷേധം അവസാനിപ്പിച്ചത്. രോഗിയുടെ ബന്ധുക്കളുടെ ആരോപണം സത്യസന്ധമായി അന്വേഷിച്ച് വേണ്ട നടപടികളെടുക്കാൻ ആശുപത്രി സൂപ്രണ്ടിനു കഴിയണം.
നേരത്തേ, ക്യാൻസർ സ്ഥിരീകരിക്കാത്ത യുവതിക്ക് സ്വകാര്യ ലാബിലെ തെറ്റായ പരിശോധനാ ഫലത്തിന്‍റെ അടിസ്ഥാനത്തിൽ കീമോതെറാപ്പി നൽകിയെന്ന ആരോപണം ഉയർന്നത് കോട്ടയം മെഡിക്കൽ കോളെജിനെതിരേയാണ്. സർക്കാർ ആശുപത്രികളിൽ ക്യാൻസർ നിർണയ പരിശോധനകളിൽ ഉണ്ടാകുന്ന കാലതാമസം രോഗികൾക്കുണ്ടാക്കുന്ന ദുരിതങ്ങൾ ചില്ലറയല്ല. സംവിധാനങ്ങളുടെ കുറവ്, ജീവനക്കാരുടെ പോരായ്മ തുടങ്ങി പല കാരണങ്ങളും സർക്കാർ ആശുപത്രികൾക്കു ചൂണ്ടിക്കാണിക്കാനുണ്ടാവും. അതൊന്നും രോഗികൾക്ക് ആവശ്യമായ ചികിത്സ നൽകാതിരിക്കുന്നതിനു ന്യായീകരണമല്ല. വേണ്ട സൗകര്യങ്ങളും സംവിധാനങ്ങളും ഒരുക്കാൻ സർക്കാരിനും ആരോഗ്യ വകുപ്പിനും കഴിയണം. തെറ്റില്ലാത്ത ചികിത്സ ഡോക്റ്റർമാർ ഉറപ്പുവരുത്തണം. മികച്ച സംവിധാനങ്ങളും പ്രഗത്ഭരായ ഡോക്റ്റർമാരും എല്ലാമുള്ള സ്വകാര്യ ആശുപത്രികളെ സമീപിക്കാൻ ലക്ഷങ്ങൾ കൈവശമില്ലാത്ത ആയിരക്കണക്കിനു സാധാരണക്കാരാണ് ഓരോ ദിവസവും സർക്കാർ ആശുപത്രികളെ സമീപിക്കുന്നത്. അവർക്കു സാധ്യമായ എത്രയും നല്ല ചികിത്സ കൊടുക്കുകയാണു സർക്കാർ ആശുപത്രികളുടെ ഉത്തരവാദിത്വം. അതിൽ വീഴ്ച വരുത്തുന്നത് വളരെ ഗൗരവമുള്ള കുറ്റമായി കാണാതിരിക്കാനാവില്ല.