
ഇന്ത്യയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുകയും ലോകത്തെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുകയാണ് അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. അദ്ദേഹം പറയുന്നതു വാസ്തവ വിരുദ്ധമെന്ന് ഇന്ത്യ വ്യക്തമാക്കിയ ശേഷവും ട്രംപ് അത് ആവർത്തിക്കുന്നു എന്നതും ശ്രദ്ധേയമാണ്. ലോക സമാധാനത്തിന് താൻ എന്തൊക്കെയോ ചെയ്തുവരുന്നു എന്നു കാണിക്കാനുള്ള തിടുക്കത്തിൽ ഇല്ലാത്തതും വിളിച്ചുപറയുകയാണ് യുഎസ് പ്രസിഡന്‍റ്. അമെരിക്ക പോലൊരു രാജ്യത്തിന്‍റെ ഭരണാധികാരിക്ക് ഉചിതമായതാണോ ഇതെന്ന ചർച്ച സ്വാഭാവികമായും ഉയർന്നുവരാവുന്നതാണ്. റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതു വലിയ തോതിൽ കുറയ്ക്കുമെന്ന് കഴിഞ്ഞദിവസവും ട്രംപ് ആവർത്തിക്കുകയുണ്ടായി. യുക്രെയ്ൻ പ്രസിഡന്‍റ് വ്ലോഡിമിർ സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തിയപ്പോഴായിരുന്നു ട്രംപിന്‍റെ ഈ അവകാശവാദം. ""റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിൽ നിന്ന് ഇന്ത്യ പിൻവാങ്ങിയിരിക്കുകയാണ്. അവർ ഏതാണ്ട് അവസാനിപ്പിച്ചിരിക്കുന്നു. 38 ശതമാനത്തോളം എണ്ണ അവർ റഷ്യയിൽ നിന്നാണു വാങ്ങിയിരുന്നത്. ഇനി അതുണ്ടാവില്ല''- ട്രംപ് ഇങ്ങനെ പറഞ്ഞു എന്നാണു റിപ്പോർട്ടുകൾ. ഇന്ത്യ റഷ്യൻ എണ്ണ വാങ്ങാതാവുന്നതോടെ റഷ്യയുടെ യുക്രെയ്‌ൻ യുദ്ധം അവസാനിപ്പിക്കുക എളുപ്പമാവുമെന്നും ട്രംപ് അവകാശപ്പെടുന്നു.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങില്ലെന്ന് ടെലിഫോൺ സംഭാഷണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് ഉറപ്പുനൽകിയതായി കഴിഞ്ഞ ബുധനാഴ്ച ട്രംപ് അവകാശപ്പെട്ടിരുന്നു. ഈ അവകാശവാദം വ്യാഴാഴ്ച ഇന്ത്യ നിരസിക്കുകയും ചെയ്തതാണ്. മോദിയും ട്രംപും തമ്മിൽ അങ്ങനെയൊരു സംഭാഷണം പോലും നടന്നിട്ടില്ലെന്നാണ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്. അതൊന്നും കണ്ടഭാവം പോലും യുഎസ് പ്രസിഡന്‍റ് നടിക്കുന്നില്ല! ഇല്ലാത്തത് ആവർത്തിച്ചു പറയുകയാണ് അദ്ദേഹം. ഇതു തന്നെയാണ് ഇന്ത്യ- പാക്കിസ്ഥാൻ സംഘർഷം അവസാനിപ്പിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായതും. ഇന്ത്യ- പാക് യുദ്ധം അവസാനിപ്പിച്ചതു തന്‍റെ മധ്യസ്ഥതയിലാണെന്നാണ് ട്രംപിന്‍റെ ആവർത്തിച്ചുള്ള അവകാശവാദം. ഇരു രാജ്യങ്ങളും തമ്മിലുള്ള ആണവയുദ്ധം തടയാൻ വ്യാപാരനയത്തെ താൻ ആയുധമാക്കിയെന്നും ട്രംപ് അവകാശപ്പെടുകയുണ്ടായി. ആണവയുദ്ധം വളരെ അടുത്തെത്തിയിരുന്നു എന്നും അദ്ദേഹം പറയുന്നുണ്ട്. ട്രംപിന്‍റെ ഈ അവകാശവാദം ഇന്ത്യ പാടേ തള്ളിക്കളഞ്ഞതാണ്. പുറത്തുനിന്നുള്ള ആരുടെയും മധ്യസ്ഥത ഇന്ത്യ അംഗീകരിക്കുന്നില്ലെന്നും വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നിട്ടും ട്രംപ് ഇതേ നിലപാട് ആവർത്തിക്കുന്നു. ഏതാനും ദിവസം മുൻപ് ഇസ്രയേൽ പാർലമെന്‍റിലെ പ്രസംഗത്തിലും ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിച്ചത് താനാണെന്നു ട്രംപ് പറയുകയുണ്ടായി.
റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്ന കാര്യത്തിൽ ആഭ്യന്തര ഉപയോക്താക്കളുടെ താത്പര്യമാണ് ഇന്ത്യ പരിഗണിക്കുന്നത്. റഷ്യൻ എണ്ണ വലിയ നേട്ടം തന്നെ ഇന്ത്യയ്ക്ക് ഉണ്ടാക്കിയിട്ടുണ്ട്. ചൈനയും ഇന്ത്യയും പോലുള്ള രാജ്യങ്ങൾ എണ്ണ വാങ്ങുന്നതു വഴി കിട്ടുന്ന പണം റഷ്യ യുദ്ധത്തിന് ഉപയോഗിക്കുന്നു എന്നാണു ട്രംപ് പറയുന്നത്. ഇന്ത്യ എണ്ണ വാങ്ങുന്നതു നിർത്തിയാൽ യുക്രെയ്‌ൻ യുദ്ധത്തിനു തിരിച്ചടിയാവുമെന്നു പറയുന്നതിനൊന്നും യാതൊരു അടിസ്ഥാനവുമില്ല. വ്യാപാരക്കാര്യത്തിൽ അമെരിക്കയുടെ താത്പര്യങ്ങൾക്കാണു പ്രഥമ പരിഗണനയെന്ന് ആവർത്തിച്ചു പറയുകയും മറ്റു രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് കനത്ത തീരുവ ചുമത്തുകയും ചെയ്യുകയാണു ട്രംപ്. ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്കു തന്നെ 50 ശതമാനം തീരുവയാണു ചുമത്തിയിരിക്കുന്നത്. ഇതിൽ 25 ശതമാനം തീരുവ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിനെതിരേയുള്ള നടപടിയുടെ ഭാഗമായാണെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. തീരുവയുടെ കാര്യത്തിൽ സൗഹൃദ രാജ്യമായിട്ടുപോലും ഇന്ത്യയോട് മൃദു സമീപനം സ്വീകരിച്ചില്ല അദ്ദേഹം.
തൊഴിൽ മേഖലയിൽ അമെരിക്കക്കാരുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടിയാണ് അടുത്തിടെ അദ്ദേഹം എച്ച്1ബി വീസ അപേക്ഷകൾക്കുള്ള ഫീസ് കുത്തനെ കൂട്ടിയത്. പുതുതായി അമെരിക്കയിൽ തൊഴിലെടുക്കാൻ പോകുന്നതിന് ആഗ്രഹിക്കുന്ന മുഴുവൻ ആളുകൾക്കും തിരിച്ചടിയാണ് ഈ തീരുമാനം. ഉയർന്ന വൈദഗ്ധ്യം വേണ്ടിവരുന്ന തൊഴിൽ രംഗങ്ങളിൽ യുഎസിൽ ജോലി കിട്ടുന്നതിന് വിദേശ രാജ്യങ്ങളിലെ ആളുകൾ പ്രധാനമായും ആശ്രയിക്കുന്നത് എച്ച്1ബി വീസയെയാണ്. അമെരിക്കയിൽ നിലവിലുള്ള എച്ച്1ബി വീസക്കാരിൽ 70 ശതമാനത്തിലേറെയും ഇന്ത്യക്കാരുമാണ്. ഐടി മേഖലയിൽ അടക്കം ജോലിക്കായി ഇന്ത്യയിൽ നിന്ന് നിരവധി യുവാക്കൾ ഈ വീസയിൽ പോയിട്ടുണ്ട്. ഇനിയും ധാരാളം യുവാക്കൾ പോകാനിരിക്കുകയുമാണ്. കേരളത്തിൽ നിന്നു തന്നെ എത്രയോ യുവാക്കളാണ് യുഎസ് ലക്ഷ്യമാക്കുന്നത്. അവർക്കെല്ലാം തിരിച്ചടിയാവുകയാണ് ട്രംപിന്‍റെ ഈ നീക്കം.
അമെരിക്കൻ താത്പര്യങ്ങളിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് നയങ്ങളിലൂടെ ആവർത്തിച്ചു വ്യക്തമാക്കുന്ന ട്രംപ് തന്നെയാണ് വ്യാപാരക്കാര്യത്തിൽ ഇന്ത്യയുടെ താത്പര്യത്തെ തള്ളിപ്പറയുന്നത്. ട്രംപിന്‍റെ വാക്കു കേട്ട് നമ്മുടെ താത്പര്യങ്ങൾ അവഗണിക്കേണ്ടതില്ല. റഷ്യയുമായുള്ള ഇന്ത്യയുടെ സൗഹൃദം ട്രംപിനു വേണ്ടി ബലികഴിക്കേണ്ടതുമില്ല. രാജ്യത്തിന്‍റെ ക്രൂഡ് ഓയിൽ ആവശ്യങ്ങൾക്ക് പ്രധാനമായും നാം ആശ്രയിക്കുന്നത് ഇറക്കുമതിയെയാണ്. രാജ്യതാത്പര്യം പരിഗണിച്ചുള്ള ഇറക്കുമതി നയമേ നമുക്കു സ്വീകാര്യമാവേണ്ടതുള്ളൂ.