
ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളിൽ പ്രതിപക്ഷ പാർട്ടികൾക്കു സംശയങ്ങളുണ്ടാകുന്നത് വർഷങ്ങളായുള്ള പതിവാണ്. എന്നാൽ, ഭരണകക്ഷിക്കാർ ഇവിഎമ്മുകളിൽ കൃത്രിമം നടത്താൻ സാധ്യതയുണ്ട് എന്ന ആരോപണത്തിന് വിശ്വസനീയമായ ഒരു തെളിവും ഇതുവരെ ബന്ധപ്പെട്ടവർക്കു മുന്നിൽ ഹാജരാക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല. ഇവിഎമ്മുകളെ സംശയിക്കേണ്ടതില്ലെന്നു പലതവണ തെരഞ്ഞെടുപ്പു കമ്മിഷൻ വ്യക്തമാക്കിയിട്ടുള്ളതാണ്. അതിനുശേഷവും ആരോപണങ്ങൾ ഉയർന്നുകൊണ്ടിരിക്കുന്നു എന്നതാണു യാഥാർഥ്യം. ജനാധിപത്യത്തിൽ ജനവിധി അട്ടിമറിക്കാൻ ശ്രമങ്ങളുണ്ടാകുന്നുണ്ടോ എന്നു ജാഗ്രതയോടെ നിരീക്ഷിക്കുന്നതു നല്ല കാര്യം തന്നെയാണ്. എന്തെങ്കിലും തരത്തിൽ സംശയങ്ങളുണ്ടായാൽ അതു പരിശോധിച്ചു സംശയനിവാരണം നടത്തേണ്ടതും അനിവാര്യമാണ്. അങ്ങനെവരുമ്പോൾ ജനാധിപത്യം കൂടുതൽ ശക്തിപ്പെടുകയാണു ചെയ്യുക. കഴിഞ്ഞ ദിവസം സുപ്രീം കോടതി ചെയ്തിട്ടുള്ളതും അതാണ്. ഇനിയും ഇവിഎമ്മുകളെ സംശയിക്കേണ്ടതില്ലെന്നു കോടതി വിധി വ്യക്തമാക്കുന്നു. വോട്ടിങ് യന്ത്രത്തിലെ വോട്ടുകൾക്കൊപ്പം മുഴുവൻ വിവിപാറ്റ് സ്ലിപ്പുകളും എണ്ണണമെന്ന് ആവശ്യപ്പെടുന്ന ഹർജികളാണു കോടതി തള്ളിക്കളഞ്ഞിരിക്കുന്നത്. തെരഞ്ഞെടുപ്പ് വീണ്ടും ബാലറ്റ് പേപ്പറിലാക്കണമെന്ന ആവശ്യവും രണ്ടംഗ ബെഞ്ച് തള്ളിയിരിക്കുകയാണ്. ഇവിഎമ്മുകൾ സംബന്ധിച്ചുണ്ടായിരുന്ന തർക്കങ്ങൾക്കും വിവാദങ്ങൾക്കുമെല്ലാം അവസാനം കുറിക്കാൻ ഈ ഉത്തരവ് സഹായിക്കേണ്ടതാണ്. കോടതി ചൂണ്ടിക്കാണിക്കുന്നതുപോലെ ഇവിഎമ്മുകളെ അന്ധമായി അവിശ്വസിക്കേണ്ട കാര്യമില്ലല്ലോ. അനാവശ്യമായി സംശയങ്ങളുയർത്തി പവിത്രമായ നമ്മുടെ വോട്ടെടുപ്പു സംവിധാനങ്ങളെ കളങ്കപ്പെടുത്തേണ്ടതില്ല.
തെരഞ്ഞെടുപ്പിന്‍റെ സുതാര്യത ഉറപ്പാക്കാനുള്ള ചില നിർദേശങ്ങൾ കോടതി മുന്നോട്ടുവച്ചിട്ടുണ്ട്. വോട്ടിങ് യന്ത്രങ്ങളിൽ തെരഞ്ഞെടുപ്പു ചിഹ്നം ലോഡ് ചെയ്തു കഴിഞ്ഞാൽ സിംബൽ ലോഡിങ് യൂണിറ്റ് മുദ്രവച്ചു സൂക്ഷിക്കണമെന്നു കോടതി നിർദേശിക്കുന്നു. ഫലപ്രഖ്യാപനത്തിനു ശേഷം വോട്ടിങ് യന്ത്രത്തോടൊപ്പം സിംബൽ ലോഡിങ് യൂണിറ്റും 45 ദിവസം സ്ട്രോങ് റൂമിൽ സൂക്ഷിക്കണം. പരാതി ഉയർന്നാൽ ഉചിതമായ പരിശോധനയ്ക്ക് ഇതു സഹായിക്കും. രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്ന സ്ഥാനാർഥികൾ രേഖാമൂലം ആവശ്യപ്പെട്ടാൽ വോട്ടിങ് യന്ത്രത്തിന്‍റെ മൈക്രോ കൺട്രോളർ യന്ത്രനിർമാതാക്കളുടെ എൻജിനീയർമാരെക്കൊണ്ടു പരിശോധിപ്പിക്കണമെന്നു കോടതി നിർദേശിച്ചിട്ടുണ്ട്. ഫലം പ്രഖ്യാപിച്ച് ഏഴു ദിവസത്തിനുള്ളിൽ പരിശോധന ആവശ്യപ്പെട്ടു കത്ത് നൽകണം. ഈ പരിശോധനയിൽ വോട്ടിങ് യന്ത്രത്തിൽ എന്തെങ്കിലും ക്രമക്കേടുണ്ടെങ്കിൽ കണ്ടെത്താനാവും. അങ്ങനെ ഒരു അധിക സുരക്ഷ കൂടി കോടതി ഏർപ്പെടുത്തുകയാണ്.
ഇവിഎമ്മുകളുടെ സാങ്കേതിക സുരക്ഷ വിശദമായി പരിശോധിച്ച ശേഷമാണ് കോടതി അതിന്‍റെ വിശ്വാസ്യത ആവർത്തിച്ച് ഉറപ്പിക്കുന്നത്. കോടതി ഉന്നയിച്ച സംശയങ്ങളിൽ തെരഞ്ഞെടുപ്പു കമ്മിഷൻ ഉദ്യോഗസ്ഥർ നേരിട്ടെത്തി വ്യക്തത വരുത്തിയിരുന്നു. അതിനു ശേഷമാണ് അനാവശ്യ ചർച്ചകൾക്കു വഴിയൊരുക്കരുതെന്നു കോടതി പരാതിക്കാരോടു നിർദേശിച്ചത്. ഇവിഎമ്മുകൾ ലളിതവും സുരക്ഷിതവും ഉപയോഗിക്കാൻ ഏറ്റവും സൗകര്യമുള്ളതുമാണെന്നു കോടതി വിശദീകരിക്കുന്നുണ്ട്. മുഴുവൻ വിവിപാറ്റുകൾ എണ്ണുന്നതും പേപ്പർ ബാലറ്റിലേക്കു മടങ്ങുന്നതും പ്രായോഗികമല്ലെന്നു കോടതി ഓർമിപ്പിക്കുന്നു. 97 കോടിയിലേറെ വോട്ടർമാരുള്ള രാജ്യത്ത് ബാലറ്റ് പേപ്പറിലേക്കു മടങ്ങുന്നത് ഒട്ടും എളുപ്പമല്ല. പേപ്പർ ബാലറ്റിലേക്കു മടങ്ങുന്നത് പിന്തിരിപ്പൻ നടപടിയാവുമെന്നതും സംശയമില്ലാത്ത കാര്യമാണ്. മുൻപ് പേപ്പർ ബാലറ്റുകൾ ഉപയോഗിച്ചായിരുന്നു വോട്ടെടുപ്പു നടന്നിരുന്നത്. അക്കാലത്ത് കള്ളവോട്ടു ചെയ്യാനും തിരിമറികൾ നടത്താനുമുള്ള സൗകര്യവും കൂടുതലായിരുന്നു. ബൂത്ത് പിടിത്തം സംബന്ധിച്ച പരാതികൾ വ്യാപകമായിരുന്നു. പേപ്പർ ബാലറ്റുകൾ പ്രിന്‍റ് ചെയ്ത് ഉപയോഗിക്കുന്നതിന് വലിയ ചെലവും വന്നിരുന്നു. ഓരോ വോട്ടും എണ്ണിത്തിട്ടപ്പെടുത്താൻ ഏറെ സമയവും ആവശ്യമായി. അസാധു വോട്ടുകൾ എണ്ണുന്നത് വലിയ തലവേദനയായിരുന്നു.
ഇത്തരം പ്രശ്നങ്ങൾക്കെല്ലാം പരിഹാരമായാണ് ഇവിഎമ്മുകൾ വന്നത്. യന്ത്രസഹായമില്ലാതെ മുഴുവൻ വോട്ടും എണ്ണിത്തിട്ടപ്പെടുത്തുന്നത് ഇന്നു വലിയ സാഹസമാണ്. തെരഞ്ഞെടുപ്പു ചെലവും വോട്ടെണ്ണൽ സമയവും ഗണ്യമായി കുറയ്ക്കാൻ ഇവിഎമ്മുകൾ സഹായിക്കുകയായിരുന്നു. യന്ത്രങ്ങളിലെ സുരക്ഷാ ഫീച്ചറുകൾ വിശ്വാസ്യതയും വർധിപ്പിച്ചു. പക്ഷേ, ഇവിഎമ്മുകളെക്കുറിച്ച് പ്രതിപക്ഷം സംശയങ്ങളുന്നയിച്ചുകൊണ്ടിരുന്നു. ഈ സാഹചര്യത്തിൽ സുതാര്യത ഉറപ്പുവരുത്തുന്നതിനാണ് വിവിപാറ്റ് കൊണ്ടുവന്നത്. നിലവിൽ ഓരോ അസംബ്ലി മണ്ഡലത്തിലെയും അഞ്ചു പോളിങ് ബൂത്തുകളിൽ രേഖപ്പെടുത്തിയ വോട്ടും വിവിപാറ്റ് സ്ലിപ്പുകളുമാണ് തെരഞ്ഞെടുപ്പു കമ്മിഷൻ ഒത്തുനോക്കുന്നത്. ഇതുവരെ ഒരു കൃത്രിമവും തെളിയിക്കാൻ ആരോപണം ഉന്നയിച്ചവർക്കു കഴിഞ്ഞിട്ടില്ലാത്ത സ്ഥിതിക്ക് ഇവിഎമ്മുകളെ സംശയത്തിന്‍റെ നിഴലിൽ നിർത്താൻ ആരും ശ്രമിക്കാതിരിക്കണം. രാജ്യത്തെ തെരഞ്ഞെടുപ്പു സംവിധാനത്തിനു മേൽ അനാവശ്യമായി സമ്മർദങ്ങളുണ്ടാക്കേണ്ടതില്ല.