ഉപേക്ഷയരുത്, ശുചീകരണത്തിൽ| മുഖപ്രസംഗം

പനിയോ മറ്റു രോഗലക്ഷണങ്ങളോ ഉണ്ടെങ്കിൽ ഉടൻ തന്നെ ചികിത്സ തേടാൻ ജനങ്ങളും മടി കാണിക്കരുത്. തുടക്കത്തിൽ തന്നെ ചികിത്സ കിട്ടുന്നത് രോഗം എളുപ്പം ഭേദമാക്കുന്നതിനു സഹായിക്കും
graphical image
graphical image

അസഹനീയമായ കൊടും ചൂടും ഉഷ്ണതരംഗ സാഹചര്യവും നിലനിന്നിരുന്ന സംസ്ഥാനത്തു പലയിടത്തും ആശ്വാസമായാണു വേനൽ മഴയെത്തിയത്. എന്നാൽ, ഇടവിട്ടുള്ള വേനൽ മഴ കൊതുകു ശല്യവും വർധിക്കാനുള്ള സാധ്യതയാണുണ്ടാക്കുന്നത്. ജാഗ്രത പുലർത്തിയില്ലെങ്കിൽ കൊതുകുജന്യ രോഗങ്ങളുടെ വ്യാപനത്തിനാണ് ഇതു വഴിവയ്ക്കുക. അധികം വൈകാതെ മഴക്കാലം എത്തുമെന്നതും രോഗപ്രതിരോധവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർ കണക്കിലെടുക്കേണ്ടതുണ്ട്. ഇപ്പോൾ തന്നെ കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളിൽ വെസ്റ്റ്നൈൽ പനി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. ഇതേത്തുടർന്ന് ആരോഗ്യ വകുപ്പ് അതീവ ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ്. എല്ലാ ജില്ലകളിലും വെസ്റ്റ്നൈൽ സാധ്യത മുൻനിർത്തിയുള്ള ജാഗ്രത ഉണ്ടാവേണ്ടതുണ്ട്. ഏതെങ്കിലും തരത്തിൽ സംശയങ്ങൾ തോന്നുന്നവർക്ക് ഉചിതമായ പരിശോധനകൾ നടത്തി ആശങ്കകൾ ഒഴിവാക്കേണ്ടതുമാണ്. പനിയോ മറ്റു രോഗലക്ഷണങ്ങളോ ഉണ്ടെങ്കിൽ ഉടൻ തന്നെ ചികിത്സ തേടാൻ ജനങ്ങളും മടി കാണിക്കരുത്. തുടക്കത്തിൽ തന്നെ ചികിത്സ കിട്ടുന്നത് രോഗം എളുപ്പം ഭേദമാക്കുന്നതിനു സഹായിക്കും.

ക്യൂലക്സ് കൊതുകു പരത്തുന്ന വെസ്റ്റ്നൈൽ ജപ്പാൻ ജ്വരത്തിനു സമാനമായ രോഗലക്ഷണങ്ങളുള്ളവയാണെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്. മരുന്നുകളോ വാക്സിനോ ലഭ്യമല്ലാത്ത ഈ പനി പടരാതിരിക്കാൻ ആവശ്യമായിട്ടുള്ളത് കൊതുകു നശീകരണമാണ്. കൊതുകിന്‍റെ ഉറവിടങ്ങൾ നശിപ്പിക്കുക എന്നതു മഴക്കാലത്ത് പ്രത്യേകിച്ച് ഏറെ പ്രാധാന്യമർഹിക്കുന്നു. പൊതുസ്ഥലങ്ങളും വീടും പരിസരവും എല്ലാം വൃത്തിയായി സൂക്ഷിക്കുന്നുവെന്ന് ഓരോരുത്തരും ഉറപ്പാക്കേണ്ടതുണ്ട്. വെള്ളം കെട്ടിനിൽക്കാതെ നോക്കുക എന്നതാണു പ്രധാനം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതുണ്ട്.

വെസ്റ്റ്നൈൽ മാത്രമല്ല മറ്റു പല പനികളും പടർത്തുന്നതു കൊതുകാണ്. മലേറിയ, ഡെങ്കി, ചിക്കുൻ ഗുനിയ, സിക തുടങ്ങിയവയൊക്കെ ഇതിലുൾപ്പെടുന്നു. വേനൽ മഴ കൊതുകു പെരുകാൻ സാഹചര്യമുണ്ടാക്കുമെന്നതിനാൽ ഇത്തരം രോഗങ്ങൾക്കെതിരേയെല്ലാം ജാഗ്രത പാലിക്കേണ്ടതുണ്ട്. കൊതുകു വളരാൻ സാധ്യതയുള്ള സ്ഥലങ്ങൾ കണ്ടെത്തി അവിടെയെല്ലാം അതിനുള്ള സാധ്യത ഇല്ലാതാക്കണം. വീട്ടിലും സ്ഥാപനങ്ങളിലും അൽപ്പം വെള്ളം പോലും കെട്ടിനിർത്താതെ നോക്കുന്നതിന് ജനങ്ങൾ സ്വയം തയാറാവുക മാത്രമാണു മാർഗം. അലക്ഷ്യമായി ഇടുന്ന പ്ലാസ്റ്റിക്കും ചിരട്ടയും വരെ കൊതുകിനു വളരാനുള്ള സാഹചര്യമൊരുക്കും. വീട്ടിനുള്ളില്‍ പൂച്ചട്ടികള്‍ക്കു താഴെ വെള്ളം കെട്ടിനില്‍ക്കുന്ന പാത്രങ്ങളിലും ഫ്രിഡ്ജിന് അടിയില്‍ വെള്ളം നില്‍ക്കുന്ന ട്രേയിലും പോലും കൊതുകു മുട്ടയിടാന്‍ സാധ്യതയുണ്ട്. കൊതുകിന്‍റെ ഉറവിട നശീകരണ പ്രവർത്തനമെന്ന നിലയിൽ ആഴ്ചയിലൊരിക്കൽ ഡ്രൈ ഡേ ആചരിക്കണമെന്നാണ് ആരോഗ്യ മന്ത്രാലയം നിർദേശിക്കുന്നത്.

എലിപ്പനി, മഞ്ഞപ്പിത്തം പോലെ കൊതുകുമായി ബന്ധമില്ലാത്ത രോഗങ്ങളും വർഷകാലത്തു കൂടുതലായി കാണപ്പെടുന്നതാണ്. അതിനാൽ വരുന്ന മഴക്കാലം കൂടി പരിഗണിച്ച് എത്രയും പെട്ടെന്നു മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഈ മാസം തന്നെ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയാണു വേണ്ടത്. അതിന് ഈ ദിവസങ്ങളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഉണർന്നു പ്രവർത്തിക്കേണ്ടിയിരിക്കുന്നു. നല്ല മഴയെത്തും മുൻപേ മാലിന്യങ്ങൾ നീക്കം ചെയ്യുന്നത് പല തരത്തിലുള്ള രോഗങ്ങളെ തടയുന്നതിനു സഹായിക്കും. വിവിധ വകുപ്പുകളുടെ ഏകോപനം ഇക്കാര്യത്തിൽ ആവശ്യമാണ്. പൊതുജന പങ്കാളിത്തവും ഉറപ്പാക്കേണ്ടതുണ്ട്. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സംഘടനകൾ, റസിഡന്‍റ് അസോസിയേഷനുകൾ, ക്ലബുകൾ തുടങ്ങിയവയുടെയെല്ലാം സഹായം തേടാവുന്നതാണ്. മാലിന്യം നിറഞ്ഞ പൊതുസ്ഥലങ്ങളിൽ മഴവെള്ളം കൂടി കെട്ടിക്കിടന്നാൽ അവിടെയെത്തുന്ന നൂറുകണക്കിനാളുകളെയാണ് അതു ബാധിക്കുക. കേരളം ദൈവത്തിന്‍റെ സ്വന്തം നാട് എന്ന് അഭിമാനിക്കുന്നവരാണു നമ്മൾ. അതു ശുചീകരണ പ്രവർത്തനങ്ങളിലെ മികവുകൊണ്ട് തെളിയിക്കേണ്ടിയിരിക്കുന്നു.

മാലിന്യ സംസ്കരണ‍ത്തിലും ശുചീകരണ പ്രവർത്തനങ്ങളിലും വേണ്ടത്ര ജാഗ്രത കാണിക്കുന്നില്ലെന്ന് ആരോപണം ഉയരാറുള്ള സംസ്ഥാനമാണു നമ്മുടേത്. ഫണ്ടില്ലാത്തത് തദ്ദേശ സ്ഥാപനങ്ങളുടെ ശുചീകരണ പ്രവർത്തനങ്ങളെ ബാധിക്കുന്നുവെന്നും പരാതി ഉയരാറുണ്ട്. ഫണ്ട് ഉറപ്പാക്കുന്നതിൽ അടക്കം സർക്കാർ സഹായം യഥാസമയം തദ്ദേശ സ്ഥാപനങ്ങൾക്കു ലഭ്യമാവേണ്ടതാണ്. പകർച്ചവ്യാധികളുടെ സ്വന്തം നാടായി കേരളം മാറുന്ന അവസ്ഥ ഇപ്പോഴുണ്ട്. കൊതുകുജന്യ രോഗങ്ങളും ജലജന്യ രോഗങ്ങളും എല്ലാ വർഷവും ഭീഷണി ഉയർത്തുകയാണ്. വിവിധതരം പകർച്ചപ്പനികൾ ബാധിക്കുന്നവരുടെ എണ്ണം വർഷം തോറും വർധിച്ചുവരുന്നു. ലക്ഷക്കണക്കിനാളുകളാണ് വിവിധതരം പനികളുടെ ചികിത്സയ്ക്കായി ദിവസങ്ങളോളം ആശുപത്രികളിൽ കിടക്കേണ്ടിവരുന്നത്. ഡെങ്കിപ്പനിയും എലിപ്പനിയുമൊക്കെ പ്രധാന പൊതുജനാരോഗ്യ വിഷയമായി മാറിയിരിക്കുന്നു. മഴക്കാലം പകർച്ചപ്പനിക്കാലമായി മാറുന്ന അവസ്ഥ ഒഴിവാക്കാൻ കൂട്ടായ പ്രവർത്തനങ്ങളാണ് ആവശ്യമായിട്ടുള്ളത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com