മാപ്പു നൽകാനാവില്ല, സ്ത്രീധന പീഡനത്തിന് | മുഖപ്രസംഗം

Dowry abuse cannot be forgiven read editorial
Dowry abuse cannot be forgiven read editorial

നാലു വർഷം മുൻപ് ഇതുപോലൊരു മേയ് മാസത്തിലാണ് കേരളത്തെയാകെ ഞെട്ടിച്ച ഉത്ര വധക്കേസ് ഉണ്ടാവുന്നത്. ഇരുപത്തഞ്ചുകാരിയായ ഉത്രയെ ഭർത്താവ് സൂരജ് മൂർഖൻ പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊന്നു എന്നതാണു കേസ്. പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊല്ലുന്ന സംസ്ഥാനത്തെ ആദ്യ കേസാണിത്. സ്ത്രീധനവും സ്വത്തുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമാണ് ഉത്രയെ കൊല്ലാൻ പ്രതിയെ പ്രേരിപ്പിച്ചത്. സ്ത്രീധനവും പെൺവീട്ടുകാരുടെ സ്വത്തും സ്വന്തമാക്കി ആർഭാട ജീവിതം നയിക്കാൻ അത്യാഗ്രഹം പൂണ്ട് നടക്കുന്നവർ എന്തൊക്കെ ചെയ്തുകൂടാ എന്നു തെളിയിക്കുന്നതായിരുന്നു ഈ സംഭവം.

അതിനു ശേഷം 2021 ജൂണിലാണ് കേരളത്തെയപ്പാടെ ഉലച്ച വിസ്മയ കേസ് ഉണ്ടാവുന്നത്. കൊല്ലം നിലമേൽ സ്വദേശിയായിരുന്ന ബിഎഎംഎസ് വിദ്യാർഥിനി‌ വിസ്മയ സ്ത്രീധന പീഡനത്തെത്തുടർന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു. ഭർതൃവീട്ടിൽ മരിച്ച നിലയിൽ വിസ്മയയെ കണ്ടെത്തിയതിനെത്തുടർന്നാണ് സ്ത്രീധന പീഡന ആരോപണം ഉയരുന്നത്. സ്ത്രീധനമായി 101 പവൻ സ്വർണവും 1.2 ഏക്കർ സ്ഥലവും കാറും നൽകാമെന്നു പറഞ്ഞിരുന്നെങ്കിലും കൊവിഡ് സാഹചര്യത്തിൽ 80 പവൻ നൽകാനേ കഴിഞ്ഞുള്ളൂവെന്ന് വിസ്മയയുടെ പിതാവ് വെളിപ്പെടുത്തുകയുണ്ടായി. സ്ത്രീധനത്തിന്‍റെ പേരിൽ അവളുടെ ഭർത്താവ് മകളെ മർദിക്കുമായിരുന്നുവെന്നും പിതാവ് കോടതിയിൽ മൊഴി നൽകി. മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്ന പ്രതി ജോലിയിൽ നിന്നു പുറത്താവുകയും ശിക്ഷിക്കപ്പെട്ട് ജയിലിൽ അടയ്ക്കപ്പെടുകയും ചെയ്തു.

നിരോധിക്കപ്പെട്ട സ്ത്രീധനത്തിനു പിന്നാലെ പാഞ്ഞ് നല്ലൊരു ജീവിതം നഷ്ടപ്പെടുത്തരുതെന്ന് യുവതലമുറയിലെ അപൂർവം ചിലർക്കെങ്കിലും അതിനു ശേഷവും മനസിലായിട്ടില്ല. അതുകൊണ്ടാണല്ലോ വിവാഹം മുടങ്ങിയതിന്‍റെ പേരിൽ വനിതാ ഡോക്റ്ററുടെ ആത്മഹത്യ പോലുള്ള കേസുകൾ സംസ്ഥാനത്തുണ്ടായത്. ഇപ്പോൾ കോഴിക്കോടു നിന്ന് മറ്റൊരു സ്ത്രീപീഡന കേസു കൂ ടിയുണ്ടാവുന്നു. വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ യുവതി അതിക്രൂരമായ മർദനത്തിന് ഇരയായിരിക്കുകയാണ്. സ്ത്രീധനം കുറഞ്ഞുപോയി എന്നു പരാതി പറഞ്ഞാണത്രേ ഭർത്താവ് യുവതിയെ നെറ്റിയിലും തലയിലും മുഷ്ടി ചുരുട്ടി ഇടിച്ചതും മൊബൈൽ ചാർജറിന്‍റെ വയറുകൊണ്ട് കഴുത്തിൽ ചുറ്റി വലിച്ചതും! കുനിച്ചു നിർത്തി പുറത്തിടിച്ചു, ബെഡ്ഡിലേക്ക് വലിച്ചിട്ട് ബെൽറ്റ് കൊണ്ട് അടിച്ചു, ചെവിയുടെ ഭാഗത്തുള്ള അടിയേറ്റ് ചെവിയിൽ നിന്നും മൂക്കിൽ നിന്നും രക്തം വന്നു എന്നൊക്കെയാണ് യുവതി പറയുന്നത്. അടുക്കളകാണൽ ചടങ്ങിനു വേണ്ടി യുവതിയുടെ ബന്ധുക്കൾ ഭർത്താവിന്‍റെ വീട്ടിൽ എത്തിയതു കൊണ്ടു മാത്രമാണ് ഇതൊക്കെ പുറംലോകം അറിഞ്ഞത്.

ഇത്രയും ക്രൂരമായ ഒരു സംഭവത്തോടുള്ള പൊലീസിന്‍റെ പ്രതികരണവും ഞെട്ടിപ്പിക്കുന്നതാണ്. ഇതെല്ലാം സർവസാധാരണമാണെന്ന നിലപാടാണു പൊലീസ് സ്വീകരിച്ചതെന്ന് യുവതി ആരോപിക്കുന്നുണ്ട്. ഇതൊക്കെ ഭാര്യാഭർത്താക്കന്മാർക്കിടയിൽ നടക്കുന്നതല്ലേ, പറഞ്ഞുതീർക്കാമെന്നു പരാതിയുമായി ചെന്ന യുവതിയോട് പൊലീസ് പറഞ്ഞത്രേ! ഒരു യുവതിയുടെ ജീവിതം പൊലീസ് സേനയ്ക്ക് എത്ര നിസാരം! വധശ്രമം നടത്തിയിട്ടും ഭർത്താവിനെതിരേ മർദനത്തിനു മാത്രം കേസെടുത്തുവെന്ന് മുഖ്യമന്ത്രിക്കു പരാതി നൽകിയിരിക്കുകയാണു യുവതിയുടെ കുടുംബം. ഈ പരാതിയിൽ ഉചിതമായ നടപടി തന്നെയുണ്ടാവണം. വിദ്യാഭ്യാസവും നല്ല ജോലിയും എല്ലാമുള്ള യുവാക്കൾ സ്ത്രീധന പ്രേമികളും സ്ത്രീപീഡകരുമൊക്കെയായി മാറുന്നത് ചെറിയ കുറ്റമായി കാണാനാവില്ല. സ്ത്രീധനം വാങ്ങുന്നതിനും കൊടുക്കുന്നതിനുമെതിരേ സംസ്ഥാനത്തു നിയമം ഇല്ലാതില്ല. പക്ഷേ, പരസ്യമായി പറഞ്ഞില്ലെങ്കിലും സ്ത്രീധനം ചിലർക്കെങ്കിലും വിവാഹങ്ങളിൽ പ്രധാന വിഷയമാവുന്നുണ്ട് എന്നതാണു യാഥാർഥ്യം.

ഈ അവസ്ഥ മാറണമെങ്കിൽ നിയമം കർശനമായി നടപ്പാക്കണം. "സർവസാധാരണം' എന്നു പറഞ്ഞ് പൊലീസ് തന്നെ ലഘൂകരിച്ചാൽ ആരാണു നിയമത്തെ പേടിക്കുക. സ്ത്രീധനവുമായി ബന്ധപ്പെട്ട കേസുകളിൽ ശക്തമായ നടപടികൾ എപ്പോഴും ഉണ്ടാവണം. സ്ത്രീധനത്തിനെതിരേ ശക്തമായ പ്രതിരോധം തീർക്കാൻ കഴിയുന്നില്ലെങ്കിൽ പരിഷ്കൃത സമൂഹമാവാനുള്ള അർഹതയും നമുക്കു നഷ്ടപ്പെടുകയാണ്. ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളുമായും താരതമ്യം ചെയ്യുമ്പോൾ കേരളത്തിൽ സ്ത്രീധന പീഡന മരണങ്ങൾ വളരെ കുറവാണ് എന്നു കണക്കുകൾ കാണിക്കുന്നുണ്ട്. അതുപക്ഷേ, ഒരു പീഡന കേസും ചെറുതായി കാണുന്നതിനു കാരണമാവരുത്.

Trending

No stories found.

Latest News

No stories found.