
ലഹരിക്കെതിരായ ജനകീയ പോരാട്ടത്തെക്കുറിച്ചും പഴുതുകളില്ലാത്ത പ്രതിരോധത്തെക്കുറിച്ചുമൊക്കെ കേരളം നിരന്തരം പറയുന്നുണ്ടെങ്കിലും ലഹരി ഉപയോഗത്തിൽ ഒരു കുറവും ഉണ്ടാവുന്നില്ലെന്നു മാത്രമല്ല വർധിക്കുകയുമാണ് എന്നതാണു വസ്തുത. മയക്കുമരുന്നുകളുടെ പിടിയിൽ നിന്ന് പുതുതലമുറയെ രക്ഷിക്കാനുള്ള പദ്ധതികൾ ഇനിയും വേണ്ടത്ര ഫലം കണ്ടിട്ടില്ലെന്ന് അറിയാത്തവരായി ആരുമുണ്ടാവില്ല. ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവർ സമൂഹത്തിനുണ്ടാക്കുന്ന വിപത്തുകൾ പലതാണ്. ഈ പുതുവർഷത്തിലും സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി മയക്കുമരുന്നുകളെ കാണണം. അതിനനുസരിച്ചുള്ള നടപടികൾ സർക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാവുകയും വേണം. ലോകത്ത് മറ്റു ഭാഗങ്ങളിൽ ലഭ്യമാവുന്ന ഏതു തരത്തിലുള്ള മയക്കുമരുന്നുകളും കേരളത്തിലും എത്തുന്നുണ്ട് എന്നാണു റിപ്പോർട്ടുകൾ. അയൽ സംസ്ഥാനങ്ങളിൽ നിന്ന് വലിയ തോതിൽ മയക്കുമരുന്ന് ഇവിടെയെത്തുന്നു. ഇങ്ങനെ ലഹരി വസ്തുക്കൾ കൊണ്ടുവരുന്ന പലരും അറസ്റ്റിലായിട്ടുണ്ട്. പക്ഷേ, അതൊന്നും മയക്കുമരുന്നു ലോബിയെ തെല്ലും തളർത്തിയിട്ടില്ല. സംസ്ഥാനത്ത് ക്രിമിനൽ കേസുകൾ വലിയ തോതിൽ വർധിച്ചതിനു കാരണവും ലഹരി വസ്തുക്കളുടെ ഉപയോഗം കൂടിയതാണ്.
ചൊവ്വാഴ്ച രാത്രി, പുതുവത്സരം പിറക്കാൻ ഏതാനും മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് തൃശൂർ നഗരത്തിലെ തേക്കിൻകാട് മൈതാനിയിൽ ലഹരിക്ക് അടിമകളായ വിദ്യാർഥികൾ ഒരു യുവാവിനെ കുത്തിക്കൊന്നത്. പ്രതികളുടെ പ്രായം പതിനാലും പതിനാറും വയസ് എന്നാണു പറയുന്നത്. തേക്കിൻകാട് മൈതാനിയിൽ ഇരിക്കുകയായിരുന്ന കുട്ടികളുമായി തർക്കമുണ്ടായതിനെത്തുടർന്നാണ് യുവാവിനു കുത്തേറ്റത്. ഉടൻ തന്നെ കൈയിലുണ്ടായിരുന്ന കത്തിയെടുത്ത് പതിനാലുകാരൻ യുവാവിന്‍റെ നെഞ്ചിൽ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഓടിക്കൂടിയ നാട്ടുകാർ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിനു തൊട്ടുമുൻപ് പ്രതികൾ കഞ്ചാവ് ഉപയോഗിച്ചിരുന്നുവെന്നാണു പറയുന്നത്. ഈ പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും പറയുന്നുണ്ട്. സഹപാഠിയെ കത്തികാട്ടി ഭീഷണിപ്പെടുത്തിയതിന്‍റെ പേരിൽ നേരത്തേ പതിനാലുകാരനെ സ്കൂളിൽ നിന്നു പുറത്താക്കിയതാണത്രേ. പ്രതികളായ വിദ്യാർഥികൾ മുൻപ് മോഷണക്കേസിലും പിടിയിലായിട്ടുണ്ട്. അന്നു രക്ഷപെട്ടത് പ്രായത്തിന്‍റെ ആനുകൂല്യത്തിലായിരുന്നു.
വിദ്യാർഥികളിലെ ലഹരി ഉപയോഗം ഏതു നിലയ്ക്കൊക്കെയാണ് വിപത്തായി മാറുന്നതെന്ന് ഇത്തരം സംഭവങ്ങൾ കാണിക്കുന്നുണ്ട്. സ്കൂൾ, കോളെജ് വിദ്യാർഥികളിൽ ലഹരിയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനും അങ്ങനെ തങ്ങളുടെ കച്ചവടം വളർത്തിക്കൊണ്ടുവരാനും ലഹരിമാഫിയ സകലവിധ പരിശ്രമങ്ങളും നടത്തിവരികയാണ്. അതിനെ പ്രതിരോധിക്കാൻ സർക്കാർ തലത്തിൽ പല സംവിധാനങ്ങളും ഏർപ്പാടാക്കിയിട്ടുണ്ടെങ്കിലും അതൊന്നും മതിയാവുന്നില്ലെന്നാണു വ്യക്തമാവുന്നത്. ഇഷ്ടപ്പെടാത്ത എന്തെങ്കിലും ആരെങ്കിലും പറഞ്ഞാൽ ഉടൻ കത്തിയെടുത്ത് കുത്തിക്കൊല്ലാനുള്ള ധൈര്യം ലഹരി വസ്തുക്കൾ സ്കൂൾ കുട്ടികൾക്കു നൽകുന്നുവെങ്കിൽ അത് അതീവ ഗൗരവമുള്ള പ്രശ്നമായി സമൂഹം കാണേണ്ടതു തന്നെയാണ്. ലഹരിക്ക് അടിപ്പെടുന്ന കുട്ടികൾ പല വിധത്തിലുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതിന്‍റെ നിരവധി കേസുകൾ സംസ്ഥാനത്തു രജിസ്റ്റർ ചെയ്യപ്പെടുന്നുണ്ട്. ഇതിലേറെയും മോഷണക്കേസുകളാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
പുതുവർഷത്തലേന്നുണ്ടായ ഈ കൊലപാതകം തൃശൂർ നഗരത്തിലെ ലഹരി മാഫിയയെക്കുറിച്ച് വിശദമായ അന്വേഷണത്തിനു നിർബന്ധിക്കുന്നുണ്ട്. ലഹരി മാഫിയ നഗരത്തിൽ പിടിമുറുക്കിക്കഴിഞ്ഞുവെന്നു നാട്ടുകാരിൽ പലരും ചൂണ്ടിക്കാണിക്കുന്നു. പൊലീസ് വേണ്ടത്ര ജാഗ്രത പാലിക്കാത്തത് ലഹരി മാഫിയയ്ക്ക് സഹായമാവുന്നുണ്ടെന്നും ആരോപിക്കപ്പെടുന്നുണ്ട്. ഇരുപത്തിനാലു മണിക്കൂറും പൊലീസ് പട്രോളിങ് ഉള്ള നഗരമധ്യത്തിലാണ് കുട്ടികൾ അടക്കം ലഹരി ഉപയോഗിക്കുന്നത്. പൊലീസിനെ അവർ തെല്ലും ഭയക്കുന്നില്ല എന്നു വേണം ധരിക്കാൻ. പുതുവത്സരത്തിന്‍റെ ഭാഗമായി നഗരത്തിൽ കർശന നിരീക്ഷണം ഏർപ്പെടുത്തുമെന്നൊക്കെ പറഞ്ഞിട്ടും ലഹരി മാഫിയ അടങ്ങിയിരുന്നില്ല എന്നു കരുതണം.
പുതുവത്സരാഘോഷങ്ങളിൽ മയക്കുമരുന്നിന്‍റെ ഉപയോഗം വർധിക്കുമെന്ന ബോധ്യത്തോടെ സംസ്ഥാനത്തെമ്പാടും പൊലീസ് പരിശോധനകൾ നടത്തിയിരുന്നു. പല ഭാഗങ്ങളിലും മയക്കുമരുന്ന് പിടികൂടിയിട്ടുമുണ്ട്. എറണാകുളത്തും മലപ്പുറത്തും വയനാട്ടിലും എല്ലാം മയക്കുമരുന്നു കൈവശം വച്ചവരെ അറസ്റ്റ് ചെയ്യുകയുണ്ടായി. പക്ഷേ, ഇങ്ങനെ പിടികൂടിയതെല്ലാം യഥാർഥത്തിലുള്ളതിന്‍റെ എത്രയോ ചെറിയ അംശമാണ്. ലഹരിവലയിൽ കേരളം മുറുകിപ്പോകാതെ സൂക്ഷിക്കാൻ പ്രത്യേക ജാഗ്രത തന്നെ അനിവാര്യമാണ്. യുവതലമുറയെ വഴി തെറ്റിക്കുന്നതിലും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിലേക്കു നയിക്കുന്നതിലും ലഹരി വസ്തുക്കൾക്കു നിർണായക പങ്കുണ്ട്. അതു തിരിച്ചറിഞ്ഞുള്ള പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമായി നടപ്പാക്കാൻ സർക്കാരിനു കഴിയട്ടെ. ജനങ്ങളുടെ പൂർണമായ സഹകരണവും അതിന് ആവശ്യമാണ്. ലഹരിയുടെ അടിമകളാവാതെ കുട്ടികളെ വളർത്തിക്കൊണ്ടുവരാൻ കഴിഞ്ഞാലേ സമൂഹത്തിനു നല്ല നാളെ പ്രതീക്ഷിക്കാനാവൂ.