

ആഫ്രിക്കയിൽ എബോള, ലോകം ജാഗ്രതയിൽ
കൊവിഡിനു പിന്നാലെ ലോകം മറ്റൊരു വൈറസിന്‍റെ ഭീതിയിലേക്കു നീങ്ങുമോ എന്ന ആശങ്ക ഉയരുകയാണ്. ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് അതിവേഗം പടരുന്നു എന്നാണു റിപ്പോർട്ടുകൾ. ഡെമൊക്രറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, ഉഗാണ്ട, സൗത്ത് സുഡാൻ എന്നിവിടങ്ങളിലെ എബോള സാഹചര്യം കണക്കിലെടുത്ത് ലോകാരോഗ്യ സംഘടന ആഗോള പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ആഗോള മഹാമാരിയായി അതു മാറിയിട്ടില്ലെങ്കിലും ലോക രാജ്യങ്ങൾ അതീവ ജാഗ്രത പുലർത്തേണ്ട സാഹചര്യം ഉണ്ടായിരിക്കുന്നു. അമെരിക്ക അടക്കമുള്ള രാജ്യങ്ങൾ പ്രതിരോധ നടപടികൾക്കു തുടക്കം കുറിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കുക എന്നതാണു ലോക രാജ്യങ്ങൾ ഈ അവസരത്തിൽ ചെയ്യേണ്ടത്. എബോളയുടെ "ബുണ്ടിബുഗ്യോ' എന്ന വകഭേദമാണ് ആഫ്രിക്കയിൽ പടരുന്നത്. ഇതിന്‍റെ മരണനിരക്ക് 25 മുതൽ 40 വരെ ശതമാനമാണത്രേ. ഈ വൈറസിനെ തടയാൻ ഫലപ്രദമായ വാക്സിനുകളോ മരുന്നുകളോ ഇല്ലെന്നാണു പറയുന്നത്. അതുകൊണ്ടു തന്നെ ഇത് അപകടകാരിയാണ്. കേസുകളിലുണ്ടാവുന്ന വർധനയും മരണവും വലിയ ആശങ്കയായി മാറിയിട്ടുണ്ട്. കോംഗോയിലെ ഇതൂരിയിൽ പൊട്ടിപ്പുറപ്പെട്ട എബോള അവിടെ നിന്ന് മറ്റു സ്ഥലങ്ങളിലേക്കും പടരുകയായിരുന്നു. കോംഗോയിൽ എബോള അതിവേഗമാണു പടരുന്നതെന്നും അതു രാജ്യത്തു വളരെ വലിയ റിസ്കാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും ലോകാരോഗ്യ സംഘടനയുടെ ഡയറക്റ്റർ ജനറൽ ടെഡ്രോസ് അഥാനോം ഗബ്രിയേസസ് വെളിപ്പെടുത്തിയതു കഴിഞ്ഞ ദിവസമാണ്.
ഈ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് ന്യൂഡൽഹിയിൽ നടക്കാനിരുന്ന നിർണായകമായ ഇന്ത്യ-ആഫ്രിക്കൻ യൂണിയൻ ഉച്ചകോടി മാറ്റിവച്ചത്. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ അമ്പതിലധികം രാജ്യങ്ങളിൽ നിന്നുള്ള ഭരണത്തലവന്മാരും പ്രതിനിധികളുമാണ് ഈ ഉച്ചകോടിയിൽ പങ്കെടുക്കേണ്ടിയിരുന്നത്. ഒരേസമയം ഇത്രയധികം വിദേശ പ്രതിനിധികൾ എത്തുമ്പോൾ ഉണ്ടായേക്കാവുന്ന ആരോഗ്യ സുരക്ഷാ വെല്ലുവിളികളും വൈറസ് വ്യാപന സാധ്യതയും മുൻകൂട്ടിക്കണ്ടാണ് ഇരുപക്ഷവും ചേർന്ന് ഇങ്ങനെയൊരു തീരുമാനമെടുത്തത്. ഇന്ത്യയും ആഫ്രിക്കൻ രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിനായി നിശ്ചയിച്ചിരുന്ന ഈ ഉന്നതതല യോഗം സ്ഥിതിഗതികൾ ശാന്തമായ ശേഷമേ ഇനി നടക്കൂ. ഇതു കൂടാതെ എബോള ബാധിത പ്രദേശങ്ങളിൽ നിന്നുള്ളവർക്ക് ഇന്ത്യ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് ഇതുവരെ എബോള റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും അപകടസാധ്യത മുൻകൂട്ടിക്കണ്ടുള്ള മുന്നൊരുക്കങ്ങളാണു നടക്കുന്നത്. വിമാനത്താവളങ്ങളിലെ പരിശോധനകൾ ശക്തമാക്കിയിരിക്കുന്നു. വൈറസ് ബാധയുള്ള രാജ്യങ്ങളിൽ കഴിയുന്ന ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ വിദേശകാര്യ മന്ത്രാലയം പ്രത്യേക നിർദേശങ്ങൾ നൽകിയിരിക്കുകയാണ്.
കേരള സർക്കാരും എബോളയെ പ്രതിരോധിക്കുന്നതിനുള്ള നടപടികൾക്കു തുടക്കമിട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി കെ. മുരളീധരന്റെ അധ്യക്ഷതയിൽ സംസ്ഥാന ദ്രുതകർമ സമിതി യോഗം ചേർന്നിരുന്നു. പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യം നിലവിലില്ലെന്നു യോഗം വിലയിരുത്തുകയുണ്ടായി. രോഗബാധിതമായ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ പ്രത്യേക മാർഗനിർദേശങ്ങൾ പാലിക്കണമെന്നും വ്യക്തമാക്കപ്പെട്ടു. രോഗ ലക്ഷണങ്ങളായ പനി, ക്ഷീണം, തലവേദന, പേശീവേദന, ഛർദ്ദി, വയറിളക്കം, തൊണ്ടവേദന, രക്തസ്രാവം എന്നിവയുണ്ടെങ്കിൽ യാത്രക്കാർ വിമാനത്താവളത്തിലെ ആരോഗ്യവിഭാഗത്തിൽ റിപ്പോർട്ടു ചെയ്യണമെന്നാണു നിർദേശം. എബോള സ്ഥിരീകരിച്ചതോ സംശയിക്കുന്നതോ ആയ ആളുകളുമായി നേരിട്ടു സമ്പർക്കത്തിലുണ്ടായിരുന്നവരും റിപ്പോർട്ട് ചെയ്യേണ്ടതുണ്ട്. ലോകാരോഗ്യ സംഘടനയും കേന്ദ്ര സർക്കാരും നിർദേശിക്കുന്ന രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് 21 ദിവസം വരെയുള്ള നിരീക്ഷണ സംവിധാനം ആരോഗ്യവകുപ്പ് സജ്ജമാക്കുന്നതാണെന്നും കെ. മുരളീധരൻ അറിയിക്കുകയുണ്ടായി.
സംസ്ഥാനത്തെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും രണ്ടു തുറമുഖങ്ങളിലും എത്തുന്ന യാത്രക്കാരുടെ പരിശോധനയ്ക്ക് സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ആവശ്യമായവർക്ക് ഐസൊലേഷൻ സൗകര്യത്തോടു കൂടിയുള്ള തീവ്രപരിചരണ സംവിധാനങ്ങളും ക്രമീകരിച്ചിരിക്കുന്നു. വിമാനത്താവളങ്ങളിലെയും തുറമുഖങ്ങളിലെയും ആരോഗ്യ വിഭാഗവും സംസ്ഥാന സർക്കാരിന്റെ ജില്ലാ രോഗനിരീക്ഷണ വിഭാഗവും മെഡിക്കൽ കോളെജുകളും ചേർന്നാണു പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഈ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അണുബാധ നിയന്ത്രണം, പിപിഇ കിറ്റുകളുടെ ഉപയോഗം, ചികിത്സാ പ്രോട്ടോക്കോളുകൾ, രോഗികളുടെ തീവ്രപരിചരണം എന്നിവയിൽ പരിശീലനം ഉറപ്പുവരുത്തുന്നുമുണ്ട്. ലോകത്തിന്‍റെ ഏതു ഭാഗത്തേക്കും ഈ വൈറസ് പടരാനുള്ള സാധ്യത ഒരു വെല്ലുവിളിയായി നിലനിൽക്കുന്നുണ്ട്. കൊവിഡ് എങ്ങനെയാണു ലോകം മുഴുവൻ പടർന്നതെന്ന അനുഭവം നമ്മുടെ മുന്നിലുണ്ട്. അതുകൊണ്ടു തന്നെ പ്രത്യേക ശ്രദ്ധ ഇക്കാര്യത്തിൽ ആവശ്യമായിരിക്കുന്നു.