
മണ്ണുത്തി- ഇടപ്പള്ളി ദേശീയപാത
ദേശീയപാത 544ലെ മണ്ണുത്തി- ഇടപ്പള്ളി റീച്ചില്‍ ഗതാഗതക്കുരുക്കിൽ യാത്രക്കാർ വലയാൻ തുടങ്ങിയിട്ടു മാസങ്ങളേറെയായി. ഈ ഭാഗത്ത് ആമ്പല്ലൂർ, പേരാമ്പ്ര, മുരിങ്ങൂർ, ചിറങ്ങര എന്നിവിടങ്ങളിൽ ഒരേസമയം അടിപ്പാത നിർമാണം ആരംഭിച്ചതാണ് ആയിരക്കണക്കിനു യാത്രക്കാരെ ദുരിതത്തിലാഴ്ത്തുന്നത്. തൃശൂരിൽ നിന്ന് എറണാകുളത്തേക്കോ തിരിച്ചോ യാത്രചെയ്യുന്നവർ ദേശീയപാതയെ ആശ്രയിച്ചാൽ പ്രതീക്ഷിച്ച സമയത്തൊന്നും ലക്ഷ്യത്തിൽ എത്തിച്ചേരുമെന്ന് ഒരുറപ്പും ഇപ്പോഴുമില്ല. ഹൈക്കോടതി ഇടപെടലിനു ശേഷം കുരുക്ക് ഒഴിവാക്കാൻ ചില പൊടിക്കൈകളൊക്കെ നടത്തിയെങ്കിലും സുഗമമായ യാത്രയ്ക്കു പല സമയത്തും തടസമുണ്ടാവുന്നുണ്ട്. യാത്രക്കാർ ഗതാഗത കുരുക്കിൽ മണിക്കൂറുകൾ കിടക്കേണ്ടിവരുന്നുണ്ട്. ഇതില്‍ തന്നെ മുരിങ്ങൂരിലും ആമ്പല്ലൂരിലുമാണ് കുരുക്ക് കൂടുതൽ രൂക്ഷമായിട്ടുള്ളത്. തിങ്കളാഴ്ച വൈകിട്ട് മുരിങ്ങൂരിലും കൊരട്ടിയിലും വാഹനങ്ങള്‍ കുരുങ്ങികിടന്നതു മണിക്കൂറുകളാണ്. ചൊവ്വാഴ്ചയും കാര്യമായ വ്യത്യാസമുണ്ടായിരുന്നില്ല. ആമ്പല്ലൂരിലും സ്ഥിതി വ്യത്യസ്തമല്ല. പേരാമ്പ്രയിലും ചിറങ്ങരയിലും ചില സമയങ്ങളില്‍ ഗതാഗത കുരുക്ക് ഉണ്ടാവുന്നുണ്ട്. മഴ റോഡിന്‍റെ അവസ്ഥ കൂടുതൽ മോശമാക്കുകയും പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്യുന്നു.
എത്രയും പെട്ടെന്ന് അടിപ്പാതകളുടെ നിർമാണം പൂർത്തിയാക്കുകയാണ് ജനദുരിതം ഒഴിവാക്കാനുള്ള മാർഗം. അതുപക്ഷേ, നടക്കുമെന്നു തോന്നുന്നില്ല. വേഗത്തിൽ പണിതീർക്കാനുള്ള ഒരു ശ്രമവും ദേശീയപാതാ അഥോറിറ്റിയുടെയോ നിർമാണ കമ്പനിയുടെയോ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ലെന്നാണു വ്യക്തമാവുന്നത്. ദേശീയപാതാ അഥോറിറ്റിയും നിർമാണത്തിനു കരാറെടുത്ത കമ്പനിയും തമ്മിലുള്ള ധാരണപ്രകാരം ഈ ഡിസംബറിലെങ്കിലും പണി പൂർത്തിയാക്കേണ്ടതാണ്. എന്നാൽ, അതു നടക്കില്ലെന്നു മാത്രമല്ല ഈ നിലയ്ക്കാണു പോകുന്നതെങ്കിൽ അടുത്തൊന്നും പണി തീരില്ല. അത്രമാത്രം ഇഴഞ്ഞാണ് നിർമാണ പ്രവർത്തനങ്ങൾ നീങ്ങുന്നത്. മഴയെ കുറ്റം പറഞ്ഞ് നിർമാണം മന്ദഗതിയിലാക്കുകയാണു നിർമാണ കമ്പനി എന്ന ആരോപണം ശക്തമായുണ്ട്. ദേശീയപാതാ അഥോറിറ്റിയും സംസ്ഥാന സർക്കാരും ഈ മെല്ലപ്പോക്കിനെതിരേ ഫലപ്രദമായ ഇടപെടൽ നടത്തേണ്ടിയിരിക്കുന്നു. ദുരിതം അനുഭവിക്കുന്നതു ജനങ്ങളാണ് എന്ന ബോധ്യം ബന്ധപ്പെട്ടവർക്കെല്ലാം ഉണ്ടാവണം.
മണ്ണുത്തി- ഇടപ്പള്ളി റീച്ചില്‍ ഗതാഗതക്കുരുക്കു മാസങ്ങള്‍ നീണ്ടതോടെയാണ് ഹൈക്കോടതിയുടെ ഇടപെടലുണ്ടായത്. അനായാസവും സുരക്ഷിതവുമായ യാത്ര ഒരുക്കാതെ പാലിയേക്കരയിൽ ടോള്‍ പിരിക്കാന്‍ അനുവദിക്കില്ലെന്ന നിലപാട് കോടതി സ്വീകരിക്കുകയായിരുന്നു. ആദ്യം നാലാഴ്ചത്തേക്കു ടോൾ പിരിവ് നിർത്തിവയ്ക്കാൻ ഉത്തരവിട്ട കോടതി പിന്നീട് അതു നീട്ടിക്കൊണ്ടിരുന്നു. ഹൈക്കോടതിയുടെ ഉത്തരവിൽ അങ്കലാപ്പിലായ ദേശീയപാതാ അഥോറിറ്റി സുപ്രീം കോടതിയെ സമീപിച്ചെങ്കിലും പാതയിലെ കുരുക്കിന്‍റെ രൂക്ഷത ചൂണ്ടിക്കാണിച്ച് ഇളവ് അനുവദിക്കാന്‍ പരമോന്നത കോടതിയും വിസമ്മതിച്ചു. ഇത്രയും മോശം സാഹചര്യത്തിലുള്ള റോഡിൽ എങ്ങനെയാണു ടോൾ പിരിക്കുകയെന്നാണ് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് ചോദിച്ചത്. പാലിയേക്കരയിലെ റോഡിന്‍റെ മോശം അവസ്ഥ തങ്ങൾക്ക് നേരിട്ട് അറിയാമെന്ന് ഹർജി പരിഗണിച്ച ബെഞ്ചിലുണ്ടായിരുന്ന ചീഫ് ജസ്റ്റിസും ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനും പറയുകയുണ്ടായി. ജനങ്ങളിൽ നിന്നു ടോൾ വാങ്ങിയ ശേഷം അവർക്കു വേണ്ട സേവനം നൽകാതിരിക്കലാണു നടക്കുന്നതെന്നും സുപ്രീം കോടതി ചൂണ്ടിക്കാണിച്ചു. സുഗമമായ ഗതാഗതം ഉറപ്പാക്കാതെ ടോള്‍പിരിവ് അനുവദിക്കില്ലെന്ന നിലപാട് ഹൈക്കോടതി കടുപ്പിച്ചതോടെ സര്‍വീസ് റോഡില്‍ ചെറിയ അറ്റകുറ്റപ്പണികൾക്ക് ദേശീയപാത അഥോറിറ്റി തയാറായി. ടോള്‍ പിരിവിനെതിരായ ഹർജികള്‍ പരിഗണിച്ചപ്പോഴെല്ലാം ഇളവിനു വേണ്ടിയുള്ള അപേക്ഷയുമായി ദേശീയപാതാ അഥോറിറ്റി എത്തുന്നുണ്ടായിരുന്നു. പക്ഷേ, കോടതി കനിഞ്ഞില്ല. ഇതോടെ അടിപ്പാത നിര്‍മാണം വേഗത്തിലാക്കാന്‍ നിര്‍മാണ കമ്പനിയിൽ സമ്മര്‍ദമേറി. ചില യന്ത്രങ്ങള്‍ എത്തിച്ച് നിര്‍മാണം വേഗത്തിലാക്കാന്‍ ചില നടപടികളും ഉണ്ടായി.
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ടോൾനിരക്കു വർധിപ്പിക്കാൻ പാടില്ലെന്നുമുള്ള ഉപാധികളോടെയാണ് അടുത്തിടെ വീണ്ടും ടോൾ പിരിക്കാൻ ഹൈക്കോടതി അനുമതി നൽകിയത്. സർവീസ് റോഡിലൂടെയുള്ള ഗതാഗതം നിലവിൽ സുഗമമാണെന്ന് ജില്ലാ കലക്റ്റർ കോടതിയിൽ അറിയിക്കുകയുണ്ടായി. യാത്രക്കാരുടെ സുരക്ഷയ്ക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അഡിഷനൽ സോളിസിറ്റർ ജനറലും കോടതിക്ക് ഉറപ്പുനൽകിയിരുന്നു. ഉപാധികൾ അംഗീകരിച്ച് ടോൾ പിരിവ് പുനരാരംഭിച്ച ശേഷം നിർമാണ പ്രവർത്തനങ്ങൾ വീണ്ടും താളം തല്ലുകയാണ്. ഈ റോഡിൽ ഇനിയെത്രകാലം കൂടി ദുരിതയാത്ര നടത്തേണ്ടിവരുമെന്നു യാതൊരു പിടിയുമില്ല. സാധാരണക്കാരനല്ലേ, റോഡിൽ കിടന്നു നരകിച്ചോട്ടെ എന്നു കരുതുന്നത് ദേശീയപാതാ അഥോറിറ്റിയോ നിർമാണ കമ്പനിയോ സർക്കാരോ ആരായാലും അത് ജനവിരുദ്ധ സമീപനമാണ്. കേരളത്തിന്‍റെ തെക്കും വടക്കും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു പ്രധാന പാതയിൽ നിർമാണ പ്രവർത്തനങ്ങൾ നടത്തുമ്പോൾ യാത്രക്കാരുടെ ദുരിതം പരമാവധി കുറയ്ക്കാൻ എന്തൊക്കെ ബദൽ നടപടികൾ സ്വീകരിക്കണമെന്നു ദേശീയപാതാ അഥോറിറ്റിക്കും കരാർ കമ്പനിക്കും വ്യക്തമായ ബോധ്യമുണ്ടാവേണ്ടതാണ്. അതിൽ അവർ പരാജയപ്പെട്ടു എന്നു തന്നെയാണു കരുതേണ്ടത്.