ഉന്നത വിദ്യാഭ്യാസവും ആഗോള നിലവാരവും| മുഖപ്രസംഗം

അപ്പോഴും പല സർവകലാശാലകൾക്കും സ്ഥിരം വൈസ് ചാൻസലർമാരില്ലാത്തതും കോളെജുകളിൽ സ്ഥിരം പ്രിൻസിപ്പൽമാരില്ലാത്തതും പോലുള്ള പ്രശ്നങ്ങൾ മുഴച്ചുനിൽക്കുന്നുണ്ട്
editorial about higher education
ഉന്നത വിദ്യാഭ്യാസവും ആഗോള നിലവാരവും
Updated on

കേരളത്തിന്‍റെ ഉന്നത വിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയർത്തുമെന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിക്കുകയുണ്ടായി. സംസ്ഥാന സർക്കാർ ഇതാദ്യമായല്ല ആഗോള നിലവാരത്തെക്കുറിച്ചു പറയുന്നത്. കേരളത്തിൽ നിന്നു വലിയ തോതിൽ കുട്ടികൾ വിദേശത്തു പഠിക്കാൻ പോവുകയാണിപ്പോൾ. ഇവിടുത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ, പ്രത്യേകിച്ചു സ്വാശ്രയ- സ്വകാര്യ സ്ഥാപനങ്ങളിൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്ന അവസ്ഥയായിട്ടുണ്ട്. ചില പരമ്പരാഗത കോഴ്സുകൾ പഠിക്കാൻ വിദ്യാർഥികളെ കിട്ടാനില്ല. കേരളത്തിലെ പഠനാന്തരീക്ഷം മോശമായി വരുന്നുവെന്ന പരാതികളും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമുണ്ട്. ക്യാംപസുകളിലെയും സർവകലാശാലകളിലെയും രാഷ്‌ട്രീയാതിപ്രസരം പഠന നിലവാരത്തെ ബാധിക്കുന്നുവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നതാണ്. നമ്മുടെ കലാലയങ്ങളിൽ പഠിച്ചാൽ ആധുനിക ലോകത്തെ മത്സരങ്ങളിൽ ജയിച്ചുവരാനുള്ള ശേഷിയാർജിക്കാമെന്നു വിദ്യാർഥികൾക്ക് ഉറപ്പുണ്ടാവുന്നില്ലെങ്കിൽ എന്തു ചെയ്തിട്ടും കാര്യമൊന്നുമില്ല. മിടുക്കരായ വിദ്യാർഥികളുടെ മുഴുവൻ വിശ്വാസവും ആർജിക്കാനുള്ള ശേഷി വിദ്യാഭ്യാസ സമ്പ്രദായത്തിനുണ്ടാവണം. അതിന് ഏറെ ദൂരം സഞ്ചരിക്കാനുണ്ട്.

നാലുവർഷ ബിരുദ കോഴ്സുകളുടെ പ്രവേശനോത്സവ പരിപാടി വിജ്ഞാനോത്സവത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം വിമൻസ് കോളെജിൽ നിർവഹിച്ചു സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി ആഗോള നിലവാരത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പായി ഈ കോഴ്സുകളെ കണ്ടത്. അന്താരാഷ്‌ട്ര നിലവാരം ഉറപ്പാക്കുന്ന രീതിയിലാണ് നാലുവർഷ ബിരുദ കോഴ്സ് വിഭാവനം ചെയ്തിരിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവും വ്യക്തമാക്കുകയുണ്ടായി. പരമ്പരാഗത പഠന രീതികളെ മാറ്റിമറിക്കുകയാണു പുതിയ കോഴ്സുകൾ എന്നാണ് അവകാശവാദം. പഠനത്തിനൊപ്പം തൊഴിൽ പരിശീലനവും നേടാനാവുന്ന രീതിയിലാണ് നാലു വർഷ കോഴ്സുകളുള്ളത്. തൊഴിലിന് ആവശ്യമായ നൈപുണ്യം നേടാനുള്ള അവസരമായി ഉന്നത വിദ്യാഭ്യാസത്തെ മാറ്റുകയാണ്. ഗവേഷണ പ്രവർത്തനങ്ങൾക്കും കൂടുതൽ പ്രാധാന്യം കൈവരുന്നു. അധ്യാപന- പരീക്ഷ- മൂല്യനിർണയ രീതികളിലും മാറ്റമുണ്ട്. വിദ്യാർഥികളുടെ വ്യത്യസ്തമായ ശേഷികളെ പരിപോഷിപ്പിക്കാൻ കഴിയുന്ന വിദ്യാഭ്യാസ രീതി, ക്ലാസ് മുറികളിൽ ഒതുങ്ങാത്ത പഠനം എന്നൊക്കെ പറയുന്നുണ്ട്. എല്ലാം നല്ലതു തന്നെ.

അപ്പോഴും പല സർവകലാശാലകൾക്കും സ്ഥിരം വൈസ് ചാൻസലർമാരില്ലാത്തതും കോളെജുകളിൽ സ്ഥിരം പ്രിൻസിപ്പൽമാരില്ലാത്തതും പോലുള്ള പ്രശ്നങ്ങൾ മുഴച്ചുനിൽക്കുന്നുണ്ട്. നാഥനില്ലാക്കളരികളിലെ കുട്ടിരാഷ്‌ട്രീയക്കാരുടെ അഴിഞ്ഞാട്ടങ്ങൾ സർക്കാർ സ്ഥാപനങ്ങളിലെ ക്യാംപസുകളെ ഏതു രീതിയിലാണു ബാധിക്കുന്നതെന്ന് അറിയാത്തവരുണ്ടാവില്ല. വിസി നിയമനത്തിൽ സർക്കാരും ഗവർണറും തമ്മിലുള്ള പോരാട്ടത്തിന് എന്ത് അന്താരാഷ്‌ട്ര നിലവാരമാണുള്ളത്. ആറു സർവകലാശാലകളിൽ വിസിമാരുടെ നിയമനത്തിന് സെർച്ച് കമ്മിറ്റി രൂപീകരിച്ച ചാൻസലർ കൂടിയായ ഗവർണറുടെ ഉത്തരവ് ചോദ്യം ചെയ്യുകയാണു സംസ്ഥാന സർക്കാർ. ഗവർണറുടെയും യുജിസിയുടെയും നോമിനികൾ മാത്രമാണു കമ്മിറ്റിയിലുള്ളതെന്നും സർവകലാശാലാ പ്രതിനിധികൾ ഇല്ലെന്നും സർക്കാർ ചൂണ്ടിക്കാണിക്കുന്നുണ്ട്. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും സർവകലാശാലകൾ പ്രതിനിധികളെ നൽകുന്നില്ലെന്നാണ് രാജ്ഭവൻ ആരോപിക്കുന്നത്. സർക്കാരിന്‍റെ നിർദേശപ്രകാരമാണ് സർവകലാശാലകൾ പ്രതിനിധികളെ നൽകാത്തതെന്നും ഗവർണർ ചൂണ്ടിക്കാണിക്കുന്നുണ്ട്. സർവകലാശാലാ ഭരണം സംബന്ധിച്ച് ഗവർണറും സർക്കാരും തമ്മിലുള്ള രാഷ്‌ട്രീയപ്പോര് ഏറെ നാളായി ഉന്നത വിദ്യാഭ്യാസ മേഖലയെ ബാധിച്ചുകൊണ്ടിരിക്കുകയാണ്. സർവകലാശാലകളിലെ പ്രധാന പദവികളിലുള്ള പല നിയമനങ്ങളും രാഷ്‌ട്രീയാടിസ്ഥാനത്തിലാവുമ്പോൾ അക്കാഡമിക് മികവിന് എന്തുമാത്രം പ്രസക്തിയാണുള്ളത്. മാറ്റം വരേണ്ടത് പഠന രീതികൾക്കു മാത്രമല്ല ഉന്നത വിദ്യാഭ്യാസ മേഖലയുടെ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്ന രീതികൾക്കു കൂടിയാണ്.

ആവശ്യത്തിനു വിദ്യാർഥികളും വിദ്യാർഥികൾക്കു താത്പര്യമുള്ള കോഴ്സുകളും ഇല്ലാത്തതിനാൽ എംജി സർവകലാശാലയ്ക്കു കീഴിലുള്ള 14 അൺ എയ്ഡഡ് കോളെജുകൾ പൂട്ടാൻ തീരുമാനിച്ചെന്ന റിപ്പോർട്ട് ഞങ്ങൾ പ്രസിദ്ധീകരിച്ചത് ഇന്നലെയാണ്. സംസ്ഥാനത്ത് സ്വാശ്രയ കോളെജുകളുടെ നിലനിൽപ്പുതന്നെ അപകടത്തിലായിട്ടുണ്ട്. പ്രാഥമിക സൗകര്യങ്ങളോ അക്കാദമിക് വിദഗ്ധരോ ഇല്ലാതെ താഴ്ന്ന നിലവാരത്തിലാണു പല സ്വാശ്രയ കോളെജുകളും പ്രവർത്തിക്കുന്നതെന്നതും ആ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു. എൻജിനീയറിങ് വിദ്യാഭ്യാസ രംഗത്തെ സ്ഥിതി പരമ ദയനീയമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. അടുത്തിടെ സാങ്കേതിക സർവകലാശാലയുടെ പരീക്ഷാഫലം പുറത്തുവന്നപ്പോൾ 26 സ്വാശ്രയ സ്ഥാപനങ്ങളുടെ മൊത്തത്തിലുള്ള വിജയം 10 ശതമാനത്തിൽ താഴെയാണത്രേ! അന്താരാഷ്‌ട്ര നിലവാരവും ഈ കണക്കുകളും തമ്മിലുള്ള അന്തരം എത്രയോ വലുതാണ്. പല സർവകലാശാലകളും നാഥനില്ലാക്കളരികളും രാഷ്‌ട്രീയ പോരിന്‍റെ താവളങ്ങളുമായി മാറിയതിനു പരിഹാരം കണ്ടെത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആവശ്യത്തിനു സൗകര്യങ്ങളില്ലാത്തതും നിലവാരമില്ലാത്തതുമായ സ്ഥാപനങ്ങൾ കച്ചവട താത്പര്യം മാത്രം മുന്നിൽക്കണ്ട് വിദ്യാർഥികളെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കേണ്ടിയിരിക്കുന്നു.

Trending

No stories found.

Latest News

No stories found.