പുതിയ കാലത്തിന് പുതിയ നിയമങ്ങൾ|മുഖപ്രസംഗം

ജൂലൈ 1 മുതലുള്ള കേസുകളാണ് പുതിയ നിയമത്തിന്‍റെ പരിധിയിൽ വരുന്നത്
editorial about new rules
പുതിയ കാലത്തിന് പുതിയ നിയമങ്ങൾ
Updated on

കൊളോണിയൽ കാലത്തെ നിയമങ്ങൾക്കു പകരം രാജ്യത്തു പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വന്നിരിക്കുകയാണ്. ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുള്ള ഇന്ത്യൻ ശിക്ഷാനിയമം (ഐപിസി) അടക്കം മൂന്നു നിയമങ്ങളാണു നിലവിലില്ലാതായിരിക്കുന്നത്. ശിക്ഷാനിയമത്തിനു പകരം ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) നിലവിൽ വന്നു. സിആർപിസിക്കു പകരം ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎന്‍എസ്എസ്)യാണു പ്രാബല്യത്തിലായത്. ഇന്ത്യൻ തെളിവു നിയമവും ഇല്ലാതായി. അതിനു പകരം ഭാരതീയ സാക്ഷ്യ അധിനിയമം (ബിഎസ്എ) നടപ്പിലായി. പുതിയ കാലത്തിനനുസരിച്ച് പല വ്യവസ്ഥകളിലും മാറ്റങ്ങൾ വരുത്തിയാണു പുതിയ നിയമം പ്രാബല്യത്തിൽ കൊണ്ടുവന്നിരിക്കുന്നത്. ഇപ്പോഴത്തെ സാമൂഹിക യാഥാർഥ്യങ്ങളും ആധുനിക കാലത്തെ കുറ്റകൃത്യങ്ങളും പുതിയ നിയമത്തിൽ കണക്കിലെടുത്തിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിൽ പാർലമെന്‍റ് പാസാക്കി രാഷ്‌ട്രപതി അംഗീകാരം നൽകിയതാണ് ഈ നിയമങ്ങൾ.

ജൂലൈ 1 മുതലുള്ള കേസുകളാണ് പുതിയ നിയമത്തിന്‍റെ പരിധിയിൽ വരുന്നത്. നേരത്തേ രജിസ്റ്റർ ചെയ്തവ പഴയ നിയമപ്രകാരം കൈകാര്യം ചെയ്യും. ആധുനിക നീതിന്യായ സംവിധാനത്തിന്‍റെ ഭാഗമാണു പുതിയ ക്രിമിനൽ നിയമങ്ങളുമെന്ന് സർക്കാർ വൃത്തങ്ങൾ അവകാശപ്പെടുന്നു. സീറോ എഫ്ഐആർ, പൊലീസ് പരാതികളുടെ ഓൺലൈൻ രജിസ്ട്രേഷൻ, എസ്എംഎസ് പോലുള്ള ഇലക്‌ട്രോണിക് മാർഗങ്ങളിലൂടെ സമൺസുകൾ, കുറ്റകൃത്യം നടന്ന സ്ഥലങ്ങളുടെ നിർബന്ധിത വിഡിയോഗ്രഫി തുടങ്ങിയവ പുതിയ സംവിധാനത്തിന്‍റെ ഭാഗമാണ്. ശിക്ഷിക്കുക എന്നതല്ല നീതി ഉറപ്പാക്കുക എന്നതാണ് പുതിയ ബില്ലുകൾ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. ബ്രിട്ടിഷ് നിയമങ്ങൾക്കു പകരം ഇന്ത്യക്കാർ ഇന്ത്യക്കാർക്കു വേണ്ടി നിർമിച്ച് ഇന്ത്യൻ പാർലമെന്‍റ് പാസാക്കിയ നിയമങ്ങളാണിവയെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. പുതിയ നിയമങ്ങളുടെ ആത്മാവും ശരീരവും ചൈതന്യവും ഇന്ത്യയുടേതാണ്.

ക്രിമിനൽ കേസുകളിൽ വിചാരണ പൂർത്തിയാക്കി 45 ദിവസത്തിനകം വിധി പറയണമെന്നാണു പുതിയ നിയമം അനുശാസിക്കുന്നത്. ആദ്യവാദം കേട്ട് 60 ദിവസത്തിനകം കുറ്റം ചുമത്തണം. ബലാത്സംഗത്തിന് ഇരയായ സ്ത്രീയുടെ മൊഴികൾ അവളുടെ രക്ഷിതാവിന്‍റെയോ ബന്ധുവിന്‍റെയോ സാന്നിധ്യത്തിൽ വനിതാ പൊലീസ് ഓഫിസർ രേഖപ്പെടുത്തണം. ഏഴു ദിവസത്തിനകം മെഡിക്കൽ റിപ്പോർട്ടുകളും തയാറാക്കണം. സംഘടിത കുറ്റങ്ങളും ഭീകരപ്രവർത്തനങ്ങളും കൃത്യമായി നിർവചിക്കപ്പെട്ടിട്ടുണ്ട്. വ്യാജ വിവാഹ വാഗ്ദാനം, പ്രായപൂർത്തിയാകാത്തവർക്കെതിരായ കൂട്ടബലാത്സംഗം, ആൾക്കൂട്ട കൊലപാതകം തുടങ്ങിയ കേസുകൾ കൈകാര്യം ചെയ്യുന്നതിനും കൃത്യമായ വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. തെരച്ചിലുകളുടെയും പിടിച്ചെടുക്കലുകളുടെയും വിഡിയോ റെക്കോഡിങ് നിർബന്ധിതമാണ്. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കുറ്റങ്ങൾക്കു പ്രത്യേക അധ്യായം ഉൾപ്പെടുത്തി. കുട്ടികളെ വാങ്ങുന്നതും വിൽക്കുന്നതും നിന്ദ്യമായ കുറ്റമാണ്. പ്രായപൂർത്തിയാകാത്ത കുട്ടികളെ കൂട്ടമാനഭംഗത്തിനു വിധേയമാക്കിയാൽ വധശിക്ഷ വരെ വിധിക്കാം.

പൊലീസ് സ്റ്റേഷനിൽ നേരിട്ട് എത്താതെ തന്നെ ഇലക്‌ട്രോണിക് മാർഗത്തിലൂടെ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാൻ വ്യക്തികൾക്ക് അവസരമുണ്ട്. പൊലീസ് നടപടികൾ വേഗത്തിലാക്കുന്നതിന് ഇതുപകരിക്കും. പരിധി നോക്കാതെ ഏതു പൊലീസ് സ്റ്റേഷനിലും എഫ്ഐആർ രജിസ്റ്റർ ചെയ്യാം എന്നതും സൗകര്യപ്രദമാണ്. നടപടികളിൽ തുടക്കത്തിലുണ്ടാവുന്ന കാലതാമസം ഇതുമൂലം ഒഴിവാകും. അറസ്റ്റുണ്ടായാൽ ആ വ്യക്തിക്ക് തനിക്കു വേണ്ടപ്പെട്ടയാളെ വിവരം അറിയിക്കാൻ അവകാശമുണ്ട്. അറസ്റ്റിലാവുന്ന വ്യക്തിക്കു വേണ്ട പിന്തുണയും സഹായവും ഉറപ്പാക്കാൻ ഇത് ഉപകരിക്കും. അറസ്റ്റിലായ വ്യക്തിയുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കും വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാകാനുള്ള സംവിധാനത്തെക്കുറിച്ചും പറയുന്നുണ്ട്. ഗുരുതരമായ കുറ്റകൃത്യങ്ങൾ നടന്ന സ്ഥലങ്ങൾ ഫൊറൻസിക് വിദഗ്ധർ നിർബന്ധമായും സന്ദർശിച്ചിരിക്കണം. സാക്ഷികളെ സംരക്ഷിക്കുന്നതിനുള്ള പദ്ധതികൾ നടപ്പാക്കാൻ പുതിയ നിയമങ്ങൾ സംസ്ഥാനങ്ങളോടു നിർദേശിക്കുന്നു.

പലതിലായി കിടക്കുന്ന സെക്ഷനുകൾ ലയിപ്പിച്ച് ലളിതമാക്കിയിരിക്കുന്നു. ഐപിസിയിൽ 511 സെക്ഷനുകളുണ്ടായിരുന്നത് പുതിയ നിയമത്തിൽ 358 ആയി കുറഞ്ഞു. അതേസമയം, ഇരുപതു പുതിയ കുറ്റങ്ങൾ ഭാരതീയ ന്യായ സംഹിതയിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. ഐപിസിയിലുണ്ടായിരുന്ന 19 വ്യവസ്ഥകൾ ഒഴിവാക്കി. 33 കുറ്റങ്ങളിൽ തടവുശിക്ഷ വർധിപ്പിച്ചു. 83 കുറ്റങ്ങളിൽ പിഴശിക്ഷ ഉയർത്തി. ലിംഗഭേദം നിർവചനത്തിൽ ട്രാൻസ്ജെൻഡർ ഉൾപ്പെടുത്തി. ഡോക്യുമെന്‍റിന്‍റെ നിർവചനത്തിൽ ഇലക്‌ട്രോണിക്, ഡിജിറ്റൽ റെക്കോഡുകളും ചേർത്തു. ജംഗമസ്വത്തിന്‍റെ നിർവചനം വിപുലീകരിച്ചു. ഇതിനൊക്കെ പുറമേ ചെറിയ കുറ്റങ്ങൾക്ക് സാമൂഹിക സേവനവും ഒരു ശിക്ഷാമാർഗമായി നിശ്ചയിക്കുന്നതാണു പുതിയ നിയമം. വധശിക്ഷ, ജീവപര്യന്തം തടവ്, കഠിന തടവ്, തടവ്, സ്വത്ത് കണ്ടുകെട്ടൽ, പിഴ തുടങ്ങിയ ശിക്ഷകൾക്കൊപ്പം സാമൂഹിക സേവനം കൂടി ഉൾപ്പെടുത്തിയിരിക്കുന്നു.

ആത്മഹത്യാശ്രമം, പൊതുജനസേവകരുടെ നിയമവിരുദ്ധ വ്യാപാരം, ചെറിയ മോഷണം, പൊതുസ്ഥലത്തെ ലഹരി ഉപയോഗം, അപകീർത്തിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾക്ക് സാമൂഹിക സേവനവും ശിക്ഷയിൽ ഉൾപ്പെടുന്നു. കുറ്റവാളികൾക്കു സ്വയം തിരുത്തലുകൾ വരുത്താനുള്ള അവസരം സാമൂഹിക സേവനത്തിലൂടെ ലഭിക്കുന്നു എന്ന നിഗമനത്തിലാണിത്. കടുത്ത ശിക്ഷ അവരെ കൂടുതൽ ഗൗരവമുള്ള കുറ്റവാളികളാക്കി മാറ്റുന്നതു തടയുകയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. പാശ്ചാത്യ ജുഡീഷ്യൽ സംവിധാനത്തിൽ സാമൂഹിക സേവനം സാധാരണമായ ശിക്ഷയാണ്. സമൂഹത്തോടുള്ള ഉത്തരവാദിത്വം പഠിപ്പിക്കാൻ ഈ ശിക്ഷയ്ക്കു കഴിയുമെന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ നിയമങ്ങളിൽ ഉണ്ടാവേണ്ടത് അത്യാവശ്യം തന്നെയാണ്. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ പോലെ ഇക്കാലത്തു വർധിച്ചുവരുന്ന കുറ്റകൃത്യങ്ങൾക്ക് പ്രത്യേക പരിഗണന നൽകി, അത്തരം കുറ്റങ്ങൾക്കു തക്കതായ ശിക്ഷ ഉറപ്പാക്കാനുള്ള തീരുമാനവും ഉചിതം തന്നെ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com