
എയിംസ്: ഏകാഭിപ്രായം വേണം
കേരളത്തിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ‍്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) സ്ഥാപിക്കണമെന്ന് ഒരു ദശകക്കാലത്തിലേറെയായി നാം ആവശ്യപ്പെടുന്നതാണ്. ഇതു സംബന്ധിച്ചു കേന്ദ്ര സർക്കാർ പ്രതീക്ഷകളും വാഗ്ദാനങ്ങളും നൽകാറുണ്ടെങ്കിലും അതു യാഥാർഥ്യമാവുന്നില്ല. ഡൽഹിക്കു പുറമേ മറ്റു പല സംസ്ഥാനങ്ങളിലും എയിംസ് പ്രവർത്തനം തുടങ്ങിയിട്ടും കേരളം അവഗണിക്കപ്പെടുകയാണ്. കേന്ദ്രം വേണ്ടത്ര ഗൗരവത്തോടെ കേരളത്തിന്‍റെ ആവശ്യം പരിഗണിക്കുന്നില്ലെന്നാണു പലപ്പോഴും തോന്നാറുള്ളത്. എന്നു മാത്രമല്ല എയിംസ് എവിടെ വേണം എന്നതിൽ കൃത്യമായ ഒരു ധാരണയുടെ കുറവ് കേരളത്തിലുമുണ്ട്. തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ, കോഴിക്കോട്, കാസർഗോഡ് എന്നിങ്ങനെ പല സ്ഥലങ്ങളാണു പലരും ചൂണ്ടിക്കാണിക്കുന്നത്. എയിംസിനു വേണ്ടി പല ജില്ലകൾ നിർദേശിക്കപ്പെടുമ്പോൾ കേരളത്തിലെ രാഷ്‌ട്രീയ പാർട്ടികൾക്കുള്ളിൽ തന്നെ ഏകാഭിപ്രായമില്ല. മുഴുവൻ രാഷ്‌ട്രീയ പാർട്ടികളും അവയുടെ ഉന്നത നേതാക്കളും ഒരഭിപ്രായത്തിലെത്തുക എന്നത് വളരെ പ്രധാനമാണ്. എയിംസിനായുള്ള നമ്മുടെ വാദം ദുർബലപ്പെടുത്താൻ സ്ഥലത്തെ ചൊല്ലിയുള്ള തർക്കം കാരണമാവരുത്. കേരളത്തിന് എയിംസ് കിട്ടുക എന്നതാണു ലക്ഷ്യം. അത് സംസ്ഥാനത്ത് എവിടെയായാലും ഇവിടുത്തെ ജനങ്ങൾക്ക് ഉപകാരപ്രദമാണ്. ഒരു സംസ്ഥാനത്തെ മുഴുവൻ ജില്ലയിലും എന്തായാലും എയിംസ് പോലൊരു സ്ഥാപനം സ്ഥാപിക്കാനാവില്ല. ഒരിടത്തേ കഴിയൂ. ഏറ്റവും അനുയോജ്യമായ സ്ഥലം ഏതാണെന്നു തീരുമാനിക്കുന്നതിൽ ഇനിയും തർക്കം ഉണ്ടാവരുത്.
കേന്ദ്രം പുതുതായി അനുവദിക്കുന്ന നാല് എയിംസുകളിലൊന്ന് കേരളത്തിനു ലഭിക്കുമെന്ന് എയിംസുകളുടെ ചുമതലയുള്ള കേന്ദ്ര ആരോഗ്യ മന്ത്രാലയം സീനിയര്‍ സെക്രട്ടറി അങ്കിത മിശ്ര അറിയിച്ചതായി ഡല്‍ഹിയിലെ കേരളത്തിന്‍റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസ് വെളിപ്പെടുത്തിയത് ഏതാനും മാസം മുൻപാണ്. മിശ്രയുമായി കെ.വി. തോമസ് ഇതു സംബന്ധിച്ചു ചർച്ച നടത്തുകയുണ്ടായി. ആ ചർച്ചയിൽ കേരളം ചൂണ്ടിക്കാണിച്ച സ്ഥലം കോഴിക്കോട് കിനാലൂർ മാത്രമാണ്. എല്ലാ അടിസ്ഥാന സൗകര്യങ്ങളും കിനാലൂരിൽ ലഭ്യമാക്കാനാവുമെന്നു സംസ്ഥാന സർക്കാർ നേരത്തേ തന്നെ കേന്ദ്ര ആരോഗ്യ വകുപ്പിന് ഉറപ്പുനൽകിയിട്ടുള്ളതുമാണ്. പദ്ധതിക്കു വേണ്ട എല്ലാ സൗകര്യങ്ങളും കിനാലൂരിലുണ്ടെന്നാണു സർക്കാർ അവകാശപ്പെടുന്നത്. ആകെ 200 ഏക്കർ ഭൂമിയാണു പദ്ധതിക്കു വേണ്ടത്. ഇതിൽ വ്യവസായ വകുപ്പിന്‍റെ കീഴിലുള്ള 150 ഏക്കർ ഭൂമി എയിംസിനായി മാറ്റിവച്ചിട്ടുള്ളതാണ്. ബാക്കിയുള്ള ഭൂമി കിനാലൂർ, കാന്തലാട് വില്ലേജുകളിലെ ജനങ്ങളിൽ നിന്ന് ഏറ്റെടുക്കേണ്ടതാണ്. സ്വകാര്യ ഭൂമി വൻതോതിൽ ഏറ്റെടുക്കേണ്ടിവരില്ലെന്നത് കിനാലൂരിൽ എയിംസ് സ്ഥാപിക്കുന്നതിന് അനുകൂലമാണെന്നു ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.
ഇപ്പോൾ കേന്ദ്ര മന്ത്രി സുരേഷ് ഗോപി ആവർത്തിച്ചു പറയുന്നത് എയിംസ് ആലപ്പുഴയിൽ സ്ഥാപിക്കണമെന്നാണ്. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും സുരേഷ് ഗോപിയുടെ നിലപാടിനെ അനുകൂലിച്ചു രംഗത്തുവരുകയുണ്ടായി. ആരോഗ്യ മേഖലയിൽ പിന്നിൽ നിൽക്കുന്ന ആലപ്പുഴയിൽ തന്നെയാണ് എയിംസ് വേണ്ടത് എന്നാണ് രണ്ടു നേതാക്കളും പറയുന്നത്. ആലപ്പുഴയുടെ പൊതുവായ വികസനത്തിനും എയിംസ് വേണമെന്ന് സുരേഷ് ഗോപി കൂട്ടിച്ചേർക്കുന്നുണ്ട്. ആലപ്പുഴയിൽ പദ്ധതി നടപ്പാക്കുന്നതിനു തടസങ്ങളുണ്ടായാൽ താൻ വിജയിച്ച മണ്ഡലമായ തൃശൂരിൽ എയിംസ് സ്ഥാപിക്കുമെന്നത്രേ അദ്ദേഹത്തിന്‍റെ നിലപാട്. തന്‍റെ അഭ്യർഥന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡയ്ക്കും മുന്നിൽ വയ്ക്കുമെന്നും അദ്ദേഹം പറയുന്നു.
എന്നാൽ, സുരേഷ് ഗോപിയുടെ ഈ നിലപാടിനെതിരേ കേരളത്തിലെ ബിജെപിയിൽ തന്നെ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. കാസർഗോഡ് ജില്ലയിൽ എയിംസ് വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി മേഖലാ പ്രസിഡന്‍റ് അഡ്വ. കെ. ശ്രീകാന്ത് രംഗത്തു വന്നതു കഴിഞ്ഞ ദിവസമാണ്. കാസർഗോഡ് എയിംസ് സ്ഥാപിക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടതു ബിജെപിയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്. എയിംസ് സ്ഥാപിക്കേണ്ടത് തിരുവനന്തപുരത്താണെന്നാണ് ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡന്‍റ് കരമന ജയൻ പറയുന്നത്. എയിംസ് സ്ഥാപിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലം തിരുവനന്തപുരത്തെ കള്ളിക്കാട് പഞ്ചായത്തിലെ നെട്ടുകാൽത്തേരിയാണത്രേ. 250ലധികം ഏക്കർ സ്ഥലം അവിടെയുണ്ടെന്നും കേരളത്തിൽ ഇതുപോലെ അനുയോജ്യമായ സ്ഥലം വേറെയില്ലെന്നുമാണ് അദ്ദേഹം പറയുന്നത്. നേരത്തേ യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് എയിംസിനായി കേരളം നിർദേശിച്ചിരുന്ന സ്ഥലങ്ങളിലൊന്നായിരുന്നു നെട്ടുകാൽത്തേരി.
എയിംസ് കോഴിക്കോട് കിനാലൂരിൽ സ്ഥാപിക്കണമെന്ന കേരളത്തിന്‍റെ നിർദേശം കേന്ദ്ര സർക്കാർ അംഗീകരിച്ചിട്ടുണ്ടെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോർജ് മുൻപ് വെളിപ്പെടുത്തുകയുണ്ടായി. അതിനു ശേഷവും വ്യത്യസ്ത അഭിപ്രായങ്ങൾ ഉയരുമ്പോൾ കൃത്യമായ തീരുമാനം പറയേണ്ടത് സ്ഥലം ഏറ്റെടുത്തു കൈമാറേണ്ട സംസ്ഥാന സർക്കാരാണ്. എന്തായാലും പ്രത്യേക താത്പര്യങ്ങൾ കണക്കിലെടുത്തുള്ള ഈ പിടിവലി അവസാനിപ്പിക്കാൻ സമയം വൈകിയിരിക്കുന്നു.