പ്രതീക്ഷകൾക്കുമപ്പുറം എൻഡിഎ കുതിപ്പ്

എക്സിറ്റ് പോളുകൾ പ്രവചിച്ചതിലും വളരെ വലിയ വിജയമാണ് ബിഹാറിലെ ജനങ്ങൾ മുഖ്യമന്ത്രി നിതീഷ് കുമാറിനും എന്‍ഡിഎയ്ക്കും നൽകിയിരിക്കുന്നത്
editorial bihar election win nda nitish kumar

നിതീഷ് കുമാർ

Updated on

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം (എൻഡിഎ) അധികാരം നിലനിർത്തുമെന്നു തന്നെയാണ് എക്സിറ്റ് പോളുകളിൽ ഏറെയും പ്രവചിച്ചിരുന്നത്. അപ്പോഴും ഇക്കുറി ജനങ്ങൾ തങ്ങളെ കൈവിടില്ല എന്ന പ്രതീക്ഷ ആർജെഡിയും കോൺഗ്രസും നയിച്ച പ്രതിപക്ഷത്തെ മഹാ സഖ്യത്തിനുണ്ടായിരുന്നു. ജനങ്ങളുടെ വിജയമാണു കാണുകയെന്നും, പ്രതിപക്ഷ മുന്നണി സർക്കാരുണ്ടാക്കുമെന്നും വോട്ടെണ്ണുന്നതിനു തൊട്ടു മുൻപു വരെ ആർജെഡി നേതാവും മുഖ്യമന്ത്രി സ്ഥാനാർഥിയുമായിരുന്ന തേജസ്വി യാദവ് അവകാശപ്പെടുകയുണ്ടായി. എന്നാൽ, എക്സിറ്റ് പോളുകൾ പ്രവചിച്ചതിലും വളരെ വലിയ വിജയമാണ് ബിഹാറിലെ ജനങ്ങൾ മുഖ്യമന്ത്രി നിതീഷ് കുമാറിനും എന്‍ഡിഎയ്ക്കും നൽകിയിരിക്കുന്നത്. ആരെയും അമ്പരപ്പിക്കുന്ന മുന്നേറ്റം തന്നെയാണു ഭരണമുന്നണിക്ക് ഉണ്ടായിരിക്കുന്നത്. ബിജെപിയും നിതീഷ് കുമാറിന്‍റെ ഐക്യ ജനതാദളും (ജെഡിയു) ചിരാഗ് പാസ്വാന്‍റെ ലോക് ജനശക്തി പാർട്ടിയും (എൽജെപി) അസാധാരണ കുതിപ്പു നടത്തിയിരിക്കുന്നു. 243 അംഗ നിയമസഭയിൽ 200നടുത്തോ അതിലേറെയോ സീറ്റുകൾ എൻഡിഎയ്ക്കു ലഭിക്കുന്നു എന്നു പറഞ്ഞാൽ ജനങ്ങൾ എത്രമാത്രം അവരെ വിശ്വസിക്കുന്നു എന്നതിനു മറ്റൊരു തെളിവു വേണ്ട.

സഖ്യത്തിലെ മുഖ്യകക്ഷികളായ ബിജെപിയും ജെഡിയുവും 101 സീറ്റുകളിൽ വീതമാണു മത്സരിച്ചത്. മത്സരിച്ചതിന്‍റെ 90 ശതമാനം സീറ്റുകളിലും വിജയിച്ച് ഏറ്റവും വലിയ ഒറ്റക്കക്ഷിയാവാൻ ബിജെപിക്കു കഴിഞ്ഞു. 80 ശതമാനത്തിലേറെ സീറ്റുകളിൽ വിജയം നേടാൻ ജെഡിയുവിനും സാധിച്ചിട്ടുണ്ട്. 29 മണ്ഡലങ്ങളിൽ മത്സരിച്ച ചിരാഗ് പാസ്വാന്‍റെ എൽജെപിയും മികച്ച വിജയമാണു നേടിയിരിക്കുന്നത്. ബിഹാറിൽ ഏറ്റവുമധികം കാലം മുഖ്യമന്ത്രിയായിരുന്ന നേതാവാണ് മുൻ കേന്ദ്രമന്ത്രി കൂടിയായ നിതീഷ് കുമാർ. ചെറിയൊരു ഇടവേളയിൽ ലാലു പ്രസാദ് യാദവിന്‍റെ ആർജെഡിയോടു ചേർന്നു ഭരിച്ചതൊഴിച്ചാൽ ബാക്കി ഭരണമെല്ലാം എന്‍ഡിഎയിൽ നിന്നുകൊണ്ടായിരുന്നു. 2000ൽ ഏതാനും ദിവസം മാത്രം മുഖ്യമന്ത്രിയായ നിതീഷ് 2005 മുതൽ 2014 വരെയും 2015 മുതൽ ഇതുവരെയും മുഖ്യമന്ത്രിയായിരുന്നു. ഇത്രയേറെ കാലം ബിഹാർ ഭരിച്ചിട്ടും മുഖ്യമന്ത്രിക്കും സർക്കാരിനും എതിരായ ജനവികാരം ഉണ്ടായില്ല എന്നു മാത്രമല്ല കഴിഞ്ഞ തവണത്തേക്കാൾ മികച്ച വിജയം അവർ നേടുകയും ചെയ്തു. 2020ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 74, ജെഡിയുവിന് 43 സീറ്റ് വീതം മാത്രമാണ് ഉണ്ടായിരുന്നത്. 75 അംഗങ്ങളുള്ള ആർജെഡിയായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി. അതുമായി താരതമ്യപ്പെടുത്തുമ്പോൾ പോലും വിസ്മയകരമായ കുതിപ്പാണ് ഇക്കുറി ഭരണ സഖ്യത്തിന്.

നിതീഷ് കുമാർ സർക്കാരിന്‍റെ ജനക്ഷേമ പദ്ധതികളും വികസന പ്രവർത്തനങ്ങളും ക്ര‌മസമാധാന രംഗത്തെ പുരോഗതിയും വോട്ടായി മാറിയിട്ടുണ്ടെന്നാണ് ഇതിൽ നിന്നു മനസിലാക്കേണ്ടത്. തെരഞ്ഞെടുപ്പിനു തൊട്ടു മുൻപാണ് 75 ലക്ഷം സ്ത്രീകൾക്ക് 10,000 രൂപ വീതം നൽകുന്ന മുഖ്യമന്ത്രി മഹിളാ റോസ്ഗർ യോജന ബിഹാർ സർക്കാർ നടപ്പാക്കിയത്. സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 10,000 രൂപ വീതം കൈമാറിയ പദ്ധതിയടക്കം എൻഡിഎയ്ക്കു ഗുണം ചെയ്തിട്ടുണ്ടാവണം. സൗജന്യ വൈദ്യുതി, വീടുകളിൽ കുടിവെള്ളം, പെൺകുട്ടികൾക്കു സൈക്കിൾ, മദ്യനിരോധനം അടക്കമുള്ള ജനപ്രിയ തീരുമാനങ്ങൾ വേറെ. സ്ത്രീവോട്ടർമാർ വലിയ തോതിൽ വോട്ടു ചെയ്യാനെത്തുന്നത് ഇത്തവണ കണ്ടതാണ്. റെക്കോഡ് വോട്ടിങ്ങാണ് ഇക്കുറി ബിഹാറിലുണ്ടായത്- 67 ശതമാനത്തിലേറെ. ഇതിനു സഹായിച്ചത് സ്ത്രീകളുടെ ഉയർന്ന പങ്കാളിത്തമാണ്. അവർ നിതീഷ് കുമാറിനും സർക്കാരിനും ഒപ്പം നിന്നു എന്നതിനു മത്സരഫലം തന്നെയാണു തെളിവ്. അടിസ്ഥാന സൗകര്യ വികസനം, വനിതാ ശാക്തീകരണം, വിദ്യാഭ്യാസം, വൈദ്യുതി തുടങ്ങിയ മേഖലകളിലെ സർക്കാരിന്‍റെ മികവ് ഭരണപക്ഷം എടുത്തുകാണിച്ചിരുന്നു. അതൊക്കെ ജനങ്ങൾ അംഗീകരിച്ചിരിക്കുകയാണ്. വികസന നായകൻ എന്ന പ്രതിച്ഛായ ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്നതിൽ നിതീഷ് കുമാർ ആവർത്തിച്ചു വിജയിക്കുന്നതാണ് ബിഹാർ രാഷ്‌ട്രീയം തുടർച്ചയായി കാണുന്നത്. തൊണ്ണൂറുകളിലെ ആർജെഡി ഭരണകാലത്തെ "ജംഗിൾ രാജി'നെക്കുറിച്ചുള്ള ബിജെപിയുടെ പ്രചാരണവും എൻഡിഎയ്ക്കു സഹായകരമായിട്ടുണ്ട്.

ആർജെഡിയുടെയും കോൺഗ്രസിന്‍റെയും തകർച്ച പ്രതീക്ഷകൾക്കും അപ്പുറത്തുള്ളതായി. എന്തുകൊണ്ട് ജനങ്ങൾ ഈ വിധം കൈവിട്ടുവെന്ന് പ്രതിപക്ഷ കക്ഷികളൊക്കെ വിശദമായി പരിശോധിക്കേണ്ടതുണ്ട്. ബിജെപിക്കെതിരായ രാഹുൽ ഗാന്ധിയുടെ "വോട്ട് കൊള്ള' ആരോപ‍ണവും തെരഞ്ഞെടുപ്പു കമ്മിഷനെതിരായ നീക്കങ്ങളും പ്രതിപക്ഷത്തെ തുണച്ചില്ല. ആ വിഷയങ്ങൾ തേജസ്വി യാദവ് പോലും കാര്യമായി ഉന്നയിച്ചില്ല എന്നതാണു ശ്രദ്ധേയം. സീറ്റ് വിഭജനത്തെച്ചൊല്ലിയുണ്ടായ തർക്കങ്ങൾ പ്രതിപക്ഷ മുന്നണിയിൽ തമ്മിലടിയാണെന്ന ധാരണ ഉറപ്പിക്കുന്നതായിരുന്നു. അടിത്തട്ടിലുള്ള പ്രവർത്തകരുടെ ആത്മവിശ്വാസം പോലും നഷ്ടപ്പെടുത്താൻ ഇതു കാരണമായിട്ടുണ്ടാവണം. പ്രതിപക്ഷം നൽകിയ വാഗ്ദാനങ്ങളൊന്നും ജനങ്ങൾ വിശ്വസിച്ചില്ല.

ഇന്നലെ വൈകുന്നേരത്തെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ വോട്ട് നേടിയ ഒറ്റക്കക്ഷി ആർജെഡിയാണ്. അവർക്ക് 23 ശതമാനത്തോളം വോട്ട് ലഭിച്ചിട്ടുണ്ട്. പക്ഷേ, ആ വോട്ടിന് അനുസരിച്ച് സീറ്റുകൾ കിട്ടിയില്ല. ബിജെപിക്ക് 20 ശതമാനവും ജെഡിയുവിന് 19 ശതമാനവും വോട്ടാണുള്ളത്. കോൺഗ്രസിന് ഒമ്പതു ശതമാനത്തിൽ താഴെയും ഇടതുപക്ഷത്തിനു നാലു ശതമാനത്തിൽ താഴെയുമാണ് വോട്ട് വിഹിതം. സീറ്റ് നിലയിൽ കോൺഗ്രസിന്‍റെ തകർച്ച അതിദയനീയമായി. ബിജെപിക്കെതിരായ രാഹുൽ ഗാന്ധിയുടെ ശക്തമായ പ്രചാരണം യാതൊരു ഫലവും ചെയ്തില്ല. 2015ൽ ഇരുപത്തേഴും 2020ൽ പത്തൊമ്പതും സീറ്റുണ്ടായിരുന്ന കോൺഗ്രസിന് ഇക്കുറി ര‍ണ്ടക്കത്തിൽ പോലും എത്താനായില്ല. കഴിഞ്ഞ തവണ തന്നെ പ്രതിപക്ഷ മുന്നണിയെ തോൽപ്പിച്ചതിന്‍റെ പഴി കേൾക്കേണ്ടിവന്ന പാർട്ടിയാണു കോൺഗ്രസ്. ഇക്കുറി അതിലും മോശമായി അവസ്ഥ. കേരളത്തിലടക്കം നിയമസഭാ തെരഞ്ഞെടുപ്പുകൾ വരാനിരിക്കുന്ന പശ്ചാത്തലത്തിൽ, തകർച്ചകളിൽ നിന്നു തിരിച്ചുവരാൻ എന്തൊക്കെ ചെയ്താലാണ് ഇനി കോൺഗ്രസിനു സാധ്യമാവുകയെന്ന് പാർട്ടി നേതാക്കൾ തന്നെ തലപുകഞ്ഞ് ആലോചിക്കട്ടെ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com