ഒടുവിൽ മണിപ്പുരിൽ ഉചിതമായ തീരുമാനം

പ്രതിപക്ഷം നിയമസഭയിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനിരിക്കെയാണ് ബിരേൻ സിങ് സർക്കാർ രാജിവച്ച് ഒഴിഞ്ഞിരിക്കുന്നത്
Biren Singh
ബിരേൻ സിങ്
Updated on

മണിപ്പുരിൽ കലാപത്തിന് ഏറെ പഴികേട്ട മുഖ്യമന്ത്രി ഒടുവിൽ രാജിവച്ചിരിക്കുന്നു. പ്രതിപക്ഷം നിയമസഭയിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനിരിക്കെയാണ് ബിരേൻ സിങ് സർക്കാർ രാജിവച്ച് ഒഴിഞ്ഞിരിക്കുന്നത്. നേതൃമാറ്റം ആവശ്യപ്പെട്ടുകൊണ്ടിരുന്ന സംസ്ഥാന ബിജെപിയിലെ ഒരു വിഭാഗം പ്രതിപക്ഷത്തിനൊപ്പം ചേർന്നാൽ സംസ്ഥാന സർക്കാർ വീഴുമെന്ന ആശങ്ക നിലനിന്നിരുന്നു. പ്രത്യേകിച്ച് ബിജെപിയിലെ കുക്കി വിഭാഗത്തിൽ നിന്നുള്ള എംഎൽഎമാർ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ബിരേൻ സിങ് മാറണമെന്ന നിലപാടിലായിരുന്നു. ഈ ആവശ്യം ഉന്നയിച്ച് അവർ ബിജെപി കേന്ദ്ര നേതൃത്വത്തെ സമീപിക്കുകയും ചെയ്തിരുന്നു. മെയ്തി വിഭാഗത്തിൽ നിന്നുള്ള നേതാവായ ബിരേൻ സിങ് കലാപം നേരിടുന്നതിൽ പരാജയപ്പെടുന്നുവെന്ന ആരോപണം നേരത്തേ തന്നെ കുക്കി വിഭാഗക്കാരും പ്രതിപക്ഷ രാഷ്‌ട്രീയ കക്ഷികളും ഉന്നയിക്കുന്നതാണ്.

സർക്കാർ വീഴാനുള്ള സാധ്യത തിരിച്ചറിഞ്ഞ ബിജെപി കേന്ദ്ര നേതൃത്വം ഒടുവിൽ ബിരേൻ സിങ്ങിനെ കൈവിടുകയായിരുന്നു എന്നുവേണം ധരിക്കാൻ. ഡൽഹിയിലെ നിയമസഭാ തെരഞ്ഞെടുപ്പു വിജയത്തിനു തൊട്ടുപിന്നാലെ മണിപ്പുരിൽ തിരിച്ചടിയുണ്ടാവുന്നത് തടയാൻ സംസ്ഥാന സർക്കാരിന്‍റെ രാജിയാണു മാർഗമെന്ന് കേന്ദ്ര നേതാക്കൾ കരുതിക്കാണും. ഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് പാർട്ടി വലിയ പ്രതിസന്ധിയിലാവുന്നത് ഒഴിവാക്കാൻ തക്കവണ്ണം ബിരേൻ സിങ് രാജിവയ്ക്കുന്നത്. ബിരേൻ സിങ്ങിനു കലാപത്തിൽ പങ്കുണ്ടോയെന്നു സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് അന്വേഷിക്കുന്ന സാഹചര്യവുമുണ്ട്. ഇതുമായി ബന്ധപ്പെട്ട് ബിരേൻ സിങ്ങിന്‍റെ ചില ഓഡിയോ ക്ലിപ്പുകളുടെ ഫൊറൻസിക്ക് പരിശോധനാ ഫലം വരാനിരിക്കെ കൂടിയാണ് രാജി എന്നതും ശ്രദ്ധേയമാണ്.

ഒന്നര വർഷത്തിലേറെക്കാലമായി കലാപബാധിതമാണു മണിപ്പുർ. മെയ്തികളും കുക്കികളും തമ്മിലുള്ള വംശീയ കലാപത്തിൽ ഇരുനൂറിലേറെ പേർ മരിച്ചിട്ടുണ്ട്. ആയിരത്തിലേറെ പേർക്കു പരുക്കേറ്റു. അയ്യായിരത്തോളം വീടുകൾ അഗ്നിക്കിരയാക്കി. ആരാധനാലയങ്ങളും തകർക്കപ്പെട്ടു. ആയിരക്കണക്കിനാളുകളുടെ ജീവിതം വഴിമുട്ടി. ആയിരങ്ങൾ പലായനം ചെയ്തു. രാജ്യത്തെയാകെ ഞെട്ടിച്ചുകൊണ്ട് സ്ത്രീകളെ ഇതര സമുദായക്കാരായ ആക്രമികൾ നഗ്നരാക്കി നടത്തിക്കുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത സംഭവം വരെയുണ്ടായി. അതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. അക്രമികളെ നേരിടാൻ സൈനികരെ‌ നിയോഗിച്ച ശേഷവും കലാപകാരികൾ അടങ്ങിയില്ലെന്നത് പ്രശ്നത്തിന്‍റെ ഗൗരവം എത്രമാത്രമുണ്ടെന്നതിനു തെളിവായി. സുപ്രീം കോടതിയുടെ കടുത്ത വിമർശനം സംസ്ഥാന സർക്കാരിനു നേരേയുണ്ടായി. സർക്കാരിനെ വിശ്വാസമില്ലെന്നു വരെ കോടതി പറഞ്ഞു. അതിനൊക്കെ ശേഷവും സ്ഥിതിഗതികൾ സാധാരണ നിലയിലാക്കുന്നതിന് ബിരേൻ സിങ് സർക്കാരിനു കഴിഞ്ഞില്ല. കഴിഞ്ഞ ദിവസവും തൗബാലിൽ ഇന്ത്യ റിസർവ് ബെറ്റാലിയൻ ഔട്ട്പോസ്റ്റിൽ നിന്ന് കലാപകാരികൾ തോക്കുകളും വെടിയുണ്ടകളും കൊള്ളയടിക്കുകയുണ്ടായി. തോക്കുകളുമായി വാഹനങ്ങളിലെത്തിയാണ് അക്രമി സംഘം ഔട്ട്പോസ്റ്റിൽ നിന്ന് ആയുധങ്ങൾ കവർന്നത്. കലാപം തുടങ്ങിയ ശേഷം അക്രമികൾ സേനയുടെ ആയുധങ്ങൾ കൊള്ളയടിക്കുന്നത് പല തവണ ആവർത്തിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയെ മാറ്റണമെന്ന ആവശ്യം ശക്തമായി ഉയർന്നപ്പോഴെല്ലാം ബിജെപി കേന്ദ്ര നേതൃത്വം അദ്ദേഹത്തിനു പിന്തുണ നൽകുകയായിരുന്നു. എന്തായാലും ബിരേൻ സിങ്ങുമായി ഇനിയും മുന്നോട്ടുപോകുന്നത് ഉചിതമാവില്ലെന്ന് ഒടുവിൽ പാർട്ടി നേതൃത്വത്തിനു ബോധ്യമായിട്ടുണ്ടാവും.

മെയ്തി, കുക്കി വിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലുകൾക്കു തുടക്കമാവുന്നത് 2023 മേയ് മാസത്തിലാണ്. സംസ്ഥാനത്തെ ജനസംഖ്യയിൽ 53 ശതമാനം വരുന്ന മെയ്തി സമുദായത്തിനു പട്ടികവർഗ സംവരണം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഹൈക്കോടതി നിർദേശത്തെത്തുടർന്നാണ‌ു സംഘർഷം ആരംഭിച്ചത്. ജനസംഖ്യയിൽ 40 ശതമാനം വരുന്ന കുക്കി, നാഗ ഗോത്ര വിഭാഗങ്ങൾ ഭൂരിപക്ഷ സമുദായത്തിനു സംവരണം അനുവദിക്കുന്നതിനെതിരേ പ്രക്ഷോഭം ആരംഭിക്കുകയായിരുന്നു. ഇതാണു കലാപത്തിനു വഴിവച്ചത്. സായുധ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടലുകളുണ്ടായി. സുരക്ഷാ സേനയും ആക്രമിക്കപ്പെട്ടു. ആ നാളുകൾ ഇനിയും ആവർത്തിക്കപ്പെടുന്നതു തടയുക തന്നെ വേണം. അതിനു പറ്റുന്ന അന്തരീക്ഷം ഒരുക്കാൻ മണിപ്പുരിൽ വരാനിരിക്കുന്ന ഭരണ സംവിധാനത്തിനു കഴിയണം.

സമുദായങ്ങൾക്കിടയിലെ ഭിന്നിപ്പ് ഒഴിവാക്കി സമാധാനത്തിന്‍റെ പാതയിൽ എല്ലാവരെയും ഒരുമിച്ചു കൊണ്ടുവരുന്നതിന് സംസ്ഥാനത്തെ മുഴുവൻ രാഷ്‌ട്രീയ കക്ഷികളുടെയും നേതാക്കൾ ഒന്നിച്ചു പരിശ്രമിക്കേണ്ടിയിരിക്കുന്നു. ജനവിഭാഗങ്ങളെ തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്ന അക്രമികളെ ഒറ്റപ്പെടുത്തേണ്ടതുണ്ട്. അതിന് എല്ലാ വിഭാഗം ജനങ്ങളുടെയും വിശ്വാസം നേടിയെടുക്കാൻ ഭരണ സംവിധാനങ്ങളിലുള്ളവർക്കു കഴിയേണ്ടതാണ്. മനപ്പൂർവം കലാപത്തിനു ശ്രമിക്കുന്നവരെ കർശനമായി നേരിടുകയും വേണം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com