മഹാനടന്‍റെ മഹാ നേട്ടം

മലയാളത്തിന്‍റെ മഹാനടൻ മോഹൻലാലിന് ഈ പുരസ്കാരം സമ്മാനിക്കപ്പെടുമ്പോൾ നാടൊന്നാകെ അതിൽ അഭിമാനിക്കുകയാണ്
editorial dadasaheb phalke award mohanlal

മോഹൻലാൽ

Updated on

സിനിമാരംഗത്തെ സംഭാവനകൾക്കു രാജ്യം നൽകുന്ന ഏറ്റവും ഉന്നതമായ അംഗീകാരമാണ് ദാദാ സാഹേബ് ഫാൽക്കെ അവാർഡ്. മലയാളത്തിന്‍റെ മഹാനടൻ മോഹൻലാലിന് ഈ പുരസ്കാരം സമ്മാനിക്കപ്പെടുമ്പോൾ നാടൊന്നാകെ അതിൽ അഭിമാനിക്കുകയാണ്. മലയാള സിനിമയ്ക്കു കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരം കൂടിയായി ഇതിനെ കാണണം. മലയാള സിനിമയ്ക്കും പ്രേക്ഷകർക്കും ഈ പുരസ്കാരം സമർപ്പിക്കുന്നതായി മോഹൻലാൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. നാലര പതിറ്റാണ്ടിലേറെയായി ഈ അതുല്യ പ്രതിഭയുടെ നടനവിസ്മയം കണ്ടും ആസ്വദിച്ചുമാണ് മലയാള സിനിമാ ആസ്വാദകർ അദ്ദേഹത്തിനു കൈയടിച്ചു പ്രോത്സാഹിപ്പിച്ചു കൂടെനിന്നത്. ആവുന്നതിന്‍റെ പരമാവധിയും നൽകി ആസ്വാദകരെ സംതൃപ്തരാക്കാൻ മോഹൻലാലിനും കഴിഞ്ഞിട്ടുണ്ട്. ലാലേട്ടനെ ഒഴിവാക്കിയുള്ള സിനിമാ മേഖലയെക്കുറിച്ച് കേരളത്തിനു ചിന്തിക്കാനേ കഴിയില്ല. തലമുറകൾക്കു മാതൃകയാണ് അദ്ദേഹം. പുതിയ തലമുറകൾക്കു പ്രചോദനവുമാണ് അദ്ദേഹത്തിന്‍റെ ഈ നേട്ടം. മലയാള സിനിമാ വ്യവസായത്തിനു മൊത്തത്തിൽ ആവേശം പകരാൻ മോഹൻലാലിന്‍റെ നേട്ടം ഉപകരിക്കട്ടെ.

സുദീർഘവും മിന്നിത്തിളങ്ങുന്നതുമായ സിനിമാജീവിതത്തിൽ 360ൽ ഏറെ ചിത്രങ്ങളിലാണു മോഹൻലാൽ അഭിനയിച്ചത്. അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങളിൽ ഏറെയും വർഷങ്ങൾക്കു ശേഷവും സിനിമാപ്രേമികളുടെ മനസിൽ മായാതെ നിൽപ്പുണ്ട്. വില്ലൻ റോളിൽ സിനിമാ പ്രേക്ഷകരുടെ മുന്നിലെത്തിയ യുവനടൻ മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹീറോകളിൽ ഒരാളായി നിറയുന്നതാണു പിന്നീടു കണ്ടത്. തികച്ചും വ്യത്യസ്തമായ എത്രയോ കഥാപാത്രങ്ങളെ തനിക്കു മാത്രം കഴിയുന്ന വിധത്തിൽ അവതരിപ്പിച്ച് പ്രേക്ഷക ലക്ഷങ്ങളുടെ പ്രശംസ നേടിയിരിക്കുന്നു അദ്ദേഹം. മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ വില്ലന് കിരീടത്തിലും ഭരതത്തിലും മണിച്ചിത്രത്താഴിലും കാലാപാനിയിലും വാനപ്രസ്ഥത്തിലും തന്മാത്രയിലും പുലിമുരുകനിലുമൊക്കെയെത്തുമ്പോൾ കണ്ട വേഷ- ഭാവമാറ്റങ്ങൾ ആരെയും അമ്പരപ്പിക്കുന്നതാണ്. ടി.പി ബാലഗോപാലൻ എംഎയും രാജാവിന്‍റെ മകനും നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകളും നാടോടിക്കാറ്റും പട്ടണപ്രവേശവും തൂവാനത്തുമ്പികളും ചിത്രവും വെള്ളാനകളുടെ നാടും പോലുള്ള എത്രയെത്ര സിനിമകളാണ് വർഷങ്ങൾക്കു ശേഷവും പ്രേക്ഷക മനസുകളിൽ മായാതെ നിൽക്കുന്നത്. മലയാള സിനിമയിൽ നിന്നു മാറ്റിനിർത്താൻ കഴിയാത്തതെന്നു പേരെടുക്കാൻ ‌ഇനിയും എത്രയോ കഥാപാത്രങ്ങൾ അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ടാവും. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

ഇന്ത്യൻ സിനിമയുടെ പിതാവ് എന്നറിയപ്പെടുന്ന ദാദാ സാഹേബ് ഫാൽക്കെയുടെ സ്മരണ നിലനിർത്താൻ 1969ൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയതാണ് ഈ പുരസ്കാരം. ഇന്ത്യൻ സിനിമയ്ക്കുള്ള സമഗ്ര സംഭാവനയ്ക്ക് ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം ലഭിച്ചവരിൽ ഇപ്പോൾ രണ്ടു മലയാളികളായി. പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണന് 2004ൽ ഈ പുരസ്കാരം ലഭിച്ചിരുന്നു. ബോളിവുഡിന്‍റെ ആദ്യത്തെ സ്വപ്നസുന്ദരിയായി വിശേഷിപ്പിക്കപ്പെടുന്ന ദേവിക റാണിക്കായിരുന്നു ആദ്യ ഫാൽക്കെ പുരസ്കാരം. ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തിക്കാണ് കഴിഞ്ഞവർഷം ഈ പുരസ്കാരം നൽകിയത്. മോഹൻലാലിന്‍റെ ശ്രദ്ധേയമായ സിനിമാ യാത്ര, തലമുറകളെ പ്രചോദിപ്പിക്കുന്നതാണെന്ന് വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇതിഹാസ നടൻ, സംവിധായകൻ, നിർമാതാവ് എന്നീ നിലകളിൽ ഇന്ത്യൻ സിനിമയ്ക്കു മോഹൻലാൽ നൽകിയ സംഭാവനകൾക്കാണ് ആദരവ്. അദ്ദേഹത്തിന്‍റെ സമാനതകളില്ലാത്ത കഴിവ്, വൈദഗ്ധ്യം, അക്ഷീണ കഠിനാധ്വാനം എന്നിവ ഇന്ത്യൻ ചലച്ചിത്ര ചരിത്രത്തിൽ ഒരു സുവർണ നേട്ടമാണെന്നു മന്ത്രാലയം വിശദീകരിക്കുന്നു.

അതുല്യമായ പ്രതിഭാവിലാസം കൊണ്ടും ബഹുമുഖമായ നൈപുണ്യം കൊണ്ടും ഇന്ത്യൻ സിനിമാ ചരിത്രത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച നായകൻ തന്നെയാണ് അദ്ദേഹം. അദ്ദേഹത്തിന്‍റെ സിനിമകൾ നേടിയ അമ്പരപ്പിക്കുന്ന വാണിജ്യ വിജയങ്ങൾ മലയാള സിനിമാ വ്യവസായത്തിനു പകർന്നു നൽകിയ ഊർജം ചെറുതൊന്നുമല്ല. മലയാള സിനിമാ വ്യവസായത്തിന്‍റെ നെടുംതൂണു തന്നെയാണ് ഈ വർഷങ്ങളിലൊക്കെയും അദ്ദേഹം. രണ്ടു തവണ മികച്ച നടനുള്ളത് അടക്കം അഞ്ചു ദേശീയ പുരസ്കാരങ്ങള്‍ മോഹന്‍ലാലിനെ തേടിയെത്തിയിട്ടുണ്ട്. ഒമ്പതു സംസ്ഥാന അവാർഡുകളും അന്താരാഷ്ട്ര ബഹുമതികളും സ്വന്തമാക്കി. 2001ല്‍ പദ്മശ്രീയും 2019ല്‍ പദ്മഭൂഷണും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. അഭിനന്ദന സന്ദേശത്തിൽ മമ്മൂട്ടി പറയുന്നതുപോലെ സിനിമയ്ക്കു വേണ്ടി ജീവിച്ച യഥാർഥ കലാകാരനുള്ള അംഗീകാരം തന്നെയാണ് ഈ പുരസ്കാരം. മമ്മൂട്ടിയുടെ വാക്കുകളിൽ, ""സിനിമയിൽ ജീവിക്കുകയും സിനിമയെ ജീവശ്വാസമാക്കുകയും ചെയ്ത യഥാർഥ കലാകാരനുള്ള പുരസ്കാരം''. മലയാളികളുടെ പ്രിയപ്പെട്ട മഹാനടന് ഞങ്ങളുടെ അഭിനന്ദനങ്ങൾ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com