farmers protest 2.0 delhi chalo march
farmers protest 2.0 delhi chalo march

കർഷക പ്രക്ഷോഭത്തിന് പരിഹാരമുണ്ടാവട്ടെ | മുഖപ്രസംഗം

കേന്ദ്ര സർക്കാർ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്നാണ് അവരുടെ നിലപാട്.

ഡൽഹിയുടെ അതിർത്തികളിൽ വീണ്ടും കർഷക പ്രതിഷേധം അലയടിക്കുകയാണ്. ഹരിയാനയിൽ നിന്നും പഞ്ചാബിൽ നിന്നുമടക്കം ആയിരക്കണക്കിനു കർഷകർ ഡൽഹിയിലേക്കു മാർച്ച് നടത്തുന്നു. "ഡൽഹി ചലോ‌' മാർച്ച് പ്രതിരോധിക്കാൻ വലിയ തയാറെടുപ്പുകളാണു ‌സർക്കാർ തലത്തിൽ നടത്തിവരുന്നത്. കർഷകരുടെ മുന്നേറ്റം തടയാൻ റോഡുകളിൽ വ്യാപകമായി തടസങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഇതുമൂലം ദേശീയ പാതയിലെ ഗതാഗതം പോലും സ്തംഭിച്ച അവസ്ഥയുണ്ട്. ബാരിക്കേഡുകളും മണ്ണു നിറച്ച കണ്ടെയ്നറുകളും കോൺക്രീറ്റ് ബ്ലോക്കുകളും എല്ലാം ഉപയോഗിച്ചാണു വഴി തടയുന്നത്. കണ്ണീർ വാതക ഷെല്ലുകളും റബർ ബുള്ളറ്റുകളും ജലപീരങ്കികളും പ്രയോഗിക്കുന്നതടക്കം കർഷകർ ചൂണ്ടിക്കാണിക്കുന്നുണ്ട്. ട്രാക്റ്ററുകളിലും മറ്റും ഡൽഹിയിലേക്കു പുറപ്പെട്ടിട്ടുള്ള കർഷകർ പ്രക്ഷോഭം മാസങ്ങൾ നീണ്ടാലും കഴിഞ്ഞുകൂടാനുള്ള ഭക്ഷ്യവസ്തുക്കളും അത്യാവശ്യ സാധനങ്ങളും കരുതിയിട്ടുണ്ടെന്നാണു പറയുന്നത്. കേന്ദ്ര സർക്കാർ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്നാണ് അവരുടെ നിലപാട്. ഡൽഹിയുടെ അതിർത്തികളിലും നഗരത്തിലും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അതിർത്തികൾ പൊലീസ് അടച്ചിരിക്കുകയാണ്.

കർഷകരും സർക്കാരും തമ്മിൽ ഏറ്റുമുട്ടലുണ്ടാവുന്നത് ഒട്ടും ഹിതകരമല്ല. പൊലീസ് ക്രിമിനലുകളെയെന്നവണ്ണം കർഷകരെ നേരിടേണ്ടിവരുന്ന സാഹചര്യമുണ്ടാവാൻ പാടില്ലാത്തതാണ്. രാജ്യത്തിന്‍റെ അന്നദാതാക്കളോടു നൂറു ശതമാനവും നീതി പുലർത്താൻ ഏതു സർക്കാരിനായാലും ഉത്തരവാദിത്വമുണ്ട്. എത്രയും പെട്ടെന്ന് അവരുമായി ചർച്ച നടത്തി പരിഹാരമുണ്ടാക്കാൻ സർക്കാരിനു കഴിയണം. ജനങ്ങളുടെ സാധാരണ ജീവിതം തടസപ്പെടുത്തുന്ന ഒന്നും പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഉണ്ടാവാതിരിക്കുകയും വേണം. ലോക്സഭാ തെരഞ്ഞെടുപ്പിനു തീയതി പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രമാണു ബാക്കിയുള്ളത്. തെരഞ്ഞെടുപ്പുകാലത്ത് കർഷക പ്രക്ഷോഭവും ശക്തമാവുന്നത് രാഷ്‌ട്രീയ പ്രതിഫലനങ്ങളുണ്ടാക്കും.

മുൻപ് ഒരു വർഷത്തിലേറെ നീണ്ട കർഷക പ്രക്ഷോഭം ഒത്തുതീർപ്പാക്കുന്നതിനു നൽകിയ ഉറപ്പുകൾ കേന്ദ്ര സർക്കാർ പാലിച്ചില്ലെന്ന‌ു ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ അവർ വീണ്ടും ഡൽഹി മാർച്ചിന് ഇറങ്ങിയിരിക്കുന്നത്. വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യവുമായി 2020- 2021 കാലഘട്ടത്തിൽ സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭം മറക്കാനാവില്ല. റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ പ്രതിഷേധക്കാർ ഇരമ്പിക്ക‍യറി പതാക ഉയർത്തിയതു വരെയുള്ള സംഭവങ്ങൾ ഈ സമരവുമായി ബന്ധപ്പെട്ടുണ്ടായി. അതിശൈത്യം വകവയ്ക്കാതെയുള്ള സമരം നിരവധി കർഷകരുടെ ആരോഗ്യത്തെ ബാധിച്ചു. കൊവിഡ് അടക്കം അസുഖങ്ങളും പലരെയും ബാധിച്ചു. നിരവധി കർഷകർക്ക് സമരത്തിനിടെ ഇങ്ങനെ ജീവൻ നഷ്ടമായെന്ന് കർഷക നേതാക്കൾ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പ്രക്ഷോഭം ലോക ശ്രദ്ധ നേടിയ ശേഷമാണ് നിരവധി റൗണ്ട് ചർച്ചകൾക്കു ശേഷം വിവാദ നിയമങ്ങൾ റദ്ദാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതും പ്രക്ഷോഭം പിൻവലിച്ചതും.

അന്നത്തെ പ്രക്ഷോഭം പിൻവലിച്ചപ്പോൾ നൽകിയ ഉറപ്പുകൾ കേന്ദ്ര സർക്കാർ പാലിച്ചില്ലെന്നാണ് വീണ്ടും പ്രക്ഷോഭത്തിന് ഇറങ്ങുമ്പോൾ കർഷകർ വിശദീകരിക്കുന്നത്. എല്ലാ വിളകൾക്കും സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ട് പ്രകാരമുള്ള താങ്ങുവില നിയമപരമായി ഉറപ്പാക്കുക, കാർഷിക വായ്പകൾ എഴുതിത്തള്ളുക, കർഷകർക്കു പെൻഷൻ അനുവദിക്കുക, പ്രക്ഷോഭകർക്കെതിരേ ചുമത്തിയ കേസുകൾ പിൻവലിക്കുക, ലഖിംപുർ ഖേരി കൂട്ടക്കൊലയ്ക്ക് ഇരകളായവരുടെ കുടുംബങ്ങൾക്കു നീതി ഉറപ്പാക്കുക, കാർഷികോത്പന്നങ്ങളുടെ ഇറക്കുമതി തീരുവ കുറച്ച് ഇന്ത്യൻ കർഷകരെ ദ്രോഹിക്കുന്നത് അവസാനിപ്പിക്കുക, 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമം പുനഃസ്ഥാപിക്കുക, മുൻ പ്രക്ഷോഭത്തിനിടെ മരിച്ച കർഷകരുടെ കുടുംബങ്ങൾക്കു നഷ്ടപരിഹാരം നൽകുക, ലോക വ്യാപാര സംഘടനയിൽ നിന്ന് ഇന്ത്യ പിന്മാറുക തുടങ്ങിയ ആവശ്യങ്ങളാണു പ്രക്ഷോഭകരുടേത്.

പ്രശ്നങ്ങൾ ചർച്ച ചെയ്തു പരിഹാരം കാണുന്നതിന് കമ്മിറ്റി രൂപീകരിക്കാമെന്ന സർക്കാരിന്‍റെ നിർദേശം കേന്ദ്ര മന്ത്രിമാരുമായി ചർച്ച നടത്തിയ കർഷക പ്രതിനിധികൾ അംഗീകരിക്കുകയുണ്ടായില്ല. വിഷയം പഠിക്കാനുള്ള കമ്മിറ്റിയല്ല, ഉറച്ച തീരുമാനമാണ് ഇനി വേണ്ടതെന്ന് അവർ വിശദീകരിക്കുകയും ചെയ്തു. കർഷകർ ചൂണ്ടിക്കാണിക്കുന്ന പ്രശ്നങ്ങളും കാർഷിക മേഖല അഭിമുഖീകരിക്കുന്ന വിഷയങ്ങളും കണ്ടില്ലെന്നു നടിച്ച് സർക്കാർ മുന്നോട്ടുപോവില്ലെന്നു പ്രതീക്ഷിക്കാം. ഏറ്റുമുട്ടലിന്‍റെ പാതയിലല്ല, ഒത്തൊരുമയുടെ പാതയിലാണു സർക്കാരും കർഷകരും സഞ്ചരിക്കേണ്ടത്.