കീം: സമയം തെറ്റിയുള്ള തീരുമാനത്തിന് തിരിച്ചടി

സർക്കാരിന്‍റെ ഇപ്പോഴത്തെ റാങ്ക് ലിസ്റ്റ് ഹൈക്കോടതി റദ്ദാക്കിയതോടെ ആയിരക്കണ‍ക്കിനു വിദ്യാർഥികളുടെ ഉപരിപഠനം വീണ്ടും വൈകുമെന്ന് ഉറപ്പായിരിക്കുകയാണ്
editorial keam examination

കീം: സമയം തെറ്റിയുള്ള തീരുമാനത്തിന് തിരിച്ചടി

representative image

Updated on

സംസ്ഥാനത്ത് എൻജിനീയറിങ് പ്രവേശന പരീക്ഷ (കീം) യുടെ ഫലം ഇത്തവണ പുറത്തുവന്നതു തന്നെ വൈകിയാണ്. മാർക്ക് ഏകീകരണം സംബന്ധിച്ച തീരുമാനം വൈകിയതാണ് ഇതിനു കാരണം. നിലവിലുണ്ടായിരുന്ന രീതി സംസ്ഥാന സിലബസിൽ പഠിച്ചവർക്കു ദോഷകരമാവുന്നു എന്ന പരാതി ഉയർന്നപ്പോഴാണ് ഏകീകരണത്തിനു പുതിയ സമവാക്യം കണ്ടെത്താനുള്ള ശ്രമം ഉണ്ടായത്. ഇതു സംബന്ധിച്ചു പഠിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധരടങ്ങിയ സമിതി അതിന്‍റെ റിപ്പോർട്ടിൽ മുന്നോട്ടുവച്ച നിർദേശങ്ങളിൽ നിന്ന് ഉചിതമായതു തെരഞ്ഞെടുക്കാൻ സർക്കാർ വൈകുകയാണുണ്ടായത്. പ്രവേശന പരീക്ഷാ സ്കോറിനൊപ്പം പ്ലസ് ടു പരീക്ഷയിലെ ഫിസിക്സ്, കെമിസ്ട്രി, മാത്‌സ് വിഷയങ്ങളിലെ മാർക്ക് കൂടി ചേർത്താണ് കേരളത്തിലെ എൻജിനീയറിങ്- ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് തയാറാക്കുന്നത്. വിവിധ സിലബസുകളിൽ പഠിച്ച വിദ്യാർഥികളുടെ പ്ലസ് ടു പരീക്ഷയിലെ മാർക്ക് ഏകീകരിക്കുമ്പോൾ സ്വീകരിച്ചിരുന്ന സമവാക്യം സംസ്ഥാന സിലബസിലെ കുട്ടികൾക്ക് റാങ്ക് പട്ടികയിൽ മുന്നിലെത്തുന്നതിനു തടസമാവുന്നു എന്നായിരുന്നു പരാതി.

ഈ സമവാക്യത്തിൽ മാറ്റം വരുത്തിയാണ് ഇത്തവണ റാങ്ക് ലിസ്റ്റ് പ്രഖ്യാപിച്ചത്. അങ്ങനെ വന്നപ്പോൾ അത് സിബിഎസ്ഇ വിദ്യാർഥികൾക്കു ദോഷകരമാണെന്ന പരാതിയായി. തങ്ങൾക്ക് മുൻപുണ്ടായിരുന്ന വെയ്റ്റേജ് നഷ്ടമായെന്ന് സിബിഎസ്ഇ സിലബസിൽ പഠിക്കുന്ന കുട്ടികൾ പറയുന്നു. അവസാന നിമിഷം സമവാക്യത്തിൽ വരുത്തിയ മാറ്റത്തിനെതിരേയാണ് സിബിഎസ്ഇ സിലബസിൽ പ്ലസ് ടു പാസായ വിദ്യാർഥിനി ഹൈക്കോടതിയെ സമീപിച്ചത്. സർക്കാരിന്‍റെ ഇപ്പോഴത്തെ റാങ്ക് ലിസ്റ്റ് ഹൈക്കോടതി റദ്ദാക്കിയതോടെ ആയിരക്കണ‍ക്കിനു വിദ്യാർഥികളുടെ ഉപരിപഠനം വീണ്ടും വൈകുമെന്ന് ഉറപ്പായിരിക്കുകയാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പ് വേണ്ടസമയത്ത് ഉചിതമായ തീരുമാനം എടുക്കാതിരുന്നതിന്‍റെ ഫലമാണ് ഇപ്പോഴുണ്ടായിരിക്കുന്ന അനിശ്ചിതത്വം. ഇനി പഴയ രീതിയിലേക്കു തിരിച്ചുപോയി റാങ്ക് ലിസ്റ്റ് പുനഃക്രമീകരിക്കുകയാണെങ്കിൽ അതിനു ദിവസങ്ങളെടുക്കും. ഇപ്പോഴത്തെ ഉത്തരവിനെതിരേ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ പോകുകയാണെങ്കിൽ അതിന്മേലുള്ള ഉത്തരവു വന്ന ശേഷമാവും തുടർ നടപടികൾ. പുതിയ ഫോർമുല അംഗീകരിച്ചതു സംസ്ഥാന മന്ത്രിസഭയാണ്. മന്ത്രിസഭ തന്നെ അടുത്ത നടപടികൾ തീരുമാനിക്കുമെന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി പറയുന്നത്. എല്ലാവർക്കും നീതി ഉറപ്പാക്കുന്ന ഫോർമുലമാണ് കൊണ്ടുവന്നതെന്നു മന്ത്രി അവകാശപ്പെടുന്നുണ്ടെങ്കിലും സിബിഎസ്ഇ വിദ്യാർഥികൾ തങ്ങൾക്കു തിരിച്ചടിയായി എന്നു തന്നെയാണു വിശ്വസിക്കുന്നത്.

പരീക്ഷയുടെ പ്രോസ്പെക്റ്റസ് പുറത്തിറക്കിയ ശേഷം വെയ്റ്റേജ് മാറ്റിയതു നിയമപരമല്ലെന്നു ചൂണ്ടിക്കാണിച്ചാണ് പ്രവേശന നടപടികൾ തുടങ്ങാനിരിക്കെ ഹൈക്കോടതി റാങ്ക് ലിസ്റ്റ് റദ്ദാക്കിയിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള പ്രോസ്പെക്റ്റസ് സർക്കാർ പുറത്തിറക്കുന്നത്. അതു പ്രകാരം പരീക്ഷയും നടത്തി. വിദ്യാർഥികൾ പരീക്ഷയെഴുതിക്കഴിഞ്ഞു ഫലം കാത്തിരിക്കുമ്പോൾ റാങ്ക് ലിസ്റ്റ് തയാറാക്കുന്ന രീതി തന്നെ മാറ്റുന്നത് അവരോടു കാണിക്കുന്ന നീതിയല്ല എന്ന ആക്ഷേപമാണ് സംസ്ഥാന സിലബസിനു പുറത്തുള്ള വിദ്യാർഥികൾ ഉന്നയിക്കുന്നത്. ഏതു വിധത്തിലാണ് റാങ്ക് ലിസ്റ്റ് തയാറാക്കുക എന്നൊക്കെ നേരത്തേ തീരുമാനിക്കേണ്ട കാര്യങ്ങളാണ്. അത് അവസാന നിമിഷം വരെ മാറ്റിവച്ചത് പ്രവേശന നടപടികൾ ആകെ താളം തെറ്റിച്ചിരിക്കുന്നു. ഏതു വിധത്തിലാണു പ്രവേശനമെന്നു പ്രോസ്പെക്റ്റസിൽ കൃത്യമായി പറയേണ്ടതാണ്. അതനുസരിച്ചാണു വിദ്യാർഥികൾ തയാറെടുക്കുന്നത്. പിന്നീടൊരു മാറ്റം വരുത്തുന്നതു പ്രവേശന നടപടികളുടെ സുതാര്യതയെ ബാധിക്കുന്നതാണെന്നു വിദ്യാഭ്യാസ മേഖലയിലുള്ള പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. കഴിഞ്ഞ വർഷത്തെ കീം പരീക്ഷയിൽ തന്‍റെ അതേ മാർക്ക് ലഭിച്ച വിദ്യാർഥിക്ക് ആയിരത്തിനോടടുത്തു റാങ്ക് ലഭിച്ചിരുന്നുവെന്നും ഇത്തവണ പുതിയ ഫോർമുല പ്രകാരം നാലായിരത്തിനടുത്തു റാങ്കാണു കിട്ടിയതെന്നും കോടതിയെ സമീപിച്ച വിദ്യാർഥിനി പറയുന്നുണ്ട്.

അതേസമയം, സംസ്ഥാന സിലബസിൽ പഠിക്കുന്ന പൊതുവിദ്യാലയങ്ങളിലെ കുട്ടികളോടു നീതി കാണിക്കാത്ത പഴയ രീതി തുടരരുത് എന്ന ആവശ്യവും നിലവിലുണ്ട്. അടുത്ത വർഷങ്ങളിൽ എൻജിനീയറിങ് പ്രവേശനം എങ്ങനെയാവണമെന്നതിന് ഇത്തവണത്തെ പ്രവേശനം കഴിയുമ്പോൾ തന്നെ വ്യക്തത വരുത്തേണ്ടതുണ്ട്. അടുത്ത വർഷം പ്രവേശനത്തിന് സമയമാവുന്നതു വരെ ദയവായി ഒന്നും വച്ചുതാമസിപ്പിക്കരുത്. മെഡിക്കൽ വിദ്യാഭ്യാസത്തിനുള്ള പ്രവേശനം അനുവദിക്കുന്നത് പ്രവേശന പരീക്ഷ (നീറ്റ്)യിലെ മാർക്ക് പരിഗണിച്ചാണ്. പ്ലസ് ടു മാർക്ക് ബാധകമാക്കുന്നില്ല. അതുപോലെ പ്രവേശന പരീക്ഷയെ മാത്രം അടിസ്ഥാനപ്പെടുത്തി റാങ്ക് ലിസ്റ്റ് തയാറാക്കുക എന്ന അഭിപ്രായവും ഉയരുന്നുണ്ട്. 86,549 പേരാണ് ഇത്തവണ കീം പ്രവേശന പരീക്ഷ എഴുതിയത്. ഇതിൽ 76,230 പേർ യോഗ്യത നേടിയെന്നാണ് ഫലം പ്രസിദ്ധീകരിച്ചപ്പോൾ അറിയിച്ചത്. ഓരോ വർഷവും ഇത്രയേറെ വിദ്യാർഥികൾ എഴുതുന്ന പ്രവേശന പരീക്ഷയെ അതിന്‍റേതായ ഗൗരവത്തിൽ കണ്ട് ആശ‍യക്കുഴപ്പങ്ങളില്ലാതെ ഉചിതമായ തീരുമാനങ്ങളെടുത്തു മുന്നോട്ടു പോകേണ്ടതുണ്ട്. ‍ഇപ്പോഴുണ്ടായ തിരിച്ചടി സ്വന്തം ഭാഗത്തുണ്ടായ വീഴ്ചകളെത്തുടർന്നാണെന്നു സർക്കാർ തിരിച്ചറിയണം. എന്തായാലും തുടർ നടപടി സംബന്ധിച്ചുള്ള ആശങ്ക എത്രയും പെട്ടെന്ന് സർക്കാർ അവസാനിപ്പിക്കണം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com