

കേരള ബിജെപിക്ക് പുതിയ അധ്യക്ഷൻ
കേരളത്തിലെ ബിജെപിക്കു പുതിയ അധ്യക്ഷനെ ലഭിച്ചിരിക്കുകയാണ്. ദീർഘകാലമായി കേരളത്തിൽ പ്രവർത്തിച്ചു പരിചയമുള്ള സീനിയർ നേതാക്കൾ ആരുമല്ല അത് എന്നതാണ് ഏറെ ശ്രദ്ധേയമായിട്ടുള്ളത്. നിലവിലുള്ള സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ തുടർന്നേക്കുമെന്നു ചിലർ കരുതിയിരുന്നു. ശോഭ സുരേന്ദ്രൻ, എം.ടി. രമേശ് തുടങ്ങിയവരുടെ പേരുകളും പറഞ്ഞുകേട്ടിരുന്നു. അതിനൊപ്പം തന്നെ ഉയർന്നുവന്ന പേരാണ് രാജീവ് ചന്ദ്രശേഖറുടേത്.
ഒടുവിൽ അദ്ദേഹത്തിനു തന്നെയായി കേരളത്തിൽ പാർട്ടിയെ നയിക്കാനുള്ള നിയോഗം. മുൻ കേന്ദ്രമന്ത്രി കൂടിയായ രാജീവ് ചന്ദ്രശേഖർ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർഥിയായി മത്സരിച്ചതാണ്. അതിശക്തമായ മത്സരത്തിൽ ശശി തരൂരിനോട് അദ്ദേഹം പരാജയപ്പെട്ടത് 16,077 വോട്ടിനു മാത്രമാണ്.
ശശി തരൂരിന് 37 ശതമാനത്തിലേറെ വോട്ടും രാജീവ് ചന്ദ്രശേഖറിന് 35 ശതമാനത്തിലേറെ വോട്ടുമാണു ലഭിച്ചത്. 3.42 ലക്ഷം വോട്ടുകൾ അദ്ദേഹം നേടുകയുണ്ടായി. കേരളത്തിൽ ആദ്യമായി മത്സരിച്ചപ്പോൾ കിട്ടിയ ഈ ജനപിന്തുണ രാജീവ് ചന്ദ്രശേഖർ എന്ന നേതാവിന്‍റെ കരുത്തു കാണിക്കുന്നതു കൂടിയാണ്. യുവാക്കൾക്കിടയിൽ അദ്ദേഹത്തിനുള്ള സ്വീകാര്യത പാർട്ടിക്കു മുതൽക്കൂട്ടാവുമെന്നു ബിജെപി കരുതുന്നുണ്ടാവാം. അതിനപ്പുറം പാർട്ടിയിലെ സീനിയർ നേതാക്കളെ ഒരുമിപ്പിച്ചു നിർത്താൻ കഴിയുമെന്നും കേന്ദ്ര നേതൃത്വം പ്രതീക്ഷിക്കുന്നുണ്ടാവും.
ചേരിതിരിവുകളും അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവച്ച് ഒരേ മനസോടെ നേതാക്കൾ പ്രവർത്തിക്കാതെ കേരളത്തിലെ ബിജെപിയെ ഉയർത്തിക്കൊണ്ടുവരാൻ അവർക്കു കഴിയില്ല. പൊതുസമ്മതനായ പ്രസിഡന്‍റ് അതുകൊണ്ടുതന്നെ അത്യാവശ്യമായി കേന്ദ്ര നേതൃത്വം കരുതിക്കാണണം. അങ്ങനെ നോക്കുമ്പോൾ വലിയൊരു ദൗത്യമാണ് രാജീവ് ചന്ദ്രശേഖറിനു മുന്നിലുള്ളത്.
ഏറെ വൈകാതെ തദ്ദേശ തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്നു. പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പു വരുന്നു. നിർണായകമായ ദിനങ്ങളാണ് സംസ്ഥാന രാഷ്ട്രീയത്തിൽ വരാനിരിക്കുന്നത്. ബിജെപി പ്രവർത്തകരുടെ ഭാഗത്തുനിന്നു നോക്കിയാൽ ഈ ദിനങ്ങളിൽ പാർട്ടിയുടെ സാധ്യതകൾ പല മടങ്ങായി ഉയർത്തേണ്ടതുണ്ട്.
അതിന് അവർ പുതിയ അധ്യക്ഷനിലേക്ക് ഉറ്റുനോക്കുകയാണ്. ലക്ഷക്കണക്കിനു പ്രവർത്തകരുടെ ആഗ്രഹങ്ങൾക്കൊത്തു പ്രവർത്തിക്കാൻ പുതിയ ബിജെപി അധ്യക്ഷനു കഴിഞ്ഞാൽ കേരള രാഷ്ട്രീയത്തിൽ അതു വലിയ മാറ്റങ്ങളുണ്ടാക്കും.
ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടിയെ നയിക്കാൻ വ്യവസായിയും ടെക്നോക്രാറ്റുമായ അധ്യക്ഷൻ എന്നതാണ് രാജീവ് ചന്ദ്രശേഖറിനെ വ്യത്യസ്തനാക്കുന്നത്. കേരളത്തിൽ ഇതൊരു പുതുമ തന്നെയാണ്. അതേസമയം, വർഷങ്ങളുടെ രാഷ്ട്രീയ പരിചയവും അനുഭവങ്ങളും അദ്ദേഹത്തിനുണ്ടുതാനും. സാങ്കേതിക വിദ്യകളിലെ അദ്ദേഹത്തിന്‍റെ പ്രാവീണ്യം എടുത്തുപറയേണ്ടതാണ്.
മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയില്‍ നിന്ന് ഇലക്‌ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദവും ചിക്കാഗോയിലെ ഇല്ലിനോയിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയില്‍ നിന്ന് കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദവും നേടിയ അദ്ദേഹം ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അഡ്വാന്‍സ് മാനെജ്‌മെന്‍റ് പ്രോഗ്രാം പൂര്‍ത്തിയാക്കിയിട്ടുമുണ്ട്. 1988 മുതല്‍ 1991 വരെ അമെരിക്കയിലെ ഇന്‍റല്‍ കംപ്യൂട്ടര്‍ കമ്പനിയില്‍ കംപ്യൂട്ടറിന്‍റെ ചിപ്പ് പ്രൊസസര്‍ നിര്‍മിക്കുന്ന ഐടി ഉദ്യോഗസ്ഥനായി ജോലി നോക്കി. പിന്നീട് ബിപിഎല്ലിൽ എത്തി കമ്പനിയുടെ മൊബൈൽ ഫോൺ ഇറക്കി രാജ്യത്തു വിസ്മയം സൃഷ്ടിച്ചു. തുടർന്ന് ജൂപ്പിറ്റര്‍ ക്യാപ്പിറ്റൽ കമ്പനിയും അദ്ദേഹം രൂപീകരിച്ചു.
2006 മുതൽ തുടർച്ചയായി മൂന്നു തവണ രാജ്യസഭയിൽ എത്തിയ അദ്ദേഹം 2021ലാണ് കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ, ഇലക്‌ട്രോണിക്‌സ്, ഐടി വകുപ്പ് സഹമന്ത്രിയായത്. 2016ൽ എൻഡിഎ കേരള ഘടകം വൈസ് ചെയർമാനായി അദ്ദേഹത്തെ നിയമിച്ചിരുന്നു. 2007ൽ പ്രതിപക്ഷ എംപിയായിരിക്കെ, 2 ജി സ്പെക്‌ട്രം അഴിമതിയെക്കുറിച്ചു പാർലമെന്‍റിൽ ആദ്യം ശബ്ദമുയർത്തിയത് രാജീവ് ചന്ദ്രശേഖറാണ്. സ്പെക്‌ട്രം ലേല മാഫിയയുടെ സമ്മർദത്തിനു വഴങ്ങാതെ 3 ജി ലേല നടപടികൾ സുതാര്യമായി നടന്നതിനു പിന്നിൽ അദ്ദേഹത്തിന്‍റെ പരിശ്രമങ്ങളുണ്ട്.
ബിജെപിയെ അധികാരത്തിലെത്തിക്കുകയാണു തന്‍റെ ദൗത്യമെന്നാണ് രാജീവ് ചന്ദ്രശേഖർ പറയുന്നത്. ആ ലക്ഷ്യം പൂർത്തീകരിച്ചേ താൻ മടങ്ങൂവെന്ന് അദ്ദേഹം വാഗ്ദാനം ചെയ്യുമ്പോൾ ബിജെപി പ്രവർത്തകർ ആവേശത്തോടെയാവും അതു സ്വീകരിക്കുക. വികസിത കേരളത്തിനായി നിലകൊള്ളുമെന്ന അദ്ദേഹത്തിന്‍റെ പ്രഖ്യാപനം സ്വാഗതാർഹമാണ്.
കേരളത്തിനു വളരെയധികം സാധ്യതകളുണ്ടെന്ന് അദ്ദേഹം തിരിച്ചറിയുകയും ചെയ്യുന്നു. ഈ സാധ്യതകൾ പ്രയോജനപ്പെടുത്താൻ കേന്ദ്ര സഹായം ആവശ്യമുണ്ട്. അതു നേടിയെടുക്കുന്നതിൽ കൂടി പുതിയ ബിജെപി അധ്യക്ഷൻ താത്പര്യം കാണിക്കട്ടെ. പല വിധത്തിലും കേന്ദ്ര സർക്കാർ കേരളത്തെ അവഗണിക്കുന്നുവെന്നാണ് സംസ്ഥാന സർക്കാർ ചൂണ്ടിക്കാണിക്കുന്നത്. കേരളത്തിനു ലഭിക്കേണ്ട മുഴുവൻ ആനുകൂല്യങ്ങളും നേടിയെടുക്കാൻ കേന്ദ്രത്തിൽ സമ്മർദം ചെലുത്തുന്നതിന് ബിജെപി അധ്യക്ഷനും തയാറാവണം. അതുവഴി അദ്ദേഹത്തിന്‍റെ ജനപിന്തുണയും വർധിക്കും.