ജനദുരിതമേറ്റും ബസ് പണിമുടക്ക്

സ്വകാര്യ ബസുകൾക്കു പകരം ഏർപ്പെടുത്തുന്ന സംവിധാനങ്ങളൊന്നും മുഴുവനായി ഫലപ്രദമാവില്ല എന്നിരിക്കെ ഒരു ബസ് സമരം ഒഴിവാക്കാനാണു സർക്കാർ ശ്രമിക്കേണ്ടത്.
editorial kerala bus strike tuesday july 8

ജനദുരിതമേറ്റും ബസ് പണിമുടക്ക്

file image

Updated on

സാധാരണ ജനങ്ങളുടെ നിത്യജീവിതത്തിന്‍റെ ഭാഗമാണു ബസ് യാത്രകൾ. പഠനം, ജോലി എന്നിവയുമായി ബന്ധപ്പെട്ട് ദിവസവും ആയിരക്കണക്കിനാളുകളാണ് രാവിലെയും വൈകിട്ടും ബസ് യാത്രകൾക്കു നിർബന്ധിതരാവുന്നത്. അതുകൊണ്ടു തന്നെ സ്വകാര്യ ബസുകൾ നിരത്തിലിറങ്ങിയില്ലെങ്കിൽ ആ ദിവസത്തെ ജോലിയും പഠനവും മറ്റു പലവിധ കാര്യങ്ങളും മുടങ്ങുന്ന നിരവധിയാളുകളുണ്ട്. പല ഗ്രാമപ്രദേശങ്ങളിൽ നിന്നും നഗരങ്ങളിലേക്കു പോകേണ്ടിവരുന്ന ജനങ്ങളുടെ ആശ്രയം ഈ ബസുകളാണ്. പണിമുടക്ക് ഒരു ദിവസമെന്നതു പലദിവസമായി മാറിയാലുള്ള അവസ്ഥ പറയുകയും വേണ്ട. സ്വകാര്യ ബസുകൾക്കു പകരം ഏർപ്പെടുത്തുന്ന സംവിധാനങ്ങളൊന്നും മുഴുവനായി ഫലപ്രദമാവില്ല എന്നിരിക്കെ ഒരു ബസ് സമരം ഒഴിവാക്കാനാണു സർക്കാർ ശ്രമിക്കേണ്ടത്. നൂറുകണക്കിനു ബസ് ജീവനക്കാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ജീവിതപ്രശ്നം കൂടിയാണ് ഇതെന്നതും ഓർക്കേണ്ടതുണ്ട്.

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ ഇന്നു സൂചനാ പണിമുടക്കു പ്രഖ്യാപിച്ചിരിക്കുകയാണ്. പണിമുടക്ക് ഒഴിവാക്കാൻ ട്രാൻസ്പോർട്ട് കമ്മിഷണറുമായി ബസുടമകൾ നടത്തിയ ചർച്ച പരാജയപ്പെടുകയും ചെയ്തു. നാളെയാണു പൊതുപണിമുടക്ക്. ഇതിലും ബസുകൾ പണിമുടക്കും. അതായത് വരുന്ന രണ്ടു ദിവസവും സ്വകാര്യ ബസ് സർവീസ് ഉണ്ടാവില്ല. തങ്ങൾ ഉന്നയിക്കുന്ന ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഈ മാസം 22ന് അനിശ്ചിതകാല സമരം ആരംഭിക്കുമെന്നു സംയുക്ത സമരസമിതി പ്രഖ്യാപിച്ചിരിക്കുകയാണ്. അത് ഒഴിവാക്കാനുള്ള ശ്രമം വൈകാതെ നടക്കേണ്ടതുണ്ട്. ഇതിനായി മന്ത്രിതലത്തിൽ തന്നെ ചർച്ച നടക്കട്ടെ. ഓരോ വിഷയത്തിലും പ്രായോഗികമായതെന്താണോ അതു നടപ്പാക്കാൻ ധാരണയുണ്ടാവേണ്ടതുണ്ട്. പരസ്പര ധാരണയുടെ പുറത്ത് പരിഹരിക്കാവുന്ന പ്രശ്നങ്ങളേയുള്ളൂ. ഈയൊരു ധാരണ നീട്ടിക്കൊണ്ടുപോകാതിരിക്കണമെന്നു മാത്രം. സമരം തുടങ്ങി കുറച്ചുദിവസം ജനങ്ങൾ ദുരിതം അനുഭവിച്ചു കഴിയുമ്പോൾ സർക്കാരും സമരക്കാരും ധാരണയിലെത്തുകയും "പരിഹാരം'‌ തെളിയുകയും ചെയ്യുന്നതാണു പതിവ്. എന്തിനാണ് ജനങ്ങൾ വലയുന്നതിനു വേണ്ടി കാത്തുനിൽക്കുന്നത് എന്നതാണു മനസിലാവാത്തത്. കുറച്ചു ദിവസങ്ങൾക്കു ശേഷം തെളിയുന്ന "പരിഹാരം' തുടക്കത്തിലേ കണ്ടെത്തുകയാണെങ്കിൽ ജനദുരിതം ഒഴിവാക്കാം.

ബസ് വ്യവസായ മേഖല നേരിടുന്ന വിവിധ പ്രശ്നങ്ങൾ ബസ് ഉടമകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. ദീർഘദൂര ലിമിറ്റഡ് സ്റ്റോപ്പ് ഉൾപ്പെടെയുള്ള ബസുകളുടെ പെർമിറ്റുകൾ യഥാസമയം പുതുക്കി നൽകുന്നില്ലെന്നത് ഇതിലൊരു വിഷയമാണ്. വിദ്യാർഥികളുടെ യാത്രാനിരക്കിൽ കാലോചിതമായ വർധന നടപ്പിലാക്കണമെന്നും അവർ ആവശ്യപ്പെടുന്നു. വിദ്യാർഥികളുടെ യാത്രാനിരക്കു വർധിപ്പിച്ചതു 14 വർഷം മുൻപാണെന്നു ബസുടമകൾ ചൂണ്ടിക്കാട്ടുന്നുണ്ട്. പലപ്പോഴും ഉന്നയിക്കപ്പെടുന്നതാണ് വിദ്യാർഥികളുടെ യാത്രാനിരക്കിലെ വർധന. എന്നാൽ, പാവപ്പെട്ടവരും സാധാരണക്കാരുമായ കുട്ടികളുടെ വിദ്യാഭ്യാസത്തിനു തടസമായി ബസ് ചാർജ് മാറരുത് എന്ന ലക്ഷ്യം അവർക്കു നൽകുന്ന കൺസഷനിലുണ്ട്. കുട്ടികളെ എങ്ങനെ ബാധിക്കുമെന്നു പരിശോധിച്ചു തന്നെ വേണം അതിൽ മാറ്റം കൊണ്ടുവരുന്നത്. കുട്ടികളുടെ കൺസഷൻ അർഹതപ്പെട്ടവർക്കു മാത്രമായി പരിമിതപ്പെടുത്തണമെന്ന അഭിപ്രായം ഉയരുന്നുണ്ട്. അതു പ്രായോഗികമാണോ എന്ന ചോദ്യവുമുണ്ട്.

ബസ് വ്യവസായ മേഖല നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാരിന്‍റെ നയങ്ങൾ ഉപകരിക്കുന്നില്ലെന്നാണു ബസുടമകൾ ചൂണ്ടിക്കാണിക്കുന്നത്. 140 കിലോമീറ്ററിൽ കൂടുതൽ ദൂരം സർവീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പെർമിറ്റ് സർക്കാർ പുതുക്കി നൽകാതിരിക്കുന്നത് കെഎസ്ആർടിസിയെ സഹായിക്കാനുള്ള നടപടിയാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. നികുതി വരുമാനത്തിൽ നിന്നു കോടിക്കണക്കിനു രൂപ നൽകി സർക്കാർ കെഎസ്ആർടിസിയെ നിലനിർത്തുമ്പോൾ തന്നെ സ്വകാര്യ മേഖലയെ തകർക്കുകയാണ് എന്നത്രേ അവരുടെ നിലപാട്. ക്ഷേമ പെൻഷൻ നൽകാൻ ഡീസലിന് സെസ് ഈടാക്കുന്നുണ്ട് സർക്കാർ. അതിനു ശേഷമാണ് മറ്റൊരു സംസ്ഥാനത്തുമില്ലാത്ത നിയമങ്ങൾ തങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നതെന്നും ബസ് ഉടമകൾക്കു പരാതിയുണ്ട്. ബസ് ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ നടപടി പിൻവലിക്കണം, ഇ-ചെല്ലാൻ വഴി അമിത പിഴ ചുമത്തുന്ന രീതി അവസാനിപ്പിക്കണം, സ്പീഡ് ഗവേണർ സ്ഥാപിച്ചതിനു പിന്നാലെ വിലപിടിപ്പുള്ള ഇലക്‌ട്രോണിക്സ് ഉപകരണങ്ങൾ അടിച്ചേൽപ്പിക്കുന്ന തീരുമാനം പിൻവലിക്കണം തുടങ്ങിയ ആവശ്യങ്ങൾ സംഘടന മുന്നോട്ടുവയ്ക്കുന്നുണ്ട്.

സ്വകാര്യ ബസ് വ്യവസായം നേരിടുന്ന പ്രതിസന്ധിയാണ് നിരവധി ബസുകൾ നിരത്തിൽ നിന്നു പിൻവലിയാൻ കാരണമായതെന്ന് ബസ് ഉടമകൾ ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാനത്ത് ഏകദേശം 37,000 സ്വകാര്യ ബസുകളുണ്ടായിരുന്നത് ഇപ്പോൾ 12,000ൽ താഴെയായി ചുരുങ്ങിയിട്ടുണ്ടത്രേ. ഇവർ പോലും പിടിച്ചുനിൽക്കാൻ കഷ്ടപ്പെടുന്നു എന്നാണ് ബസ് ഉടമകളുടെ വാദം. സ്വകാര്യ ബസ് മേഖല നേരിടുന്ന പ്രശ്നങ്ങൾ പരിഗണിക്കപ്പെടണം എന്നതിൽ ആർക്കും തർക്കമുണ്ടാവില്ല. എന്നാൽ, ജനങ്ങളുടെ ഭാഗത്തുനിന്നു കൂടി ചിന്തിച്ചുവേണം ഏതു കാര്യത്തിലും അന്തിമ തീരുമാനമെടുക്കാൻ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com