തെരഞ്ഞെടുപ്പു ചൂടിൽ മാന്യത മറക്കരുത് | മുഖപ്രസംഗം

തെരഞ്ഞെടുപ്പു ചൂടിൽ മാന്യത മറക്കരുത് | മുഖപ്രസംഗം

വിവിധ കക്ഷികൾ മുൻകൂട്ടി വിവിധ മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് താഴെത്തട്ടിലുള്ള പ്രവർത്തനങ്ങളും തുടങ്ങിയിട്ടുണ്ട്.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ഏറ്റവും വലിയ തെരഞ്ഞെടുപ്പിന്‍റെ രാഷ്‌ട്രീയച്ചൂടിലേക്കു നീങ്ങുകയാണ്. ഏതാനും ദിവസങ്ങൾക്കുള്ളിൽ തെരഞ്ഞെടുപ്പു കമ്മിഷൻ ലോക്സഭാ തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കും. അതു കാത്തിരിക്കുകയാണ് എല്ലാ രാഷ്‌ട്രീയ പാർട്ടികളും. കക്ഷി നേതാക്കൾ തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളുടെ തിരക്കിലായിക്കഴിഞ്ഞു. വിവിധ കക്ഷികൾ മുൻകൂട്ടി വിവിധ മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് താഴെത്തട്ടിലുള്ള പ്രവർത്തനങ്ങളും തുടങ്ങിയിട്ടുണ്ട്. തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു ശേഷം പെരുമാറ്റച്ചട്ടം നിലവിൽ വരും. അതിനു മുൻപ് ജനങ്ങളെ ഒപ്പം നിർത്താനുള്ള ലക്ഷ്യവുമായി പലവിധ പദ്ധതി പ്രഖ്യാപനങ്ങളും ഇളവുകളും ഉദ്ഘാടനങ്ങളും ശിലാസ്ഥാപനങ്ങളും ഒക്കെ നടത്തുന്നതിന്‍റെ തിരക്കിൽ കൂടിയാണു നേതാക്കൾ. ഏപ്രിൽ- മേയ് മാസങ്ങളിലായി നടക്കുമെന്നു പ്രതീക്ഷിക്കുന്ന പൊതുതെരഞ്ഞെടുപ്പിന് പരമാവധി വോട്ട് കരസ്ഥമാക്കാൻ വരും ആഴ്ചകളിലെ പ്രവർത്തനങ്ങൾ ഊർജസ്വലമാക്കുകയാണ് രാഷ്‌ട്രീയ കക്ഷികൾക്കും നേതാക്കൾക്കും മുന്നിലുള്ള മാർഗം.

പതിനേഴാം ലോക്സഭയിലേക്ക് 2019ൽ ഏപ്രിൽ 11 മുതൽ മേയ് 19 വരെ ഏഴു ഘട്ടമായാണ് വോട്ടെടുപ്പു നടന്നത്. മേയ് ഇരുപത്തിമൂന്നിനായിരുന്നു വോട്ടെണ്ണൽ. 303 സീറ്റോടെ ബിജെപി അധികാരം നിലനിർത്തിയ തെരഞ്ഞെടുപ്പിൽ വിഭജിച്ചു നിന്നു മത്സരിച്ച പ്രതിപക്ഷത്തിനു കനത്ത തിരിച്ചടിയായിരുന്നു. 2014ലെ തെരഞ്ഞെടുപ്പ് ഒമ്പതു ഘട്ടമായാണു നടന്നത്. ഏപ്രിൽ ഏഴു മുതൽ മേയ് 12 വരെയായിരുന്നു അത്. ഫലപ്രഖ്യാപനം മേയ് പതിനാറിനായിരുന്നു. ചരിത്രത്തിൽ ആദ്യമായി ബിജെപി ഒറ്റയ്ക്ക് ലോക്സഭയിൽ ഭൂരിപക്ഷം നേടിയ തെരഞ്ഞെടുപ്പ് അതായിരുന്നു. 282 സീറ്റ് നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനാർഥിയായിരുന്ന പാർട്ടിക്കു ലഭിച്ചു. എന്‍ഡിഎയ്ക്ക് മൊത്തം 336 സീറ്റുകളായിരുന്നു. ബിജെപിക്ക് 31 ശതമാനവും എന്‍ഡിഎയ്ക്ക് 38.5 ശതമാനവും വോട്ടാണു കിട്ടിയത്. ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനം കോൺഗ്രസ് കാഴ്ചവച്ചതും 2014ലെ തെരഞ്ഞെടുപ്പിലാണ്. അധികാരത്തിൽ ഹാട്രിക് നേടാൻ ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കഴിയുമോ എന്നതാണു വരുന്ന തെരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാന ചോദ്യം. ബിജെപി ഒറ്റയ്ക്ക് 370 സീറ്റും എൻഡിഎ 400ൽ ഏറെ സീറ്റും നേടാനാണ് പ്രധാനമന്ത്രിയും പാർട്ടി കേന്ദ്ര നേതൃത്വവും ലക്ഷ്യമിടുന്നത്.

എന്നാൽ, ഇന്ത്യ സഖ്യത്തിന്‍റെ കുടക്കീഴിൽ പ്രതിപക്ഷം മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് അവരുടെ നേതാക്കളും വിശ്വസിക്കുന്നുണ്ട്. പ്രതിപക്ഷ സഖ്യം ഇനിയും കൃത്യമായൊരു രൂപത്തിലേക്ക് എത്താനുണ്ട് എന്നതും വസ്തുതയാണ്. സീറ്റ് വിഭജന ചർച്ചകൾ പലയിടത്തും അന്തിമ ധാരണകളിലേക്ക് എത്തിയിട്ടില്ല. ബിഹാറിൽ നിതീഷ് കുമാറിന്‍റെ ജെഡിയു എൻഡിഎയിലേക്കു തിരിച്ചുപോയതുപോലുള്ള തിരിച്ചടികളും മുന്നണി നേരിടേണ്ടിവന്നു. ഇത്തവണയും ബിജെപി അധികാരത്തിലെത്തിയാൽ പിന്നീട് തിരിച്ചുവരാൻ കഴിയുമോ എന്ന ആശങ്ക പല പ്രതിപക്ഷ കക്ഷികൾക്കുമുണ്ട്. കോൺഗ്രസ് അടക്കം കക്ഷികൾ അതുകൊണ്ടു തന്നെ സീറ്റ് വിഭജനത്തിൽ അടക്കം വിട്ടുവീഴ്ചകൾ ചെയ്യുമെന്നാണു കരുതുന്നത്. സഖ്യത്തിന്‍റെ ഒത്തൊരുമിച്ചുള്ള പ്രവർത്തനങ്ങൾക്ക് സമയം വൈകിയെന്ന അഭിപ്രായങ്ങളും ഇതിനിടെ ഉയരുന്നുണ്ട്. ഇനി വരുന്ന ദിവസങ്ങളിൽ കൂടുതൽ ഊർജിതമായ നീക്കങ്ങൾ പ്രതിപക്ഷ പാർട്ടികളുടെ ഭാഗത്തുണ്ടാവുമെന്നാണു കരുതുന്നത്. ഇത്തവണയും ഏഴു ഘട്ടമായാവും പോളിങ്ങെന്ന് അഭ്യൂഹങ്ങളുണ്ട്. എന്നാൽ, വിവിധ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി വിലയിരുത്തിയാണു കമ്മിഷൻ അന്തിമ തീരുമാനമെടുക്കുക.

സ്വാഭാവികമായും ചൂടേറിയ പ്രചാരണമാവും തെരഞ്ഞെടുപ്പിൽ കാണുക. സ്ഥാനാർഥി നിർണയത്തിന്‍റെ തിരക്കു കഴിയുമ്പോഴേക്കും പ്രചാരണച്ചൂട് മൂർധന്യത്തിലെത്തും. 195 സ്ഥാനാർഥികളുടെ ലിസ്റ്റ് കഴിഞ്ഞയാഴ്ച ബിജെപി പ്രഖ്യാപിച്ചിരുന്നു. നരേന്ദ്ര മോദി മൂന്നാം തവണയും ഉത്തർപ്രദേശിലെ വാരാണസിയിൽ ജനവിധി തേടുകയാണ്. ആഭ്യന്തര മന്ത്രി അമിത് ഷാ ഗുജറാത്തിലെ ഗാന്ധിനഗറിൽ നിന്ന് വീണ്ടും മത്സരിക്കുന്നു. ഉത്തർപ്രദേശിലെ ലക്നൗ മണ്ഡലത്തിൽ തന്നെയാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് മത്സരിക്കുന്നത്. 34 കേന്ദ്ര മന്ത്രിമാരുടെ പേര് ബിജെപിയുടെ ഈ ലിസ്റ്റിലുണ്ട്. നൂറ്റി എൺപതോളം സ്ഥാനാർഥികളുമായി ബിജെപിയുടെ ആദ്യ ലിസ്റ്റ് കഴിഞ്ഞ തവണ (2019ൽ) പുറത്തുവന്നത് മാർച്ച് 21നാണ്. തെരഞ്ഞെടുപ്പു കമ്മിഷൻ ഷെഡ്യൂൾ പ്രഖ്യാപിച്ചത് മാർച്ച് പത്തിന്. അതു കഴിഞ്ഞ് പത്തു ദിവസം കഴിഞ്ഞാണ് ആദ്യ ലിസ്റ്റ് ബിജെപി ഇറക്കിയത്. ഇക്കുറി പാർട്ടി നേരത്തേ തന്നെ ആദ്യ ലിസ്റ്റ് പുറത്തുവിട്ടിരിക്കുന്നു. കേന്ദ്ര മന്ത്രിമാരായ രാജീവ് ചന്ദ്രശേഖറും വി. മുരളീധരനും അടക്കം കേരളത്തിൽ നിന്നു മത്സരിക്കുന്ന 12 സ്ഥാനാർഥികളും ഇതിലുൾപ്പെടുന്നുണ്ട്.

സുരേഷ് ഗോപി പ്രതീക്ഷിച്ചതുപോലെ വീണ്ടും തൃശൂരിൽ പോരാട്ടത്തിന് ഇറങ്ങുന്നു. കേരളത്തിൽ ബിജെപി ഏറ്റവും കൂടുതൽ പ്രതീക്ഷ വയ്ക്കുന്ന മണ്ഡലം കൂടിയാണു തൃശൂർ. മുൻ മന്ത്രി വി.എസ്. സുനിൽകുമാറാണ് തൃശൂരിലെ ഇടതുപക്ഷ സ്ഥാനാർഥി. ഇടതുപക്ഷത്തിന്‍റെ കേരളത്തിലെ സ്ഥാനാർഥികളെ നേരത്തേ തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. അവർ പ്രവർത്തനവും തുടങ്ങി. അതിലേക്കാണ് യുഡിഎഫ് സ്ഥാനാർഥികളും ഇറങ്ങാൻ പോകുന്നത്. വടകരയിൽ നിന്ന് കെ. മുരളീധരൻ എത്തുന്നതോടെ തൃശൂരിലെ പോരാട്ടം കൂടുതൽ ശക്തമാവുമെന്ന് ഉറപ്പാണ്. സിറ്റിങ് എംപി ടി.എന്‍. പ്രതാപനു വേണ്ടി അനൗദ്യോഗികമായി പ്രചാരണം തുടങ്ങിയതായിരുന്നു കോൺഗ്രസ്. അതിനിടെയാണ് അപ്രതീക്ഷിതമായി മുരളി തൃശൂരിലേക്ക് എത്തുന്നത്.

കേരളത്തിലെ മുഴുവൻ മണ്ഡലങ്ങളിലും വീറും വാശിയുമുള്ള തെരഞ്ഞെടുപ്പു പ്രചാരണം ഉറപ്പാണ്. ദേശീയ രാഷ്‌ട്രീയത്തിൽ നിന്നു വ്യത്യസ്തമായി കോൺഗ്രസും സിപിഎമ്മും നയിക്കുന്ന മുന്നണികൾ പരസ്പരം മത്സരിക്കുന്നു എന്നതാണ് കേരളത്തിന്‍റെ പ്രത്യേകത. ബിജെപി ത്രികോണ മത്സരം ഉറപ്പിക്കുകയും ചെയ്യുന്നുണ്ട്. പോർക്കളത്തിലെ വീറും വാശിയും വ്യക്തികൾ തമ്മിലുള്ള പകയും ശത്രുതയുമായി മാറാതിരിക്കാൻ തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്ക് ഇറങ്ങുന്ന മുഴുവൻ ആളുകളും ശ്രദ്ധിക്കേണ്ടതാണ്. നയങ്ങളും നിലപാടുകളും തമ്മിലുള്ള പോരാട്ടമാവണം നടക്കേണ്ടത്. പരസ്പരം മത്സരിക്കുമ്പോഴും നാമെല്ലാം ഒന്നിച്ചു ജീവിക്കുന്ന സഹോദരങ്ങളാണ് എന്ന ബോധ്യം ഉണ്ടാവേണ്ടതുണ്ട്.

സമൂഹത്തിലെ സമാധാനം തല്ലിക്കെടുത്താനുള്ളതല്ല രാഷ്‌ട്രീയ പ്രവർത്തനം. വ്യക്തിഹത്യകൾ വോട്ടു നേടാനുള്ള മാർഗമായി കാണാതിരിക്കണം. വിദ്വേഷ പ്രസംഗങ്ങൾ സമൂഹത്തിൽ ഭിന്നതയും അതുവഴി അശാന്തിയും സൃഷ്ടിക്കാനാണ് ഇടവരുത്തുക. തങ്ങളെ ആരു പ്രതിനിധാനം ചെയ്യണമെന്ന് ജനങ്ങളാണു തീരുമാനിക്കുക. അതിനുള്ള അവകാശം അവർ വിവേകത്തോടെ വിനിയോഗിക്കുക തന്നെ ചെയ്യം. വോട്ട് സമാഹരിക്കാനുള്ള ശ്രമത്തിനിടയിൽ സമൂഹത്തിനു ദ്രോഹകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടാൽ അതു തിരിച്ചറിയാനുള്ള വിവേകവും ജനങ്ങൾക്കുണ്ട്. അത് ആരും മറക്കാതിരിക്കട്ടെ.