അധ്യയന വർഷത്തിനു തുടക്കമാവുമ്പോൾ | മുഖപ്രസംഗം

അവധിക്കാലത്തിനു വിടചൊല്ലി സ്കൂളുകളിലേക്കു വീണ്ടുമെത്തുന്ന കുട്ടികൾക്ക് പഠനത്തിനു വേണ്ട സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുന്നതിൽ ഉത്തരവാദപ്പെട്ട എല്ലാവരും ശ്രദ്ധിക്കുമെന്നു പ്രതീക്ഷിക്കാം
editorial on new academic year kerala schools

അധ്യയന വർഷത്തിനു തുടക്കമാവുമ്പോൾ|മുഖപ്രസംഗം

Updated on

മധ്യവേനൽ അവധി കഴിഞ്ഞ് സംസ്ഥാനത്തു വിദ്യാലയങ്ങൾ ഇന്നു തുറക്കുകയാണ്. കുരുന്നുകൾക്കായുള്ള പ്രവേശനോത്സവത്തോടെ പുതിയൊരു അധ്യയന വർഷത്തിനു തുടക്കമാവുന്നു. കുട്ടികളെ സ്വീകരിക്കാൻ വിദ്യാലയങ്ങളിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നുണ്ട്. അവധിക്കാലത്തിനു വിടചൊല്ലി സ്കൂളുകളിലേക്കു വീണ്ടുമെത്തുന്ന കുട്ടികൾക്ക് പഠനത്തിനു വേണ്ട സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുന്നതിൽ ഉത്തരവാദപ്പെട്ട എല്ലാവരും ശ്രദ്ധിക്കുമെന്നു പ്രതീക്ഷിക്കാം. ഏറ്റവും സജീവമായ അധ്യയന വർഷം വിദ്യാർഥികൾക്ക് ഉറപ്പാക്കാൻ സർക്കാരിനും വിദ്യാഭ്യാസ വകുപ്പിനും സ്കൂൾ അധികൃതർക്കും അധ്യാപകർക്കും കഴിയട്ടെ. അധ്യയന വർഷത്തിന്‍റെ തുടക്കത്തിൽ ആവശ്യമായ ഒരുക്കങ്ങൾ ഇനിയും പൂർത്തിയാക്കാനുണ്ടെങ്കിൽ അത് എത്രയും വേഗം പൂർത്തിയാക്കാൻ സ്കൂൾ അധികൃതർക്കു കഴിയണം. സ്കൂൾ കെട്ടിടങ്ങൾ, വാഹനങ്ങൾ എന്നിവയുടെ സുരക്ഷ ഉറപ്പുവരുത്തുന്നതും സ്കൂൾ പരിസരം ശുചിയാക്കുന്നതും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതും അടക്കം കാര്യങ്ങളുണ്ട്. അപകടകരമായ മരങ്ങളും ചില്ലകളും വെട്ടിമാറ്റുക, പാചകപ്പുരകൾ വൃത്തിയാക്കുക തുടങ്ങിയ ജോലികൾ നേരത്തേ തന്നെ തീർക്കേണ്ടതാണ്. ഇക്കാര്യത്തിൽ ആരും വീഴ്ച വരുത്തിയിട്ടില്ലെന്നു കരുതാം. സ്കൂളുകൾക്കു സമീപമുള്ള വെള്ളക്കെട്ടുകൾ, കുളങ്ങൾ, കിണറുകൾ എന്നിവയ്ക്കു സുരക്ഷാഭിത്തികൾ നിർമിക്കുക, വെള്ളക്കെട്ടു സാധ്യതയുള്ള ഇടങ്ങളിൽ മുന്നറിയിപ്പു ബോർഡ് സ്ഥാപിക്കുക, ഇഴജന്തുക്കൾ കയറാൻ സാധ്യതയുള്ള സ്ഥലങ്ങൾ പരിശോധിച്ച് അവയുടെ സാന്നിധ്യമില്ലെന്ന് ഉറപ്പാക്കുക തുടങ്ങി സർക്കാർ നിർദേശിച്ച സുരക്ഷാ നടപടികളെല്ലാം ഉത്തരവാദപ്പെട്ടവർ പാലിച്ചിട്ടുണ്ടാവുമെന്നും പ്രതീക്ഷിക്കുക.

ചില പ്രത്യേകതകളോടെയാണ് പുതിയ അധ്യയന വർഷം ആരംഭിക്കുന്നത്. സ്‌കൂള്‍ തുറന്നാല്‍ ആദ്യ രണ്ടാഴ്‌ച പാഠപുസ്‌തകങ്ങൾ പഠിപ്പിക്കുന്നതിനു പകരം ബോധവത്കരണ ക്ലാസുകള്‍ നടത്തുകയാണ്. ലഹരി ഉപയോഗം, അക്രമവാസന, മെബൈല്‍ ഫോണ്‍ ആസക്തി, പൊതുമുതല്‍ നശീകരണം, ആരോഗ്യകരമല്ലാത്ത സോഷ്യല്‍ മീഡിയ ഉപയോഗം എന്നിങ്ങനെയുള്ള പ്രവണതകൾ തടയുന്നതിനുള്ള ബോധവത്കരണം കുട്ടികൾക്കു നൽകുന്നു. പരിസര ശുചിത്വം, വ്യക്തിശുചിത്വം, ആരോഗ്യ പരിപാലനം, ഡിജിറ്റല്‍ അച്ചടക്കം തുടങ്ങിയ വിഷയങ്ങളും ബോധവത്കരണത്തിന്‍റെ പരിധിയിൽ വരുന്നുണ്ട്. വാഹന ഉപയോഗം, വൈകാരിക നിയന്ത്രണമില്ലായ്‌മ, നിയമ ബോധവത്കരണം തുടങ്ങിയവയും വിഷയങ്ങളാണ്. അധ്യാപകര്‍ക്ക് ഇതു സംബന്ധിച്ചു പരിശീലനവും നല്‍കിയിട്ടുണ്ട്. പുതിയ തലമുറയ്ക്കു നേരായ വഴി കാണിച്ചു കൊടുക്കുന്നതിനുള്ള ഇത്തരം പരിശ്രമങ്ങൾ സ്വാഗതാർഹമാണ്. നല്ല ശീലങ്ങളിലേക്കു ചെറു പ്രായത്തിലേ വിദ്യാര്‍ഥികളെ നയിക്കാനൊരുങ്ങുകയാണ് പൊതു വിദ്യാഭ്യാസ വകുപ്പെന്ന് അധികൃതർ പറയുന്നു. ഈ ശ്രമം പക്ഷേ, രണ്ടാഴ്ചത്തെ ബോധവത്കരണത്തിൽ ഒതുങ്ങേണ്ടതല്ല. കുട്ടികൾ നേർവഴിയിലാണു സഞ്ചരിക്കുന്നതെന്ന് ഉറപ്പാക്കാൻ എപ്പോഴും പരിശ്രമങ്ങളുണ്ടാവണം. ബോധവത്കരണത്തിന്‍റെ തുടർച്ച അനിവാര്യമാണ് എന്നർഥം.

ഹൈസ്കൂൾ സമയക്രമത്തിൽ മാറ്റം വരുത്തുന്നു എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. ഹൈക്കോടതി നിർദേശപ്രകാരമുള്ള കമ്മിഷന്‍റെ റിപ്പോർട്ട് അനുസരിച്ചാണ് രാവിലെയും വൈകിട്ടുമായി അര മണിക്കൂർ അധിക സമയം കൂട്ടിച്ചേർക്കുന്നത്. രാവിലെ 9.45 മുതൽ വൈകിട്ട് 4.15 വരെയാണ് പുതിയ പ്രവൃത്തി സമയം. ഇതിനൊപ്പം തുടർച്ചയായി ആറു പ്രവൃത്തിദിനങ്ങൾ വരാത്തവിധം ഏഴു ശനിയാഴ്ചകളിൽ കൂടി ക്ലാസുണ്ടാവും. ഹൈസ്കൂൾ വിഭാഗത്തിൽ ആകെ 205 പ്രവൃത്തിദിനങ്ങൾ ഉറപ്പിക്കാനാണിത്. യുപി ക്ലാസുകളിൽ തുടർച്ചയായി ആറു പ്രവൃത്തിദിനങ്ങൾ വരാത്തവിധം രണ്ടു ശനിയാഴ്ചകളിൽ കൂടിയാണു ക്ലാസുണ്ടാവുക. യുപിയിൽ 200 പ്രവൃത്തി ദിനമാണുള്ളത്. എൽപിയിൽ 198 പ്രവൃത്തിദിനവും ഉണ്ടാവും. ഹൈസ്കൂൾ വിഭാഗത്തിനും യുപി വിഭാഗത്തിനും രണ്ടു സമയത്ത് ക്ലാസ് തുടങ്ങുകയും തീരുകയും ചെയ്യുന്നത് സ്കൂൾ വാഹനങ്ങൾ ക്രമീകരിക്കുന്നതിലടക്കം പ്രശ്നങ്ങളുണ്ടാക്കും. ഇത്തരം പ്രായോഗിക പ്രശ്നങ്ങൾക്ക് എന്തായാലും പരിഹാരം കാണേണ്ടതുണ്ട്.

സ്‌കൂള്‍ ബസുകളില്‍ കയറ്റാവുന്ന കുട്ടികളുടെ എണ്ണം, വാഹനത്തിന്‍റെ ഫിറ്റ്നസ് തുടങ്ങിയവ സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് നിഷ്‌കര്‍ഷിച്ച മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഓട്ടോ, ടാക്സി, വാന്‍ എന്നിവയില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുള്ള യാത്ര ഉറപ്പാക്കണം. സ്വകാര്യ ബസുകളില്‍ കുട്ടികളെ കയറ്റിയില്ലെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്നു സർക്കാർ പറയുന്നു. പല സ്വകാര്യ ബസുകളും സ്കൂൾ കുട്ടികളെ കയറ്റാൻ മടിക്കുന്നുണ്ടെന്നതു വാസ്തവമാണ്. എത്രയൊക്കെ പറഞ്ഞാലും വിദ്യാർഥികളെ ഓടിക്കുന്നതു തുടരുമെന്ന് വാശിയുള്ള ബസുകൾക്കെതിരായ നടപടി വാക്കുകളിൽ ഒതുങ്ങുന്നതാവരുത്. കൃത്യമായ സ്റ്റോപ്പുകളില്‍ കുട്ടികള്‍ക്ക് ഇറങ്ങുന്നതിനും കയറുന്നതിനും ആവശ്യമായ സമയം നല്‍കുക തന്നെ വേണം. പൊതുവിദ്യാലയങ്ങളെ മികവിന്‍റെ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള സർക്കാർ പരിശ്രമം നല്ലൊരളവു വരെ വിജയിക്കുന്നുണ്ട്. പുതിയ കെട്ടിടങ്ങൾ നിർമിക്കുന്നതിലും ഹൈടെക് ക്ലാസ് മുറികൾ ഒരുക്കുന്നതിലും നിരവധി സ്കൂളുകൾ വിജയം കണ്ടു. പലയിടത്തും ഇത്തരം പ്രവർത്തനങ്ങൾ ഇനിയും മുന്നോട്ടുപോകാനുമുണ്ട്. മുഴുവൻ വിദ്യാർഥികൾക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിന് ആവശ്യമായ നടപടികൾ തുടരണം. നേട്ടങ്ങളിൽ അഭിമാനിക്കുന്നതിനൊപ്പം കൂടുതൽ മുന്നേറാനും കഴിയേണ്ടതുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com