അഴിമതി ആരോപണത്തിൽ അടിപതറിയ ആംആദ്മി പാർട്ടി

തമ്മിലടിച്ച പാർട്ടികൾ ബിജെപിയുടെ അധികാരത്തിലേക്കുള്ള പാത എളുപ്പമാക്കിയെന്നു പറയേണ്ടിവരും
Arwind Kejriwal
അരവിന്ദ് കെജ്‌രിവാൾ
Updated on

അഴിമതിക്കെതിരായ പോരാട്ടത്തിൽ നിന്നു പിറവിയെടുത്ത പാർട്ടിയെ അഴിമതിയാരോപണത്തിന്‍റെ പശ്ചാത്തലത്തിൽ ജനങ്ങൾ കൈവിട്ട രാഷ്ട്രീയ ചരിത്രമാണ് ഡൽഹിയിൽ കുറിക്കപ്പെട്ടിരിക്കുന്നത്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ പരാജയം രാഷ്ട്രീയ പാർട്ടികൾക്കെല്ലാം നല്ലൊരു പാഠമായി മാറേണ്ടതാണ്. മുഖ്യമന്ത്രിയടക്കം അഴിമതിക്കേസിൽ ജയിലിലായ അസാധാരണ രാഷ്ട്രീയ സാഹചര്യങ്ങളാണ് സമീപകാലത്തു രാജ്യതലസ്ഥാനത്തുണ്ടായത്. അതിന്‍റെ പ്രതിഫലനം ജനങ്ങൾക്ക് ഭരണകക്ഷിയോടുള്ള എതിർപ്പായി വോട്ടെടുപ്പിൽ പ്രതിഫലിച്ചിട്ടുണ്ട്. അതിനൊപ്പം കോ‍ൺഗ്രസും എഎപിയും 'ഇന്ത്യ മുന്നണി'യായി ഒന്നിച്ചു മത്സരിക്കാതിരുന്നതും തിരിച്ചടിയായി. തമ്മിലടിച്ച പാർട്ടികൾ ബിജെപിയുടെ അധികാരത്തിലേക്കുള്ള പാത എളുപ്പമാക്കിയെന്നു പറയേണ്ടിവരും. എഎപി സർക്കാരിന്‍റെ പ്രതിച്ഛായ തകർക്കാൻ കോൺഗ്രസിന്‍റെ പ്രചാരണവും നല്ല തോതിൽ സഹായിച്ചിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒന്നിച്ചു നിന്നവർ പരസ്പരം ചെളിവാരിയെറിഞ്ഞപ്പോൾ ജനങ്ങൾ അവരെ കൈവിടുകയായിരുന്നു. കെജരിവാൾ മദ്യ അഴിമതിയുടെ സൂത്രധാരനെന്ന് ജനങ്ങളെ ഓർമിപ്പിച്ചുകൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രചാരണം പോലും.

എഎപിയെ തോൽപ്പിക്കാൻ കോൺഗ്രസിനായി. പക്ഷേ, സ്വന്തമായി ഒരു സീറ്റു പോലും നേടാൻ അവർക്കു കഴിഞ്ഞില്ല. തുടർച്ചയായി മൂന്നാം തവണയാണ് കോൺഗ്രസ് വട്ടപ്പൂജ്യമാവുന്നത്. ‌ബിജെപി ജയിക്കുകയും എഎപി രണ്ടാം സ്ഥാനത്താവുകയും ചെയ്ത പല മണ്ഡലങ്ങളിലും വിജയികളുടെ ഭൂരിപക്ഷത്തെക്കാൾ കൂടുതൽ വോട്ട് കോൺഗ്രസ് നേടിയിട്ടുണ്ട്. അതായത് കോൺഗ്രസ്- എഎപി സഖ്യമുണ്ടായിരുന്നെങ്കിൽ ഫലം ഇതുപോലെയാവണമെന്നില്ല. സഖ്യത്തിനു തടസമായത് കോൺഗ്രസിന്‍റെ നിലപാടാണോ എഎപിയുടെ അമിത ആത്മവിശ്വാസമാണോ എന്നൊക്കെ ഇനിയും പരിശോധിക്കേണ്ടിവരും. ഒന്നിച്ചു നിൽക്കാൻ പ്രതിപക്ഷ കക്ഷികൾക്കു കഴിയുന്നില്ലെങ്കിൽ ബിജെപിയെ തോൽപ്പിക്കുക എളുപ്പമാവില്ലെന്ന് ഒരിക്കൽക്കൂടി തെളിയുകയാണ്. പരസ്പരം തമ്മിലടിക്കുന്ന കക്ഷികൾക്കു തോൽവിക്കു ശേഷം പഴിചാരി കാലം കഴിക്കേണ്ടിവരും.

എന്തായാലും എഎപിക്കുണ്ടായ വോട്ടുചോർച്ച പ്രതീക്ഷിക്കാവുന്നതിലും അപ്പുറമായിരുന്നു എന്നതു യാഥാർഥ്യമാണ്. പാർട്ടി രൂപവത്കരിച്ചതിനു തൊട്ടുപിന്നാലെ 2013ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 29.5 ശതമാനം വോട്ടും 28 സീറ്റുമായിരുന്നു കെജരിവാളിനു കിട്ടിയത്. 33 ശതമാനം വോട്ടും 32 സീറ്റുമുള്ള ബിജെപി അധികാരത്തിലെത്താതിരിക്കാൻ എഎപിയെ കോൺഗ്രസ് പിന്തുണയ്ക്കുകയായിരുന്നു. ഷീല ദീക്ഷിതിന്‍റെ15 വർഷത്തെ ഭരണത്തിനു ശേഷം അധികാരത്തിൽ നിന്നു പുറത്താവുന്ന കോൺഗ്രസിന് അന്ന് 25 ശതമാനത്തോളം വോട്ടും എട്ടു സീറ്റും ഉണ്ടായിരുന്നു. കോൺഗ്രസുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെത്തുടർന്ന് 2013ലെ കെജരിവാൾ സർക്കാർ വീണപ്പോഴാണ് ജനങ്ങൾ എഎപിക്കു സമ്പൂർണ വിജയം നൽകിയത്. 2015ൽ നടന്ന തെരഞ്ഞെടുപ്പിൽ അരവിന്ദ് കെജരിവാളും ആം ആദ്മി പാർട്ടിയും അധികാരത്തിലെത്തിയത് ആകെയുള്ള 70 സീറ്റിൽ അറുപത്തേഴും നേടിയാണ്. ബിജെപിക്കു കിട്ടിയതു മൂന്നു സീറ്റ് മാത്രം. 54 ശതമാനത്തിലേറെ വോട്ടും എഎപിക്കായിരുന്നു. ബിജെപിക്ക് 32, കോൺഗ്രസിന് 10 എന്നിങ്ങനെയായിരുന്നു വോട്ട് ശതമാനം.

2020ലും മികച്ച വിജയം ആവർത്തിക്കാൻ കെജരിവാളിനു കഴിഞ്ഞു. 54 ശതമാനം വോട്ടും 62 സീറ്റും എഎപി നേടി. 39 ശതമാനത്തോളം വോട്ടും എട്ടു സീറ്റുമായിരുന്നു ബിജെപിക്ക്. ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപിയെ വിജയിപ്പിക്കുമ്പോഴും നിയമസഭയിലേക്ക് 54 ശതമാനം വോട്ട് ജനങ്ങൾ എഎപിക്കു നൽകിയിരുന്നു എന്നത് അതിശയിപ്പിക്കുന്ന രാഷ്ട്രീയം തന്നെയാണ്. പക്ഷേ, മദ്യനയ അഴിമതിക്കേസിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും മുഖ്യമന്ത്രി കെജരിവാളും അറസ്റ്റിലായതോടെ എഎപിയുടെ ജനവിശ്വാസത്തിന് ഇടിവു തട്ടുകയായിരുന്നു. തുടർച്ചയായ ഭരണത്തിനെതിരായ ജനവികാരവും അഴിമതിക്കെതിരായ രോഷവും എഎപിയെ ഒന്നിച്ചു ബാധിച്ചു എന്നു പറയേണ്ടിവരും. ജാമ്യം നേടി ജയിലിൽ നിന്നു പുറത്തുവന്ന ശേഷം അതിഷിയെ മുഖ്യമന്ത്രിയാക്കിയ കെജരിവാൾ വീണ്ടും ജനപിന്തുണയാർജിച്ച് കസേരയിൽ തിരിച്ചെത്താനാണ് ആഗ്രഹിച്ചത്. എന്നാൽ, കെജരിവാളിന്‍റെയും സിസോദിയയുടെയും തോൽവി എഎപിക്കു താങ്ങാനാവാത്ത പ്രഹരമായി. സമുന്നത നേതാക്കളും തോറ്റു, പാർട്ടിയും തോറ്റു എന്നതാണ് പരിതാപകരമായ അവസ്ഥ.

വോട്ട് നിലയിൽ ബിജെപിക്കു തൊട്ടടുത്തു നിൽക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നതു മാത്രമാണ് എഎപിക്ക് ആശ്വാസമായിട്ടുള്ളത്. ബിജെപിക്ക് 45.56 ശതമാനവും എഎപിക്ക് 43.57 ശതമാനവും വോട്ടാണ് ഇക്കുറി ലഭിച്ചത്. അതായത് ബിജെപി വോട്ടുകൾ എഴു ശതമാനത്തോളം വർധിച്ചപ്പോൾ എഎപിക്കു നഷ്ടമായതു പത്തു ശതമാനം വോട്ടാണ്. ഇരു പാർട്ടികളും തമ്മിലുള്ള വോട്ട് വ്യത്യാസം നേരിയതാണെങ്കിലും ഭരണകക്ഷിയുടെ വോട്ടിൽ കുത്തനെയുള്ള ഇടിവ് അധികാരം നഷ്ടപ്പെടുത്തി. ബിജെപിക്ക് നാൽപ്പത്തെട്ടും എഎപിക്ക് ഇരുപത്തിരണ്ടും സീറ്റുകളാണ് ഇക്കുറി ജനങ്ങൾ നൽകിയത്. ഇരുപത്തേഴു വർഷത്തിനു ശേഷമാണ് ഡൽഹിയിൽ ബിജെപി അധികാരത്തിൽ തിരിച്ചെത്തുന്നത്. 1993ലെ തെരഞ്ഞെടുപ്പിനു ശേഷം മദൻലാൽ ഖുറാനയും പിന്നീട് സാഹിബ് സിങ് വർമയും സർക്കാരിന്‍റെ അവസാന നാളുകളിൽ സുഷമ സ്വരാജും ഭരിച്ച അഞ്ചു വർഷമാണ് ബിജെപിയുടെ ഭരണചരിത്രത്തിലുള്ളത്. 1998ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഭുരിപക്ഷം നേടുകയും ഷീല ദീക്ഷിത് അധികാരമേൽക്കുകയും ചെയ്തു. ആരു ഭരിക്കണമെന്നു തീരുമാനിക്കുന്നതു ജനങ്ങളാണ്. ജനപിന്തുണ നിലനിർത്താൻ ജനക്ഷേമ ഭരണത്തിന് ഡൽഹിയിലെ ബിജെപി സർക്കാരിനു കഴിയട്ടെ. ജനങ്ങളുടെ വിശ്വാസം ആർജിക്കുക എന്നതാണ് എഎപിയുടെയും കോൺഗ്രസിന്‍റെയും മുന്നിലുള്ള വെല്ലുവിളി. ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം ഹരിയാന, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വിജയം നേടിയ ബിജെപിക്ക് ഡൽഹിയിലെ വിജയം കൂടിയാവുമ്പോൾ ആത്മവിശ്വാസം വർധിക്കുകയാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com