
ആലുവയിൽ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ അറസ്റ്റ് ചെയ്യാൻ പൊലീസിനും, നാലു മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കി ശിക്ഷ വിധിക്കാൻ കോടതിക്കും സാധിച്ചു. കാര്യക്ഷമം എന്നുതന്നെ വിശേഷിപ്പിക്കാവുന്ന, അതിവേഗ നടപടിക്രമങ്ങൾ. അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂഷനും പ്രത്യേക പോക്സോ കോടതിയുമെല്ലാം ഇക്കാര്യത്തിൽ അഭിനന്ദനം അർഹിക്കുന്നു. പക്ഷേ, സമൂഹ മനഃസാക്ഷിക്കു മുന്നിൽ ഇപ്പോഴും ഒരു സംശയം ബാക്കിയാണ്- പ്രതിഭാഗത്തിന്‍റെ അപ്പീൽ മേൽക്കോടതിയിലെത്തുമ്പോൾ എന്തു സംഭവിക്കും?
അങ്ങനെയൊരു 'പക്ഷേ' അവശേഷിപ്പിച്ചുകൊണ്ടല്ലാതെ ഇത്തരത്തിലുള്ള കേസുകളിലെ വിധി കേൾക്കാൻ നമുക്കിപ്പോൾ സാധിക്കാറില്ല. സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ ലഘൂകരിക്കപ്പെട്ടതു പോലുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പ്രത്യേകിച്ചും.
മാധ്യമ വാർത്തകളിലും പൊതുജനങ്ങളുടെ ഓർമയിലും സജീവമായി തുടരുന്ന സമയത്തു തന്നെ ആലുവ കേസിൽ വിചാരണ പൂർത്തിയാക്കി വിധി പ്രഖ്യാപിക്കാൻ സാധിച്ചത് ശ്ലാഘനീയം തന്നെ. മാധ്യമങ്ങളുടെ ഫലപ്രദമായ ഇടപെടലിനെ അന്വേഷണോദ്യോഗസ്ഥരും പ്രത്യേകം പരാമർശിച്ചിരുന്നു. എന്നാൽ, ഈ കോലാഹലങ്ങളൊക്കെ കെട്ടടങ്ങിയ ശേഷവും, മേൽക്കോടതിയിൽ ഇതേ കാര്യക്ഷമതയും ഉത്സാഹവും ശുഷ്കാന്തിയും കാണിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർക്കും പ്രോസിക്യൂഷനും സാധിക്കുന്നു എന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഒരു വിഷയം സമൂഹത്തിൽ സജീവ ചർച്ചയിൽനിന്നു പുറത്തായ ശേഷം, സാങ്കേതികത്വങ്ങളുടെ നൂലാമാലകൾക്കിടയിൽനിന്നു കണ്ടെത്തുന്ന പഴുതുകൾ കുറ്റവാളിക്കു രക്ഷാമാർഗമായിക്കൂടാ.
വധശിക്ഷയ്ക്കെതിരായ ചിന്താഗതി ആധുനിക സമൂഹത്തിൽ പ്രബലമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽപ്പോലും, പിഞ്ചുകുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്തു കൊല്ലുന്ന കേസുകളിൽ മരണമല്ലാത്തൊരു ശിക്ഷയെക്കുറിച്ചു ചിന്തിക്കുന്നത് പ്രായോഗികമല്ല. ഇത്തരം കേസുകളിലെ പ്രതികൾ പൊലീസിന്‍റെ വെടിയേറ്റു മരിക്കുന്നതു പോലും ആഘോഷിക്കപ്പെടുന്ന സാമൂഹിക സാഹചര്യമാണ് രാജ്യത്ത് നിലനിൽക്കുന്നത്. നീതി നടപ്പാക്കുന്നതിലുള്ള കാലതാമസം തന്നെയാണ് ഏറ്റുമുട്ടൽ കൊലപാതകങ്ങൾ സ്വീകാര്യമാകാനുള്ള കാരണങ്ങളിലൊന്ന്. നിയമത്തിന്‍റെ പഴുതുകൾ ഉപയോഗിക്കാൻ അറിയുന്ന 'മിടുക്കനായ' വക്കീലുണ്ടെങ്കിൽ മേൽക്കോടതിയിൽ നിന്ന് ഇളവ് വാങ്ങിയെടുക്കാൻ പ്രതികൾക്കു കിട്ടുന്ന അവസരമാണ് മറ്റൊരു കാരണം.
ഏതു കൊടിയ കുറ്റകൃത്യത്തിലെ പ്രതിക്കും തന്‍റെ ഭാഗം അവതരിപ്പിക്കാൻ മതിയായ അവകാശം ഉറപ്പുവരുത്തുന്നുണ്ട് നമ്മുടെ നിയമ വ്യവസ്ഥ. ആലുവ കേസിൽ അഭിഭാഷകനില്ലാതിരുന്ന പ്രതിക്കു പോലും നിയമസഹായം ഉറപ്പാക്കാൻ സാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ, പ്രോസിക്യൂഷന്‍റെ വാദമുഖങ്ങൾ മേൽക്കോടതിയിൽ അപ്രസക്തമാകുന്ന പക്ഷം, നിയമ സംവിധാനത്തിൽ ജനങ്ങൾക്കുള്ള വിശ്വാസം ദുർബലമാകും.
സൗമ്യ വധക്കേസിൽ, ഇരയുടെ മൃതദേഹത്തിൽ നിന്നു ശേഖരിച്ച ശാസ്ത്രീയ തെളിവുകളുടെ അഭാവമായിരുന്നു മേൽക്കോടതി പ്രതിയുടെ വധശിക്ഷ ഇളവ് ചെയ്യാനുള്ള കാരണങ്ങളിലൊന്ന്. അതേസമയം, ആലുവ കേസിൽ, മരിച്ച കുട്ടിയുടെ ശരീരത്തിൽനിന്നും കൃത്യം നടന്ന പ്രദേശത്തുനിന്നും ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്നു വിധിപ്പകർപ്പിൽ വ്യക്തമാണ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 302ാം വകുപ്പ് (കൊലപാതകം), 359 മുതൽ 361 വരെയുള്ള വകുപ്പുകൾ (തട്ടിക്കൊണ്ടുപോകൽ), 375ാം വകുപ്പ് (ബലാത്സംഗം) എന്നിവയിലെല്ലാം പ്രസക്തമായ 'ലാസ്റ്റ് സീൻ തിയറി', അഥവാ ഇരയോടൊപ്പം അവസാനം കണ്ടയാൾക്ക് കുറ്റകൃത്യത്തിലുള്ള പങ്ക് തെളിയിക്കുന്ന തത്വം, ആലുവ കേസിലും ബാധകമായിട്ടുണ്ടെന്നു വിധിയിൽ പറയുന്നു. വിചാരണവേളയിൽ ഇതിനെ ഖണ്ഡിക്കാൻ പ്രതിഭാഗത്തിനു സാധിച്ചിട്ടില്ല. ദൃക്‌സാക്ഷികളില്ലാത്ത ഇത്തരം കേസുകളിൽ ലാസ്റ്റ് സീൻ അടക്കമുള്ള സാഹചര്യത്തെളിവുകളാണ് നിർണായകം. ആലുവ കേസിൽ ഇതെല്ലാം പ്രതിക്കെതിരേ കൃത്യമായി സ്ഥാപിക്കാൻ വിചാരണക്കോടതിയിൽ പ്രോസിക്യൂഷനു സാധിച്ചിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുക്കുമ്പോൾ, പ്രതിക്ക് അനുകൂലമായൊരു വിധി മേൽക്കോടതിയിൽനിന്നുണ്ടാകില്ലെന്നു പ്രത്യാശിക്കാം.
അവിടെയും ബാക്കി നിൽക്കുന്ന ഒരു ആശങ്കയുണ്ട്- ഇങ്ങനെയൊരു സംഭവം ഉണ്ടാകാനിടയായ പശ്ചാത്തലം. ആലുവ കേസിൽ കോടതി വിധി വന്നതിനു പിന്നാലെ എഡിജിപി എം.ആർ. അജിത് കുമാർ ശ്രദ്ധേയമായ ഒരു നിരീക്ഷണം നടത്തിയിരുന്നു, ''അസ്‌ഫാക് ആലം മുൻപും ഇത്തരം കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇങ്ങനെയുള്ള കേസുകളിലെ പ്രതികളെ പ്രത്യേകം ശ്രദ്ധിക്കാനും അവരുടെ യാത്രാ വിവരങ്ങൾ ഉൾപ്പെടെ നിരീക്ഷിക്കാനും രാജ്യത്ത് പ്രത്യേക സംവിധാനം ആവശ്യമാണ്''.
കുറ്റവാളി എന്നു തെളിയിക്കപ്പെടുന്നതു വരെ ഏതു പ്രതിക്കും ബാധകമായ മനുഷ്യാവകാശ നിയമങ്ങളുണ്ട്. സംശയിക്കപ്പെടുന്നവർക്ക് രാജ്യം വിട്ടു പോകാനും എളുപ്പമല്ല. എന്നാൽ, സ്ഥിരം കുറ്റവാളികൾക്ക് രാജ്യത്തിനുള്ളിൽ നിർബാധം സഞ്ചരിക്കാനും കുറ്റവാസനയുള്ളവർക്ക് അത് ആവർത്തിക്കാനുമുള്ള സാധ്യത നിലനിൽക്കുന്നു എന്നു തന്നെയാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍റെ വാക്കുകൾ സാക്ഷ്യപ്പെടുത്തുന്നത്. കുറ്റവാളിയെന്നു തെളിയുന്നതു വരെ ആരുടെയും സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്താതെ തന്നെ, ഇവർ സ്വന്തം പൊലീസ് സ്റ്റേഷൻ പരിധി വിട്ടു പോകുന്നുണ്ടെങ്കിൽ അത് എവിടേക്കാണെന്ന് മനസിലാക്കുന്നതിനും, ചെന്നുചേരുന്ന സ്ഥലത്തെ പൊലീസ് സ്റ്റേഷനുകളിൽ വ്യക്തമായ വിവരം നൽകാനുമുള്ള സംവിധാനം രൂപീകരിക്കേണ്ടതുണ്ട്. സാങ്കേതികവിദ്യ ഇത്രയും പുരോഗമിച്ച കാലഘട്ടത്തിൽ അതത്ര സങ്കീർണമായൊരു കാര്യവുമല്ല. പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കേണ്ട സർക്കാർ സ്ഥാപനങ്ങൾ ഇതിനുള്ള നടപടികളും അടിയന്തരമായി സ്വീകരിക്കേണ്ടതുണ്ട്.