തൊഴിലാളികളുടെ പ്രിയ സഖാവ്|മുഖപ്രസംഗം

തൊഴിലാളികളുടെ സംരക്ഷകൻ എന്ന നിലയിലുള്ള നിലപാടുകളിൽ വെള്ളം ചേർക്കാൻ ആനത്തലവട്ടം തയാറായില്ല.
ആനത്തലവട്ടം ആനന്ദന്‍
ആനത്തലവട്ടം ആനന്ദന്‍
Updated on

തൊഴിലാളികളുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുകയും അവരുടെ വിശ്വാസം ആർജിക്കുകയും ചെയ്ത സമുന്നതനായ തൊഴിലാളി- രാഷ്ട്രീയ നേതാവിനെയാണ് ആനത്തലവട്ടം ആനന്ദന്‍റെ ദേഹവിയോഗത്തിലൂടെ സംസ്ഥാനത്തിനു നഷ്ടമായത്. ദീർഘകാലം തൊഴിലാളികളുടെ ക്ഷേമത്തിനുവേണ്ടി ആത്മാർഥമായി പ്രവർത്തിച്ച അദ്ദേഹം അവസാനകാലം വരെ തൊഴിലാളി യൂണിയൻ രംഗത്തും രാഷ്ട്രീയ രംഗത്തും കർമനിരതനായിരുന്നു. രാഷ്ട്രീയ എതിരാളികളെയും മാനിക്കാനും അവരോടു മാന്യമായി പെരുമാറാനും അദ്ദേഹത്തിനു കഴിഞ്ഞു. ടെലിവിഷൻ ചാനൽ ചർച്ചകളിൽ സിപിഎം നിലപാടുകൾ വ്യക്തമായി അവതരിപ്പിക്കുമ്പോഴും ചർച്ചയിൽ ഒപ്പം പങ്കെടുക്കുന്നവരെ ബഹുമാനിക്കാൻ അദ്ദേഹം തയാറായി. ഇടതുപക്ഷ ആശയങ്ങൾ വ്യക്തതയോടെ അവതരിപ്പിക്കുന്ന പ്രസംഗങ്ങളിലും ആനത്തലവട്ടം മികവു പുലർത്തി.

ഭരണത്തിൽ ഇടതുപക്ഷമായാലും തൊഴിലാളികളുടെ പ്രശ്നങ്ങളിൽ സർക്കാർ വേണ്ടവിധമല്ല പ്രവർത്തിക്കുന്നതെന്നു തോന്നിയാൽ അതിൽ ഇടപെടാൻ അദ്ദേഹം തയാറാവുമായിരുന്നു. കെഎസ്ആര്‍ടിസിയിലെ തൊഴിലാളികള്‍ക്കു വേണ്ടി മാനെജ്മെന്‍റിനെതിരേ അദ്ദേഹം ശബ്ദമുയര്‍ത്തിയത് അടുത്തകാലത്താണ്. ശമ്പള പ്രതിസന്ധിക്കും "തൊഴിലാളി വിരുദ്ധ' പരിഷ്കരണങ്ങൾക്കുമെതിരേ സിഐടിയുവിന്‍റെ നേതൃത്വത്തിലുള്ള തൊഴിലാളി യൂണിയൻ സമരരംഗത്തുവന്നപ്പോൾ മുന്നിൽനിന്നു നയിക്കാൻ ആനത്തലവട്ടം ഉണ്ടായിരുന്നു. വല്ലതുംതന്നാൽ വാങ്ങിക്കൊണ്ടുപോകണമെന്നു പറയുന്നതും വിശപ്പുള്ളവന്‍റെ മുന്നിൽപോയി പകുതി ഭക്ഷണം നൽകാമെന്നു പറയുന്നതും അംഗീകരിക്കില്ലെന്ന് ആനത്തലവട്ടം മാനെജ്മെന്‍റിനു മുന്നറിയിപ്പു നൽകി. ഭരണപക്ഷത്തിരിക്കുമ്പോൾ തന്നെയാണ് സ്വിഫ്റ്റ് ലാഭമോ നഷ്ടമോ എന്ന കണക്ക് പുറത്തുവിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്. പിരിച്ചുവിടപ്പെട്ട താത്കാലിക ജീവനക്കാർക്ക് സ്വിഫ്റ്റിൽ നിയമനം നൽകുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നടപ്പാക്കണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിക്കുകയുണ്ടായി. കെഎസ്ആർടിസി വിഷയത്തിൽ ഇടതുപക്ഷ സർക്കാരിലെ മന്ത്രിയെയും അദ്ദേഹം വിമർശിച്ചു. തൊഴിലാളികളുടെ സംരക്ഷകൻ എന്ന നിലയിലുള്ള നിലപാടുകളിൽ വെള്ളം ചേർക്കാൻ ആനത്തലവട്ടം തയാറായില്ല എന്നതിന്‍റെ ഉദാഹരണം തന്നെയാണിത്.

ജീവനക്കാരെ ശത്രുവായിക്കണ്ട് സ്ഥാപനം നന്നാക്കാൻ ഏതു തമ്പുരാൻ വിചാരിച്ചാലും കഴിയില്ലെന്ന് കെഎസ്ഇബി മാനെജ്മെന്‍റിന് ആനത്തലവട്ടം മുന്നറിയിപ്പു നൽകിയതു കഴിഞ്ഞ വർഷമാണ്. ‌അമ്പതുകളിൽ ഒരണ കൂടുതല്‍ കൂലിക്കു വേണ്ടി നടന്ന കയര്‍ തൊഴിലാളി പണിമുടക്കിലൂടെയാണ് അദ്ദേഹം രാഷ്‌ട്രീയ- തൊഴിലാളി യൂണിയൻ പ്രവര്‍ത്തന രംഗത്തെത്തുന്നത്. റെയ്‌ൽവേയിൽ ‌ടിക്കറ്റ് എക്സാമിനറായി ജോലി ലഭിച്ചത് ഉപേക്ഷിച്ചായിരുന്നു കയർ തൊഴിലാളികളുടെ പട്ടിണി മാറ്റാനുള്ള സമരത്തിന് ആനന്ദൻ ഇറങ്ങുന്നത്. ഇഎംഎസ് സർക്കാരിന്‍റെ കാലത്ത് കയർ തൊഴിലാളികളുടെ മിനിമം കൂലിക്കായി സമരം ചെയ്യുന്നതിന് മുന്നിട്ടിറങ്ങിയ അദ്ദേഹം അക്കാലം മുതൽ പാർട്ടി നേതൃത്വത്തിന്‍റെ അതൃപ്തി ഒഴിവാക്കാൻ തൊഴിലാളികളുടെ ആവശ്യങ്ങൾ കണ്ടില്ലെന്നു നടിച്ചില്ല. ഇഎംഎസ് സർക്കാരിനെതിരേ സമരം ചെയ്താൽ പാർട്ടിയിലുണ്ടാവില്ലെന്ന ആശങ്കയൊന്നും അന്നത്തെ യുവനേതാവിന് ഉണ്ടായിരുന്നില്ല. ഭരണവും സമരവും ഒന്നിച്ചുകൊണ്ടുപോകണമെന്ന ഇഎംഎസിന്‍റെ നിലപാട് അക്കാലത്ത് ആനന്ദനു സഹായമായി. തികഞ്ഞ ട്രേഡ് യൂണിയനിസ്റ്റായി അദ്ദേഹത്തെ പിന്നീട് പാർട്ടിയും അംഗീകരിച്ചു.

എൺപത്താറാം വയസിലും സിഐടിയു സംസ്ഥാന പ്രസിഡന്‍റ് സ്ഥാനത്തും ദേശീയ വൈസ് പ്രസിഡന്‍റ് സ്ഥാനത്തും സജീവമായി പ്രവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം; ഏതാനും ദിവസം മുന്‍പ്, ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതു വരെ. പാർട്ടിയുടെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനം മുതല്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗം വരെ സുപ്രധാന സംഘടനാ ചുമതലകള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. ഈ സമയത്തെല്ലാം സമാന്തരമായി തൊഴിലാളി പ്രസ്ഥാനത്തിനു വേണ്ടിയും പ്രവർത്തിച്ചു. ആറ്റിങ്ങൽ മണ്ഡലത്തിൽ നിന്ന് മൂന്നു തവണ നിയമസഭയിലുമെത്തി; 1987ലും 1996ലും 2006ലും. 2006 മുതൽ 2011 വരെ ചീഫ് വിപ്പായും പ്രവർത്തിച്ചു. അടിയന്തരാവസ്ഥക്കാലത്ത് ഒന്നരവർഷത്തെ ഒളിവു ജീവിതവും കുറച്ചുകാലത്തെ ജയിൽ വാസവും വേണ്ടിവന്നു. തൊഴിലാളികൾക്കും ഇടതുപക്ഷ ആശയങ്ങൾക്കും വേണ്ടി നിരവധിയായ സമരപോരാട്ടങ്ങൾ നടത്തിയ അദ്ദേഹത്തിന്‍റെ സ്മരണകൾ ചരിത്രത്തിന്‍റെ ഭാഗമായി എന്നും നിലകൊള്ളും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com