

രാജ്യതലസ്ഥാനമായ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ചൂടിലേക്കു നീങ്ങുകയാണ്. തെരഞ്ഞെടുപ്പു കമ്മിഷന്‍റെ പ്രഖ്യാപന പ്രകാരം ഡൽഹിയിലെ ജനങ്ങൾ പോളിങ് ബൂത്തിലെത്താൻ ഇനി ഒരു മാസം തികച്ചില്ല. ഫെബ്രുവരി അഞ്ചിനു വോട്ടെടുപ്പ്, എട്ടിനു വോട്ടെണ്ണൽ എന്നിങ്ങനെയാണ് മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ രാജീവ് കുമാർ തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ജനുവരി പതിനേഴാണ്. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന രാഷ്‌ട്രീയ പാർട്ടികൾക്ക് തിരക്കിന്‍റെ ദിവസങ്ങളാണ് ഇനിയുള്ളത് എന്നു സാരം. എഎപിയും ബിജെപിയും കോൺഗ്രസും തങ്ങളുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ സർവവിധ രാഷ്‌ട്രീയ തന്ത്രങ്ങളും പയറ്റുമെന്ന് ഉറപ്പാണ്. ഈ പോരാട്ടം നിലവാരമുള്ളതാണെന്ന് ഉറപ്പാക്കാൻ രാഷ്‌ട്രീയ കക്ഷികൾക്കു കഴിയട്ടെ എന്നതാവും ജനങ്ങൾ ആഗ്രഹിക്കുന്നത്. മത്സരത്തിന്‍റെ വാശിയേറുമ്പോൾ സർവ നിയന്ത്രണങ്ങളും നഷ്ടപ്പെടുന്ന അവസ്ഥ രാഷ്‌ട്രീയ നേതാക്കൾക്ക് ഉണ്ടാവാതിരിക്കട്ടെ.
പാർട്ടി രൂപവത്കരിക്കപ്പെട്ട ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പു മുതൽ ഇതുവരെയും ഡൽഹി ഭരിച്ച കക്ഷി എന്നതാണ് ആം ആദ്മി പാർട്ടിയുടെ (എഎപി) പ്രത്യേകത. രാജ്യത്തുണ്ടായ അഴിമതി വിരുദ്ധ പ്രക്ഷോഭത്തിനു പിന്നാലെയാണ് 2012ൽ അരവിന്ദ് കെജരിവാളും കൂട്ടരും ആം ആദ്മി പാർട്ടി സ്ഥാപിക്കുന്നത്. 2013ലെ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ടാമത്തെ വലിയ കക്ഷിയായ അവർ കോൺഗ്രസ് പിന്തുണയോടെ സർക്കാരുണ്ടാക്കി. കെജരിവാൾ മുഖ്യമന്ത്രിയായി. എന്നാൽ, കോൺഗ്രസുമായുള്ള തർക്കങ്ങൾ ഈ സർക്കാരിന്‍റെ ആയുസ് വെട്ടിക്കുറച്ചു. 2015ൽ നടന്ന തെരഞ്ഞെടുപ്പിൽ ഗംഭീര വിജയമാണ് കെജരിവാൾ നേടിയത്. ആകെയുള്ള 70 സീറ്റുകളിൽ അറുപത്തേഴിലും എഎപി വിജയിച്ചു. മൂന്നിടത്താണ് ബിജെപിക്കു വിജയിക്കാനായത്. 2020ലും കെജരിവാൾ വിജയം ആവർത്തിച്ചു. 62 സീറ്റുകളായിരുന്നു എഎപിക്ക്. ബിജെപി എട്ടു സീറ്റിലേക്ക് ഉയർന്നു. രാജ്യത്തെ രണ്ടു പ്രധാന രണ്ടു ദേശീയ പാർട്ടികൾക്കും ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ യാതൊരു സാധ്യതയുമില്ലാതാക്കിയ എഎപി പിന്നീട് പഞ്ചാബ് നിയമസഭയിലും വിജയം നേടി. ഭഗവന്ത് മാൻ പഞ്ചാബ് മുഖ്യമന്ത്രിയായി. 2023ൽ ദേശീയ പാർട്ടി എന്ന നിലയിലുള്ള അംഗീകാരവും എഎപിക്കു തെരഞ്ഞെടുപ്പു കമ്മിഷൻ നൽകുകയുണ്ടായി.
ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായി ജയിലിൽ കഴിഞ്ഞ കെജരിവാൾ ജാമ്യം നേടി പുറത്തുവന്നതിനു പിന്നാലെ ഇക്കഴിഞ്ഞ സെപ്റ്റംബറിൽ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചിരുന്നു. പാർട്ടിയുടെ മറ്റൊരു സീനിയർ നേതാവായ അതിഷിയാണ് ഇപ്പോൾ മുഖ്യമന്ത്രിക്കസേരയിലുള്ളത്. ഈ തെരഞ്ഞെടുപ്പിൽ ജനവിധി നേടിയ ശേഷമേ താൻ ഇനി മുഖ്യമന്ത്രിക്കസേരയിലിരിക്കൂ എന്നാണു കെജരിവാൾ പ്രഖ്യാപിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ എഎപിക്കും അവരുടെ അനുയായികൾക്കും വളരെ പ്രാധാന്യമുള്ളതാണ് ഈ തെരഞ്ഞെടുപ്പ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് കോൺഗ്രസുമായി സഖ്യമുണ്ടാക്കിയാണ് എഎപി മത്സരിച്ചത്. എന്നാൽ, ഡൽഹിയിൽ ബിജെപിയുടെ സമ്പൂർണ ആധിപത്യം അവസാനിപ്പിക്കാൻ ഇന്ത്യ സഖ്യത്തിനു കഴിഞ്ഞില്ല. 54 ശതമാനത്തിലേറെ വോട്ടു നേടിയാണ് ബിജെപി രാജ്യതലസ്ഥാനത്തെ ഏഴു സീറ്റുകളും സ്വന്തമാക്കിയത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ തനിയാവർത്തനം. ലോക്സഭാ തെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞിട്ടും 2020ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഗംഭീര വിജയം നേടാൻ കഴിഞ്ഞതിന്‍റെ ചരിത്രമാണ് എഎപിയെ ഇക്കുറിയും നയിക്കുന്നത്. എഎപിയുമായി സഖ്യത്തിലല്ലാതെ വീണ്ടും ഒറ്റയ്ക്കു മത്സരിക്കുന്നത് കോൺഗ്രസിന് എന്തെങ്കിലും പ്രയോജനം ചെയ്യുമോയെന്ന് കണ്ടു തന്നെ അറിയണം.
ഒരുകാലത്ത് ഡൽഹി രാഷ്‌ട്രീയത്തിലെ പ്രമുഖ കക്ഷികൾ കോൺഗ്രസും ബിജെപിയും മാത്രമായിരുന്നു. തൊണ്ണൂറുകൾ മുതലുള്ള ചരിത്രമെടുത്താൽ ഇരു കക്ഷികളും ഇവിടെ ഭരിച്ചിട്ടുമുണ്ട്. ബിജെപിയുടെ മദൻലാൽ ഖുറാന, സാഹിബ് സിങ് വർമ, സുഷമ സ്വരാജ് എന്നീ മുഖ്യമന്ത്രിമാർക്കു ശേഷമാണ് 1998 മുതൽ 2013 വരെ കോൺഗ്രസ് നേതാവ് ഷീല ദീക്ഷിത് അധികാരത്തിലിരിക്കുന്നത്. തുടർച്ചയായി മൂന്നു തവണ ഷീല ദീക്ഷിത് മുഖ്യമന്ത്രിയായ ശേഷം കോൺഗ്രസിന് ഇവിടെ ദയനീയമായ തകർച്ച നേരിടേണ്ടിവരികയായിരുന്നു. രണ്ടര പതിറ്റാണ്ടായി ഡൽഹിയിൽ അധികാരത്തിനു പുറത്താണ് ബിജെപി. ഇക്കുറി അധികാരം തിരിച്ചുപിടിക്കാനുള്ള എല്ലാ സാധ്യതകളും പാർട്ടി മുന്നിൽ കാണുന്നുണ്ട്. ഹരിയാന, മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തകർപ്പൻ വിജയം ബിജെപിയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു. ഇതുവരെ നേരിട്ടതിൽ ഏറ്റവും കടുത്ത മത്സരം അതുകൊണ്ടു തന്നെ എഎപിക്ക് അഭിമുഖീകരിക്കേണ്ടിവരും. കെജരിവാളിനു പുറമേ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മുൻ മന്ത്രി സത്യേന്ദർ ജയിൻ, രാജ്യസഭാ എംപി സഞ്ജയ് സിങ് തുടങ്ങിയവരെയും അഴിമതി, കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ അറസ്റ്റു ചെയ്ത് ജയിലിലാക്കിയിരുന്നു. അതിനാൽ തന്നെ അതിശക്തമായ അഴിമഴിയാരോപണങ്ങൾ എഎപിക്ക് ഈ തെരഞ്ഞെടുപ്പു കാലത്ത് നേരിടേണ്ടിവരും. അഴിമതിക്കഥകളൊക്കെ ബിജെപി കെട്ടിച്ചമച്ചതാണ് എന്ന കെജരിവാളിന്‍റെ നിലപാട് ജനങ്ങൾ സ്വീകരിക്കുമോയെന്ന് വോട്ടെണ്ണുമ്പോഴറിയാം.