വിജയാഘോഷത്തിൽ സുരക്ഷാ പാളിച്ച|മുഖപ്രസംഗം

ആർസിബി ടീമിനു ചിന്നസ്വാമി സ്റ്റേഡിയത്തിൽ സ്വീകരണം ഒരുക്കിയതിനിടെ തിക്കിലും തിരക്കിലും പെട്ട് പത്തിലേറെ പേർ മരിച്ചു എന്നതു ഞെട്ടിക്കുന്ന സംഭവമാണ്
editorial on bengaluru stampede tragedy

വിജയാഘോഷത്തിൽ സുരക്ഷാ പാളിച്ച|മുഖപ്രസംഗം

Updated on

വിജയത്തിന്‍റെ വലിയൊരാഹ്ലാദം ഒരു ദുരന്തത്തിലേക്കു വഴിമാറിയിരിക്കുകയാണ്. ബംഗളൂരുവിൽ ഇന്നലെ സംഭവിച്ചത് അധികൃതരുടെ അശ്രദ്ധയുടെ ഫലം എന്നു മാത്രമേ പറയാനാവൂ. ഐപിഎൽ ക്രിക്കറ്റിൽ കന്നിക്കിരീടം ചൂടിയ ബംഗളൂരു റോയൽ ചലഞ്ചേഴ്സ് (ആർസിബി) ടീമിനു ചിന്നസ്വാമി സ്റ്റേഡിയത്തിൽ സ്വീകരണം ഒരുക്കിയതിനിടെ തിക്കിലും തിരക്കിലും പെട്ട് പത്തിലേറെ പേർ മരിച്ചു എന്നതു ഞെട്ടിക്കുന്ന സംഭവമാണ്. നിരവധി പേർ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിലുണ്ട് എന്നതിനാൽ മരണസംഖ്യ ഉയരാനുള്ള സാധ്യതയും നിലനിൽക്കുന്നു. ആയിരക്കണക്കിനാളുകളാണ് ആർസിബിയുടെ വിജയാഘോഷങ്ങളിൽ പങ്കുചേരാൻ ഇന്നലെ ബംഗളൂരു നഗരത്തിലെത്തിയിരുന്നത്. വൈകുന്നേരത്തോടെ സ്റ്റേഡിയത്തിനു മുന്നിലുണ്ടായിരുന്ന തിരക്ക് വർധിച്ചപ്പോൾ സുരക്ഷ പൊലീസിന്‍റെ കൈയിൽ നിന്നില്ല എന്നു വേണം കരുതാൻ. സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേരാണ് ആഘോഷത്തിന് എത്തിയിരുന്നത്. സുരക്ഷയുടെ ഭാഗമായി നൽകിയ നിർദേശങ്ങൾ വേണ്ടവിധം പാലിക്കപ്പെട്ടില്ല എന്നു പരാതിയുണ്ട്. തിരക്കുള്ള സ്ഥലത്തേക്ക് കുട്ടികളെ കൊണ്ടുവരരുതെന്നു പൊലീസ് നിർദേശിച്ചിരുന്നുവെങ്കിലും അതു പാലിക്കപ്പെട്ടില്ല. പ്രവേശന കവാടത്തിനു മുന്നിലുണ്ടായ വലിയ തിരക്ക് മാനെജ് ചെയ്യാനും കഴിഞ്ഞില്ല. ഒരു ഗേറ്റിലൂടെ മാത്രം ആളുകളെ അകത്തേക്കു കടത്തിയത് തിരക്കിനു കാരണമായെന്നാണു പറയുന്നത്.

ചൊവ്വാഴ്ച രാത്രിയാണ് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഐപിഎൽ ഫൈനൽ നടന്നത്. അതു കഴിഞ്ഞ് ബംഗളൂരുവിൽ തിരിച്ചെത്തിയ താരങ്ങൾക്ക് തിടുക്കത്തിൽ ഇങ്ങനെയൊരു സ്വീകരണ പരിപാടി സംഘടിപ്പിച്ചതിൽ കർണാടക ക്രിക്കറ്റ് അസോസിയേഷനും (കെസിഎ) അതിന് അനുമതി നൽകിയതിൽ സംസ്ഥാന സർക്കാരിനും ഉത്തരവാദിത്വമുണ്ട്. യാതൊരു മുന്നൊരുക്കങ്ങളും ഇല്ലാതെയാണു പരിപാടി സംഘടിപ്പിച്ചതെന്നാണു പറയുന്നത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു എന്ന ആരോപണത്തിനു മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും മറുപടി പറയേണ്ടിവരും. പൊലീസിനെ കുറ്റപ്പെടുത്താനില്ലെന്നാണ് ദുരന്തമുണ്ടായതിനു തൊട്ടുപിന്നാലെ ശിവകുമാർ പറഞ്ഞത്. എന്നാൽ ക്രൗഡ് മാനെജ്മെന്‍റിലെ പാളിച്ച പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നുണ്ട്. ആയിരങ്ങൾ എത്തുമെന്നറിഞ്ഞിട്ടും വേണ്ടത്ര തയാറെടുപ്പുകൾ എന്തുകൊണ്ടു നടത്തിയില്ലെന്ന ചോദ്യം ഉയരുന്നുണ്ട്.

സ്വതവേ തിരക്കുള്ള ഒരു നഗരത്തിൽ ആയിരക്കണക്കിനാളുകൾക്ക് ഒന്നിച്ചു ചേരാൻ അവസരമുണ്ടാക്കുമ്പോൾ പ്രത്യേക ജാഗ്രത ആവശ്യമുള്ളതാണ്. അതുണ്ടായില്ലെന്നു വേണം കരുതാൻ. എന്തായാലും സർക്കാരും പൊലീസും കെസിഎയും പ്രതിക്കൂട്ടിൽ തന്നെയാണ്. ക്രിമിനൽ അനാസ്ഥ കാണിച്ച കോൺഗ്രസ് സർക്കാരിന്‍റെ കൈയിൽ രക്തം പുരണ്ടിരിക്കുന്നു എന്നാണു ബിജെപി ആരോപിക്കുന്നത്. ദുരന്തമുണ്ടായ ശേഷവും പരിപാടി തുടർന്നു എന്നതും വിമർശന വിധേയമായിട്ടുണ്ട്. ദുരന്തത്തെക്കുറിച്ചു വിശദമായ അന്വേഷണം തന്നെ വേണം. ഇങ്ങനെ ഒരാഘോഷ പരിപാടിയെക്കുറിച്ച് തങ്ങൾക്ക് ഒരറിവും ഉണ്ടായിരുന്നില്ലെന്ന് ഐപിഎൽ ചെയർമാൻ അരുൺ സിങ് ധുമൽ അവകാശപ്പെടുന്നുണ്ട്. ആരാണു പരിപാടി സംഘടിപ്പിച്ചതെന്ന് ആർസിബി മാനെജ്മെന്‍റിനോട് ആരായുമെന്നും ധുമൽ പറയുന്നു. സംഘാടകർ കൂടുതൽ ഒരുക്കങ്ങൾ നടത്തേണ്ടിയിരുന്നു എന്നാണ് ബിസിസിഐ അഭിപ്രായപ്പെടുന്നത്. മുൻകരുതലുകളുടെയും സുരക്ഷാസംവിധാനങ്ങളുടെയും പോരായ്മ ബിസിസിഐ കാണുന്നുണ്ട്. വേണ്ടത്ര സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയ ശേഷം മറ്റൊരു ദിവസം ആഘോഷപരിപാടി വയ്ക്കുകയായിരുന്നു വേണ്ടിയിരുന്നതെന്ന് പലരും ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) 17 വർഷത്തെ കാത്തിരിപ്പിന് അവസാനം കുറിച്ചുകൊണ്ടാണ് ബംഗളൂരു റോയൽ ചലഞ്ചേഴ്സ് പതിനെട്ടാം ശ്രമത്തിൽ തങ്ങളുടെ കന്നിക്കിരീടം സ്വന്തമാക്കിയത്. ഇത്രകാലവും ആർസിബിക്കു വേണ്ടി കളിച്ച വിരാട് കോലിക്കും ഇതു കന്നിക്കിരീടമാണ്. അതുകൊണ്ടുതന്നെയാണ് ആർസിബിയുടെയും കോലിയുടെയും ആരാധകർ ഒന്നടങ്കം വിജയാഘോഷത്തിൽ പങ്കെടുക്കാനെത്തിയത്. നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ആറു റൺസിനാണ് ആർസിബിയുടെ ചരിത്ര വിജയം. ആദ‍്യം ബാറ്റ് ചെയ്ത അവർ ഉയർത്തിയ 191 റൺസ് ലക്ഷ്യത്തിലെത്താൻ എതിരാളികളായിരുന്ന പഞ്ചാബ് കിങ്സിനു സാധിച്ചില്ല. ഏഴു വിക്കറ്റിന് 184 റൺസിൽ പഞ്ചാബിന്‍റെ ഇന്നിങ്സ് അവസാനിച്ചു. ആർസിബിയെ 190 റൺസിൽ ഒതുക്കുന്നതിൽ പഞ്ചാബ് ബൗളർമാർ മിടുക്കു കാണിച്ചു. പക്ഷേ, ക്രുണാൽ പാണ്ഡ‍്യയും ഭുവനേശ്വർ കുമാറും യാഷ് ദയാലും അടങ്ങിയ ആർസിബി ബൗളർമാർ അതിലും മികച്ച പ്രകടനമാണു കാഴ്ചവച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com