വോട്ടിനു കോഴ: സ്വാഗതാർഹം ഈ തിരുത്ത്

കോഴ വാങ്ങുന്ന ജനപ്രതിനിധികള്‍ അഴിമതി നിരോധന നിയമ പ്രകാരമുള്ള കേസില്‍ വിചാരണ നേരിടേണ്ടിവരും
Cash for vote
Cash for voteRepresentative image, Freepik

നിയമ നിർമാണ സഭാംഗങ്ങളെന്ന നിലയിലുള്ള പ്രത്യേക അവകാശം ഉപയോഗിച്ച് കോഴ വാങ്ങുന്നതിനു സംരക്ഷണം ഒരുക്കാനാവില്ലെന്നു സുപ്രീം കോടതി കഴിഞ്ഞ ദിവസം സുപ്രധാന ഉത്തരവിലൂടെ വ്യക്തമാക്കിയിരിക്കുകയാണ്. സഭയ്ക്കകത്ത് വോട്ടു ചെയ്യുന്നതിനോ പ്രസംഗിക്കുന്നതിനോ എംപിമാരോ എംഎൽഎമാരോ കോഴ വാങ്ങിയാൽ അതിനു സഭാംഗങ്ങൾക്കുള്ള പ്രത്യേക പരിരക്ഷയില്ലെന്നു പരമോന്നത കോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ചാണു വിധിച്ചിരിക്കുന്നത്. അതനുസരിച്ച് കോഴ വാങ്ങുന്ന ജനപ്രതിനിധികള്‍ അഴിമതി നിരോധന നിയമ പ്രകാരമുള്ള കേസില്‍ വിചാരണ നേരിടേണ്ടിവരും. രാഷ്‌ട്രപതി, രാജ്യസഭാ തെരഞ്ഞെടുപ്പുകളില്‍ പണം വാങ്ങി വോട്ട് ചെയ്യുന്ന ജനപ്രതിനിധികള്‍ക്കെതിരേ അഴിമതി നിരോധന നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിശദീകരിക്കുന്നുണ്ട്.

1998ൽ ജെഎംഎം കോഴക്കേസിൽ സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് നിയമ നിർമാണ സഭാംഗങ്ങളുടെ ഭരണഘടനാപരമായ പരിരക്ഷ ഉയർത്തിപ്പിടിച്ചിരുന്നു. സഭയ്ക്കുള്ളിലെ നടപടികൾക്കു പരിരക്ഷയുള്ളതിനാൽ കോഴ വാങ്ങി വോട്ടു ചെയ്താലും പ്രസംഗിച്ചാലും നിയമ നടപടികളിൽ നിന്നു സംരക്ഷണമുണ്ടെന്നാണ് അന്നു കോടതി പറഞ്ഞത്. പി.വി. നരസിംഹ റാവു സർക്കാരിനെതിരേ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പിൽ റാവുവിന് അനുകൂലമായി വോട്ടുചെയ്യാൻ ജെഎംഎം പാർട്ടിയിലേത് അടക്കമുള്ള ചില എംപിമാർ കോഴ വാങ്ങി എന്നാണ് അക്കാലത്ത് ഉയർന്ന ആരോപണം. പാർലമെന്‍റിൽ വ്യക്തമായ ഭൂരിപക്ഷം ഇല്ലാതിരുന്ന സർക്കാർ 1993ലെ അവിശ്വാസ പ്രമേയത്തിൽ നിന്നു രക്ഷപെട്ടത് കോടിക്കണക്കിനു രൂപ കോഴ നൽകി മറുപക്ഷത്തുനിന്ന് എംപിമാരെ ചാക്കിട്ടുപിടിച്ചാണ് എന്ന പരാതി പിന്നീട് സിബിഐ കേസ് രജിസ്റ്റർ ചെയ്യുന്നതിലേക്കെത്തി.

കേസിൽ ഉൾപ്പെട്ട ആറ് ജെഎംഎം എംപിമാർ കോഴ വാങ്ങിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി സിബിഐ വ്യക്തമാക്കുകയും ചെയ്തു. എന്നാൽ, സുപ്രീം കോടതിയുടെ 3-2 ഭൂരിപക്ഷത്തിലുള്ള വിധി എംപിമാർക്ക് അനുകൂലമായിരുന്നു. പാർലമെന്‍റിൽ എന്തു ചെയ്തു, എന്തു പറഞ്ഞു എന്നതിന് കോടതിയിലോ അതുപോലുള്ള ട്രൈബ്യൂണലുകളിലോ എംപിമാർ ചോദ്യം ചെയ്യപ്പെടാൻ പാടില്ലെന്നു കോടതി അന്നു വ്യക്തമാക്കി. ഭരണഘടനയുടെ ആർട്ടിക്കിൾ 105(2), 194(2) എന്നിവ നൽകുന്ന പരിരക്ഷ നിയമനിർമാണ സഭയിൽ അംഗങ്ങൾക്ക് നിർഭയമായി തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം ലക്ഷ്യമിട്ടാണ്. ആരോപിക്കപ്പെടുന്ന കുറ്റത്തിന്‍റെ ഗൗരവം കോടതിക്കു ബോധ്യമുണ്ട്. അവർ കോഴ വാങ്ങിയിട്ടുണ്ടെങ്കിൽ അവരെ തെരഞ്ഞെടുത്ത ജനങ്ങൾ അർപ്പിച്ച വിശ്വാസം നഷ്ടപ്പെടുത്തുന്നതാണ്. അങ്ങനെയാണെങ്കിൽപോലും ഭരണഘടന നൽകുന്ന പരിരക്ഷ അവർക്കുണ്ട്- അന്നത്തെ ഉത്തരവിൽ ജസ്റ്റിസ് എസ്.പി. ബറൂച്ച ചൂണ്ടിക്കാട്ടി.

പാർലമെന്‍ററി പങ്കാളിത്തവും ചർച്ചകളും ഏറ്റവും ഫലപ്രദമായി നടക്കാനുള്ള മാർഗമെന്ന നിലയ്ക്കാണ് പ്രത്യേക പരിരക്ഷ ഭരണഘടന വഴി തന്നെ ഉറപ്പുവരുത്തിയിരിക്കുന്നത്. ജനങ്ങളുടെ പ്രശ്നങ്ങൾ നിർഭയമായി സഭയിൽ അവതരിപ്പിക്കാൻ പ്രത്യേക അവകാശങ്ങൾ ജനപ്രതിനിധികളെ സഹായിക്കുന്നു. എന്നാൽ, ചില അവകാശങ്ങൾ ദുരുപയോഗിക്കപ്പെടുന്നു എന്ന ആരോപണ‍ങ്ങളുടെ പശ്ചാത്തലത്തിലാണ് കാൽ നൂറ്റാണ്ടു മുൻപുള്ള കോടതി ഉത്തരവ് ഇപ്പോൾ സുപ്രീം കോടതി തിരുത്തുന്നത്. കൈക്കൂലി വാങ്ങുന്നത് കുറ്റകൃത്യമാണെന്നും അതിന് ജനപ്രതിനിധി എന്ന നിലയില്‍ പരിരക്ഷ അവകാശപ്പെടാന്‍ കഴിയില്ലെന്നുമാണ് കോടതിയുടെ ഉത്തരവ്. പണം വാങ്ങി വോട്ട് ചെയ്യുന്ന ജനപ്രതിനിധികള്‍ അഴിമതി നിരോധന നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ ഇനി വിചാരണ നേരിടേണ്ടിവരും.

നിയമ നിർമാണ സഭകളിലെ അംഗങ്ങളുടെ അഴിമതിയും കൈക്കൂലിയും പൊതുജീവിതത്തിലെ സത്യസന്ധതയെ ഇല്ലാതാക്കുന്നുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടുന്നു. കൈക്കൂലി വാങ്ങി വോട്ടു ചെയ്യാൻ പ്രേരിപ്പിക്കപ്പെടുന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ അടിത്തറ തകര്‍ക്കുമെന്നും ഉത്തരവിൽ ഓർമിപ്പിക്കുന്നു. അഴിമതിക്കെതിരായ രാജ്യത്തിന്‍റെ പോരാട്ടത്തിൽ നിർണായകമായ വിധിയാണിതെന്നതിൽ സംശയമില്ല. ജനാധിപത്യത്തിൽ ജനങ്ങളുടെ വിശ്വാസം ഉറപ്പിച്ചുനിർത്താൻ ഈ വിധി സഹായിക്കും. ജനപ്രതിനിധികളെ പലവിധത്തിൽ സ്വാധീനിച്ചു കാലുമാറ്റുന്ന രാഷ്ട്രീയം സജീവമായിരിക്കുന്ന കാലഘട്ടത്തിലാണ് ഈ ഉത്തരവ് എന്നതും ശ്രദ്ധേയമാണ്.

Trending

No stories found.

Latest News

No stories found.