സമാധാനം പുലരട്ടെ, എങ്ങും

ക്രിസ്തുദേവന്‍റെ ജനനം ആഘോഷിക്കപ്പെടുന്ന ദിവസം
editorial on christmas

സമാധാനം പുലരട്ടെ, എങ്ങും

representative image- freepik

Updated on

ഇന്നു ക്രിസ്മസ്. ക്രിസ്തുദേവന്‍റെ ജനനം ആഘോഷിക്കപ്പെടുന്ന ദിവസം. ദയയും സ്നേഹവും സമാധാനവും സാഹോദര്യവുമാണ് ഈ ദിനം നമ്മെ ഓർമിപ്പിക്കുന്നത്. ആരോടും വിവേചനം കാണിക്കാതെ സമാധാനത്തിലൂന്നിയ സഹവർത്തിത്വത്തിനു ശ്രമിക്കുമ്പോഴാണ് ഇത്തരം ആഘോഷങ്ങളുടെ മൂല്യം വർധിക്കുന്നത്. മാനവരാശിക്കു ദൈവപുത്രൻ പകർന്നുനൽകിയ പാഠങ്ങൾ എന്നും മനസിലുണ്ടാവുന്നത് നാടിന്‍റെ നന്മയ്ക്കു സഹായകരമാവും. ശാന്തിയുടെ നക്ഷത്രങ്ങൾ എങ്ങും തിളങ്ങിനിൽക്കുന്ന കാഴ്ചയാണു ലോകത്തിന് ആവശ്യമായുള്ളത്.

യുദ്ധങ്ങൾ, തീവ്രവാദ പ്രവർത്തനങ്ങൾ, പലവിധത്തിലുള്ള അക്രമങ്ങൾ, ആക്രമണങ്ങൾ തുടങ്ങി ലോകത്ത് അസമാധാനത്തിനു കാരണമായി നിരവധി ഘടകങ്ങളുണ്ട്. അവയിൽ നിന്നെല്ലാമുള്ള മോചനമാണ് ഓരോ നാടും ആഗ്രഹിക്കുന്നത്. സ്വന്തം വ്യക്തിത്വത്തെ അംഗീകരിക്കുന്നതിനൊപ്പം മറ്റുള്ളവരുടെ അസ്തിത്വത്തെ ബഹുമാനിക്കുകയും ചെയ്യുക എന്നതാണു സമൂഹജീവിയായ മനുഷ്യൻ ചെയ്യേണ്ടത്. താനും തന്‍റെ നിലപാടുകളും പ്രവൃത്തികളും മാത്രമാണു ശരി എന്ന കടുംപിടിത്തത്തിൽ മറ്റുള്ളവയെ നശിപ്പിക്കാനുള്ള ശ്രമം അശാന്തി പടർത്തുന്നതിനു കാരണമാവുന്നു. ജാതിയുടെയും മതത്തിന്‍റെയും വര്‍ഗത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും എല്ലാം പേരിൽ മനുഷ്യൻ മനുഷ്യനെ ആക്രമിക്കുന്നത് സ്വസ്ഥതയുള്ള സമൂഹത്തിനു വെല്ലുവിളിയാവുകയാണ്. ലോകമെങ്ങും സമാധാനം പുലരട്ടെ എന്നതാണ് എല്ലാവിധ ആഘോഷങ്ങൾക്കിടയിലും പ്രാർഥിക്കാനുള്ളത്.

മാരകമായ യുദ്ധങ്ങളും അതിന്‍റെ ഫലമായുളള മനുഷ്യക്കുരുതികളും നാം പലതു കണ്ടുകഴിഞ്ഞു. പശ്ചിമേഷ്യയിലെ സംഘർഷം ഗാസയിലെ യുദ്ധത്തോടെ ഏറ്റവും വഷളായ നിലയിലെത്തിയതു മറക്കാനാവില്ല. നിരപരാധികളായ എത്രയോ മനുഷ്യരുടെ ജീവനാണു യുദ്ധം അപഹരിച്ചത്. നാലു വർഷത്തോളമായി തുടരുന്ന റഷ്യ- യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ ഫലം കണ്ടിട്ടില്ല. ലോകം ക്രിസ്മസ് ആഘോഷിക്കാൻ തയാറെടുക്കുന്നതിനിടെ കഴിഞ്ഞ ദിവസവും റഷ്യയുടെ മിസൈൽ ആക്രമണത്തിൽ ഒരു കുട്ടിയടക്കം മൂന്നു പേർ കൊല്ലപ്പെടുകയുണ്ടായി. വിദ്യാർഥി വിസയിൽ പഠനത്തിനു റഷ്യയിൽ പോയ ഇന്ത്യൻ വിദ്യാർഥിയെ ഭീഷണിപ്പെടുത്തി റഷ്യൻ സൈന്യത്തിൽ ചേർത്ത് യുക്രെയ്ൻ യുദ്ധത്തിനു നിയോഗിച്ചുവെന്ന റിപ്പോർട്ട് വന്നത് സമീപ ദിവസങ്ങളിലാണ്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്നുണ്ട്.

ബംഗ്ലാദേശിലെ നാഥനാല്ലാ ഭരണവും മതഭീകരർ അഴിച്ചുവിട്ട കലാപവും തൊട്ട് അയൽ രാജ്യമെന്ന നിലയിൽ ഇന്ത്യയ്ക്ക് ആശങ്ക ഉയർത്തുന്ന നാളുകളാണിത്. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയതു മുതൽ ആരംഭിച്ച്, വിദ്യാര്‍ഥി നേതാവ് ഷെരീഫ് ഉസ്മാന്‍ ഹാദിയുടെ കൊലപാതകം വരെയുള്ള സംഭവങ്ങളെ തുടര്‍ന്നു പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങള്‍ ബംഗ്ലാദേശ് മുഴുവന്‍ പടര്‍ന്നുപിടിച്ചിരിക്കുന്നു. ജൂലൈ പ്രക്ഷോഭത്തിന്‍റെ പ്രധാന സംഘാടകനും ഇങ്ക്വിലാബ് മഞ്ചിന്‍റെ കണ്‍വീനറുമായ ഹാദിയെ ഡിസംബര്‍ 12നാണ് ധാക്കയിലെ പല്‍ത്താന്‍ പ്രദേശത്തെ ബോക്‌സ് കല്‍വര്‍ട്ട് റോഡില്‍ വച്ച് അജ്ഞാതർ വെടിവച്ചത്. പിന്നീട് സിംഗപ്പുരില്‍ ചികിത്സയിലിരിക്കേ 18ന് ഹാദി മരിച്ചു. തുടർന്നുള്ള പ്രതിഷേധങ്ങളിൽ ഹാദിയുടെ അനുയായികൾ വലിയ തോതിൽ അക്രമങ്ങൾ അഴിച്ചുവിടുകയായിരുന്നു.

ഷേയ്ഖ് ഹസീനയ്ക്ക് ഇന്ത്യ രാഷ്‌ട്രീയ അഭയം നൽകിയതു മുതൽ ഹസീനാ വിരുദ്ധർക്കിടയിലുള്ള ഇന്ത്യാ വിരുദ്ധ വികാരം ഹസീനയുടെ കടുത്ത വിമർശകരിൽ ഒരാളായിരുന്ന ഹാദിയുടെ മരണത്തോടെ ആളിക്കത്തിക്കാനുള്ള ശ്രമങ്ങളും ഉണ്ടായി. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ കൂടി ഒപ്പം ചേർത്ത് ഗ്രേറ്റർ ബംഗ്ലാദേശ് സ്ഥാപിക്കുമെന്ന ആഹ്വാനം പോലും ഉണ്ടായി. ഇതിനിടെ, ഒരു ഹിന്ദു യുവാവിനെ ആൾക്കൂട്ടം മർദിച്ചു കെട്ടിത്തൂക്കി തീവച്ചു കൊന്ന സംഭവം ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്കിടയിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഇന്ത്യയിലും ശക്തമായ പ്രതിഷേധം ഉയരാൻ ഇതു കാരണമായി. ബംഗ്ലാദേശിലെ സുരക്ഷാ സാഹചര്യം മോശമാകുന്നതിൽ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഒരാഴ്ചക്കിടെ രണ്ടു തവണ ഇന്ത്യ ബംഗ്ലാദേശ് ഹൈക്കമ്മിഷണറെ വിദേശകാര്യ മന്ത്രാലയത്തിലേക്കു വിളിച്ചുവരുത്തുന്ന സ്ഥിതിയുണ്ടായി. ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മിഷണറെ ബംഗ്ലാദേശ് ഭരണകൂടവും വിളിപ്പിച്ചു. ഇന്ത്യയിൽ പ്രതിഷേധങ്ങൾ നടക്കുന്നതിനാൽ ഇവിടെയുള്ള ബംഗ്ലാദേശ് നയതന്ത്ര ഓഫിസുകളുടെ സുരക്ഷയിലാണ് അവർ ആശങ്ക അറിയിച്ചത്.

ഫലത്തിൽ, ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധങ്ങളിലും രാജ്യസുരക്ഷയിലും വരെ ബംഗ്ലാദേശ് കലാപം വിള്ളൽ വീഴ്ത്തിക്കഴിഞ്ഞു. ഇതിനിടെ, നാഷണല്‍ സിറ്റിസണ്‍സ് പാര്‍ട്ടിയുടെ (എന്‍സിപി) മുതിര്‍ന്ന തൊഴിലാളി നേതാവ് എം.ഡി. മുത്തലിബ് ഷിക്ദാറിനു തലയ്ക്കു വെടിയേറ്റതും കലാപത്തിന്‍റെ തീവ്രത വർധിപ്പിക്കുന്നു. കൂടുതല്‍ കലാപങ്ങള്‍ നടക്കാനുള്ള സാധ്യത ഇതു വഴിതുറന്നിരിക്കുന്നു. ആക്രമണ പരമ്പരകളിലും ഒപ്പം പട്ടിണിയിലും വീർപ്പുമുട്ടുകയാണു ബംഗ്ലാദേശ് ജനത. ബംഗ്ലാദേശിൽ ഇപ്പോൾ ഇന്ത്യക്കാരനാണെന്നു പറയാൻ പേടിയാണെന്നാണ് കഴിഞ്ഞ ദിവസം ഒരു ഇന്ത്യൻ വിദ്യാർഥി പ്രതികരിച്ചത്. അക്രമിക്കൂട്ടങ്ങൾ മാരകായുധങ്ങളുമായി തെരുവുകൾ കീഴടക്കുന്ന അവസ്ഥ ആരെയാണു ഭയപ്പെടുത്താത്തത്.

മുഹമ്മദ് യൂനുസിന്‍റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാരിനു കീഴിൽ ക്രമസമാധാന നില വഷളാവുകയാണു ചെയ്യുന്നത്. ബംഗ്ലാദേശിലെ സംഘർഷവും അരാജകത്വവും മുതലെടുത്ത് അവരുടെ അതിർത്തി വഴി ഭീകരരെ ഇന്ത്യയിലേക്കു കടത്തിവിടാൻ പാക്കിസ്ഥാൻ തയാറെടുക്കുന്നതായും സുരക്ഷാ ഏജൻസികൾ മുന്നറിയിപ്പു നൽകുന്നുണ്ട്. തുടർന്നു ബംഗ്ലാദേശ് അതിർത്തിയിൽ നിരീക്ഷണവും സൈനിക സാന്നിധ്യവും ശക്തമാക്കേണ്ടി വന്നിരിക്കുകയാണ് ഇന്ത്യയ്ക്ക്. ഫെബ്രുവരി 12ന് പൊതുതെരഞ്ഞെടുപ്പു നടക്കാനിരിക്കെയാണ് കലാപബാധിതമായ ബംഗ്ലാദേശ് സമാധാനം അകലെയെന്നു വിളിച്ചുപറയുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com