രാജ്യത്തെ ക്രിമിനൽ നിയമങ്ങളിൽ അടിമുടി മാറ്റം വരുത്തുന്നതാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെ ലോക്സഭയിൽ അവതരിപ്പിച്ച പുതിയ ബില്ലുകൾ. പ്രായപൂർത്തിയാകാത്തവരെ ബലാത്സംഗം ചെയ്താൽ വധശിക്ഷ നൽകുന്നതടക്കം ശിക്ഷാവിധികൾ ശക്തിപ്പെടുത്തുന്നതാണിവ. അതേസമയം, രാജ്യദ്രോഹ നിയമം ഇനി ഉണ്ടാവില്ലെന്നും അദ്ദേഹം സഭയെ അറിയിച്ചിട്ടുണ്ട്. പാർലമെന്ററി പാനലിനു വിട്ടിരിക്കുന്ന മൂന്നു ബില്ലുകളും വിശദമായ ചർച്ചകൾക്കു വിധേയമാവും. അതിനു ശേഷമാണ് അന്തിമ തീരുമാനമുണ്ടാവുക. കേന്ദ്ര ആഭ്യന്തര മന്ത്രി സഭയിൽ പറഞ്ഞതനുസരിച്ച് ബ്രിട്ടിഷ് കാലഘട്ടത്തിൽ രൂപവത്കരിക്കപ്പെട്ട നിയമങ്ങൾക്കാണ് പുതിയ കാലത്തിനനുസരിച്ച് മാറ്റമുണ്ടാകുന്നത്. ഇന്ത്യൻ പീനൽ കോഡ് (ഇന്ത്യൻ ശിക്ഷാ നിയമം), ക്രിമിനൽ നടപടിച്ചട്ടം, ഇന്ത്യൻ എവിഡൻസ് ആക്റ്റ് (ഇന്ത്യൻ തെളിവ് നിയമം) എന്നിവയ്ക്കു പകരമാണ് പുതിയ ബില്ലുകൾ അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴത്തെ ശിക്ഷാ നിയമത്തിനു പകരമുള്ളത് ഭാരതീയ ന്യായ സംഹിതയാണ്. ക്രിമിനൽ നടപടിച്ചട്ടത്തിനു പകരം ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, തെളിവു നിയമത്തിനു പകരം ഭാരതീയ സാക്ഷ്യ സംഹിത എന്നിങ്ങനെയാണു പുതിയ നിയമങ്ങളായി വിഭാവനം ചെയ്യുന്നത്.
ആൾക്കൂട്ട കൊലപാതകക്കുറ്റത്തിനും പ്രായപൂർത്തിയാവാത്തവരെ ബലാത്സംഗം ചെയ്യുന്ന കുറ്റത്തിനും പരമാവധി വധശിക്ഷ വരെ നൽകുന്നതാണ് ഏറ്റവും ശ്രദ്ധേയമായിട്ടുള്ളത്. ഈ രണ്ടു കുറ്റങ്ങളും വർധിച്ചുവരുന്ന പ്രവണതയ്ക്ക് അന്ത്യം കുറിക്കാൻ പുതിയ നിയമം നടപ്പായാൽ അതു സഹായകരമാവും. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾക്കെതിരേയുള്ള നിയമങ്ങൾക്കു സർക്കാർ പ്രത്യേക പ്രാധാന്യം തന്നെ നൽകുന്നുണ്ട്.
പ്രായപൂർത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ച നിരവധി കേസുകളാണ് കേരളത്തിൽ തന്നെ സമീപകാലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ആലുവയിൽ ബിഹാർ സ്വദേശിയുടെ അഞ്ചു വയസായ കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊന്ന് ചാക്കിൽ കെട്ടി മാർക്കറ്റിനുള്ളിലെ മാലിന്യക്കൂമ്പാരത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത് ഏതാനും നാളുകൾ മുൻപാണ്. രാജ്യത്തിന്റെ ഭാവി തെളിയിക്കേണ്ടവരാണു കുട്ടികൾ. ശാരീരികമായും മാനസികമായും അവരെ തളർത്തുന്ന കൊടുംക്രൂരതയ്ക്ക് അന്ത്യം കുറിക്കാൻ കടുത്ത ശിക്ഷ തന്നെ ഉറപ്പാക്കണമെന്ന് അഭിപ്രായപ്പെടുന്നവർ പലരുമുണ്ട്. എന്തായാലും സർക്കാർ ആ നിലയിൽ ചിന്തിക്കുന്നു എന്നാണു മനസിലാക്കേണ്ടത്.
അതുപോലെ തന്നെയാണ് ആൾക്കൂട്ട ആക്രമണങ്ങളും ആൾക്കൂട്ട കൊലപാതകങ്ങളും. ഒരുസംഘം ആളുകൾ നിയമം കൈയിലെടുത്ത് തങ്ങൾക്കു വിരോധം തോന്നുന്നവരെ തല്ലിക്കൊല്ലുന്ന പ്രാകൃത രീതിക്ക് അന്ത്യം കുറിച്ചേ തീരൂ. അടുത്തകാലത്ത് കേരളത്തിലും ആൾക്കൂട്ട ആക്രമണങ്ങൾ പലതു കണ്ടുകഴിഞ്ഞു. ചിലരുടെ സദാചാര പൊലീസിങ്ങും ക്രൂരമായ മർദ്ദനങ്ങൾക്കു കാരണമാവുന്നുണ്ട്. കൂട്ട ബലാത്സംഗ കേസിലെ പ്രതികൾക്ക് ഇരുപതു വർഷം മുതൽ ജീവപര്യന്തം വരെ തടവു ശിക്ഷ, ജീവപര്യന്തമെന്നതു ജീവിതകാലം മുഴുവൻ തടവു ശിക്ഷ തുടങ്ങിയ മാറ്റങ്ങളും കേന്ദ്ര സർക്കാർ ആലോചിക്കുന്ന പുതിയ നിയമങ്ങളെ ശ്രദ്ധേയമാക്കുന്നു.
നിലവിലുള്ള രാജ്യദ്രോഹ നിയമം ഉപേക്ഷിക്കുമെങ്കിലും രാജ്യത്തിനെതിരായ പ്രവർത്തനങ്ങൾക്ക് കടുത്ത ശിക്ഷ പുതിയ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്. അറിഞ്ഞുകൊണ്ട് രാജ്യത്തിനെതിരായ പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് ജീവപര്യന്തം തടവുശിക്ഷ വരെ വ്യവസ്ഥ ചെയ്യുന്നുണ്ട് പുതിയ നിയമം എന്നാണ് അറിയുന്നത്. ജീവനെടുക്കുന്ന ഭീകരപ്രവർത്തനങ്ങൾക്കു വധശിക്ഷയും വ്യവസ്ഥ ചെയ്യുന്നു. നിലവിലുള്ള രാജ്യദ്രോഹ നിയമം പല കോണുകളിൽ നിന്നും വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുള്ളതാണ്. ഭരിക്കുന്ന സർക്കാർ രാഷ്ട്രീയ എതിരാളികൾക്കെതിരേ അത് ദുർവിനിയോഗം ചെയ്യുന്നു എന്നാണ് ആരോപണം ഉയരാറുള്ളത്. കൊളോണിയൽ കാലത്തെ ഈ നിയമം പലപ്പോഴും കോടതിയിലും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ അടിച്ചമർത്താൻ ബ്രിട്ടിഷുകാർ ഉപയോഗിച്ച നിയമമാണിതെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളതാണ്. രാജ്യദ്രോഹക്കുറ്റം ചുമത്താൻ അധികാരം നൽകുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ 124 എ വകുപ്പ് പുനപ്പരിശോധിക്കാനും സുപ്രീം കോടതി കേന്ദ്ര സർക്കാരിന് അനുമതി നൽകിയിരുന്നു. പുനപ്പരിശോധന പൂർത്തിയാകുന്നതു വരെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ രാജ്യദ്രോഹക്കുറ്റ പ്രകാരം കേസുകൾ രജിസ്റ്റർ ചെയ്യുന്നത് അനുചിതമാവുമെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നതാണ്.
ശിക്ഷിക്കുക എന്നതല്ല നീതി ഉറപ്പാക്കുക എന്നതാണ് പുതിയ ബില്ലുകൾ ലക്ഷ്യമിടുന്നതെന്ന് അമിത് ഷാ വ്യക്തമാക്കിയിട്ടുണ്ട്. എന്തായാലും പുതിയ ബില്ലുകളെക്കുറിച്ച് വിശദമായ ചർച്ചകൾ നടക്കുകയും പൊതുവായ അഭിപ്രായ ഐക്യം ഉണ്ടാവുകയും വേണം. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ നിയമങ്ങളിൽ ഉണ്ടാവേണ്ടത് അത്യാവശ്യം തന്നെയാണ്. അത് അതിന്റെ ഗൗരവത്തിൽ കാണാൻ രാഷ്ട്രീയ കക്ഷികൾക്കും നേതാക്കൾക്കും കഴിയട്ടെ.