ഡീപ് ഫേക്കുകൾ തിരിച്ചറിയപ്പെടട്ടെ

തിരിച്ചറിയാൻ സാധിക്കാത്ത വിധത്തിലുള്ള കൃത്രിമ വിഡിയോകളും ഓഡിയോകളും ചിത്രങ്ങളും ഒക്കെ സൃഷ്ടിച്ചെടുക്കുന്ന ഡീപ് ഫേക് സാങ്കേതിക വിദ്യ ലോകത്തിനു വലിയ ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണ്
editorial on deep fake images and videos

ഡീപ് ഫേക്കുകൾ തിരിച്ചറിയപ്പെടട്ടെ

representative image

Updated on

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ സഹായത്തോടെ, തട്ടിപ്പാണെന്നു തിരിച്ചറിയാൻ സാധിക്കാത്ത വിധത്തിലുള്ള കൃത്രിമ വിഡിയോകളും ഓഡിയോകളും ചിത്രങ്ങളും ഒക്കെ സൃഷ്ടിച്ചെടുക്കുന്ന ഡീപ് ഫേക് സാങ്കേതിക വിദ്യ ലോകത്തിനു വലിയ ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണ്. തെറ്റിദ്ധരിപ്പിക്കുകയും മാനഹാനിയും കഷ്ടനഷ്ടങ്ങളും വരുത്തിവയ്ക്കുകയും ചെയ്യുന്ന ഡീപ് ഫേക്ക് വിഡിയോകളും ഓഡിയോകളും ചിത്രങ്ങളും വ്യാപകമാവുന്നത് സമൂഹത്തിന്‍റെ സ്വസ്ഥതയാണു നഷ്ടപ്പെടുത്തുക. ഈ സാഹചര്യത്തിലാണ് ഡീപ് ഫേക്കിലൂടെ ആളുകളെ വഞ്ചിക്കുന്നതു തടയാനുള്ള നീക്കം കേന്ദ്ര സർക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ) ഉപയോഗിച്ചുള്ള ഉള്ളടക്കങ്ങൾക്ക് ഐടി മന്ത്രാലയം ലേബലിങ് നിർബന്ധമാക്കുകയാണ്. എഐ ഉപയോഗിച്ച് യഥാർഥത്തിലുള്ളതെന്നു തോന്നിക്കുന്ന തരത്തിൽ സൃഷ്ടിച്ച ചിത്രങ്ങളും വിഡിയോകളും ഓഡിയോകളും കൃത്രിമമാണെന്നു ലേബലിങ്ങിലൂടെ വ്യക്തമാക്കുകയാണു ചെയ്യേണ്ടത്. ഇതു സംബന്ധിച്ച കരടു ചട്ടം ഐടി മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. ലേബലിങ് ഉണ്ടെന്ന് ഉറപ്പുവരുത്താനുള്ള ബാധ്യത ഇത്തരം ഉള്ളടക്കങ്ങൾ പോസ്റ്റ് ചെയ്യപ്പെടുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് ഉണ്ടാവും. ഇതിനുള്ള സംവിധാനം ഈ പ്ലാറ്റ്ഫോമുകൾ ഒരുക്കേണ്ടതുണ്ട്. ഉള്ളടക്കത്തിന്‍റെ 10 ശതമാനം സ്ഥലമെങ്കിലും ലേബലിങ്ങിനായി മാറ്റിവയ്ക്കണമെന്നാണു പറയുന്നത്.

ഡീപ് ഫേക്ക് പ്രചാരണങ്ങൾ തടയുന്നതിന് ഈ നീക്കം ഉപകരിക്കും എന്നതിനാൽ സർക്കാർ നീക്കം സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. കൃത്രിമമായി സൃഷ്ടിച്ച ഉള്ളടക്കങ്ങൾക്ക് ലേബൽ ഇല്ലെങ്കിൽ അവ പ്രചരിപ്പിക്കുന്ന സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകൾ ചട്ടലംഘനം നടത്തിയതായി ക‍ണക്കാക്കും. ഡീപ് ഫേക്ക് ഓഡിയോകളും വിഡിയോകളുമെല്ലാം യഥാർഥമെന്നു തോന്നിപ്പിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ വലിയ തോതിൽ പ്രചരിക്കുകയും ഇതുവഴി തെറ്റായ പ്രചാരണം നടക്കുകയുമാണു ചെയ്യുന്നത്. വ്യക്തികളെയും സ്ഥാപനങ്ങളെയും അവഹേളിക്കാനും അന്തസ് ഇടിച്ചുതാഴ്ത്താനും തെരഞ്ഞെടുപ്പുകളെ കൃത്രിമമായി സ്വാധീനിക്കാനും സാമ്പത്തിക തട്ടിപ്പുകൾ നടത്താനുമൊക്കെ ഇവ ആയുധമാക്കുന്നുണ്ട്. സത്യമെന്ത് അസത്യമെന്ത് എന്നു തിരിച്ചറിയാനാവാതെ ആളുകൾ കബളിപ്പിക്കപ്പെടുകയാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രചരിക്കുന്ന കൃത്രിമ ഉള്ളടക്കങ്ങൾ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകൾ കണ്ടില്ലെന്നു നടിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. അഥവാ ആളുകൾ തിരിച്ചറിഞ്ഞു വേണ്ട ജാഗ്രത പുലർത്തട്ടെ എന്ന സമീപനമാണ്. പ്ലാറ്റ്ഫോമുകൾക്ക് ഇക്കാര്യത്തിൽ കൃത്യമായ ഉത്തരവാദിത്വം ഉണ്ടാക്കുന്നത് അത്യാവശ്യം തന്നെ. സോഷ്യൽ മീഡിയ ഇടനിലക്കാരുടെ വിശ്വാസ്യത വളർത്താനും ഈ നീക്കം ഉപകരിക്കും.

സമൂഹത്തിനു ദോഷകരമാവുന്ന ഡീപ് ഫേക്കുകൾക്കെതിരേ നടപടിയുണ്ടാവണമെന്ന ആവശ്യം പാർലമെന്‍റിൽ അടക്കം പല വേദികളിലും ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് തങ്ങൾ എന്താണു കാണുന്നതെന്ന് ഉപയോക്താക്കൾക്കു തിരിച്ചറിയാൻ പാകത്തിന് ലേബലിങ് കൊണ്ടുവരുന്നതെന്ന് ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറയുന്നു. ഫേസ് ബുക്ക്, വാട്സ് ആപ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ പ്രധാന വിപണിയായി ഇന്ത്യ മാറിയിരിക്കുന്ന സാഹചര്യത്തിലാണ് ഐടി മന്ത്രാലയത്തിന്‍റെ ഇപ്പോഴത്തെ നീക്കം ശ്രദ്ധേയമാവുന്നത്. മെറ്റ എഐയുടെ ഉപയോഗത്തിൽ ലോകത്തിലെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യയെന്ന് അവരുടെ ഒരു സീനിയർ ഓഫിസർ പറഞ്ഞതു കഴിഞ്ഞ വർഷമാണ്. കമ്പനിയുടെ ലോകത്തെ രണ്ടാമത്തെ വലിയ വിപണി ഇപ്പോൾ ഇന്ത്യയാണെന്നും അതു വൈകാതെ ഒന്നാം സ്ഥാനമായി മാറുമെന്നും ഓപ്പൺ എഐയുടെ സിഇഒ സാം ആൾട്ട്മാൻ വെളിപ്പെടുത്തിയത് ഈ വർഷം ഓഗസ്റ്റിൽ.

ആശങ്കപ്പെടുത്തുന്ന വിധത്തിലാണ് രാജ്യത്ത് ഡീഫ് ഫേക്കുകൾ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. കോടതിയുടെ ഇടപെടൽ വരെ ഇതുമായി ബന്ധപ്പെട്ടുണ്ടായിട്ടുണ്ട്. അടുത്തിടെ സദ്ഗുരുവിന്‍റെ വ്യാജ അറസ്റ്റ് ചിത്രീകരിക്കുന്ന, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നീക്കം ചെയ്യാൻ ഡൽഹി ഹൈക്കോടതി ഗൂഗിളിനോട് നിർദേശിച്ചിരുന്നു. ഡീപ് ഫേക്ക് വിഡിയോകൾ പ്രചരിപ്പിച്ചതിന് യുട്യൂബിനും ഗൂഗിളിനുമെതിരേ ഐശ്വര്യ റായ് ബച്ചനും അഭിഷേക് ബച്ചനും അടുത്തിടെ നാലു കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരുന്നു. കേന്ദ്ര ധനമന്ത്രിയുടെ വ്യാജ വിഡിയോ ഉപയോഗിച്ചുള്ള നിക്ഷേപത്തട്ടിപ്പിനെതിരേ ജാഗ്രത പുലർത്തണമെന്ന് സൈബർ പൊലീസ് മുന്നറിയിപ്പു നൽകിയിട്ടുള്ളതാണ്. രാജ്യത്തെ മറ്റു പല പ്രമുഖ വ്യക്തികളുടെ പേരിലും ഇത്തരത്തിലുള്ള വ്യാജ വിഡിയോകൾ ഇറങ്ങിയിട്ടുണ്ട്.

രാജ്യം നേരിടുന്ന വലിയ ഭീഷണിയാണ് ഡീപ് ഫേക്കുകളെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ മുന്നറിയിപ്പു നൽകിയിട്ടുള്ളതാണ്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഇത്തരത്തിൽ ദുരുപയോഗം ചെയ്യുന്നതിനെതിരേ ജനങ്ങളും മാധ്യമങ്ങളും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം നിർദേശിക്കുകയുണ്ടായി. അശ്ലീലം പ്രചരിപ്പിക്കുന്നവർക്കും പ്രതികാരം തീർക്കാനിറങ്ങുന്നവർക്കും സ്വാർഥ താത്പര്യങ്ങൾ നേടിയെടുക്കാൻ വളഞ്ഞ വഴികൾ തേടുന്നവർക്കും എല്ലാം ഡീപ് ഫേക് ആയുധമാവുകയാണ്. സാങ്കേതിക വിദ്യയുടെ വളർച്ചയ്ക്കൊപ്പം ഉയരുന്ന ഇത്തരം ഭീഷണികളെ അതിജീവിച്ചേ കാലത്തിനു മുന്നോട്ടുപോകാനാവൂ. നിർമിതബുദ്ധി വഴിതെറ്റിപ്പോകുന്നതു നിയന്ത്രിക്കാൻ കർശനമായ നിയമങ്ങൾ ആവശ്യമാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com