

മലയാള സിനിമയ്ക്ക് ഒരു മഹാപ്രതിഭയെ കൂടി നഷ്ടമായിരിക്കുന്നു. ഭരതനും പദ്മരാജനുമെല്ലാം സജീവമായിരുന്ന കാലത്തു തന്നെ വളരെ ശ്രദ്ധേയമായ സിനിമകളിലൂടെ മലയാളികളുടെ മനസിൽ ഇടംനേടിയ കെ.ജി. ജോർജ് ഇനിയില്ല. എഴുപതുകളിലും എൺപതുകളിലും സജീവമാകുകയും 1998ൽ അവസാന ചിത്രം ഒരുക്കുകയും ചെയ്ത ജോർജ് ആകെ സംവിധാനം ചെയ്തതു 19 ചിത്രങ്ങളാണ്. മലയാള സിനിമാ ചരിത്രത്തിൽ എണ്ണപ്പെടുന്ന സംവിധായകനായി സ്ഥാനം പിടിക്കാൻ അതുതന്നെ ധാരാളമായിരുന്നു ജോർജിന്. തൊട്ടതെല്ലാം പൊന്നാക്കിയ അദ്ദേഹത്തിന്‍റെ സിനിമകൾ തികച്ചും വ്യത്യസ്തങ്ങളായ പ്രമേയങ്ങളാണ് ഓരോ തവണയും കൈകാര്യം ചെയ്തത്. ദേശീയ പുരസ്കാരം നേടിയ ജോർജിന്‍റെ ആദ്യ ചിത്രം "സ്വപ്നാടനം' മുതൽ അവസാന ചിത്രം "ഇലവങ്കോട്ദേശം' വരെ വൈവിധ്യമാർന്ന പ്രമേയങ്ങൾ സിനിമാ ആസ്വാദകർക്കു മുന്നിൽ വച്ചു. അവ ജനഹൃദയങ്ങൾ ഏറ്റെടുക്കുകയും ചെയ്തു. കച്ചവട മൂല്യവും കലാമൂല്യവും അവിടെ വേർപെട്ടു നിന്നില്ല. നായക സങ്കൽപ്പങ്ങളെ പൊളിച്ചെഴുതുന്നതടക്കം പരീക്ഷണങ്ങൾ വലിയ വിജയമാവുന്നതാണു മലയാള സിനിമ കണ്ടത്.
നവ സിനിമയെന്ന സാധ്യതയുടെ വാതിൽ തുറന്നിട്ട ഈ ചലച്ചിത്രകാരൻ യാഥാസ്ഥിതികതയുടെ പ്ലാറ്റ്ഫോമിൽ ഒതുങ്ങിയാടിയിരുന്ന മലയാള സിനിമയ്ക്ക് യാഥാർഥ്യത്തിന്‍റെ വഴി കാണിച്ചുകൊടുത്തു. മനുഷ്യ ജീവിതത്തിന്‍റെ എല്ലാ തലങ്ങളും സ്പർശിക്കുന്ന വിഷയങ്ങൾ കൈകാര്യം ചെയ്തതു കൊണ്ടുതന്നെ പലതരം വിശേഷണങ്ങൾ ജോർജിന്‍റെ സിനിമകൾക്കു സ്വന്തമാണ്. സൈക്കോളജിക്കൽ മൂവി, ക്രൈം ത്രില്ലർ, പൊളിറ്റിക്കൽ സറ്റയർ, സ്ത്രീപക്ഷ സിനിമ എന്നിങ്ങനെ. പതിവു രീതികളിൽ നിന്നു വ്യത്യസ്തമായ സംവിധാന ശൈലി സ്വീകരിച്ചിട്ടും "സ്വപ്നാടനം' നേടിയ വിജയം ഉൾക്കാമ്പുള്ള പുതിയൊരു സംവിധായകന്‍റെ വരവ് വിളിച്ചറിയിക്കുന്നതായിരുന്നു. മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്കാരത്തിനു പുറമേ സംസ്ഥാന സർക്കാരിന്‍റെ ചലച്ചിത്ര പുരസ്കാരവും സ്വപ്നാടനം കരസ്ഥമാക്കുകയുണ്ടായി. മികച്ച സിനിമ അടക്കം സംസ്ഥാന സർക്കാരിന്‍റെ ആറ് അവാർഡുകളാണ് ജോർജിന്‍റെ ആദ്യ സിനിമ തന്നെ വാരിക്കൂട്ടിയത്.
കേട്ടും കണ്ടും ശീലിച്ച രീതികളിൽ നിന്നു വ്യത്യസ്തമായ സിനിമകൾ പിന്നെയും പിറക്കുകയായിരുന്നു. ആ നിലയ്ക്ക് മലയാള സിനിമയ്ക്കു പുത്തൻ ഉണർവു നൽകിയ സംവിധായകൻ എന്ന വിശേഷണവും അദ്ദേഹത്തിനു ചേരുന്നതാണ്. ആക്ഷേപ ഹാസ്യം തുളുമ്പുന്ന "പഞ്ചവടിപ്പാലം' ഇന്നത്തെ തലമുറയ്ക്കു കൂടുതൽ പ്രസക്തമായി തോന്നുന്നുവെങ്കിൽ അതു സംവിധായകന്‍റെ ദീർഘദൃഷ്ടി കൂടിയാണു കാണിക്കുക. മികച്ച കുറ്റാന്വേഷണ സിനിമയായി ആസ്വാദകർ വിലയിരുത്തിയതാണു "യവനിക'. മനഃശാസ്ത്ര ത്രില്ലർ എന്ന നിലയിലാണ് "ഇരകൾ' ശ്രദ്ധിക്കപ്പെട്ടത്. ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് സിനിമയ്ക്കുള്ളിലെ സിനിമ പറയുന്നതിന്‍റെ വിജയകരമായ പരീക്ഷണമായിരുന്നു. മികച്ച സ്ത്രീപക്ഷ സിനിമകളുടെ മുൻപന്തിയിൽ തന്നെയുണ്ടാവും "ആദാമിന്‍റെ വാരിയെല്ല്'. ഒരു ഗ്രാമത്തിലെ ജീവിതത്തിന്‍റെ പച്ചയായ ആവിഷ്കാരമാണ് "കോലങ്ങൾ'. ഏറെ ശ്രദ്ധേയമായ ക്യാംപസ് സിനിമയായിരുന്നു "ഉൾക്കടൽ'.
ആഖ്യാനത്തിലെയും ദൃശ്യാവിഷ്കാരത്തിലെയും മികവിനപ്പുറം കഥാപാത്രസൃഷ്ടിയിൽ ജോർജ് കാത്തുസൂക്ഷിച്ച വൈഭവമുണ്ട്. സൃഷ്ടിയുടെ പൂർണതയിൽ കഥാപാത്രത്തിന്‍റെ മാനസിക വ്യാപാരത്തിനും വളരെയധികം പങ്കുണ്ടെന്നു തെളിയിക്കുന്നതായിരുന്നു ജോർജിന്‍റെ കഥാപാത്രങ്ങൾ. തബലിസ്റ്റ് അയ്യപ്പനിലായാലും മേളയിലെ ഗോവിന്ദൻകുട്ടിയിലായാലും കഥാപാത്രത്തിന്‍റെ മാനസിക തലം കൃത്യമായി വരച്ചുചേർക്കുന്നുണ്ട്. കഥയിലെന്നപോലെ കഥാപാത്രങ്ങളിലും ആത്മാവു ചോരാതെ നിലനിർത്താൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. മലയാള സിനിമയ്ക്ക് ദേശീയ തലത്തിൽ അംഗീകാരം നേടിത്തന്ന ആദ്യകാല ചലച്ചിത്ര സംവിധായകരിൽ പ്രഗത്ഭനായ രാമു കാര്യാട്ടിന്‍റെ സഹായിയായി സിനിമാ രംഗത്തേക്കു കടന്നുവരാൻ ഭാഗ്യം ലഭിച്ച ജോർജ് തനിക്കു കിട്ടിയ അവസരം ധീരമായ ചുവടുകൾക്ക് വിനിയോഗിക്കുകയായിരുന്നു. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പഠനവും വ്യത്യസ്തനായ ഒരു സംവിധായകനെ രൂപപ്പെടുത്തുന്നതിൽ നല്ല രീതിയിൽ സഹായിച്ചിട്ടുണ്ടാവണം. ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനകൾക്കുള്ള ജെ.സി. ഡാനിയേൽ അവാർഡ് അടക്കം തേടിയെത്തിയ നിരവധി പുരസ്കാരങ്ങൾ ഈ പ്രതിഭയുടെ മികവിനുള്ള അംഗീകാരങ്ങളുമായി.