കുട്ടിക്കളിയല്ല ഡ്രൈവിങ് | മുഖപ്രസംഗം

റിവേഴ്സ് പാർക്കിങ്ങും ഗ്രേഡിയന്‍റ് പരീക്ഷണവും അടക്കം ടെസ്റ്റ് കർശനമാക്കാൻ വേണ്ട സൗകര്യങ്ങൾ ഇനിയും ഒരുക്കേണ്ടതായിട്ടാണിരിക്കുന്നത്.
Representative image
Representative image

സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റിൽ പരിഷ്കാരങ്ങൾ വരുത്തുന്നതിനെതിരേ ഡ്രൈവിങ് സ്കൂളുകൾ ആരംഭിച്ച സമരം മൂലം കഴിഞ്ഞ ദിവസങ്ങളിൽ നിരവധിയാളുകൾക്കാണ് ടെസ്റ്റ് മുടങ്ങിയത്. മോട്ടോർ വാഹന വകുപ്പിന്‍റെ പുതിയ സർക്കുലറിൽ പ്രതിഷേധിച്ചുകൊണ്ട് വിവിധ കേന്ദ്രങ്ങളിൽ ടെസ്റ്റ് തടഞ്ഞ ഡ്രൈവിങ് സ്കൂൾ ഉടമകൾ ഗതാഗത മന്ത്രി ഗണേഷ് കുമാറിനെ സമ്മർദത്തിലാക്കി പരിഷ്കാരങ്ങളിൽ നിന്നു പിന്തിരിപ്പിക്കാനാണു ശ്രമിച്ചത്. ടെസ്റ്റിനു വാഹനം വിട്ടുനൽകില്ലെന്നും തങ്ങളുടെ ഉപയോഗത്തിലിരിക്കുന്ന ടെസ്റ്റ് ഗ്രൗണ്ടുകളിൽ ടെസ്റ്റ് നടത്താൻ അനുവദിക്കില്ലെന്നും കർശന നിലപാട് സ്വീകരിച്ചു അവർ. അടിസ്ഥാന സൗകര്യം ഒരുക്കാതെയാണ് ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം നടപ്പാക്കുന്നതെന്നാണു ഡ്രൈവിങ് സ്കൂളുകളുടെ സംയുക്ത സമരസമിതി ചൂണ്ടിക്കാണിക്കുന്നത്. പതിനഞ്ചു വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾ ടെസ്റ്റിന് ഉപയോഗിക്കരുത് എന്നതടക്കം നിർദേശങ്ങൾ സ്കൂളുകൾക്കു സ്വീകാര്യമായില്ല. സർക്കാർ അനുകൂല തൊഴിലാളി സംഘടനകൾ പോലും പരിഷ്കരണങ്ങൾക്ക് എതിരായി എന്നതാണു ശ്രദ്ധേയമായിട്ടുള്ളത്.

ഇത്രകാലവും ശീലിച്ചതിൽ നിന്നുള്ള മാറ്റം ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണവുമായി ബന്ധപ്പെട്ടു പൊതുവിൽ അസ്വസ്ഥതയുണ്ടാക്കിയിട്ടുണ്ട്. പരിഷ്കരണം പ്രഖ്യാപിച്ചതു മുതൽ പ്രതിഷേധവും കാണുന്നതാണ്. ലൈസൻസ് കിട്ടുന്നതിന് കൂടുതൽ ബുദ്ധിമുട്ടുകളുണ്ടാവുമെന്ന ആശങ്ക ടെസ്റ്റിനു പോകാൻ ഒരുങ്ങുന്നവർക്കുണ്ട്. പരിഷ്കരണവുമായി ബന്ധപ്പെട്ട് ആദ്യം മുതലേ നിലനിൽക്കുന്ന ആശയക്കുഴപ്പം അതു നടപ്പാക്കേണ്ട സമയമായിട്ടും പരിഹരിക്കപ്പെട്ടില്ല എന്നതാണ് കാണുന്നത്. നല്ല നിലയിൽ പഠിച്ച് ലൈസൻസ് എടുക്കുന്നവർ ഇല്ലെന്നല്ല. അതിനൊപ്പം തന്നെ ടെസ്റ്റ് ഗ്രൗണ്ടുകളിൽ പലവിധത്തിലുള്ള അഡ്ജസ്റ്റ്മെന്‍റുകൾ നടക്കുന്നു എന്ന പരാതിയും പണ്ടേയുണ്ട്. ഡ്രൈവിങ് സ്കൂളുകളും മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരും തമ്മിലുള്ള ബന്ധങ്ങളിലൂടെ "ഉദാരമായ രീതി'യിൽ ടെസ്റ്റ് നടത്തുന്നതിനാൽ വലിയ പ്രശ്നങ്ങളില്ലാതെ ലൈസൻസ് സംഘടിപ്പിക്കാൻ പലർക്കും കഴിയാറുണ്ട്. പേരിനു മാത്രമുള്ള പഠനം കൊണ്ട് പിന്നീട് നിരത്തിൽ വണ്ടിയുമായി ഇറങ്ങുന്നവർ അപകടങ്ങളുണ്ടാക്കാനുള്ള സാധ്യതയും കൂടുതലാണ്. സൂത്രത്തിൽ ലൈസൻസ് സംഘടിപ്പിക്കുന്നതു കർശനമായി തടയുക എന്നത് അതിനാൽ തന്നെ സ്വാഗതം ചെയ്യപ്പെടേണ്ടതാണ്.

എന്നാൽ, ഇക്കാര്യത്തിൽ ബന്ധപ്പെട്ട എല്ലാവരുമായും കൂടിയാലോചിച്ച് എല്ലാവരെയും സഹകരിപ്പിച്ചുകൊണ്ടു നടപടികൾ സ്വീകരിക്കാനാണു പരിശ്രമിക്കേണ്ടത്. നിർബന്ധപൂർവം അടിച്ചേൽപ്പിക്കുന്നു എന്ന തോന്നൽ ഉണ്ടാവാതിരിക്കാൻ ചർച്ചകൾ സഹായിക്കും. അതുപോലെ തന്നെ പ്രധാനമാണ് അടിസ്ഥാന സൗകര്യങ്ങളും. നല്ല രീതിയിൽ ടെസ്റ്റുകൾ നടത്താനുള്ള സൗകര്യങ്ങൾ അടിയന്തരമായി ഒരുക്കേണ്ടതുണ്ട്. റിവേഴ്സ് പാർക്കിങ്ങും ഗ്രേഡിയന്‍റ് പരീക്ഷണവും അടക്കം ടെസ്റ്റ് കർശനമാക്കാൻ വേണ്ട സൗകര്യങ്ങൾ ഇനിയും ഒരുക്കേണ്ടതായിട്ടാണിരിക്കുന്നത്.

ഒരു ദിവസം നൂറിലേറെ പേർക്ക് ലൈസൻസ് അനുവദിക്കുന്ന ഉദ്യോഗസ്ഥർക്കായി കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഒരു "ടെസ്റ്റ്' നടത്തുകയുണ്ടായി. ഇത്രയും ആളുകൾക്ക് എങ്ങനെ ഒരു ദിവസം ടെസ്റ്റ് നടത്തി ലൈസൻസ് കൊടുക്കുന്നുവെന്ന് മുതിർന്ന ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തുക എന്നതായിരുന്നു ടെസ്റ്റ്. മുട്ടത്തറ ടെസ്റ്റിങ് ഗ്രൗണ്ടിൽ തങ്ങളുടെ "കഴിവ്' തെളിയിക്കാനെത്തിയവരിൽ ബഹുഭൂരിഭാഗം ഉദ്യോഗസ്ഥരും പരാജയപ്പെട്ടു എന്നാണു റിപ്പോർട്ട്. കൃത്യമായി ടെസ്റ്റ് നടത്തിയിട്ടല്ല ഇവർ ലൈസൻസ് നൽകിയിരുന്നത് എന്നാണ് ഇതോടെ തെളിയിക്കപ്പെട്ടിരിക്കുന്നത്. ഡ്രൈവിങ് ടെസ്റ്റിൽ വിട്ടുവീഴ്ചകൾ ചെയ്ത് ഉദാരവ്യവസ്ഥയിൽ ലൈസൻസ് നൽകിക്കൊണ്ടിരുന്നാൽ റോഡിലെ അച്ചടക്കം എന്നും സ്വപ്നമായി ശേഷിക്കും. അതിനൊരു മാറ്റമുണ്ടാക്കുന്നത് എത്ര നേരത്തേയാണോ അത്രയും നല്ലത്.

പുതിയ രീതിയിൽ ഒരു കേന്ദ്രത്തിൽ ദിവസം 30 പേർക്ക് ടെസ്റ്റ് നടത്താനാണ് ഗതാഗത മന്ത്രി ആദ്യം നിർദേശിച്ചിരുന്നത്. ഇതു തീരെ കുറവാണെന്നു പരാതി ഉയർന്നതു കണക്കിലെടുത്താണ് എണ്ണം കൂട്ടാൻ തീരുമാനിച്ചത്. എങ്കിലും അതു പഴയ രീതിയിലേക്ക് പോകുന്നില്ല. ഓരോ ദിവസവും ടെസ്റ്റ് കുറയ്ക്കുമ്പോൾ പലർക്കും ലൈസൻസ് എടുക്കാനുള്ള കാലതാമസവും നേരിടേണ്ടിവരും. പക്ഷേ, ടെസ്റ്റുകൾ അർഹിക്കുന്ന ഗൗരവത്തോടെ നടത്താൻ അത് ഉപകരിക്കും. വൈദഗ്ധ്യമില്ലാത്ത ഒരു ഡ്രൈവർ പൊതുനിരത്തിൽ എത്രയോ ആളുകൾക്കാണു ഭീഷണി ഉയർത്തുന്നത്. വിദേശ രാജ്യങ്ങളിൽ എത്ര കർശനമാണ് ഡ്രൈവിങ് ടെസ്റ്റുകൾ എന്നു നമുക്കറിയാം. ശാസ്ത്രീയമായ രീതിയിൽ കർശനമായ ടെസ്റ്റുകൾ നമുക്കും അത്യാവശ്യം. ഓരോ ദിവസവും റോഡിൽ വാഹനങ്ങളുടെ എണ്ണം കൂടിവരുകയാണ്. അതിനനുസരിച്ച് ഡ്രൈവർമാരുടെ മികവും ഉറപ്പുവരുത്തണം. ഡ്രൈവിങ് ഒരു കുട്ടിക്കളിയായി കാണാനേ കഴിയില്ല.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com