മാന്യതയുടെ സീമ ലംഘിക്കരുത്| മുഖപ്രസംഗം

തികച്ചും സൗഹാർദപരമായ അന്തരീക്ഷത്തിൽ തന്നെയാവട്ടെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ.
Representative image
Representative image

ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പു നടക്കുന്ന 88 മണ്ഡലങ്ങളിൽ മത്സരിക്കുന്ന സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള സമയമായിരിക്കുകയാണ്. ഇതിന്‍റെ ഭാഗമായി കേരളത്തിലും പത്രികാ സമർപ്പണം ആരംഭിച്ചിട്ടുണ്ട്. ഏപ്രിൽ 26നാണ് കേരളം ഉൾപ്പെടെ രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പു നടക്കുന്ന സ്ഥലങ്ങളിലെ പോളിങ്. അതായത് ഇനി ഒരു മാസം തികച്ചില്ല. ഏപ്രിൽ എട്ടിനു പത്രിക പിൻവലിക്കാനുള്ള അവസാന തീയതിയും കഴിഞ്ഞാൽ പിന്നെ പ്രചാരണച്ചൂടിൽ ചുട്ടുപൊള്ളുന്ന നാളുകളാവും. രാഷ്‌ട്രീയ പ്രവർത്തനങ്ങൾക്കു വീറും വാശിയും കൂടുമ്പോൾ അതു ശാരീരിക ആക്രമണങ്ങളിലേക്കും വ്യക്തിഹത്യകളിലേക്കും വഴിതിരിഞ്ഞുപോകാതെ നോക്കേണ്ടതുണ്ട്. മുകൾതട്ടിലുള്ള രാഷ്‌ട്രീയ നേതൃത്വങ്ങൾ മാത്രമല്ല താഴെത്തട്ടിലുള്ള നേതാക്കളും ഉത്തരവാദപ്പെട്ട പാർട്ടി പ്രവർത്തകരും ഇക്കാര്യത്തിൽ ശ്രദ്ധ നൽകണം. ആദർശങ്ങളും ആശയങ്ങളും തമ്മിലാണു പോരാട്ടമെന്ന ബോധ്യം മനസിൽ ഉറയ്ക്കണം. രാഷ്‌ട്രീയമായി എതിർ ചേരിയിലുള്ളവരും മനുഷ്യരാണെന്നും അവരും പ്രവർത്തന സ്വാതന്ത്ര്യമുള്ളവരാണെന്നും അറിയണം. സംഘർഷങ്ങളുണ്ടാക്കി ജനാധിപത്യാവകാശങ്ങളെ തടയാനുള്ള ശ്രമം ആരുടെ ഭാഗത്തുനിന്നുണ്ടായാലും അംഗീകരിക്കാനാവില്ല. തികച്ചും സൗഹാർദപരമായ അന്തരീക്ഷത്തിൽ തന്നെയാവട്ടെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ.

കഴിഞ്ഞ ദിവസങ്ങളിലെ ചില സംഭവങ്ങളാണ് ഇതു ചൂണ്ടിക്കാണിക്കാൻ കാരണമാവുന്നത്. ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷം ഡിവൈഎഫ്ഐ നേതാവിനെ വീട്ടിൽക്കയറി വെട്ടിപ്പരുക്കേൽപ്പിക്കുന്നതിൽ കലാശിച്ചു. എൽഡിഎഫ് സ്ഥാനാർഥി വി. ജോയിയുടെ പോസ്റ്റർ നശിപ്പിച്ചത് ചോദ്യം ചെയ്ത നേതാവിനെയാണ് ഗുരുതരമായി വെട്ടിപരുക്കേൽപ്പിച്ചത്. കത്തിയും മൺവെട്ടിയും സിമന്‍റ് കട്ടയും ഉപയോഗിച്ചായിരുന്നു ആക്രമണമത്രേ. ബിജെപി സംഘമാണ് ആക്രമണം നടത്തിയതെന്ന് എൽഡിഎഫ് ആരോപിക്കുന്നുണ്ട്. ബുധനാഴ്ച രാത്രി മാതാപിതാക്കളുടെ മുന്നിൽ വച്ചായിരുന്നു ആക്രമണം. കഴിഞ്ഞ ദിവസം കൊല്ലം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി ജി. കൃഷ്ണകുമാറിനെ പ്രചാരണത്തിനെത്തിയപ്പോൾ ചന്ദനത്തോപ്പ് ഐടിഐയിൽ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞതിനെത്തുടർന്നും സംഘർഷമുണ്ടായി. എബിവിപി- എസ്എഫ്ഐ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷം അധ്യാപകരും പൊലീസും ഇടപെട്ടാണ് അവസാനിപ്പിച്ചത്. എബിവിപിയുടെയും എന്‍ഡിഎ മണ്ഡലം കമ്മിറ്റിയുടെയും പരാതിയിൽ ഏതാനും എസ്എഫ്ഐ പ്രവർത്തകർക്കെതിരേ കേസെടുത്തിട്ടുണ്ട്. ആയുധം കൊണ്ടുള്ള ‍ആക്രമണം അടക്കം കുറ്റങ്ങളാണു ചുമത്തിയിട്ടുള്ളത്.

എതിരാളികളെ വ്യക്തിപരമായി അധിക്ഷേപിച്ചുകൊണ്ടുള്ള പ്രചാരണം ആരോഗ്യകരമായതാണെന്നു പറയാനാവില്ല. ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസ് ഷണ്ഡനാണെന്നും ബ്യൂട്ടിപാർലറിൽ കയറി പൗഡറും പൂശി ഫോട്ടോ എടുത്തു നടപ്പാണെന്നും ആരോപിച്ചത് മുൻ മന്ത്രി എം.എം. മണിയാണ്. മുൻ എംപി പി.ജെ. കുര്യൻ പെണ്ണുപിടിയനാണെന്നും മണി അധിക്ഷേപിച്ചു. ഇതിനോടു പ്രതികരിച്ച ഇടുക്കി ഡിസിസി മുൻ സെക്രട്ടറിയും യുഡിഎഫ് ദേവികുളം നിയോജക മണ്ഡലം കൺവീനറുമായ ഒ.ആർ. ശശിയുടെ വാക്കുകൾ മാന്യതയുടെ സർവപരിധിയും കടന്നുപോയി. എം.എം. മണിയുടെ മുഖത്തു നോക്കുന്നത് ചുട്ട കശുവണ്ടിയെ നോക്കുന്നതുപോലെയാണെന്നായിരുന്നു ശശിയുടെ ആരോപണം. സഭ്യമല്ലാത്ത "നാടൻ പ്രയോഗ'ങ്ങളും അതിനു മറുപടിയായുള്ള വംശീയാധിക്ഷേപവും കേരളത്തിന്‍റെ സാംസ്കാരിക നിലവാരത്തിനു യോജിച്ചതല്ലെന്ന് ആവേശം മൂത്ത് അണികളെ അഭിസംബോധന ചെയ്യുമ്പോൾ നേതാക്കളുടെ മനസിലുണ്ടാവണം.

എതിരാളികൾക്കെതിരേ എന്തും വിളിച്ചു പറഞ്ഞ് കാണികളെ ഹരം കൊള്ളിക്കാനുള്ള ശ്രമം എല്ലാ പക്ഷത്തുനിന്നും ഉണ്ടായാൽ തെരഞ്ഞെടുപ്പു പ്രചാരണം എവിടെയെത്തുമെന്ന് എല്ലാവരും ആലോചിക്കട്ടെ. കഴമ്പുള്ള ആരോപണങ്ങളും വിമർശനങ്ങളും ഉന്നയിക്കുന്നതുപോലെയല്ല വ്യക്തി അധിക്ഷേപം നടത്തുന്നത്. എതിരാളികളെ പരിഹസിക്കുകയും തങ്ങൾ മാത്രമാണ് കേമം എന്നു വാഴ്ത്തിപ്പാടുകയും ചെയ്യുമ്പോൾ എവിടെയാണു സത്യം എന്നു തിരിച്ചറിയാനുള്ള വിവേകമൊക്കെ കേരളത്തിലെ വോട്ടർമാർക്കുണ്ട് എന്നുകൂടി അറിയണം. പെരുമാറ്റച്ചട്ടത്തിന്‍റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും തെരഞ്ഞെടുപ്പു കമ്മിഷൻ അനുവദിക്കരുത്.

തങ്ങളുടെ നയങ്ങളും പരിപാടികളും പറഞ്ഞ് വോട്ടർമാരെ സ്വാധീനിക്കാൻ രാഷ്‌ട്രീയ നേതാക്കൾക്ക് കഴിയും. രാഷ്‌ട്രീയമായി എതിരാളികൾക്കുള്ള ന്യൂനതകളും ജനസമക്ഷം അവതരിപ്പിക്കാം. എന്നാൽ, തെരഞ്ഞെടുപ്പു പ്രചാരണത്തിൽ വിദ്വേഷ പ്രസംഗം പാടില്ലെന്ന് തെരഞ്ഞെടുപ്പു കമ്മിഷൻ നേരത്തേ തന്നെ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. സ്വകാര്യ ജീവിതത്തെ വിമർശിച്ചു പ്രസംഗിക്കുക, ജാതിയുടെയോ മതത്തിന്‍റെയോ പേരിൽ വോട്ടു പിടിക്കുക, കുട്ടികളെ തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഉപയോഗിക്കുക, സമൂഹ മാധ്യമങ്ങളിലൂടെ എതിരാളികളെ അവഹേളിക്കുക തുടങ്ങിയവയൊന്നും നേർവഴിയുള്ള പ്രചാരണമല്ല.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com