സംശയാതീതമാവണം തെരഞ്ഞെടുപ്പു കമ്മിഷൻ | മുഖപ്രസംഗം

കമ്മിഷനു സുഗമമായി പ്രവർത്തിക്കാനുള്ള അവസരമുണ്ടാക്കേണ്ടത് സർക്കാരിന്‍റെ ഉത്തരവാദിത്വവുമാണ്.
തെരഞ്ഞെടുപ്പു കമ്മിഷൻ
തെരഞ്ഞെടുപ്പു കമ്മിഷൻ

ലോക്സഭാ തെരഞ്ഞെടുപ്പു പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ തെരഞ്ഞെടുപ്പു കമ്മിഷണർ സ്ഥാനത്തു നിന്ന് അരുൺ ഗോയൽ രാജിവച്ചത് രാജ്യത്തു പൊതുവേ അമ്പരപ്പുളവാക്കിയിട്ടുണ്ട്. കമ്മിഷന്‍റെ വിശ്വാസ്യതയെ തന്നെ പ്രതിപക്ഷ കക്ഷികൾ ചോദ്യം ചെയ്യുന്നു. മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ അടക്കം മൂന്നു കമ്മിഷണർമാരാണ് സാധാരണ നിലയിൽ ഈ ഭരണഘടനാ സ്ഥാപനത്തിലുണ്ടാവേണ്ടത്. ഇതിൽ അനൂപ് ചന്ദ്ര പാണ്ഡെ വിരമിച്ചതിനാൽ ഒരംഗത്തിന്‍റെ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. ഇപ്പോൾ ഗോയലും രാജിവച്ചതോടെ ശേഷിക്കുന്നത് മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണറായ രാജീവ് കുമാർ മാത്രം.

തെരഞ്ഞെടുപ്പു കമ്മിഷനെ സംബന്ധിച്ചിടത്തോളം ഏറ്റവും അധികം ജോലിയുള്ള സമയമാണു പൊതുതെരഞ്ഞെടുപ്പുകാലം. രാജ്യത്തെ ജനാധിപത്യ സംവിധാനത്തോട് കമ്മിഷനുള്ള ഭാരിച്ച ഉത്തരവാദിത്വം ഒരു തരിപോലും കുറയാതെ നിർവഹിക്കേണ്ടതുണ്ട്. സ്വതന്ത്രമായും സുതാര്യമായും സത്യസന്ധമായും തെരഞ്ഞെടുപ്പു നടത്താനാവുന്നില്ലെങ്കിൽ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യം നിലനിൽക്കുന്ന രാജ്യത്തെ 140 കോടി ജനങ്ങളുടെ കമ്മിഷനിലുള്ള വിശ്വാസ്യതയാണു തകരുക. അതിന് ഇടവരുത്താതിരിക്കേണ്ടത് കമ്മിഷൻ അംഗങ്ങളുടെ ചുമതലയാണ്. കമ്മിഷനു സുഗമമായി പ്രവർത്തിക്കാനുള്ള അവസരമുണ്ടാക്കേണ്ടത് സർക്കാരിന്‍റെ ഉത്തരവാദിത്വവുമാണ്. അതിൽ വീഴ്ച സംഭവിച്ചുകൂടാ. പുതിയ രണ്ടു തെരഞ്ഞെടുപ്പ് കമ്മിഷണർമാരെ ഏതാനും ദിവസങ്ങൾക്കകം നിയമിച്ചേക്കുമെന്നാണ് അഭ്യൂഹം. പുതുതായി കമ്മിഷണർ സ്ഥാനത്തെത്തുന്ന രണ്ടുപേർക്കും ഉടൻ തന്നെ ദേശീയ തെരഞ്ഞെടുപ്പിലേക്ക് ഇറങ്ങേണ്ടിവരുന്ന അസാധാരണ സാഹചര്യമാണുള്ളത്.

എന്തുകൊണ്ടാണ് അരുൺ ഗോയലിന്‍റെ രാജി എന്നതിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. വ്യക്തിപരമായ പ്രശ്നങ്ങൾ മൂലം രാജി നൽകുകയായിരുന്നു എന്നു പറയുന്നുണ്ട്. ആരോഗ്യ പ്രശ്നങ്ങൾ കാരണമാണ് രാജിവയ്ക്കുന്നതെന്ന് ഊഹാപോഹങ്ങൾ ഉയർന്നു. ആരോഗ്യപരമായി അദ്ദേഹത്തിന് ഒരു പ്രശ്നവുമില്ലെന്ന് ഉടൻ അധികൃതർ തന്നെ വ്യക്തമാക്കുകയുണ്ടായി. രാജിയിൽ നിന്നു പിന്തിരിപ്പിക്കാൻ സർക്കാർ പരമാവധി ശ്രമിച്ചെങ്കിലും നടന്നില്ല എന്നും ചില റിപ്പോർട്ടുകൾ വന്നു. മുഖ്യ കമ്മിഷണർ രാജീവ് കുമാറുമായുള്ള പ്രശ്നങ്ങളാണു കാരണമെന്നും അഭ്യൂഹമുണ്ട്. എന്നാൽ, ഇരുവരും തമ്മിലുള്ള ആശയ വിനിമയം സംബന്ധിച്ച രേഖകളിലൊന്നും ഇതിന്‍റെ സൂചനകളില്ല. കേന്ദ്ര സർക്കാരുമായി അടുപ്പമുള്ള ഉദ്യോഗസ്ഥനായിരുന്നു ഗോയൽ. അതിനാൽ സർക്കാരുമായി ഭിന്നതയെന്ന വാദവും ദുർബലമാണ്. മറ്റൊരു അഭ്യൂഹം തെരഞ്ഞെടുപ്പിൽ മത്സരിക്കാനാണു രാജി എന്നതാണ്. അങ്ങനെയാണെങ്കിൽ അദ്ദേഹത്തിന്‍റെ തീരുമാനം വിമർശന വിധേയമാവും. സത്യസന്ധമായി തെരഞ്ഞെടുപ്പു നടത്തേണ്ട ഉത്തരവാദിത്വം രാജ്യം ഏൽപ്പിച്ചിരിക്കുന്ന ഉദ്യോഗസ്ഥൻ അവസാന മുഹൂർത്തത്തിൽ ആ ചുമതല നിർവഹിക്കാതെ മത്സരിക്കാൻ ഇറങ്ങുന്നത് കമ്മിഷന്‍റെ പ്രാധാന്യത്തെയാണ് ഇടിച്ചുകാണിക്കുക.

തെരഞ്ഞെടുപ്പു കമ്മിഷൻ ബിജെപിയുടെ ശാഖയായി മാറിയെന്നു പ്രതിപക്ഷ കക്ഷികൾ നേരത്തേ തന്നെ വിമർശിക്കുന്നുണ്ട്. ഭരണഘടനാ സ്ഥാപനമെന്ന നിലയിൽ കമ്മിഷന്‍റെ പ്രവർത്തനം ദുർബലപ്പെടുത്താനാണു സർക്കാർ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് അടക്കം പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. പ്രതിപക്ഷത്തിന്‍റെ ആരോപണം കൂടുതൽ ശക്തിപ്പെടുകയാണ് ഗോയലിന്‍റെ രാജി മൂലം സംഭവിക്കുന്നത്. ചൊൽപ്പടിക്കു നിൽക്കുന്ന ഒരു കമ്മിഷൻ പേരിനുണ്ടായാൽ മതി എന്നതാണു സർക്കാരിന്‍റെ നിലപാടെന്ന് ബിജെപി-എന്‍ഡിഎ ഇതര പാർട്ടികളുടെ നേതാക്കൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതങ്ങനെയല്ല എന്നു ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതു സർക്കാരും കമ്മിഷനുമാണ്.

പൂർണമായും സർക്കാർ താത്പര്യത്തിന് അനുസൃതമായാണ് തെരഞ്ഞെടുപ്പു കമ്മിഷണർമാരെ നിയമിക്കുന്നത് എന്നതും ഇതുമായി ബന്ധപ്പെട്ട് എടുത്തുപറയേണ്ടതാണ്. സർക്കാർ നിർദേശിക്കുന്ന ഉദ്യോഗസ്ഥനെ കമ്മിഷണറായി നിയമിക്കുകയായിരുന്നു മുൻപ് പതിവുണ്ടായിരുന്നത്. അരുൺ ഗോയലിന്‍റെ നിയമനം വിവാദമായതോടെ നിയമന രീതി സുപ്രീം കോടതി മാറ്റിയിരുന്നു. കേന്ദ്ര സർവീസിൽ നിന്നു വിആർഎസ് എടുത്ത അരുൺ ഗോയലിനെ തൊട്ടടുത്ത ദിവസം തെരഞ്ഞെടുപ്പു കമ്മിഷണറാക്കിയത് നിയമ യുദ്ധത്തിനിടയാക്കി‌. കമ്മിഷണർ നിയമനത്തിലെ സുതാര്യത ചോദ്യം ചെയ്യപ്പെട്ടു. തുടർന്ന് ഇനി മുതൽ കമ്മിഷണർമാരെ നിയമിക്കുന്നതിന് മൂന്നംഗ സെലക്ഷൻ കമ്മിറ്റിയെ സുപ്രീം കോടതി നിർദേശിച്ചു. ചീഫ് ജസ്റ്റിസും പ്രധാനമന്ത്രിയും ലോക്സഭയിലെ പ്രധാന പ്രതിപക്ഷ കക്ഷിയുടെ നേതാവും ഉൾപ്പെട്ട സെലക്‌ഷൻ കമ്മിറ്റിയാണ് സുപ്രീം കോടതി നിർദേശിച്ചത്. എന്നാൽ, ചീഫ് ജസ്റ്റിസിനു പകരം പ്രധാനമന്ത്രി നിർദേശിക്കുന്ന മന്ത്രിയെ കമ്മിറ്റിയിൽ ഉൾപ്പെടുത്തി കേന്ദ്രം പുതിയ ബിൽ കൊണ്ടുവന്നു. അങ്ങനെ പ്രധാനമന്ത്രിയും ഒരു മന്ത്രിയും ലോക്സഭയിലെ പ്രധാന പ്രതിപക്ഷ കക്ഷിയുടെ നേതാവും ഉൾപ്പെട്ട സമിതിയായി. കമ്മിഷണർമാരെ നിയമിക്കുന്നതിൽ സർക്കാരിന്‍റെ ഭൂരിപക്ഷം അതുവഴി ഉറപ്പായി. ചീഫ് ജസ്റ്റിസിനെ സമിതിയിൽ നിന്നു മാറ്റിയതിനെതിരായ ഹർജികളിൽ കോടതി നിലപാട് വ്യക്തമാക്കാനിരിക്കുകയാണ്.

നിയമ മന്ത്രിയുടെ അധ്യക്ഷതയിൽ‌ ആഭ്യന്തര സെക്രട്ടറിയും പെഴ്സണൽ ആൻഡ് ട്രെയ്‌നിങ് ഡിപ്പാർട്ട്മെന്‍റ് സെക്രട്ടറിയും ഉൾപ്പെടുന്ന സെർച്ച് കമ്മിറ്റി ചേർന്നു വേണം പുതിയ തെരഞ്ഞെടുപ്പു കമ്മിഷണർമാരുടെ നിയമനത്തിനു പട്ടിക തയാറാക്കുന്നതിന്. രണ്ടു കമ്മിഷണർമാരുടെയും നിയമനത്തിന് അഞ്ചു പേർ വീതം ഉൾപ്പെടുന്ന രണ്ടു വ്യത്യസ്ത പട്ടികകൾ കമ്മിറ്റി തയാറാക്കണം. അതിനു ശേഷമാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി യോഗം ചേർന്ന് സെർച്ച് കമ്മിറ്റി നൽകിയ പട്ടികയിൽ നിന്ന് രണ്ടു പേരെ തെരഞ്ഞെടുക്കുക. ഈ നടപടികളെല്ലാം വേഗം പൂർത്തിയാക്കി പൊതുതെരഞ്ഞെടുപ്പിന് കമ്മിഷനെ ശക്തിപ്പെടുത്തേണ്ടതുണ്ട്.

Trending

No stories found.

Latest News

No stories found.