ജനാധിപത്യത്തിന്‍റെ മറ്റൊരു വിജയ മുഹൂർത്തം| മുഖപ്രസംഗം

ജനങ്ങൾ എന്തു നിശ്ചയിച്ചോ അതു നടക്കും. ഇന്ത്യൻ ജനാധിപത്യത്തിന്‍റെ മറ്റൊരു വിജയ മുഹൂർത്തം കൂടിയാണത്.
lok sabha election 2024
lok sabha election 2024

കാത്തിരിപ്പിന് അവസാനമായി. ലോക്സഭാ തെരഞ്ഞെടുപ്പിലെ ജനവിധി ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളിൽ നിന്നു പുറത്തേക്കു വരുകയാണ്. സുദീർഘമായ തെരഞ്ഞെടുപ്പു പ്രക്രിയയിലെ അന്തിമഫലം വ്യക്തമാവുന്ന മണിക്കൂറുകളാണു നമ്മുടെ മുന്നിലുള്ളത്. ജനവിധി എന്താണോ അത് അംഗീകരിക്കുക എന്നതാണ് ഈ നാട്ടിലെ ഓരോ ജനാധിപത്യ വിശ്വാസിക്കും ചെയ്യാനുള്ളത്. നരേന്ദ്ര മോദിക്കും ബിജെപിക്കും തുടർച്ചയായി മൂന്നാം വട്ടവും ഭരണം ലഭിക്കുമെന്ന് എക്സിറ്റ് പോളുകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. എൻഡിഎയ്ക്കു മികച്ച ഭൂരിപക്ഷം തന്നെയാണ് ഈ പോളുകളിൽ പ്രവചിക്കുന്നത്. അതേസമയം, 295 സീറ്റിൽ അധികം നേടി തങ്ങൾ അധികാരത്തിൽ വരുമെന്ന് ഇന്ത്യ മുന്നണിയുടെ നേതാക്കളും അവകാശപ്പെടുന്നുണ്ട്. ബിജെപി നേതാക്കളും പ്രവർത്തകരും സ്വാഭാവികമായും എക്സിറ്റ് പോളുകളെ പിന്തുണയ്ക്കുകയും അതിൽ ആവേശം കൊള്ളുകയും ചെയ്യുന്നുണ്ട്. എക്സിറ്റ് പോളുകൾ തട്ടിപ്പാണെന്ന് പ്രതിപക്ഷ നേതാക്കളും അവകാശപ്പെടുന്നു. വോട്ടെണ്ണി ഫലം പുറത്തുവന്നു തുടങ്ങുമ്പോൾ യഥാർഥ ചിത്രം വ്യക്തമാവും. അതിലാണു കാര്യമിരിക്കുന്നത്. ജനങ്ങൾ എന്തു നിശ്ചയിച്ചോ അതു നടക്കും. ഇന്ത്യൻ ജനാധിപത്യത്തിന്‍റെ മറ്റൊരു വിജയ മുഹൂർത്തം കൂടിയാണത്.

എത്രയോ ബൃഹത്തായ പ്രക്രിയയാണ് ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ്. അതു വിജയകരമായി പൂർത്തിയാക്കാൻ തെരഞ്ഞെടുപ്പു കമ്മിഷനു കഴിഞ്ഞിട്ടുണ്ട് എന്നു തന്നെ വേണം ഈ അവസരത്തിൽ വിലയിരുത്തുന്നതിന്. ഇന്നലെ വാർത്താസമ്മേളനത്തിൽ മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ രാജീവ് കുമാർ ചൂണ്ടിക്കാട്ടിയതു പോലെ 31.2 കോടി സ്ത്രീകൾ അടക്കം 64.2 കോടി വോട്ടർമാരാണ് ഈ തെരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം വിനിയോഗിച്ചത്. ഇതൊരു ലോക റെക്കോഡാണ്. ജി7 രാജ്യങ്ങളിലെ വോട്ടർമാരുടെ മൊത്തം എണ്ണത്തെക്കാൾ 1.5 മടങ്ങും യൂറോപ്യൻ രാജ്യങ്ങളിലെ വോട്ടർമാരെക്കാൾ 2.5 മടങ്ങും കൂടുതലാണിത്. ലോകത്ത് താരതമ്യങ്ങളില്ലാത്ത അത്ഭുതം തന്നെയാണ് ഇന്ത്യൻ തെരഞ്ഞെടുപ്പ്. ഒന്നര കോടിയിലേറെ പോളിങ്- സുരക്ഷാ ഉദ്യോഗസ്ഥരാണ് ഈ തെരഞ്ഞെടുപ്പ് നടത്താൻ നിയോഗിക്കപ്പെട്ടത് എന്നു കൂടി അറിയണം.

ഒന്നര മാസത്തിനിടെ ഏഴു ഘട്ടമായാണ് വോട്ടെടുപ്പു നടന്നത്. മാർച്ച് 16ന് തെരഞ്ഞെടുപ്പു തീയതികൾ പ്രഖ്യാപിച്ചതു മുതൽ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. മൊത്തം തെരഞ്ഞെടുപ്പു നടപടിക്രമങ്ങൾ രണ്ടര മാസക്കാലമാണു നീണ്ടത്. തീയതി പ്രഖ്യാപിക്കുന്നതിനു മുൻപ് രാജ്യമെമ്പാടും ആവശ്യമായ ഒരുക്കങ്ങൾ നടത്താനും തെരഞ്ഞെടുപ്പു കമ്മിഷൻ ഏറെ ദിവസങ്ങൾ എടുത്തിട്ടുണ്ട്. ഇതിനിടെ, വിവിധ രാഷ്‌ട്രീയ പാർട്ടികൾ ഉന്നയിച്ച ആവശ്യങ്ങളും പരാതികളും പരിശോധിക്കാനും യുക്തമായ തീരുമാനം കൈക്കൊള്ളാനും കമ്മിഷനു കഴിഞ്ഞു. ഇവിഎമ്മുകളുടെ കാര്യക്ഷമതയിൽ സംശയം ഉന്നയിക്കുന്നവരുടെ ഹർജികൾ സുപ്രീം കോടതി പരിഗണിച്ച് തള്ളുകയുമുണ്ടായി. വോട്ടിങ് യന്ത്രത്തിലെ വോട്ടുകൾക്കൊപ്പം മുഴുവൻ വിവിപാറ്റ് സ്ലിപ്പുകളും എണ്ണണമെന്ന് ആവശ്യപ്പെടുന്ന ഹർജികളാണു കോടതി തള്ളിക്കളഞ്ഞത്. തെരഞ്ഞെടുപ്പ് വീണ്ടും ബാലറ്റ് പേപ്പറിലാക്കണമെന്ന ആവശ്യവും രണ്ടംഗ ബെഞ്ച് തള്ളി. തെരഞ്ഞെടുപ്പിന്‍റെ സുതാര്യത ഉറപ്പാക്കാനുള്ള ചില നിർദേശങ്ങളും അന്നു കോടതി മുന്നോട്ടുവച്ചു.

വോട്ടിങ് യന്ത്രങ്ങളിൽ തെരഞ്ഞെടുപ്പു ചിഹ്നം ലോഡ് ചെയ്തു കഴിഞ്ഞാൽ സിംബൽ ലോഡിങ് യൂണിറ്റ് മുദ്രവച്ചു സൂക്ഷിക്കണമെന്നു കോടതി നിർദേശിച്ചു. ഫലപ്രഖ്യാപനത്തിനു ശേഷം വോട്ടിങ് യന്ത്രത്തോടൊപ്പം സിംബൽ ലോഡിങ് യൂണിറ്റും 45 ദിവസം സ്ട്രോങ് റൂമിൽ സൂക്ഷിക്കണം. പരാതി ഉയർന്നാൽ ഉചിതമായ പരിശോധനയ്ക്ക് ഇതു സഹായിക്കും. രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്ന സ്ഥാനാർഥികൾ രേഖാമൂലം ആവശ്യപ്പെട്ടാൽ വോട്ടിങ് യന്ത്രത്തിന്‍റെ മൈക്രോ കൺട്രോളർ യന്ത്രനിർമാതാക്കളുടെ എൻജിനീയർമാരെക്കൊണ്ടു പരിശോധിപ്പിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ഈ പരിശോധനയിൽ വോട്ടിങ് യന്ത്രത്തിൽ എന്തെങ്കിലും ക്രമക്കേടുണ്ടെങ്കിൽ കണ്ടെത്താനാവും. അങ്ങനെ ഇവിഎമ്മുകൾക്ക് ഒരു അധിക സുരക്ഷ കൂടി കോടതി ഏർപ്പെടുത്തിയിട്ടുണ്ട്. ഇവിഎമ്മുകളുടെ സാങ്കേതിക സുരക്ഷ വിശദമായി പരിശോധിച്ച ശേഷമാണ് കോടതി അതിന്‍റെ വിശ്വാസ്യത ആവർത്തിച്ച് ഉറപ്പിച്ചത്. കോടതി ഉന്നയിച്ച സംശയങ്ങളിൽ തെരഞ്ഞെടുപ്പു കമ്മിഷൻ ഉദ്യോഗസ്ഥർ നേരിട്ടെത്തി വ്യക്തത വരുത്തിയിരുന്നു. അതിനു ശേഷമാണ് അനാവശ്യ ചർച്ചകൾക്കു വഴിയൊരുക്കരുതെന്നു കോടതി പരാതിക്കാരോടു നിർദേശിച്ചത്. ഇവിഎമ്മുകൾ ലളിതവും സുരക്ഷിതവും ഉപയോഗിക്കാൻ ഏറ്റവും സൗകര്യമുള്ളതുമാണെന്നു കോടതി വിശദീകരിക്കുകയുണ്ടായി.

പരാതികൾ പരമാവധി പരിഹരിച്ച് ഏറ്റവും മികച്ച രീതിയിൽ തന്നെയാണു വോട്ടെടുപ്പു നടന്നിട്ടുള്ളത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള അക്രമസംഭവങ്ങൾ നിയന്ത്രിക്കുന്നതിലടക്കം രാജ്യം വിജയം കണ്ടു. 2019നെ അപേക്ഷിച്ച് വളരെ കുറവ് റീ പോളിങ്ങാണ് ഇക്കുറിയുണ്ടായത്. ജമ്മു കശ്മീരിലെ വോട്ടെടുപ്പിലുണ്ടായ വർധിച്ച ജനപങ്കാളിത്തം ഏറെ അഭിമാനിക്കാവുന്നതാണ്. നാലു ദശകത്തിനിടയിലെ ഏറ്റവും ഉയർന്ന പോളിങ് (58.58 ശതമാനം) ആണ് അവിടെ രേഖപ്പെടുത്തിയത്. സംസ്ഥാനത്തൊരു സർക്കാരുണ്ടാക്കുന്നതിനുള്ള തെരഞ്ഞെടുപ്പിന് ഇനി തെരഞ്ഞെടുപ്പു കമ്മിഷന് നടപടികൾ ആരംഭിക്കാവുന്നതാണ്.

Trending

No stories found.

Latest News

No stories found.