
കണ്ടില്ലെന്നു നടിക്കരുത്, ഈ ഗതാഗതക്കുരുക്ക്
ദേശീയപാത 544ൽ തൃശൂർ- എറണാകുളം ഭാഗത്തെ ഗതാഗതക്കുരുക്കിനു യാതൊരു പരിഹാരവുമില്ലാതെ യാത്രക്കാർ വലയാൻ തുടങ്ങിയിട്ടു മാസങ്ങളായി. ഈ ഭാഗത്ത് ആമ്പല്ലൂർ, പേരാമ്പ്ര, മുരിങ്ങൂർ, ചിറങ്ങര എന്നിവിടങ്ങളിൽ ഒരേസമയം അടിപ്പാത നിർമാണം ആരംഭിച്ചത് ആയിരക്കണക്കിനു യാത്രക്കാരെയാണ് ഓരോ ദിവസവും ദുരിതത്തിലാഴ്ത്തുന്നത്. തൃശൂരിൽ നിന്ന് എറണാകുളത്തേക്കോ തിരിച്ചോ യാത്രചെയ്യുന്നവർ ദേശീയപാതയെ ആശ്രയിച്ചാൽ മണിക്കൂറുകൾ റോഡിൽ ഗതാഗതക്കുരുക്കിൽ പെട്ടു കിടക്കേണ്ടിവരുമെന്ന് ഉറപ്പാണ്. പ്രത്യേകിച്ച് മുരിങ്ങൂരിലെ കുരുക്ക് കിലോമീറ്ററുകൾ നീളുന്നതാണ്. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി മണിക്കൂറുകളാണ് വാഹനങ്ങളുടെ നീണ്ടനിര അനങ്ങാൻ വയ്യാത്ത കുരുക്കിലായിപ്പോയത്.
ഇത്രയേറെ യാത്രക്കാർ പെരുവഴിയിൽ കുടുങ്ങിപ്പോയിട്ടും ബന്ധപ്പെട്ടവർക്കൊന്നും യാതൊരു കുലുക്കവുമില്ല എന്നതാണ് അത്ഭുതം. സാധാരണക്കാരനല്ലേ, റോഡിൽ കിടന്നു നരകിച്ചോട്ടെ എന്നു കരുതാൻ ഇവർക്കൊക്കെ ആരാണു ധൈര്യം നൽകുന്നത്. എല്ലാവർക്കും അറിയാവുന്ന പ്രശ്നത്തിന് ഒരു പരിഹാരവും ഉത്തരവാദപ്പെട്ടവർ കാണുന്നില്ല. അതായത് ജനദുരിതത്തിനു നേരേ മനപ്പൂർവം കണ്ണടയ്ക്കുന്നു. അത്യാവശ്യ കാര്യങ്ങൾക്കായി ഈ റോഡിലൂടെ യാത്ര ചെയ്യേണ്ടിവരുന്ന എത്രയോ ആളുകളുണ്ട്. കേരളത്തിന്‍റെ തെക്കും വടക്കും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു പ്രധാന പാതയാണിത്. വളരെയേറെ തിരക്കുള്ള ദേശീയപാത. അതിൽ അടിപ്പാതകൾ നിർമിക്കുമ്പോൾ യാത്രക്കാരുടെ ദുരിതം പരമാവധി കുറയ്ക്കാൻ എന്തൊക്കെ ബദൽ നടപടികൾ സ്വീകരിക്കണമെന്നു ദേശീയപാതാ അഥോറിറ്റിക്കും കരാർ കമ്പനിക്കും വ്യക്തമായ ബോധ്യമുണ്ടാവേണ്ടതാണ്.
എന്നാൽ, മതിയായ ബദൽ മാർഗങ്ങളൊന്നും ഒരുക്കാതെയാണ് അടിപ്പാത നിർമാണം ആരംഭിച്ചത്. അതു തന്നെയാണു പ്രശ്നമായതും. മഴക്കാലത്ത് സർവീസ് റോഡുകൾ പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായി കിടക്കുന്നു. ചില ഭാഗങ്ങളിൽ വലിയ ഗർത്തങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ സർവീസ് റോഡുകളിൽ വാഹനഗതാഗതം ഒച്ചിഴയുന്ന വേഗത്തിലായി. ഹൈവേയിലൂടെ പാഞ്ഞുവരുന്ന നൂറുകണക്കിനു വാഹനങ്ങൾ അടിപ്പാത നിർമാണം നടക്കുന്ന സ്ഥലങ്ങളിൽ സർവീസ് റോഡുകളിലേക്കു തിരിച്ചുവിടുമ്പോൾ പൊട്ടിപ്പൊളിഞ്ഞ റോഡുകളിൽ ഇഴയേണ്ട അവസ്ഥ. അതുമൂലമുണ്ടാവുന്ന ഗതാഗതക്കുരുക്ക് കിലോമീറ്ററുകൾ നീളുകയാണ്. അടിപ്പാത നിർമാണം തുടങ്ങും മുൻപ് സർവീസ് റോഡുകൾ വേണ്ട രീതിയിൽ നന്നാക്കിയില്ല. തിരക്ക് നിയന്ത്രിക്കുന്നതിനായി വാഹനങ്ങൾ വഴി തിരിച്ചുവിടാൻ കഴിയുന്ന ബദൽ റോഡുകളൊന്നും നല്ല നിലയിലല്ല. വഴി തിരിച്ചുവിടുന്ന വാഹനങ്ങളും ബദൽ റോഡുകളിലെ കുരുക്കിൽ പെടുകയാണ്. ഒന്നും ഒന്നരയും മണിക്കൂറിൽ എത്തേണ്ട സ്ഥലങ്ങളിൽ മൂന്നും നാലും മണിക്കൂർ കൊണ്ടാണ് യാത്രക്കാർ എത്തുന്നത്.
ജനങ്ങളുടെ സമയനഷ്ടം, സാമ്പത്തിക നഷ്ടം, അവർ അനുഭവിക്കുന്ന മാനസിക സമ്മർദം തുടങ്ങി ഒന്നും അധികൃതർ അറിഞ്ഞ ഭാവം നടിക്കുന്നില്ല. മാസങ്ങളായുള്ള ഗതാഗതക്കുരുക്കിനു യാതൊരു പരിഹാരവും കാണാതിരുന്നപ്പോഴാണ് ഹൈക്കോടതി ഇടപെട്ടത്. പാലിയേക്കരയിലെ ടോൾ പിരിവ് നാലാഴ്ചത്തേക്കു നിർത്തിവയ്ക്കാൻ കോടതി ഉത്തരവിട്ടു. ഇതിനെതിരേ ദേശീയപാതാ അഥോറിറ്റി സുപ്രീം കോടതിയെ സമീപിക്കുകയുണ്ടായി. ഇത്രയും മോശം സാഹചര്യത്തിലുള്ള റോഡിൽ എങ്ങനെയാണു ടോൾ പിരിക്കുകയെന്നാണ് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് ചോദിച്ചത്. പാലിയേക്കരയിലെ റോഡിന്‍റെ മോശം അവസ്ഥ തങ്ങൾക്ക് നേരിട്ട് അറിയാമെന്ന് ഹർജി പരിഗണിച്ച ബെഞ്ചിലുണ്ടായിരുന്ന ചീഫ് ജസ്റ്റിസും ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനും പറയുകയുണ്ടായി. ജനങ്ങളിൽ നിന്നു ടോൾ വാങ്ങിയ ശേഷം അവർക്കു വേണ്ട സേവനം നൽകാതിരിക്കലാണു നടക്കുന്നതെന്നും സുപ്രീം കോടതി ചൂണ്ടിക്കാണിച്ചു. നേരത്തേ ഗതാഗതക്കുരുക്കിനു പരിഹാരം കാണാൻ ഹൈക്കോടതി സമയം അനുവദിച്ചിട്ടും പിന്നെയും സമയം നീട്ടി ചോദിക്കുകയായിരുന്നു ദേശീയപാതാ അഥോറിറ്റി ചെയ്തത്. ജനങ്ങൾ വലയുന്നതൊന്നും തങ്ങൾക്കു പ്രശ്നമല്ല എന്നു ധരിക്കുന്നവരെ തിരുത്താൻ നമുക്കു കഴിയേണ്ടതുണ്ട്. ഇക്കാര്യത്തിൽ സർക്കാരുകളുടെ ഇടപെടൽ അനിവാര്യവും അത്യാവശ്യവുമാണ്. ഓണക്കാലമാണു വരുന്നത്. റോഡിൽ യാത്രക്കാരുടെ തിരക്ക് ഇനിയും ഏറും. ആളുകളെ നട്ടംതിരിക്കുന്നതിന് ഒരു പരിധിയുണ്ടെന്ന് ബന്ധപ്പെട്ടവരെല്ലാം തിരിച്ചറിഞ്ഞെങ്കിൽ.