മഹാരാഷ്ട്രയിലെ കർഷക ആത്മഹത്യകൾ

മഹാരാഷ്ട്രയിൽ നിന്നു പുറത്തുവരുന്ന കർഷക ആത്മഹത്യകളെക്കുറിച്ചുള്ള കണക്കുകൾ കാണിക്കുന്നത് കാർഷിക മേഖല ഇന്നും അഭിമുഖീകരിക്കുന്ന ഗൗരവമായ പ്രശ്നങ്ങൾ തന്നെ
editorial on Farmer suicides in Maharashtra

മഹാരാഷ്ട്രയിലെ കർഷക ആത്മഹത്യകൾ

representative image

Updated on

കർഷകരുടെ ക്ഷേമവുമായി ബന്ധപ്പെട്ടുള്ള നിരവധി നടപടികൾ കാലാകാലങ്ങളായി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിക്കാറുണ്ട്. കർഷക കുടുംബങ്ങൾക്ക് പ്രതിവർഷം 6000 രൂപ നൽകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കിസാൻ സമ്മാൻ നിധി പദ്ധതിയടക്കം ലക്ഷ്യമിടുന്നത് നാടിനു ഭക്ഷണം നൽകുന്നതിനായി കഠിനാധ്വാനം ചെയ്യുന്നവരുടെ ക്ഷേമമാണ്. എന്നാൽ, എല്ലാ പദ്ധതികൾക്കും ശേഷവും കർഷകർ നേരിടുന്ന പ്രതിസന്ധികൾ തുടരുകയാണെന്നത് ഈ മേഖലയിൽ ഇനിയുമേറെ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്നു വ്യക്തമാക്കുകയാണ്. കാർഷിക മേഖലയുടെ വളർച്ചയ്ക്കു വേണ്ടി പ്രഖ്യാപിക്കുന്ന പല പദ്ധതികളും വേണ്ടത്ര വിജയിക്കുന്നില്ലെന്നു ചൂണ്ടിക്കാണിക്കുന്ന വിദഗ്ധരുണ്ട്. മഹാരാഷ്ട്രയിൽ നിന്നു പുറത്തുവരുന്ന കർഷക ആത്മഹത്യകളെക്കുറിച്ചുള്ള കണക്കുകൾ കാണിക്കുന്നത് കാർഷിക മേഖല ഇന്നും അഭിമുഖീകരിക്കുന്ന ഗൗരവമായ പ്രശ്നങ്ങൾ തന്നെ.

കഴിഞ്ഞയാഴ്ച മഹാരാഷ്ട്ര സർക്കാർ ലെജിസ്ലേറ്റിവ് കൗൺസിലിനെ അറിയിച്ചതു പ്രകാരം ഈ വർഷം ജനുവരി മുതൽ മാർച്ചു വരെയുള്ള കാലയളവിൽ 767 കർഷകരാണു സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്. ദുരിതാശ്വാസ- പുനരധിവാസ വകുപ്പു മന്ത്രി മകരന്ദ് പാട്ടീൽ വെള്ളിയാഴ്ച നിയമസഭയിൽ അറിയിച്ചതനുസരിച്ച് മാർച്ച്, ഏപ്രിൽ മാസങ്ങളിൽ മാത്രം 479 കർഷക ആത്മഹത്യകളുണ്ടായി. മാർച്ചിൽ 250 പേരും ഏപ്രിലിൽ 229 പേരുമാണ് ജീവിതം വഴിമുട്ടി ജീവനൊടുക്കിയത്. ‌2024ൽ 2635, 2023ൽ 2851 എന്നിങ്ങനെയാണ് കർഷക ആത്മഹത്യകളാണുണ്ടായതെന്നും കണക്കു വന്നിട്ടുണ്ട്. ഈ കണക്കുകൾ ഞെട്ടിക്കുന്നതു തന്നെയാണ്. മഹാരാഷ്ട്രയിൽ കേന്ദ്ര സർക്കാരിന്‍റെ കിസാൻ സമ്മാൻ നിധിക്കു പുറമേ സംസ്ഥാന സർക്കാരും പ്രതിവർഷം 6000 രൂപ വീതം ഒരു കോടിയിലധികം കർഷകർക്കു നൽകുന്നുണ്ട്. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സഹായമായി അങ്ങനെ വർഷം 12,000 രൂപ കർഷകരുടെ അക്കൗണ്ടിൽ വരുന്നു എന്നാണ് സംസ്ഥാന സർക്കാർ ചൂണ്ടിക്കാണിക്കുന്നത്. പ്രകൃതി ദുരന്തങ്ങളിലെ വിളനാശത്തിനു നഷ്ടപരിഹാരം അടക്കം മറ്റു സഹായങ്ങളുമുണ്ട്. കാർഷിക വിളകൾക്കു ന്യായമായ വില ഉറപ്പാക്കുന്നതും ജില്ലാതലത്തിൽ കൗൺസലിങ് സെന്‍ററുകൾ നടത്തുന്നതും അടക്കം നടപടികളുണ്ട്. ഇതൊക്കെ കർഷക ആത്മഹത്യകൾ തടയുന്നതിനാണെന്ന് മകരന്ദ് പാട്ടീൽ അവകാശപ്പെടുന്നു.

എന്നാൽ, കർഷക ആത്മഹത്യകൾ വർധിക്കുന്നത് സംസ്ഥാന സർക്കാരിന്‍റെ പരാജയമാണു കാണിക്കുന്നതെന്നു പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. കേന്ദ്ര, സംസ്ഥാന സർക്കാരുകളെ ഒരുപോലെ പ്രതിക്കൂട്ടിൽ നിർത്താനാണ് കോൺഗ്രസ് നേതാക്കളുടെ ശ്രമം. അതേസമയം, സംസ്ഥാനത്ത് കോൺഗ്രസ്- എന്‍സിപി സഖ്യം ഭരിക്കുമ്പോഴാണു കൂടുതൽ കർഷക ആത്മഹത്യകളുണ്ടായിട്ടുള്ളതെന്ന് ബിജെപി ചൂണ്ടിക്കാണിക്കുന്നു. കോൺഗ്രസ്-എൻസിപി സഖ്യം ഭരിച്ച 15 വർഷത്തിനിടെ 55,000 കർഷക ആത്മഹത്യകളുണ്ടായിട്ടുണ്ടെന്ന് ബിജെപി കണക്കു നിരത്തി പറയുന്നു. 1999-2004ൽ 16,512 പേരും 2004-09ൽ 20,566 പേരും 2009-14ൽ 18,850 പേരും ആത്മഹത്യ ചെയ്തു എന്നാണു ബിജെപിയുടെ കണക്ക്.

ഇത്തരത്തിൽ ഭരണ, പ്രതിപക്ഷ കക്ഷികൾ തമ്മിലുള്ള രാഷ്ട്രീയ പോരാട്ടം ശക്തമായിരിക്കുകയാണ്. മറാത്ത്‌വാഡയിലും വിദർഭയിലും വർഷങ്ങളായി കർഷകരുടെ സ്ഥിതി ദയനീയമായി തുടരുകയാണ് എന്നതാണു വാസ്തവം. രാഷ്ട്രീയ കക്ഷികൾ പരസ്പരം കുറ്റപ്പെടുത്തിയതു കൊണ്ട് അതിനൊരു പരിഹാരം ഉണ്ടാവുകയുമില്ല. കടക്കെണിയിൽ നിന്നു മോചിതരാവാൻ കഴിയാത്തതു കർഷകർ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ്. കടക്കെണി വർധിച്ചു വരുന്നതിനു കാരണങ്ങൾ പലതുണ്ട്. കാലാവസ്ഥ ചതിക്കുന്നതുകൊണ്ടുണ്ടാവുന്ന വിളനാശത്തിനു മതിയായ പരിഹാരം സർക്കാർ ഉറപ്പാക്കേണ്ടതുണ്ട്. ജലസേചന സൗകര്യങ്ങളിലെ അപര്യാപ്തതകൾ പരിഹരിക്കേണ്ടതുണ്ട്. കർഷകർക്കുള്ള സർക്കാർ സഹായം വർധിപ്പിക്കണമെന്നതിനു പുറമേ ആത്മഹത്യ ചെയ്യുന്നവരുടെ കുടുംബങ്ങൾക്കുള്ള ധനസഹായം വർധിപ്പിക്കണമെന്ന ആവശ്യവും മഹാരാഷ്ട്രയിൽ പൊതുവായി ഉയരുന്നുണ്ട്. ഇപ്പോൾ ഒരു ലക്ഷം രൂപ മാത്രമാണ് ആത്മഹത്യ ചെയ്തവരുടെ കുടുംബങ്ങൾക്കു ധനസഹായമായി നൽകുന്നത്. പല കേസുകളിലും സർക്കാർ മാനദണ്ഡ പ്രകാരം ധനസഹായം കിട്ടാതെ പോകുന്ന അവസ്ഥയുമുണ്ട്. ധനസഹായത്തിനുള്ള നടപടിക്രമങ്ങൾ വൈകുന്നു എന്ന ആക്ഷേപവും നിലനിൽക്കുന്നു. കടക്കെണിയിൽ നിന്നു കർഷകരെ രക്ഷിക്കാൻ സർക്കാർ ഭാഗത്തുനിന്ന് കൂടുതൽ ഗൗരവമുള്ള നടപടികൾ എന്തായാലും ഉണ്ടാവേണ്ടതുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com