പഴിചാരലല്ല, വേണ്ടത് പ്രശ്നപരിഹാരം| മുഖപ്രസംഗം

നമ്മുടെ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് എന്നതൊരു നഗ്നസത്യമാണ്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംImage by Freepik

തന്‍റേതല്ലാത്ത കാരണത്താൽ കടക്കെണിയിൽപ്പെട്ട പ്രസാദ് എന്ന കർഷകൻ കുട്ടനാട്ടിലെ തകഴിയിൽ വിഷം കഴിച്ച് ആത്മഹത്യ ചെയ്തതിനു പിന്നാലെ, ലൈഫ് പദ്ധതിയിൽ നിർമാണമാരംഭിച്ച വീടിനുള്ള പണം സർക്കാർ നൽകാത്തതിനാൽ പത്തനംതിട്ട ഓമല്ലൂരിൽ ഗോപി എന്നയാൾ സ്വയം തീകൊളുത്തി ജീവനൊടുക്കിയെന്ന വാർത്തയും വന്നിരിക്കുന്നു. രണ്ടിനും സർക്കാരിനും ബന്ധപ്പെട്ട അധികൃതർക്കും ഉദ്യോഗസ്ഥർക്കുമൊക്കെ തങ്ങളുടേതായ ന്യായങ്ങൾ ഏറെ നിരത്താനുണ്ടാകും. എന്നാൽ, സംസ്ഥാന ഭരണക്കാർക്ക് ഒരുതരത്തിലും ഒഴിഞ്ഞുമാറാനാവാത്ത ഒട്ടേറെ ചോദ്യങ്ങൾ ഈ സംഭവങ്ങളിൽ ഉൾച്ചേർന്നിരിക്കുന്നു.

നമ്മുടെ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് എന്നതൊരു നഗ്നസത്യമാണ്. അക്കാര്യം സമ്മതിച്ച് ചീഫ് സെക്രട്ടറി തന്നെ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരിക്കുന്നു. നിത്യച്ചെലവുകൾക്കു പോലും പണം കണ്ടെത്താൻ ഏറെ ബുദ്ധിമുട്ടുകയാണെന്നു മുഖ്യമന്ത്രിയും ധനമന്ത്രിയും സമ്മതിക്കുന്നു. ഇതിനു കേന്ദ്രസർക്കാരാണു കാരണക്കാരെന്നാണ് അവരുടെ വാദം. അരലക്ഷം കോടിയിലേറെ രൂപ കേന്ദ്രം കേരളത്തിനു നൽകാനുണ്ടത്രെ. അതിന്‍റെ ചില കണക്കുകളൊക്കെ ധനമന്ത്രി അവതരിപ്പിക്കുന്നുമുണ്ട്. പക്ഷേ, ജനങ്ങൾ അതൊന്നും കാര്യമായി വിശ്വസിച്ചിട്ടില്ല എന്നതാണു വാസ്തവം.

കർഷകരിൽ നിന്നുള്ള നെല്ലുസംഭരണം എങ്ങനെ വേണമെന്നും അവർക്ക് എങ്ങനെ പണം കൊടുക്കണമെന്നും സ്വാതന്ത്ര്യാനന്തരം ഇന്നോളം നാം ചർച്ച ചെയ്തുവരികയാണ്. പക്ഷേ വഴി മാത്രം കണ്ടെത്തിയിട്ടില്ല. പ്രസാദിന്‍റെ മരണത്തിലേക്കു നയിച്ചതിനു മുഖ്യ കാരണം അതുതന്നെയാണ്. ബാങ്കുകളുടെ പിടിവാശി, വ്യക്തിഗത വായ്പയുടെ തിരിച്ചടവുമായി ബന്ധപ്പെട്ട കാര്യങ്ങൾ, സിബിൽ സ്കോറിലെ പോരായ്മ എന്നൊക്കെ പറയാമെന്നേയുള്ളൂ. ഇതൊക്കെ സംഭവിച്ചത് നെല്ലു സംഭരിച്ചതിന്‍റെ പണവുമായി ബന്ധപ്പെട്ടു പ്രസാദിനുണ്ടായ പ്രശ്നങ്ങളാണ് എന്നതാണ് അടിസ്ഥാനവിഷയം.

നെൽ കർഷകന് നെല്ലിന്‍റെ സംഭരണത്തിലെ 75 ശതമാനം തുകയും കേന്ദ്ര സർക്കാർ നൽകിക്കഴിഞ്ഞു. എന്നാൽ സംസ്ഥാന വിഹിതം നൽകാത്ത പിണറായി സർക്കാർ കേന്ദ്രത്തിന്‍റെ പണവും നൽകുന്നില്ല എന്നാണു മറ്റൊരു ആരോപണം. കുട്ടനാട്ടിലെയും പാലക്കാട്ടെയുമൊക്കെ പാടശേഖര സമിതിക്കാരും ഇക്കാര്യം ആവർത്തിക്കുന്നുണ്ട്. കർഷകർക്ക് ബാങ്ക് ലോൺ പോലും കിട്ടാത്തതിന് കാരണം ഇതാണത്രെ.

ലൈഫ് മിഷൻ പദ്ധതി ആകെ അവതാളത്തിലാണ്. വീടിന് വേണ്ടി 7 ലക്ഷം പേരുടെ അപേക്ഷകളാണ് സർക്കാരിനു മുന്നിൽ കെട്ടിക്കിടക്കുന്നത്. അപേക്ഷകൾ ആവർത്തിച്ച് വാങ്ങിക്കുന്നതല്ലാതെ ആർക്കും സർക്കാർ വീട് കൊടുക്കുന്നില്ല എന്നാണ് ആരോപണം. തങ്ങൾക്കു സർക്കാരിൽ നിന്നു പണം കിട്ടിയാലേ ഉപയോക്താവിനു കൊടുക്കാനാവൂ എന്ന് പഞ്ചായത്തു ഭരണക്കാർ കൈമലർത്തുന്നു. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി (അർബൻ) പ്രകാരം 1,66,752 വീട് അനുവദിച്ചതിൽ 1,16,116 പൂർത്തിയായി. റൂറലിൽ 14,812 വീട് അനുവദിച്ചു. എന്നാൽ സംസ്ഥാനം പിഎംഎവൈ അട്ടിമറിക്കുകയും ലൈഫ് പദ്ധതി പ്രകാരം പണം കൊടുക്കാതിരിക്കുകയും ചെയ്യുന്നുവെന്നാണു പരാതികൾ.

കുടുംബശ്രീ അംഗങ്ങൾ നടത്തിവരുന്ന ജനകീയ ഹോട്ടലുകളുടെ അവസ്ഥയെപ്പറ്റി ഏറെ ചർച്ചകൾ നടന്നുകഴിഞ്ഞു. സബ്സിഡി തുക കിട്ടാതെ ആകെ വലയുന്ന അവർ സമരരംഗത്തുമാണ്. 20 രൂപയ്ക്ക് ഊണ് എന്നത് അസാധ്യമായ കാര്യമാണ്. എന്നാൽ കൊവിഡ് കാലത്ത് അതു ജനങ്ങൾക്കു വലിയ ആശ്വാസമായി. 10 രൂപ സർക്കാർ സബ്സിഡിയായി നൽകുമെന്നായിരുന്നു വാഗ്ദാനം. അതു നൽകാൻ ബുദ്ധിമുട്ടാണെന്നും ഊണിന് 30 രൂപയാക്കിക്കോളൂ എന്നുമാണ് സർക്കാരിന്‍റെ പുതിയ നിർദേശം. അപ്പോഴും, കിട്ടാനുള്ള തുകയ്ക്ക് ആരോടു ചോദിക്കുമെന്നാണ് കുടുംബശ്രീയിലെ അംഗങ്ങളുടെ ആശങ്ക.

സപ്ലൈകോയിൽ സാധനങ്ങളില്ല. അവിടെയുള്ള 13 സബ്സിഡി ഇനങ്ങളുടെ വില കൂട്ടാനുള്ള ആലോചനയിലാണ് അധികൃതർ. വൈദ്യുതി, വെള്ളം നിരക്കുകളെല്ലാം വർധിപ്പിച്ചു. ചുരുക്കത്തിൽ, സർക്കാരിന്‍റെ സാമ്പത്തിക ഞെരുക്കം മിക്ക മേഖലകളെയും പ്രതിസന്ധിയിലാക്കി എന്നുറപ്പ്. അതിന്‍റെ ദുരിതമൊക്കെ അനുഭവിക്കേണ്ടിവരുന്നത് സാധാരണക്കാരായ ജനങ്ങളാണ്. അതിന്‍റെ ബലിയാടുകളാണ് പ്രസാദും ഗോപിയുമൊക്കെ. കേന്ദ്രത്തെ കേരളവും, കേരളത്തെ കേന്ദ്രവും കുറ്റം പറഞ്ഞിരുന്നിട്ടു കാര്യമൊന്നുമില്ല. കേരളീയവും നവകേരള സദസും വേണോ വേണ്ടയോ എന്ന ചർച്ചകളിലും കാര്യമൊന്നുമില്ല. ജനങ്ങളുടെ ദുരിതത്തിനു വേഗം പരിഹാരം കാണണം. അതിന് ഏതു വഴിയാണു നോക്കേണ്ടതെന്ന് ഭരണക്കാരും പ്രതിപക്ഷവും ഒന്നിച്ചിരുന്ന് ആലോചിച്ചാലും തരക്കേടില്ല.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com