നിർവചിക്കപ്പെടണം, വെടിക്കെട്ടിനുള്ള 'അസമയം'| മുഖപ്രസംഗം

ക്ഷേത്രങ്ങളിൽ നടക്കുന്ന വെടിവഴിപാട് അടക്കം ഉത്തരവിന്‍റെ പരിധിയിൽ വരുമോ എന്നും അറിയേണ്ടതാണ്.
Representative image
Representative image

സംസ്ഥാനത്ത് ആരാധനാലയങ്ങളിൽ അസമയത്ത് വെടിക്കെട്ട് നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് വലിയ ചർച്ചകൾക്കു വഴിവച്ചിട്ടുണ്ട്. 'അസമയം' എന്നു പറയുന്നതിനു കൃത്യമായൊരു വിശദീകരണം എന്താവും എന്നതാണ് ഒരു ചോദ്യം. ഇതിനു സർക്കാർ തന്നെ വ്യക്തത തേടേണ്ടിയിരിക്കുകയാണ്. പൂര്‍ണമായും വെടിക്കെട്ടില്ലാതെ ക്ഷേത്രങ്ങളില്‍ ഉത്സവങ്ങള്‍ നടത്തുക വലിയ പ്രയാസമാണെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ പ്രതികരിച്ചിട്ടുണ്ട്. കോടതി ഉത്തരവിനെതിരേ ദേവസ്വം ബോർഡും സർക്കാരും ഒന്നിച്ച് അപ്പീൽ നൽകുമെന്നും അദ്ദേഹം പറയുന്നു. ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട വിഷയമെന്ന നിലയിൽ വളരെ സൂക്ഷിച്ചേ സർക്കാരിനൊരു തീരുമാനമെടുക്കാനാവൂ. ബന്ധപ്പെട്ട എല്ലാവരുമായി ചർച്ച നടത്തി കോടതിയെ അറിയിക്കേണ്ടത് എന്തെന്നതിൽ ധാരണയുണ്ടാക്കേണ്ടതാണ്. ഇതു സംബന്ധിച്ച കേസ് തുടർ പരിഗണനയ്ക്കായി ഈ മാസം 24ലേക്കു മാറ്റിവച്ചിരിക്കുകയാണല്ലോ. ക്ഷേത്രങ്ങളിൽ നടക്കുന്ന വെടിവഴിപാട് അടക്കം ഉത്തരവിന്‍റെ പരിധിയിൽ വരുമോ എന്നും അറിയേണ്ടതാണ്.

കേന്ദ്ര മന്ത്രി വി. മുരളീധരനും കോടതി ഉത്തരവിനെ അനുകൂലിക്കുന്നില്ല. ഭരണഘടന ഉറപ്പു നൽകുന്നതാണ് ആരാധനാ സ്വാതന്ത്ര്യം. ആരാധനാലയങ്ങളിലെ ഉത്സവങ്ങൾ എങ്ങനെയായിരിക്കണമെന്നു തീരുമാനിക്കേണ്ടത് കോടതിയല്ല, ഇതൊക്കെ വിശ്വാസികളുടെ അവകാശമാണ് എന്നാണ് അദ്ദേഹം പ്രതികരിച്ചു കണ്ടത്. അസമയമെന്ന സമയം ഏതാണെന്ന് ആരു തീരുമാനിക്കുമെന്ന് അദ്ദേഹം ചോദിക്കുന്നുണ്ട്. രാവിലെ നാലു മണിക്ക് ക്ഷേത്രങ്ങള്‍ തുറന്ന് പൂജ തുടങ്ങും. അത് അസമയമാണെന്ന് ഒരാള്‍ക്ക് തോന്നിയാല്‍, സൂര്യോദയത്തിനു ശേഷമേ സമയമാകുകയുള്ളൂ എന്നു പറഞ്ഞാല്‍ എങ്ങനെയാണ് തീരുമാനമെടുക്കുക എന്നതാണ് മുരളീധരന്‍റെ സംശയം.

നാട്ടിലെ പല ഉത്സവങ്ങളുടെയും പ്രധാന ഭാഗമാണ് വെടിക്കെട്ട്. അത് ഒഴിവാക്കിക്കൊണ്ടുള്ള ആഘോഷം പെട്ടെന്ന് ഉൾക്കൊള്ളാൻ പലർക്കും ബുദ്ധിമുട്ടാവും. വെടിക്കെട്ടില്ലാതെ എന്ത് തൃശൂർ പൂരമെന്ന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ ഒരേ സ്വരത്തിൽ ചോദിക്കുന്നുണ്ട്. ആയിരക്കണക്കിനു പൂരപ്രേമികൾക്കും വെടിക്കെട്ട് ഒഴിവാക്കുന്നതു നല്ലതായി തോന്നുമെന്നു കരുതാനാവില്ല. എല്ലാവരെയും കേട്ടിട്ടല്ല കോടതി ഇങ്ങനെയൊരു ഉത്തരവ് പുറപ്പെടുവിച്ചതെന്ന് പാറമേക്കാവ് ദേവസ്വം അഭിപ്രായപ്പെടുന്നു. വെടിക്കെട്ട് ആചാരത്തിന്‍റെ ഭാഗമാണെന്ന് തിരുവമ്പാടി ദേവസ്വം വിശദീകരിക്കുന്നു. വടക്കുന്നാഥൻ ഉപദേശക സമിതിയും കോടതി ഉത്തരവിനോടു വിയോജിക്കുന്ന അഭിപ്രായമാണു സ്വീകരിക്കുന്നത്. ചുരുക്കത്തിൽ ഉത്തരവിനോട് യോജിപ്പില്ലാത്ത ആരാധനാലയങ്ങളും വിശ്വാസികളുമുണ്ട്. അവരുടെ നിലപാട് കോടതിയിൽ എത്തേണ്ടതുണ്ട്. അതിനു മുൻകൈയെടുക്കേണ്ടതു സർക്കാരാണ്.

വെടിക്കെട്ടും വിശ്വാസവുമായി ബന്ധിപ്പിക്കുന്നതിനോട് കോടതിക്കു യോജിപ്പില്ലെന്നുവേണം കരുതാൻ. ""ദൈവങ്ങളെ പ്രീതിപ്പെടുത്താൻ പടക്കം പൊട്ടിക്കണമെന്ന് ഒരു വിശുദ്ധ ഗ്രന്ഥത്തിലും പ്രഥമദൃഷ്ട്യാ കൽപ്പനയില്ലെന്ന്'' ഉത്തരവിൽ പറയുന്നുണ്ട്. ആരാധനാലയങ്ങളിൽ പരിശോധന നടത്തി അനധികൃതമായി സൂക്ഷിച്ചിരിക്കുന്ന പടക്കങ്ങളും മറ്റും പിടിച്ചെടുക്കാനും കോടതി നിർദേശിച്ചിരിക്കുകയാണ്. പൊലീസ് മേധാവികളുടെ സഹായത്തോടെ ജില്ലാ കലക്റ്റർമാർ ഈ പരിശോധന നടത്തണമെന്നാണു നിർദേശം. വെടിക്കെട്ടിന്‍റെ ശബ്ദം പരിസ്ഥിതി മലിനീകരണമുണ്ടാക്കും, ജനങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കും തുടങ്ങിയ ദോഷങ്ങളാണു കോടതി ചൂണ്ടിക്കാണിക്കുന്നത്.

സംസ്ഥാനത്ത് കഴിഞ്ഞ കാലത്തുണ്ടായ ചില ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ വെടിക്കെട്ടിനു നിയന്ത്രണം നേരത്തേ തന്നെ ഏർപ്പെടുത്തിയിട്ടുണ്ട്. ശബ്ദപരിധിയിലും ദൂരപരിധിയിലും എല്ലാം നിയന്ത്രണങ്ങളുണ്ട്. സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും വെടിക്കെട്ടിന് അനുമതി നൽകുമ്പോൾ നിഷ്കർഷിക്കാറുണ്ട്. അതെല്ലാം അതുപോലെ പാലിക്കപ്പെടുന്നുണ്ടോ എന്നതു പരിശോധിക്കപ്പെടേണ്ടതാണ് എന്നതിൽ തർക്കമില്ല. എന്നാൽ, "അസമയത്ത് ' എന്നത് കൃത്യമായി നിർവചിക്കപ്പെടുകയും അതു പൊതുവേ സ്വീകാര്യമാവുകയും വേണം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com