
റെയ്‌ൽവേ സ്റ്റേഷനിലും ട്രെയ്‌നുകളിലും ലഭിക്കുന്ന ഭക്ഷണം മികച്ച ഗുണനിലവാരമുള്ളതാക്കുകയെന്നത് യാത്രക്കാരോടു ചെയ്യേണ്ട മിനിമം മര്യാദയാണ്. വാങ്ങുന്ന പണത്തോടു നീതി പുലർത്തുന്ന ഭക്ഷണമാണ് രാജ്യത്ത് ഏതു ട്രെയ്‌നിലും റെയ്‌ൽവേ സ്റ്റേഷനിലും ലഭ്യമാവുന്നതെന്ന് ഉറപ്പുവരുത്താൻ റെയ്‌ൽവേ അധികൃതർക്കു കഴിയുന്നില്ലെന്നത് എത്രയോ തവണ അനുഭവമുള്ളതാണ്. വൃത്തിഹീനമായ സാഹചര്യങ്ങളിൽ തയാറാക്കുന്ന ഭക്ഷണം വിതരണം ചെയ്യുന്നത് പലപ്പോഴും വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. മോശം ഭക്ഷണം ലഭിച്ചതിനെക്കുറിച്ചുള്ള പരാതികൾ പലരും പലപ്പോഴായി ഉന്നയിച്ചിട്ടുണ്ട്. വർഷങ്ങളായി ഇതു തുടർന്നുകൊണ്ടിരിക്കുകയാണ്. എന്നിട്ടും അതിനൊരു പരിഹാരം ആവുന്നില്ല എന്നതാണ് നിരാശാജനകമായിട്ടുള്ളത്. ഏറ്റവും അവസാനം ഏറെ അഭിമാനത്തോടെ റെയ്‌ൽവേ പുറത്തിറക്കിയതാണു വന്ദേ ഭാരത് ട്രെയ്നുകൾ. രാജ്യത്തെ റെയ്‌ൽ ഗതാഗത രംഗത്തു വലിയ മാറ്റങ്ങളാണ് ഈ അതിവേഗ ട്രെയ്‌ൻ കൊണ്ടുവന്നിരിക്കുന്നത്. കുറഞ്ഞ സമയം കൊണ്ട് കൂടുതൽ ദൂരം പിന്നിടുന്ന ഇവയിൽ ചാർജ് കൂടുതലാണെങ്കിലും യാത്രക്കാർക്കു കുറവില്ല. ലോകോത്തര നിലവാരത്തിലുള്ള ആഡംബര സൗകര്യങ്ങൾ ഇതിലുണ്ട്. കേരളത്തിലും മറ്റു പലയിടത്തും ഇതിൽ കയറാൻ യാത്രക്കാരുടെ തിരക്കാണ്. പതിനാറും എട്ടും കോച്ചുള്ള വന്ദേ ഭാരതുകൾക്കു പുറമേ 20 കോച്ചുള്ള വന്ദേഭാരതുകളും റെയ്‌ൽവേ അവതരിപ്പിച്ചുകഴിഞ്ഞു. സ്ലീപ്പർ കോച്ചുകളുള്ള വന്ദേഭാരതും വരാനിരിക്കുന്നു.
ജനപ്രിയമായ ഈ ട്രെയ്‌നിൽ പോലും നല്ല ഭക്ഷണമല്ല കിട്ടുന്നതെന്ന പരാതി ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്. തിരുനെൽവേലി-ചെന്നൈ എഗ്‌മൂർ വന്ദേഭാരതിൽ പ്രാതലിനൊപ്പം നൽകിയ സാമ്പാറിൽ പ്രാണിയെ കണ്ടതിനെത്തുടർന്ന് കരാറുകാരന് 50000 രൂപ പിഴ ഈടാക്കിയത് കഴിഞ്ഞ ദിവസമാണ്. യാത്രക്കാരനോടു റെയ്‌ൽവേ മാപ്പു പറയുകയും ചെയ്തു. അതുകൊണ്ട് ഈ പ്രശ്നം അവസാനിക്കേണ്ടതല്ല. ഇത്തരത്തിലുള്ള ഭക്ഷണം എത്ര യാത്രക്കാരാണ് അറിയാതെ കഴിച്ചുകൊണ്ടിരിക്കുന്നതെന്ന് ആർക്കറിയാം. ഭക്ഷണത്തിന്‍റെ ശുചിത്വവും ഗുണനിലവാരവും ഉറപ്പുവരുത്താൻ കർശനമായ പരിശോധനകൾ അടക്കം കൂടുതൽ നടപടികൾ ഉണ്ടായേ തീരൂ. വന്ദേഭാരതിന് തിരക്കുള്ള റൂട്ടുകളിൽ ഒന്നാണ് ചെന്നൈയിൽ നിന്നു തിരുനെൽവേലിയിലേക്കും തിരിച്ചുമുള്ളത്. 119 ശതമാനം ഒക്യുപ്പൻസി നിരക്കുള്ള ഈ ട്രെയ്‌നിൽ കോച്ചുകളുടെ എണ്ണം എട്ടിൽ നിന്ന് പതിനാറാക്കാൻ റെയ്‌ൽവേ തീരുമാനിച്ചിരിക്കുകയാണ്. കൂടുതൽ ആളുകളെ ഉൾക്കൊള്ളാൻ സൗകര്യമുണ്ടാക്കുന്നത് നല്ല കാര്യം തന്നെ. അതോടൊപ്പം അവർക്ക് നല്ല ഭക്ഷണം ഉറപ്പാക്കുന്നതിലും കാര്യമായ പരിഗണന നൽകണം. പ്രീമിയം സർവീസിന്‍റെ നിലവാരം ഭക്ഷണത്തിലും കാണണം.
വന്ദേ ഭാരത് ട്രെയ്‌നിലെ ഭക്ഷണത്തിൽ നിന്നു പാറ്റയെ കണ്ടെത്തിയതായ പരാതി ഇതിനു മുൻപും ഉയർന്നിട്ടുണ്ട്. മഹാരാഷ്ട്രയിൽ സർവീസ് നടത്തുന്ന ഒരു വന്ദേഭാരതിൽ ഭക്ഷണത്തിൽ നിന്നു പാറ്റയെ കണ്ടെത്തിയതായി ഒരു മുംബൈ സ്വദേശി പരാതിപ്പെട്ടത് ഓഗസ്റ്റിലാണ്. ദാലിൽ നിന്നു കിട്ടിയ പാറ്റയുടെ ചിത്രം ഈ യാത്രക്കാരൻ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. അന്നും റെയ്‌ൽവേ ഭക്ഷണം നൽകിയവരിൽ നിന്നു പിഴ ഈടാക്കുകയും യാത്രക്കാരനോടു ക്ഷമ ചോദിക്കുകയും ചെയ്തു. വന്ദേഭാരതിലെ ഭക്ഷണത്തിൽ പാറ്റയെ കണ്ടെത്തിയതായ പരാതി കഴിഞ്ഞ ജൂണിലും ഉയർന്നിരുന്നു. ഭോപ്പാലിൽ നിന്ന് ആഗ്രയിലേക്കുള്ള യാത്രക്കിടെ നൽകിയ ഭക്ഷണത്തിലാണ് പാറ്റയെ കണ്ടതെന്ന് ദമ്പതികൾ പരാതിപ്പെട്ടതിനെത്തുടർന്ന് റെയ്‌ൽവേ ക്ഷമ ചോദിക്കുകയും ഭക്ഷണ വിതരണക്കാർക്ക് പിഴ ചുമത്തുകയും ചെയ്തു. കേരളത്തിൽ ഓടുന്ന വന്ദേഭാരതിൽ പ്രഭാത ഭക്ഷണത്തിനൊപ്പം കിട്ടിയ മുട്ടക്കറിയിൽ നിന്നു പാറ്റയെ ലഭിച്ചെന്ന പരാതി ഉയർന്നത് ഏപ്രിലിലാണ്. ഫെബ്രുവരിയിലും ഭക്ഷണത്തിൽ ചത്ത പാറ്റയെ കണ്ടെത്തിയെന്ന് ഒരു വന്ദേഭാരതിലെ യാത്രക്കാരൻ പരാതിപ്പെട്ടിരുന്നു. കഴിഞ്ഞ വർഷവും ഇത്തരത്തിലുള്ള പരാതി ഉയർന്നിട്ടുണ്ട്. റെയ്‌ൽവേ ഭക്ഷണ വിതരണക്കാരനു പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്. പിഴ ചുമത്തുകയോ ക്ഷമ ചോദിക്കുകയോ ചെയ്തതു കൊണ്ട് ഭക്ഷണ വിതരണത്തിലെ അശ്രദ്ധ ഒഴിവാക്കാനാവില്ലെന്നാണ് ഇതിൽ നിന്നു തെളിയുന്നത്.
വന്ദേ ഭാരതിൽ ഇതാണ് അവസ്ഥയെങ്കിൽ മറ്റു ട്രെയ്‌നുകളിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്‍റെ ഗുണനിലവാരം എത്രകണ്ട് ഉറപ്പാക്കുന്നുണ്ട് എന്നു ന്യായമായും സംശയിക്കാമല്ലോ. ഷൊർണൂർ റെയ്‌ൽവേ സ്റ്റേഷനിൽ യാത്രക്കാർക്കു വിതരണം ചെയ്ത വടയിൽ ചത്ത തവളയെ കണ്ടത് ഏതാനും മാസം മുൻപാണ്. ഇതേത്തുടർന്ന് നടത്തിയ പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണസാധനങ്ങൾ പാചകം ചെയ്യുന്നത് കണ്ടെത്തിയിരുന്നു. റെയ്‌ൽവേ സ്റ്റേഷനിലെ ഭക്ഷണശാലകളിൽ പാചകം ചെയ്യുന്നവ മാത്രമേ പ്ലാറ്റ്ഫോമിൽ വിതരണം ചെയ്യാവൂ എന്ന നിബന്ധന പാലിക്കപ്പെടുന്നില്ലെന്നും കണ്ടെത്തിയതാണ്. പ്രതിദിനം ലക്ഷക്കണക്കിനു യാത്രക്കാർക്ക് സേവനം നൽകുന്നുണ്ട് ഇന്ത്യൻ റെയ്‌ൽവേ. ലോകത്തെ തന്നെ ഏറ്റവും തിരക്കേറിയതും വിപുലവുമായ റെയ്‌ൽപ്പാതാ ശൃംഖലകളിലൊന്നാണു നമ്മുടേത്. ഇത്ര വലിയ ഒരു സംവിധാനത്തിന്‍റെ നടത്തിപ്പിലുണ്ടാകാവുന്ന ഒറ്റപ്പെട്ട പോരായ്മകളായി പക്ഷേ, ഭക്ഷണത്തിലെ ശുചിത്വമില്ലായ്മയെ കാണാനാവില്ല. എല്ലാവർക്കും നല്ല ഭക്ഷണം മാത്രമാണു കിട്ടുന്നതെന്ന് ഉറപ്പാക്കാൻ റെയ്‌ൽവേയ്ക്കു കഴിയട്ടെ.