ഗാസയിൽ സമാധാനം പുലരട്ടെ | മുഖപ്രസംഗം

പതിനഞ്ചു മാസം നീണ്ട ഗാസയിലെ യുദ്ധം അവസാനിപ്പിച്ചുകൊണ്ടുള്ള കരാർ നിലവിൽ വന്നു
Editorial on Gaza ceasefire
ഗാസയിൽ സമാധാനം പുലരട്ടെ
Updated on

നിരവധിയാളുകളുടെ ജീവൻ നഷ്ടപ്പെട്ട ഒരു യുദ്ധത്തിന് അന്ത്യമായ ആശ്വാസത്തിലാണ് ലോകം ഇപ്പോഴുള്ളത്. പതിനഞ്ചു മാസം നീണ്ട ഗാസയിലെ യുദ്ധം അവസാനിപ്പിച്ചുകൊണ്ടുള്ള കരാർ നിലവിൽ വന്നു. ബെഞ്ചമിൻ നെതന്യാഹുവിന്‍റെ നേതൃത്വത്തിലുള്ള ഇസ്രേലി മന്ത്രിസഭയും ഹമാസും സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള നീക്കങ്ങൾക്ക് അനുകൂലമായി പ്രതികരിച്ചത് യുദ്ധത്തിൽ ഗാസ തകർന്നു തരിപ്പണമായ ശേഷമാണെന്നതു നിരാശാജനകമെങ്കിലും ചോരപ്പുഴ ഒഴുകുന്നതിന് ഇപ്പോഴെങ്കിലും അവസാനമായല്ലോ എന്ന ആശ്വാസമുണ്ട്. വെടിനിർത്തൽ കരാർ നടപ്പാക്കുന്നതിന് ഗാസ മുനമ്പിലെ ""മുഴുവൻ ഉത്തരവാദിത്വവും'' തങ്ങൾ ഏറ്റെടുക്കാമെന്ന് പലസ്തീനിയൻ അഥോറിറ്റി പ്രഖ്യാപിച്ചിരിക്കുന്നു. കഴിഞ്ഞ ബുധനാഴ്ച രാത്രിയിൽ ദോഹയിൽ നടന്ന വാർത്താസമ്മേളനത്തിൽ വെടിനിർത്തൽ കരാർ പ്രഖ്യാപിച്ച ശേഷവും ഇസ്രേലി സൈന്യം ഗാസയ്ക്കു മേലുള്ള ആക്രമണങ്ങൾ അവസാനിപ്പിച്ചിരുന്നില്ല. വെടിനിർത്തൽ പ്രഖ്യാപനത്തിനു ശേഷമുള്ള ദിവസങ്ങളിലെ ആക്രമണങ്ങളിൽ 33 കുട്ടികൾ അടക്കം 133 പലസ്തീനികൾ കൊല്ലപ്പെട്ടുവെന്നാണു റിപ്പോർട്ട്.

ഇക്കഴിഞ്ഞ 15 മാസത്തിനിടെ ഗാസയിൽ 46,899 പലസ്തീനികൾ കൊല്ലപ്പെട്ടതായാണ് കണക്കുകൾ. ഒരു ലക്ഷത്തിലേറെ പേർക്കു പരുക്കേറ്റിട്ടുണ്ട്. താമസസ്ഥലങ്ങളും ആശുപത്രികളും അടക്കം സകലതും തകർന്നു തരിപ്പണമായി. ഡ്രോണുകളും ഫൈറ്റർ ജെറ്റുകളും സ്ഫോടനങ്ങളും ഗാസയെ വിറപ്പിച്ചുകൊണ്ടിരുന്ന ഈ ദിനങ്ങൾ ഇനിയൊരിക്കലും തിരിച്ചുവരരുതേയെന്ന് സമാധാനപ്രിയരായ മുഴുവൻ ആളുകളും ആഗ്രഹിക്കുന്നുണ്ടാവും. ഹമാസിന്‍റെ കേന്ദ്രങ്ങൾ തകർക്കുകയെന്ന ലക്ഷ്യം പൂർത്തിയാകാതെ ഗാസയിൽ നിന്നു പിന്മാറില്ലെന്ന് ആവർത്തിച്ചു വ്യക്തമാക്കിക്കൊണ്ടിരുന്ന ഇസ്രയേൽ ലോക രാജ്യങ്ങളുടെ സമ്മർദങ്ങൾക്കു വഴങ്ങിയിരുന്നില്ല. സ്ത്രീകളും കുട്ടികളും അടക്കം സാധാരണക്കാർ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നത് ഹമാസ് അവരെ പരിചയായി ഉപയോഗിക്കുന്നതുകൊണ്ടാണ് എന്ന വാദമാണ് ഇസ്രയേൽ മുന്നോട്ടുവച്ചത്. ഒടുവിൽ യുഎസും ഖത്തറും ഈജിപ്റ്റും മുൻകൈയെടുത്താണ് സമാധാനക്കരാറുണ്ടാക്കിയത്. ഇതിൽ തന്നെ ഖത്തറാണ് സമാധാന ശ്രമങ്ങളിൽ പ്രധാന മധ്യസ്ഥരായത്. അമെരിക്കൻ പ്രസിഡന്‍റ് സ്ഥാനം ഒഴിയും മുൻപ് ഗാസയിലെ യുദ്ധം അവസാനിപ്പിക്കണമെന്ന ജോ ബൈഡന്‍റെ ആഗ്രഹം സഫലമാകുന്നുവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. അമെരിക്കൻ നയതന്ത്രത്തിന്‍റെയും ദീർഘമായ പിന്നാമ്പുറ ചർച്ചകളുടെയും ഫലമാണ് സമാധാനക്കരാറെന്ന് ബൈഡൻ അവകാശപ്പെടുന്നു.

ഹമാസിന്‍റെ ഇസ്രയേൽ ആക്രമണത്തിനു തിരിച്ചടിയായാണ് 2023 ഒക്റ്റോബർ ഏഴു മുതൽ ഗാസയിൽ ഇസ്രേലി സൈന്യം ആക്രമണം ആരംഭിച്ചത്. ഹമാസിന്‍റെ ഇസ്രയേൽ ആക്രമണത്തിൽ1,139 പേർ കൊല്ലപ്പെട്ടിരുന്നു. ഇരുനൂറിലേറെ പേരെ അവർ ബന്ദികളാക്കുകയും ചെയ്തു. സർവവിധ സുരക്ഷാ സംവിധാനങ്ങളുമുള്ള, യുദ്ധസന്നാഹങ്ങളിൽ അത്യാധുനിക സൗകര്യങ്ങളെല്ലാമുള്ള ഇസ്രയേലിനെ ഞെട്ടിക്കുന്നതായിരുന്നു ഹമാസിന്‍റെ ഈ അപ്രതീക്ഷിത ആക്രമണം. ഇനിയും ഇതുപോലൊരു ആക്രമണത്തിന് ഹമാസ് അവശേഷിക്കില്ലെന്നായിരുന്നു ഇസ്രയേലിന്‍റെ പ്രഖ്യാപനവും. ഇസ്രയേൽ ആക്രമണങ്ങളിൽ നിരവധി നേതാക്കളെ നഷ്ടപ്പെട്ട ഹമാസ് ഈ യുദ്ധം കൊണ്ട് ദുർബലമായിട്ടുണ്ടെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഹമാസിനു പിന്തുണ പ്രഖ്യാപിച്ച് ലബനനിൽനിന്നും സിറിയയിൽ നിന്നും ആക്രമണങ്ങളുണ്ടായപ്പോൾ അതിനെയും ഇസ്രയേൽ പ്രതിരോധിച്ചു.

ഇപ്പോൾ നടപ്പിലാവുന്ന സമാധാനക്കരാറിന്‍റെ ആദ്യ ഘട്ടം 42 ദിവസത്തെ വെടിനിർത്തലാണ്. അതു കഴിഞ്ഞ് രണ്ടാം ഘട്ടത്തിലേക്കു കടക്കും. ഗാസയിൽ ഹമാസ് ബന്ദികളായി വച്ചിരിക്കുന്ന 33 പേരെ ആദ്യ ഘട്ടത്തിൽ വിട്ടയക്കണം. സ്ത്രീകളും കുട്ടികളും പ്രായം ചെന്നവരും ഇതിൽ ഉൾപ്പെടും. ഇതിനു പകരം ഇസ്രയേൽ 737 തടവുകാരെ മോചിപ്പിക്കുമെന്നാണു പറയുന്നത്. ബന്ദികളുടെ മോചനത്തിന് മൂന്നു സ്ഥലങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. ഡോക്റ്റർമാരും മാനസികാരോഗ്യ വിദഗ്ധരും അടക്കം എല്ലാ സംവിധാനങ്ങളും അവിടെ ഒരുക്കിയിരിക്കുന്നു. ഗാസയിലെ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലകളിൽ നിന്ന് ആദ്യ ഘട്ടത്തിൽ ഇസ്രേലി സേന പിന്മാറും. അതേസമയം ഗാസയിൽ ഒരു ബഫർ സോൺ ഇസ്രയേൽ സൂക്ഷിക്കുകയും ചെയ്യും. ഇസ്രേലി സൈനികരുള്ള സ്ഥലങ്ങളിലേക്കോ ഇസ്രയേൽ-ഗാസ അതിർത്തി പ്രദേശങ്ങളിലേക്കോ പലസ്തീനികൾക്കു മടങ്ങിവരാൻ അനുമതിയില്ല. മുഴുവൻ ബന്ദികളെയും മോചിപ്പിച്ചു കഴിയുന്നതു വരെ ഇസ്രേലി സേന ഗാസയിൽ നിന്നു പൂർണമായി പിന്മാറില്ല. ഒന്നാം ഘട്ടം വിജയകരമായി പൂർത്തിയായാൽ അടുത്ത ഘട്ടങ്ങൾ വിജയിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയാണു മധ്യസ്ഥർക്കുള്ളത്. എന്തായാലും കരാർ ഗാസയിൽ ശാശ്വത സമാധാനം കൊണ്ടുവരുമോയെന്നറിയാൻ കാത്തിരിക്കുകയാണ് എല്ലാവരും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com