ഊഷ്മളമായി തുടരട്ടെ, ഇന്ത്യ- യുകെ ബന്ധങ്ങൾ | മുഖപ്രസംഗം

മലയാളികൾ അടക്കം ലക്ഷക്കണക്കിന് ഇന്ത്യക്കാർ യുകെയിലുണ്ട് എന്നതുകൊണ്ടുതന്നെ ബ്രിട്ടിഷ് രാഷ്‌ട്രീയത്തിലുണ്ടാവുന്ന മാറ്റങ്ങൾ നമുക്കും ഏറെ പ്രധാനമാണ്.
Keir Starmer and India
Keir Starmer
Updated on

മലയാളികൾ അടക്കം ലക്ഷക്കണക്കിന് ഇന്ത്യക്കാർ യുകെയിലുണ്ട് എന്നതുകൊണ്ടുതന്നെ ബ്രിട്ടിഷ് രാഷ്‌ട്രീയത്തിലുണ്ടാവുന്ന മാറ്റങ്ങൾ നമുക്കും ഏറെ പ്രധാനമാണ്. യുകെയിലെ ഭരണമാറ്റം ഇന്ത്യയുമായുള്ള ആ രാജ്യത്തിന്‍റെ ബന്ധത്തെ ഏതൊക്കെ വിധത്തിൽ ബാധിക്കുമെന്നു പലരും ഉറ്റുനോക്കുന്നുണ്ട്. കൺസർവേറ്റിവ് പാർട്ടി അധികാരത്തിലിരുന്ന ബ്രിട്ടനിൽ ഏതാണ്ട് രണ്ടു വർഷം മുൻപാണ് ഇന്ത്യൻ വംശജനായ ഋഷി സുനക് പ്രധാനമന്ത്രി സ്ഥാനത്തെത്തിയത്. ബ്രിട്ടിഷ് പ്രധാനമന്ത്രിയാവുന്ന ആദ്യത്തെ ഏഷ്യൻ വംശജനും ആദ്യ ഹിന്ദുമത വിശ്വാസിയുമായിരുന്നു ഋഷി. ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തിയുടെയും സുധ മൂർത്തിയുടെയും മകൾ അക്ഷത മൂർത്തിയാണ് ഋഷിയുടെ ഭാര്യ. പ്രധാനമന്ത്രിസ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്‍റെ ഉയർച്ച യുകെയിലുള്ള ഇന്ത്യൻ സമൂഹത്തിനു പൊതുവിൽ ആവേശം ഉയർത്തിയതാണ്.

ഋഷിയുടെ കാലത്ത് പലവട്ടം ചർച്ചകൾ നടന്നുകഴിഞ്ഞ ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാരക്കരാറിന്‍റെ (എഫ്ടിഎ) ഭാവി എന്താവും എന്നതടക്കമുള്ള ആശങ്കകൾ സർക്കാർ മാറ്റത്തോടെ ഉയർന്നുവരുന്നുണ്ട്. വാണിജ്യ, പ്രതിരോധ മേഖലകളിലെ സഹകരണത്തെ എങ്ങനെയൊക്കെ ബാധിക്കുമെന്നതും ചർച്ച ചെയ്യപ്പെടുകയാണ്. 14 വർഷത്തെ കൺസർവേറ്റിവ് ഭരണത്തിന് അന്ത്യം കുറിച്ചാണ് ഇപ്പോൾ ലേബർ പാർട്ടി അധികാരത്തിലെത്തിയിരിക്കുന്നത്. അവരുടെ നേതാവ് കെയർ സ്റ്റാർമറാണു പുതിയ പ്രധാനമന്ത്രി. കുടിയേറ്റം നിയന്ത്രിക്കുമെന്നു വാഗ്ദാനം നൽകിയാണു ലേബർ പാർട്ടിയും സ്റ്റാർമറും അധികാരമേറ്റിരിക്കുന്നത്. കുടിയേറ്റത്തിൽ ഉദാരമായ നയം സ്വീകരിച്ച ഋഷിയുടെ മാതൃക പിന്തുടരില്ലെന്ന് സ്റ്റാർമർ നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. വിസ നിയന്ത്രണങ്ങൾ കർശനമാക്കുന്നതടക്കം നടപടികളുണ്ടായാൽ അത് ഇന്ത്യക്കാരെയും ബാധിക്കും. യുകെയിൽ തൊഴിൽസാധ്യത കാണുന്ന നിരവധി ഇന്ത്യക്കാരുണ്ട്. അവിടെ പഠിക്കാൻ താത്പര്യപ്പെടുന്ന ഇന്ത്യൻ വിദ്യാർഥികളും ഏറെയാണ്. അവരെല്ലാം ഉറ്റുനോക്കുന്നത് പുതിയ സർക്കാരിന്‍റെ നയസമീപനത്തെയാണ്.

ഇന്ത്യയുമായി അടുത്ത ബന്ധം ഉണ്ടാവേണ്ടതിന്‍റെ ആവശ്യകത നേരത്തേ സ്റ്റാർമറുടെ നേതൃത്വത്തിൽ ലേബർ പാർട്ടി വ്യക്തമാക്കിയിരുന്നു. വ്യാപാരത്തിൽ മാത്രമല്ല, പുതിയ സാങ്കേതിക വിദ്യ, പരിസ്ഥിതി, സുരക്ഷ, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളിലൊക്കെ സഹകരണം ആവശ്യമാണെന്നാണു ലേബർ പാർട്ടി പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്തരത്തിൽ ബന്ധങ്ങൾ ദൃഢമാക്കാനുള്ള പരിശ്രമമുണ്ടായാൽ അത് ഇരു രാജ്യക്കാർക്കും ഗുണകരമായി മാറും. ഇന്ത്യയുമായി "പുതിയ തന്ത്രപ്രധാന പങ്കാളിത്തം' എന്നാണു ലേബർ പാർട്ടി അതിന്‍റെ പ്രകടന പത്രികയിൽ പറഞ്ഞിരിക്കുന്നത്. സ്വതന്ത്ര വ്യാപാരക്കരാറും ഇതിന്‍റെ പരിധിയിൽ വരുന്നതാണ്. ഇതു സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ ഏറെ മുന്നോട്ടുപോയിട്ടുണ്ടെന്ന് ന്യൂഡൽഹിയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അവകാശപ്പെടുന്നുണ്ട്. ഏതാണ്ടു രണ്ടര വർഷക്കാലമായി വ്യാപാരക്കരാർ സംബന്ധിച്ച ചർച്ചകൾ നടക്കുകയാണ്.

പുതിയ വിദേശകാര്യ സെക്രട്ടറിയായി സ്റ്റാർമർ നിയോഗിച്ചിട്ടുള്ള ഡേവിഡ് ലാമ്മി താൻ അധികാരത്തിലെത്തിയാൽ ഒരു മാസത്തിനകം ഇന്ത്യ സന്ദർശിക്കുമെന്ന് ഒരാഴ്ച മുൻപ് അവകാശപ്പെട്ടിരുന്നു. വ്യാപാരക്കരാർ വൈകുന്നതിലുള്ള നിരാശയും അദ്ദേഹം പ്രകടിപ്പിക്കുകയുണ്ടായി. നിരവധി ബിസിനസുകൾ കരാറിനായി കാത്തിരിക്കുകയാണെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. കരാറിന്‍റെ കാര്യത്തിൽ പുരോഗതിയുണ്ടാവുമെന്ന പ്രതീക്ഷ ഇന്ത്യയിലെ വാണിജ്യ മന്ത്രി പിയൂഷ് ഗോയലും പ്രകടിപ്പിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളുടെയും താത്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ടുള്ള കരാർ യാഥാർഥ്യമാക്കാൻ കഴിഞ്ഞാൽ അതു പുതിയ യുകെ സർക്കാരിന്‍റെ പ്രധാന നേട്ടങ്ങളിലൊന്നായി മാറും. യുകെയുടെ വിദേശകാര്യ നയത്തിൽ കാര്യമായ മാറ്റങ്ങൾ ആരും പ്രതീക്ഷിക്കുന്നില്ല. സാമ്പത്തിക മേഖലയിലെ തിരിച്ചുവരവിനായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണവർ. അതിന് ആഗോള സാമ്പത്തിക വ്യവസ്ഥയെ ആശ്രയിക്കണം. ഇന്ത്യയുടെ വിശാലമായ വിപണി ലേബർ പാർട്ടിക്കും കാണാതിരിക്കാനാവില്ല.

കശ്മീർ പ്രശ്നത്തിൽ ഇന്ത്യയ്ക്ക് അലോസരമുണ്ടാക്കിയ നിലപാട് മുൻപ് ലേബർ പാർട്ടി സ്വീകരിച്ചിട്ടുണ്ട്. പാക്കിസ്ഥാനോടും ചൈനയോടും കൂടുതൽ അടുപ്പം പുലർത്തുന്ന സമീപനം മാറിയ ലോകക്രമത്തിൽ അവർ സ്വീകരിക്കില്ലെന്നു തന്നെ പ്രതീക്ഷിക്കണം. കശ്മീർ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും ഇന്ത്യ- പാക് പ്രശ്നങ്ങൾ ഉഭയകക്ഷി ചർച്ചയിലൂടെ മാത്രം പരിഹരിക്കേണ്ടതാണെന്നും തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ സ്റ്റാർമർ വ്യക്തമാക്കിയിരുന്നു. ഇക്കഴിഞ്ഞ ജനുവരിയിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്‍റെ യുകെ സന്ദർശനത്തിൽ രണ്ടു സുപ്രധാന കരാറുകളിൽ ഒപ്പുവച്ചിരുന്നു. അന്താരാഷ്‌ട്ര കേഡറ്റ് എക്സ്ചേഞ്ച് പ്രോഗ്രാം, പ്രതിരോധ മേഖലയിലെ ഗവേഷണത്തിലും വികസനത്തിലുമുള്ള സഹകരണം എന്നിവ സംബന്ധിച്ചാണിവ. പ്രതിരോധ വ്യവസായ മേഖലയിലെ സഹകരണത്തിനു പ്രത്യേക ഊന്നൽ നൽകിയുള്ള ചർച്ചകളും അന്നു നടക്കുകയുണ്ടായി. ഇരു രാജ്യങ്ങളും സ്വാഭാവിക പങ്കാളികൾ എന്ന നിലയിലാണ് അന്നത്തെ ചർച്ചകൾ നടന്നത്. രണ്ടു പതിറ്റാണ്ടിനിടയിൽ വലിയ പുരോഗതിയാണ് ഇന്ത്യ-യുകെ ബന്ധങ്ങളിലുണ്ടായിരിക്കുന്നത്. ഇതു കൂടുതൽ കരുത്തോടെ മുന്നോട്ടുകൊണ്ടുപോകാൻ യുകെയിലെ പുതിയ സർക്കാർ തയാറാവുമെന്നു കരുതാം.

Trending

No stories found.

Latest News

No stories found.