തലയുയർത്തി ലോക ചാംപ്യൻമാർ | മുഖപ്രസംഗം

തോൽവി മുന്നിൽ തെളിഞ്ഞപ്പോഴും വിട്ടുകൊടുക്കില്ലെന്ന വാശി, അവസാനം ഏഴു റൺസിന്‍റെ ഇന്ത്യൻ വിജയത്തിനു വഴി തുറന്നു
Editorial on India winning T20 World Cup
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ വിജയാഘോഷം.

ലോക ക്രിക്കറ്റിന്‍റെ നെറുകയിൽ നമ്മുടെ ത്രിവർണ പതാക. ഇന്ത്യയാണിപ്പോൾ ട്വന്‍റി20 ക്രിക്കറ്റിലെ ലോക ചാംപ്യൻമാർ. ക്യാപ്സൂൾ ക്രിക്കറ്റിന്‍റെ മുഴുവൻ ത്രില്ലും ആവാഹിച്ചെടുത്ത ഫൈനൽ, ടീം ഇന്ത്യ പിടിച്ചെടുത്തത് അവിശ്വസനീയമായ പ്രകടന മികവിലാണ്. ഈ ടൂർണമെന്‍റിന്‍റെ തുടക്കം മുതൽ അവസാനം വരെ രോഹിതിന്‍റെ സംഘം കാണിച്ച ടീം സ്പിരിറ്റ് രണ്ടാം തവണയും കുട്ടിക്രിക്കറ്റിലെ ലോക ചാംപ്യൻമാരാവാൻ രാജ്യത്തെ സഹായിച്ചുവെന്നു നിസംശയം പറയാം. ടൂർണമെന്‍റിലുടനീളം തോൽവിയറിയാതെ ഇതാദ്യമായി ഒരു ടീം ടി20 ലോകകപ്പ് നേടി എന്നതാണ് ഇത്തവണത്തെ സവിശേഷത. ആദ്യ റൗണ്ടിൽ ക്യാനഡക്കെതിരായ മത്സരം മഴയിൽ ഉപേക്ഷിച്ചതൊഴിച്ചാൽ ടൂർണമെന്‍റിൽ കളിച്ച മുഴുവൻ മത്സരവും ഇന്ത്യ ജയിച്ചു. തോൽവിയറിയാതെയാണ് ദക്ഷിണാഫ്രിക്കയും ഫൈനലിൽ എത്തിയത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ടൂർണമെന്‍റിലെ ഏറ്റവും മികച്ച ടീമുകൾ തന്നെ ഫൈനലിൽ കടന്നു. നിലവിലുള്ള ചാംപ്യൻമാരായിരുന്ന ഇംഗ്ലണ്ടിനുമേൽ 68 റൺസിന്‍റെ ആധികാരിക വിജയം തന്നെയായിരുന്നു സെമിയിൽ ഇന്ത്യയുടേത്. അഫ്ഗാനിസ്ഥാനെ പിടിച്ചുനിൽക്കാൻ പോലും അനുവദിക്കാതെയാണു ദക്ഷിണാഫ്രിക്ക തകർത്തുവിട്ടത്.

മികച്ച ടീമുകളുടെ മികച്ച പ്രകടനം ആവേശം ലവലേശം ചോരാതെ ആവർത്തിക്കുന്നതാണു ഫൈനലിലും കണ്ടത്. തോൽവി മുന്നിൽ തെളിഞ്ഞപ്പോഴും വിട്ടുകൊടുക്കില്ലെന്ന വാശി, അവസാനം ഏഴു റൺസിന്‍റെ ഇന്ത്യൻ വിജയത്തിനു വഴി തുറന്നു. ഏതെങ്കിലും വിധത്തിൽ കിരീടം അകന്നുപോവുകയെന്ന ദൗർഭാഗ്യം പതിവുപോലെ ദക്ഷിണാഫ്രിക്കയെ പിന്തുടർന്നുവെന്നും പറയാം. അവസാന 30 പന്തിൽ 30 റൺസ് മാത്രം എടുക്കേണ്ടപ്പോൾ ആറു വിക്കറ്റുകൾ ദക്ഷിണാഫ്രിക്കയുടെ കൈവശമുണ്ടായിരുന്നു. ട്വന്‍റി20യിൽ ഇത് അനായാസ വിജയത്തിനുള്ള അവസരമായല്ലാതെ എങ്ങനെ കണക്കുകൂട്ടാനാണ്. പക്ഷേ, ആഫ്രിക്കൻ സ്വപ്നങ്ങൾക്കും എത്രയോ ഉയരത്തിലായിരുന്നു 140 കോടി ഇന്ത്യക്കാരുടെ ഒരു കപ്പ് ദാഹം. അന്താരാഷ്‌ട്ര ക്രിക്കറ്റിൽ വിരാട് കോലിയുടെയും രോഹിത് ശർമയുടെയും അവസാന ട്വന്‍റി20 മത്സരം കപ്പുയർത്തി തന്നെ അവസാനിക്കണമെന്നത് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ മുഴുവൻ ആഗ്രഹിച്ചതാണ്. രാഹുൽ ദ്രാവിഡ് എന്ന ഹെഡ് കോച്ചിന് അവസാന മത്സരത്തിൽ ഗുരുദക്ഷിണയായി ലോകകപ്പ് കിട്ടട്ടെയെന്നും അവർ പ്രാർഥിച്ചിരുന്നു. ഇന്ത്യക്കാരുടെ മോഹങ്ങളും പ്രാർഥനകളും പന്തിലേക്ക് ആവാഹിക്കപ്പെട്ടപ്പോൾ അസാധാരണ തിരിച്ചുവരവിന്‍റെ മാന്ത്രിക വലയത്തിൽ അകപ്പെട്ടുപോയി ദക്ഷിണാഫ്രിക്ക.

27 പന്തിൽ 52 റൺസ് നേടിയ ഹെൻറിച്ച് ക്ലാസൻ വിജയത്തിലേക്കു നയിച്ചുകൊണ്ടിരുന്ന ദക്ഷിണാഫ്രിക്കയെ പതിനേഴാം ഓവറിലെ ആദ്യ പന്തിൽ മടക്കി ഇന്ത്യയെ വീണ്ടും ഗെയിമിലേക്കു തിരിച്ചുകൊണ്ടുവന്ന ഹാർദിക് പാണ്ഡ്യ തന്‍റെ മൂന്ന് ഓവറിൽ 20 റൺസ് വഴങ്ങി മൂന്നു വിക്കറ്റുകളാണെടുത്തത്. രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ ജസ്പ്രീത് ബുമ്രയും അർഷ്ദീപ് സിങ്ങും നൽകിയ സംഭാവനകളും നിർണായകമായി. തന്‍റെ അവസാന രണ്ട് ഓവറുകളിൽ റണ്ണൊഴുക്കു തടഞ്ഞ് ആഫ്രിക്കൻ മുന്നേറ്റത്തിനു പ്രതിസന്ധി സൃഷ്ടിച്ച ബുമ്രയുടെ പ്രകടനം ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളർ താൻ തന്നെയെന്നു തെളിയിക്കുന്നതായിരുന്നു. നാല് ഓവറിൽ 18 റൺസ് മാത്രമാണ് ബുമ്ര വഴങ്ങിയത് എന്നതു കൂടി ഓർക്കാവുന്നതാണ്. ആദ്യ രണ്ടോവറിൽ 12 റൺസ് വഴങ്ങിയ ബുമ്ര അവസാന രണ്ടോവറിൽ ആറു റൺസ് മാത്രമാണു കൊടുത്തത്. മാർക്കോ യാൻസന്‍റെ വിക്കറ്റും ഈ വരവിൽ വീഴ്ത്തി. ഇതുപോലൊരു ബൗളർ ടീമിലുണ്ടാവണമെന്ന് ഏതു ടീമാണ് ആഗ്രഹിക്കാത്തത്. പാണ്ഡ്യയെറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിൽ ഡേവിഡ് മില്ലറെ പുറത്താക്കിയ സൂര്യകുമാർ യാദവിന്‍റെ അതിസുന്ദര "ബൗണ്ടറി ക്യാച്ചും' ഇതിനോടൊക്കെ ചേർത്തു പറയണം. "ക്യാച്ചസ് വിൻ മാച്ചസ്' എന്നതു ക്രിക്കറ്റിലെ പ്രശസ്തമായ ചൊല്ലാണ്. ഒരിക്കൽക്കൂടി അതിന്‍റെ മാറ്റു തെളിയിക്കുകയാണ് ഈ വിജയം.

ടൂർണമെന്‍റിൽ വേണ്ടത്ര തിളങ്ങാൻ കഴിയാതിരുന്ന വിരാട് കോലിയുടെ ഫൈനലിലെ തിരിച്ചുവരവ് യഥാർഥ ചാംപ്യനു ചേർന്നതായി. ഇന്ത്യൻ ബാറ്റിങ്ങിന്‍റെ നെടുംതൂണായി നിന്ന് 59 പന്തിൽ കോലി നേടിയ 76 റൺസാണ് ടി 20 ഫൈനൽ ചരിത്രത്തിലെ ഏറ്റവും വലിയ സ്കോറിലേക്ക് (ഏഴിന് 176) ഇന്ത്യയെ എത്തിച്ചത്. മൂന്നുവിക്കറ്റിന് 34 റൺസെന്ന നിലയിൽ തകർന്ന ടീമിനെ കരകയറ്റാൻ കോലിക്കു തുണയായ അക്ഷർ പട്ടേലിന്‍റെ 47 റൺസ് പ്രകടനവും എടുത്തുപറയേണ്ടതാണ്. കഴിഞ്ഞ മത്സരങ്ങളെ അപേക്ഷിച്ച് കൂടുതൽ ലക്ഷ്യബോധത്തോടെ ബാറ്റ് ചെയ്യാൻ ശിവം ദുബെയ്ക്കും കഴിഞ്ഞു. കോലി ക്രീസിൽ ഉറച്ചുനിൽക്കുന്നു എന്നതാണ് ടീമിനു മൊത്തത്തിൽ ആത്മവിശ്വാസം പകർന്നത്.

ക്രിക്കറ്റിൽ ഇന്ത്യ ആദ്യമായി ലോക ചാംപ്യൻമാരാവുന്നത് 1983ൽ കപിൽ ദേവിന്‍റെ ടീം ഏകദിന ലോകകപ്പ് നേടിയപ്പോഴായിരുന്നു. ഏകദിന ക്രിക്കറ്റിന് രാജ്യത്ത് പ്രചാരമുണ്ടാക്കിയത് ഈ വിജയമാണ്. തികച്ചും അപ്രതീക്ഷിതമായിരുന്നു "കപിലിന്‍റെ ചെകുത്താൻമാർ' കാഴ്ചവച്ച പ്രകടനം. അടുത്തത് ടി20യുടെ ഊഴമായിരുന്നു. 2007ൽ ധോണിയുടെ നേതൃത്വത്തിലുള്ള യുവനിര ചരിത്രത്തിലെ ആദ്യ ട്വന്‍റി20 ലോകകപ്പ് കിരീടം സ്വന്തമാക്കി. ഇന്ത്യയുടെ മൂന്നാം ലോകകപ്പ് വീണ്ടും ഏകദിന ഫോർമാറ്റിലായിരുന്നു. ധോണിയുടെ ക്യാപ്റ്റൻസിയിൽ, 2011ൽ. പിന്നീട് ഒരു ലോക കിരീടത്തിന് ഒരു ദശകത്തിലേറെ നീണ്ട കാത്തിരിപ്പാണ്. ടി20യുടെ മാത്രം കാര്യമെടുത്താൽ 17 വർഷത്തെ കാത്തിരിപ്പ്. സെമിയിലും ഫൈനലിലും പൊലിഞ്ഞുപോയ പ്രതീക്ഷകൾ പലതുണ്ട്. അവയ്ക്കൊക്കെ പകരം തീർത്തിരിക്കുകയാണ് ഈ ആവേശോജ്വല വിജയം.

Trending

No stories found.

Latest News

No stories found.