മാറ്റങ്ങളുടെ പാളത്തിൽ ഇന്ത്യൻ റെയ്‌ൽവേ

ഇനി ഐആർസിടിസി വെബ്‌സൈറ്റിലും മൊബൈൽ ആപ്പിലും ആധാർ അധിഷ്ഠിതമായി സ്ഥിരീകരിക്കപ്പെട്ട ഉപയോക്താക്കൾക്കു മാത്രമേ തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാനാവൂ
editorial on Indian Railway

മാറ്റങ്ങളുടെ പാളത്തിൽ ഇന്ത്യൻ റെയ്‌ൽവേ

Updated on

എല്ലാ കാര്യത്തിലും എക്കാലവും പരാതികളും പഴികളും മാത്രം കേട്ടിരുന്ന നമ്മുടെ റെയ്ൽവേയ്ക്ക് ഇപ്പോൾ അഭിനന്ദനങ്ങളുടെ പ്രവാഹമാണ്. അത്രമേൽ റെയ്ൽവേ മാറിയിരിക്കുന്നു. ട്രെയ്‌നുകൾ, സ്റ്റേഷനുകൾ എന്നിവയ്ക്ക് അത്യാധുനികമായി രൂപമാറ്റം വന്നുകൊണ്ടിരിക്കുന്നു. പുതുപുത്തൻ ട്രെയ്‌നുകൾ, നവീന കോച്ചുകൾ. സ്റ്റേഷനുകളിലും പാളങ്ങളിലും ട്രെയ്‌നുകൾക്കുള്ളിലും വൃത്തിയുടെ കാര്യത്തിൽ വലിയ പുരോഗതി. സമയനിഷ്ഠയും തരക്കേടില്ലാതെ ഭേദപ്പെട്ടു. നൂറുകണക്കിനു സ്റ്റേഷനുകൾ വിമാനത്താവള നിലവാരത്തിൽ അതിവേഗം മുഖഛായ മാറ്റുന്നു.

ജമ്മു കശ്മീരിലും അരുണാചൽ പ്രദേശിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും അടക്കം ഇന്നേവരെ റെയ്‌ൽ കണക്റ്റിവിറ്റിയില്ലാതിരുന്ന നാനാ കോണുകളിലേക്കും സർവീസുകൾ എത്തുകയാണ്. നമ്മുടെ പ്രസ്റ്റീജ് ട്രെയ്‌നായ സെമി ഹൈസ്പീഡ് വന്ദേഭാരത് എക്സ്പ്രസുകൾക്ക് വിദേശ രാജ്യങ്ങൾ പോലും ഓർഡർ നൽകാൻ തുടങ്ങിയിരിക്കുന്നു. മെട്രൊ റെയ്‌ലിന്‍റെ കോച്ചുകൾ ഇറക്കുമതി ചെയ്തിരുന്ന സ്ഥാനത്ത് നാമിപ്പോൾ കയറ്റുമതിക്കാരായി മാറുകയാണ് എന്നു പറഞ്ഞാലും അദ്ഭുതമില്ല. നരേന്ദ്ര മോദി സർക്കാർ റെയ്‌ൽവേ രംഗത്ത് മുന്തിയ പരിഗണന നയപരമായും സാമ്പത്തികമായും നൽകിയതിന്‍റെ ഫലം. അശ്വിനി വൈഷ്ണവ് എന്ന മന്ത്രിയുടെ അവിശ്രമമുള്ള പ്രയത്നം. ഇവയെ പ്രശംസിക്കാതിരിക്കാനാവില്ല.

ഈ മാസം മുതൽ റെയ്‌ൽവേ മറ്റു ചില ശ്രദ്ധേയമായ പരിഷ്കാരങ്ങൾ കൂടി അവതരിപ്പിക്കുകയാണ്. അതിൽ ഏറ്റവും ശ്രദ്ധേയം ടിക്കറ്റ് ബുക്കിങ് എളുപ്പമാക്കാനുള്ള നടപടിയാണ്. നവീകരിച്ച റിസർവേഷൻ സംവിധാനത്തിന് (പിആർഎസ്) നിലവിലുള്ളതിന്‍റെ പത്തിരട്ടി സേവനങ്ങൾ കൈകാര്യം ചെയ്യാൻ ശേഷിയുണ്ട്. ചടുലവും വിപുലീകൃതവുമായ സംവിധാനം. ഇത് ടിക്കറ്റ് ബുക്കിങ് ശേഷി ഗണ്യമായി വർധിപ്പിക്കും. പുതിയ പിആർഎസ് മിനിറ്റിൽ ഒന്നര ലക്ഷത്തിലധികം ബുക്കിങ്ങുകൾ അനുവദിക്കും. അതായത്, നിലവിലെ മിനിറ്റിൽ 32,000 ടിക്കറ്റുകൾ എന്നതിൽ നിന്ന് അഞ്ചു മടങ്ങ് വർധന. ഡിസംബറോടെ ഇതു നിലവിൽ വരും.

പുതിയ റിസർവേഷൻ സംവിധാനത്തിൽ ബഹുഭാഷാപരവും ഉപയോക്തൃ സൗഹൃദവുമായ ബുക്കിങ്, അന്വേഷണ പ്ലാറ്റ്ഫോം എന്നിവയുണ്ട്. താത്പര്യമുള്ള സീറ്റ് തെരഞ്ഞെടുക്കാം, ടിക്കറ്റ് നിരക്ക് കലണ്ടർ കാണാം. ദിവ്യാംഗർ, വിദ്യാർഥികൾ, രോഗികൾ എന്നിവർക്കായി സംയോജിത സൗകര്യങ്ങൾ. വെയ്റ്റിങ് ലിസ്റ്റിലെ എണ്ണം വർധിപ്പിച്ചത് യാത്രക്കാർക്ക് വലിയ സഹായമാണ്. നിലവിലെ നാലു മണിക്കൂർ എന്നതു മാറ്റി എട്ടു മണിക്കൂർ മുമ്പേ റിസർവേഷൻ ചാർട്ട് തയാറാക്കാൻ ഒരുങ്ങുകയാണ്. ഇതോടെ വെയിറ്റ്‌ ലിസ്റ്റിന്‍റെ തൽസ്ഥിതി വിവരങ്ങൾ വളരെ മുൻകൂട്ടി ലഭിക്കുന്നതിനാൽ യാത്രക്കാരുടെ ടെൻഷൻ കുറയും. ടിക്കറ്റ് എൻക്വയറി ശേഷി 10 മടങ്ങ് വർധിപ്പിക്കും; അതായത്, ഒരു മിനിറ്റിൽ നാലു ലക്ഷം അന്വേഷണത്തിൽ നിന്ന് 40 ലക്ഷമാകും.

ഇനി ഐആർസിടിസി വെബ്‌സൈറ്റിലും മൊബൈൽ ആപ്പിലും ആധാർ അധിഷ്ഠിതമായി സ്ഥിരീകരിക്കപ്പെട്ട ഉപയോക്താക്കൾക്കു മാത്രമേ തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാനാവൂ. കൂടാതെ, ഒടിപി സ്ഥിരീകരണവും നടത്തും. ആധാർ അല്ലെങ്കിൽ ഡിജി ലോക്കർ അക്കൗണ്ടിൽ ലഭ്യമായ മറ്റേതെങ്കിലും അംഗീകൃത തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് കൺഫർമേഷൻ നടത്താം.

റെയിൽ വൺ എന്ന പുതിയ ആപ് റെയ്ൽവേ അവതരിപ്പിച്ചു. ഇതിൽ ടിക്കറ്റ് ബുക്കിങ് മാത്രമല്ല പിഎൻആർ, ഭക്ഷണം, പ്ലാറ്റ്‌ഫോം ടിക്കറ്റ്, ട്രെയ്ൻ ട്രാക്കിങ്, പരാതിപ്പെടാനുള്ള ലിങ്ക് തുടങ്ങി റെയ്‌ൽവേയുടെ സേവനങ്ങളെല്ലാം ഒറ്റ ക്ലിക്കിൽ ലഭ്യമാകും. അൺറിസർവ്ഡ് ടിക്കറ്റുകൾ ചെക്ക് ചെയ്യാനുള്ള ഓപ്ഷനുമുണ്ട്. വിവിധ സേവനങ്ങൾക്ക് വിവിധ ആപ്പുകൾ എന്ന തലവേദന ഇതോടെ അവസാനിക്കും.

ഇന്നലെ മുതൽ ടിക്കറ്റ് നിരക്ക് പുതുക്കിയിട്ടുണ്ട്. വലിയ വർധന എന്നു വിമർശിക്കാനാവില്ല എന്നതാണു ശ്രദ്ധേയം. അത്യാധുനിക സേവനങ്ങൾ നൽകാനുള്ള സാമ്പത്തിക സുസ്ഥിരത വർധിപ്പിക്കുക എന്നതാണു ലക്ഷ്യമെന്നു റെയ്‌ൽവേ വിശദീകരിക്കുന്നു. അര പൈസ മുതൽ 15 രൂപ വരെയാണു വർധന. സാധാരണ ക്ലാസിൽ 500 കിലോമീറ്റർ വരെ വർധനവില്ല. 501 മുതൽ 1,500 കിലോമീറ്റർ വരെ 5 രൂപയും 2,500 കിലോമീറ്റർ വരെ 10 രൂപയും 2,501 മുതൽ 3,000 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 15 രൂപയും വർധനവ്. റിസർവേഷൻ ഫീസ്, സൂപ്പർ ഫാസ്റ്റ് സർചാർജുകൾ, മറ്റ് ചാർജുകൾ എന്നിവയിൽ മാറ്റമില്ല.

യാത്രക്കാരുടെ ആവശ്യവും സുഖവും സൗകര്യവും സമയത്തിന്‍റെ വിലയും സുരക്ഷയുമൊന്നും ഇത്രനാളും റെയ്ൽ‌വേ കാര്യമായി പരിഗണിച്ചിരുന്നില്ല എന്നതിൽ സംശയമേയില്ല. എന്നാൽ ആ സ്ഥിതിക്കു മാറ്റം വരികയാണെന്നു പ്രത്യക്ഷത്തിൽ തന്നെ അനുഭവപ്പെടുന്നു. ഇന്ത്യയെ തലങ്ങും വിലങ്ങും ബന്ധിപ്പിച്ച് 68,500 കിലോമീറ്ററോളം ദൈർഘ്യമുള്ള റൂട്ട് പാതകളിൽ 7,300ലേറെ സ്റ്റേഷനുകൾ, ശരാശരി പ്രതിദിനം 13,200ഓളം ട്രെയ്‌നുകൾ, പ്രതിദിനം രണ്ടരക്കോടി യാത്രക്കാർ. ലോകത്തെ നാലാമത്തെ ബൃഹത്തായ പൊതുഗതാഗത സംവിധാനം. ഇതിലെ യാത്രികരെ കേന്ദ്രീകരിച്ചു കൊണ്ടുള്ള മാറ്റങ്ങൾ വരുത്തിയാൽ ഇന്ത്യൻ റെയ്‌ൽവേ കൂടുതൽ ഉയരങ്ങളിലേക്കു കുതിക്കും. അതിനുള്ള കൂടുതൽ ആസൂത്രണങ്ങൾ, ഗവേഷണങ്ങൾ, നയം മാറ്റങ്ങൾ എന്നിവ തുടരാൻ കഴിയട്ടെ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com