ചോരക്കുഞ്ഞുങ്ങളോട് എന്തിനാണ് ഈ ക്രൂരത?

പെട്ടെന്നുള്ള പരിഭ്രാന്തിയിൽ ചെയ്തുപോയതാണ് കൊലപാതകമെന്ന വാദം, കൊടുംക്രൂരതയ്ക്കുള്ള ന്യായീകരണമല്ല
ചോരക്കുഞ്ഞുങ്ങളോട് എന്തിനാണ് ഈ ക്രൂരത?
ചോരക്കുഞ്ഞുങ്ങളോട് എന്തിനാണ് ഈ ക്രൂരത?Representative imae

കൊച്ചിയിൽ നവജാത ശിശുവിനെ പ്രസവിച്ചയുടൻ അമ്മ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് ഫ്ലാറ്റിൽ നിന്നു റോഡിലേക്കു വലിച്ചെറിഞ്ഞ സംഭവം കേരളത്തെയപ്പാടെ ഞെട്ടിക്കുന്നതായിരുന്നു. 23കാരിയായ യുവതി ഗർഭിണിയാണെന്ന വിവരം പോലും മാതാപിതാക്കൾ അറിഞ്ഞിരുന്നില്ലെന്നാണ് അവർ പൊലീസിനോടു പറഞ്ഞത്. മാതാപിതാക്കൾ ഉൾപ്പെടെ ആരും അറിയാതിരിക്കാനാണ് കുട്ടിയെ കൊന്ന് പുറത്തേക്കു വലിച്ചെറിഞ്ഞതെന്നാണു യുവതി പറയുന്നതും. പെട്ടെന്നുള്ള പരിഭ്രാന്തിയിൽ ചെയ്തുപോയതാണ് ഈ കൊലപാതകമെന്ന വാദം പക്ഷേ, കൊടുംക്രൂരതയ്ക്കുള്ള ന്യായീകരണമല്ല. പീഡനത്തിന് ഇരയായാണ് ഗർഭിണിയായതെന്നു യുവതി പൊലീസിനോടു പറഞ്ഞിട്ടുണ്ട്. പത്തുമാസക്കാലവും മാതാപിതാക്കൾ അടക്കം ആരും അറിയാതെ എല്ലാം ഒളിച്ചുവച്ചു ജീവിച്ച യുവതി എല്ലാത്തിനും ഒരുവസാനം കണ്ടെത്താൻ ഒന്നുമറിയാത്ത ചോരക്കുഞ്ഞിന്‍റെ ജീവനാണെടുത്തത്. എല്ലാം മാതാപിതാക്കളോടു തുറന്നുപറയാൻ യുവതിക്കു ധൈര്യമുണ്ടായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. നമ്മുടെ സമൂഹം എത്തിപ്പെട്ടിരിക്കുന്ന വളരെയധികം ആശങ്ക ഉയർത്തുന്ന സാഹചര്യങ്ങളാണ് ഈ സംഭവവുമായി ബന്ധപ്പെട്ടു ചിന്തിക്കേണ്ടത്. കുടുംബബന്ധങ്ങളിലുണ്ടായ തകർച്ചയടക്കം കുട്ടികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട നിരവധി ഘടകങ്ങൾ കേരളീയ സമൂഹം വളരെ ഗൗരവത്തിൽ ചർച്ച ചെയ്യേണ്ടിയിരിക്കുന്നു. ചോരക്കുഞ്ഞുങ്ങളെ ആരും അറിയാതെ പ്രസവിക്കേണ്ടിവരികയും വലിച്ചെറിയേണ്ടിവരുകയും ചെയ്യുന്നത് ഭയപ്പെടുത്തുന്നില്ലെങ്കിൽ നമുക്ക് മനുഷ്യത്വം നഷ്ടപ്പെട്ടു കഴിഞ്ഞു എന്നു കരുതേണ്ടിവരും.

എത്ര സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് ഓരോ കുഞ്ഞിനെയും നാം ഈ മണ്ണിലേക്ക്, നമ്മുടെ കുടുംബത്തിലേക്കു സ്വീകരിക്കേണ്ടത്. സുഖമായി ഇവിടെ ജീവിക്കാനുള്ള അവരുടെ അവകാശം നിഷേധിക്കാൻ നമുക്ക് എന്ത് അധികാരമാണുള്ളത്. അമ്മയുടെയും കുട്ടിയുടെയും ആരോഗ്യവും അഭിമാനവും സംരക്ഷിക്കാൻ എല്ലായ്പ്പോഴും നമുക്കു കഴിയണം. പരിഷ്കൃതമെന്നു നാം സ്വയം അഹങ്കരിക്കുന്ന സമൂഹത്തിന്‍റെ കൊള്ളരുതായ്മകളുടെ ഇരയായി മാറാനുള്ളതല്ല ഒരു പിഞ്ചുജീവൻ പോലും. ഇന്നലെയാണ് കൊച്ചിയിൽ തന്നെ ഒരു ഹോസ്റ്റലിലെ ശുചിമുറിയിൽ യുവതി പ്രസവിച്ചത്. ഇവർ ഗർഭിണിയാണെന്ന് ഹോസ്റ്റലിലെ താമസക്കാർ ആരും അറിഞ്ഞിരുന്നില്ലത്രേ. രാവിലെ ശുചിമുറിയിൽ പോയ യുവതി ഏറെ നേരം കഴിഞ്ഞിട്ടും വാതിൽ തുറക്കാതിരുന്നപ്പോഴാണ് മറ്റുള്ളവർ വാതിൽ തള്ളിത്തുറന്നതും യുവതി പ്രസവിച്ചത് അറിയുന്നതും. ഇവർ അറിയിച്ചതിനെത്തുടർന്ന് പൊലീസ് എത്തി അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലേക്കു മാറ്റിയിരിക്കുകയാണ്. എന്തായാലും അമ്മയുടെയും കുഞ്ഞിന്‍റെയും ആരോഗ്യത്തിനു ഭീഷണി ഉയരാതെ അവരെ ആശുപത്രിയിലാക്കാൻ കഴിഞ്ഞു എന്നത് ആശ്വാസകരമാണ്. അവർ നാളെ നേരിടേണ്ടിവരുന്ന വെല്ലുവിളികൾ അപ്പോഴും മുന്നിലുണ്ട്.

മലപ്പുറം ജില്ലയിൽ നവജാത ശിശുവിനെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തിൽ അമ്മ അറസ്റ്റിലായത് ഏതാനും മാസം മുൻപാണ്. ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന സ്ത്രീ പ്രസവിച്ചു മൂന്നാം ദിവസമാണു കുഞ്ഞിനെക്കൊന്നു കുഴിച്ചുമൂടിയത്. കുഞ്ഞ് ജനിച്ചതു പുറത്തറിയാതിരിക്കാനായിരുന്നു കൊലപാതകമെന്നു പ്രതികൾ‌ മൊഴി നൽകി. നവജാത ശിശുവിനെ പ്രസവിച്ച ഉടൻ അമ്മ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയതു പോലുള്ള സംഭവങ്ങളും കേരളത്തിൽ നേരത്തേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇടുക്കി ജില്ലയിലായിരുന്നു ശുചിമുറിയിൽ വെള്ളം നിറച്ച പ്ലാസ്റ്റിക് വീപ്പയിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് അറിയാതിരിക്കാനാണു കുഞ്ഞിനെ വീപ്പയിൽ ഉപേക്ഷിച്ചതെന്നായിരുന്നു അന്ന് യുവതി പൊലീസിനു മൊഴി നൽകിയത്. യുവതി ഗർഭിണിയായിരുന്നുവെന്ന് ഭർത്താവും അയൽവാസികളും അറിഞ്ഞിരുന്നില്ലത്രേ. ഇതുപോലെ എത്രയെത്ര സംഭവങ്ങൾ കഴിഞ്ഞ ഏതാനും വർഷങ്ങളിലെ പത്രവാർത്തകൾ നോക്കിയാൽ കാണാനാവും. എന്നിട്ടും ഒന്നും പഠിക്കുന്നില്ല കേരളം. അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും സംരക്ഷണം ഉറപ്പാക്കാൻ സമൂഹത്തിൽ ഉണ്ടാവേണ്ട മാറ്റങ്ങളും നാം മുറുകെ പിടിക്കേണ്ട മൂല്യങ്ങളും വിദഗ്ധ ചർച്ചകൾക്ക് വിധേയമാവേണ്ടതാണ്.

നവജാത ശിശുക്കളുടെ സംരക്ഷണത്തിനായി സംസ്ഥാനത്തു സ്ഥാപിച്ച അമ്മത്തൊട്ടിലുകളുടെ അവസ്ഥ പോലും എത്ര പരിതാപകരമാണ്. ശിശുക്ഷേമ സമിതി സ്ഥാപിച്ച അമ്മത്തൊട്ടിലുകളിൽ ഭൂരിഭാഗവും ഇപ്പോൾ പ്രവർത്തനരഹിതമാണ്. എറണാകുളത്ത് ജനറൽ ആശുപത്രിയിലെ അമ്മത്തൊട്ടിൽ സാങ്കേതിക പ്രശ്നങ്ങൾ കാരണമാണു പ്രവർത്തനരഹിതമായിരിക്കുന്നത്. ഒരു കുട്ടിയുടെ ജീവൻ പോലും അനാഥമാകരുത് എന്നതാണ് അമ്മത്തൊട്ടിൽ കൊണ്ട് ഉദ്ദേശിക്കുന്നത്. പക്ഷേ, അത് ലക്ഷ്യം നേടുന്നതിൽ പൂർണമായി വിജയിച്ചിട്ടില്ല. എല്ലായിടത്തും ആധുനിക രീതിയിലുള്ള അമ്മത്തൊട്ടിലുകൾ പാകപ്പിഴകളില്ലാതെ പ്രവർത്തിക്കേണ്ടതുണ്ട്. കുഞ്ഞുമായി എത്തുന്ന ആളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്ന അമ്മത്തൊട്ടിലുകൾ നല്ല നിലയിൽ പ്രവർത്തിച്ചാൽ തന്നെ കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനു നമുക്കൊരു വഴിയുണ്ട് എന്നു പറയാം. പ്രണയം, വിവാഹം, പ്രസവം, കുഞ്ഞുങ്ങളുടെ സംരക്ഷണം തുടങ്ങി കടന്നുപോകേണ്ട വിവിധ ഘട്ടങ്ങളെക്കുറിച്ച്, അവയിൽ പ്രതിസന്ധിയുണ്ടായാൽ അതിജീവിക്കേണ്ടതിനെക്കുറിച്ച് യുവതലമുറയിൽ വേണ്ടത്ര അവബോധമുണ്ടാക്കുക എന്നത് നമ്മുടെ സമൂഹത്തിൽ അനിവാര്യമായിരിക്കുന്നു. എത്രയോ ആളുകൾ ഒരു കുട്ടിക്കു വേണ്ടി മോഹിച്ചും പ്രാർഥിച്ചും കഴിയുമ്പോഴാണ് ചോരക്കുഞ്ഞുങ്ങളെ ശ്വാസംമുട്ടിച്ചു കൊല്ലുന്ന ക്രൂരതയും നാം കാണേണ്ടിവരുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com