നിക്ഷേപത്തിന്‍റെ സ്വര്‍ഗം യാഥാർഥ്യമാവട്ടെ

രണ്ടു ദിവസമായി കൊച്ചിയില്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപ സംഗമം വലിയ പ്രതീക്ഷകളാണു കേരളത്തിനു നൽകുന്നത്
Kerala prospects after Invest Kerala summit
നിക്ഷേപത്തിന്‍റെ സ്വര്‍ഗം യാഥാർഥ്യമാവട്ടെ
Updated on

രണ്ടു ദിവസമായി കൊച്ചിയില്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപ സംഗമം വലിയ പ്രതീക്ഷകളാണു കേരളത്തിനു നൽകുന്നത്. വ്യവസായ മേഖലയിലെ കുതിച്ചുചാട്ടത്തിനും സംസ്ഥാനത്തിന്‍റെ മൊത്തം പുരോഗതിക്കും സഹായകരമാവുന്ന നിരവധി പദ്ധതികൾ ഈ സംഗമത്തിന്‍റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. ആയിരക്കണക്കിനു കോടി രൂപയുടെ പദ്ധതികളാണ് വിവിധ വ്യവസായികൾ വാഗ്ദാനം ചെയ്തിരിക്കുന്നത്. സംസ്ഥാനത്തു മൂന്നു ലക്ഷം കോടി രൂപയുടെ വികസന പദ്ധതികൾ നടപ്പാക്കുമെന്ന് സംഗമത്തിൽ ഓൺലൈനായി പങ്കെടുത്തു സംസാരിച്ച കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയും വ്യക്തമാക്കിയിട്ടുണ്ട്. രാജ്യാന്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യം കേരളത്തിലൊരുക്കുമെന്നാണ് കേന്ദ്ര സർക്കാരിനു വേണ്ടി വ്യക്തമാക്കപ്പെട്ടിട്ടുള്ളത്. ഈ സംഗമത്തിൽ പ്രഖ്യാപിക്കപ്പെട്ട മുഴുവൻ പദ്ധതികളും സമയബന്ധിതമായി നടപ്പാക്കാനായാൽ വലിയ തോതിലുള്ള തൊഴിലവസരങ്ങളാണു കേരളത്തിലുണ്ടാവുക. അത് ഓരോ കുടുംബങ്ങളിലും സാമ്പത്തിക വ്യവസ്ഥയിൽ മൊത്തത്തിലും ഉണ്ടാക്കാവുന്ന ഉണർവ് ചെറുതായിരിക്കില്ല. അങ്ങനെയൊരു മാറ്റം ഉണ്ടാവുമ്പോഴാണ് നിക്ഷേപ സംഗമത്തിന്‍റെ യഥാർഥ നേട്ടം എന്തായിരുന്നുവെന്നു തിരിച്ചറിയുക.

സംസ്ഥാനത്ത് ആഗോള നിക്ഷേപക സംഗമം നടക്കുന്നത് ഇതാദ്യമായല്ല. എ.കെ. ആന്‍റണി സർക്കാരിന്‍റെ കാലത്തെ ജിം, ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ 2012ൽ സംഘടിപ്പിച്ച എമർജിങ് കേരള, പിണറായി വിജയന്‍റെ ഒന്നാം സർക്കാരിന്‍റെ കാലത്തു നടന്ന അസെൻഡ് എന്നിവയിലൊക്കെ ആയിരക്കണക്കിനു കോടിയുടെ നിക്ഷേപ താത്പര്യങ്ങൾ പലരും പ്രകടിപ്പിച്ചിരുന്നു. എന്നാൽ, അവയിൽ എന്തൊക്കെ നടപ്പായി, എത്രകണ്ട് നടപ്പാവാതെ പോയി എന്നതു പരിശോധിക്കേണ്ടിയിരിക്കുന്നു. കടലാസിൽ മാത്രം ഒതുങ്ങിയ വമ്പൻ പദ്ധതികൾ ആ പരിശോധനയിൽ നമുക്കു കാണാനാവും. അതുകൊണ്ടു തന്നെ ഇപ്പോൾ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള പദ്ധതികൾ പ്രായോഗിക തലത്തിൽ നടപ്പാവുന്നുവെന്നു സർക്കാർ ഉറപ്പിക്കേണ്ടതുണ്ട്. പദ്ധതി പ്രഖ്യാപനങ്ങൾ കൊണ്ടുള്ള രാഷ്ട്രീയ നേട്ടം മാത്രമാവാതിരിക്കട്ടെ സർക്കാരിന്‍റെ ലക്ഷ്യം. നിക്ഷേപം സംബന്ധിച്ചു നൽകിയിട്ടുള്ള വാഗ്ദാനങ്ങൾ നടപ്പാവുന്നുവെന്ന് ഉറപ്പാക്കുന്നതിന് കൃത്യമായ തുടർ പ്രവർത്തനങ്ങൾ അനിവാര്യമാണ്.

വ്യവസായത്തിനു പറ്റിയ നാടല്ല കേരളം എന്ന ചിന്താഗതി മാറ്റിയെടുക്കാനായിട്ടുണ്ടെന്നാണ് സംസ്ഥാന സർക്കാർ അവകാശപ്പെടുന്നത്. സംരംഭകർക്കു സൗഹാർദ്ദപരമായ അന്തരീക്ഷം ഒരുക്കുന്നതിൽ രാജ്യത്തു തന്നെ മുൻപന്തിയിലുള്ള സംസ്ഥാനമായി കേരളം മാറിക്കഴിഞ്ഞുവെന്ന് സർക്കാർ ചൂണ്ടിക്കാണിക്കുന്നുണ്ട്. വ്യവസായ സൗഹൃദ റാങ്കിങ്ങിൽ രാജ്യത്ത് ഒന്നാം സ്ഥാനം കേരളം സ്വന്തമാക്കിക്കഴിഞ്ഞു. 2020ൽ ഇരുപത്തെട്ടാം സ്ഥാനത്തായിരുന്ന സംസ്ഥാനം 2021ൽ പതിനഞ്ചാമത് എത്തിയെന്നും പിന്നീട് ഒന്നാം സ്ഥാനത്തേക്കു ക‍യറിയെന്നും സർക്കാർ വൃത്തങ്ങൾ വിശദീകരിക്കുന്നുണ്ട്. ഈസ് ഓഫ് ഡൂയിങ് ബിസിനസ് പട്ടിക തയാറാക്കുന്നതിനു പരിഗണിച്ച 30 സൂചികകളിൽ ഒമ്പതിലും കേരളമാണ് ഒന്നാമതെത്തിയത്. വ്യവസായങ്ങൾക്ക് അനുകൂലമായ വിവിധ തരത്തിലുള്ള പരിഷ്കാരങ്ങളും നടപടികളും സ്വീകരിച്ച സർക്കാർ അസാധാരണ കുതിച്ചുചാട്ടമാണ് റാങ്കിങ്ങിലുണ്ടാക്കിയത്. അതു വ്യവസായികൾ എത്രകണ്ട് അംഗീകരിക്കുന്നുവെന്ന് വ്യക്തമാവേണ്ടതു വരും നാളുകളിലാണ്. ഈ നിക്ഷേപക സംഗമത്തിന്‍റെ തുടർ പ്രവർത്തനങ്ങളിലെ പുരോഗതി അതുമായി ബന്ധപ്പെട്ടിരിക്കുന്നതുമാണ്.

30,000 കോടിയുടെ നിക്ഷേപമാണ് സംഗമത്തിൽ അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ 20,000 കോടി വിഴിഞ്ഞം തുറമുഖത്തിന്‍റെ ഭാഗമായുള്ള അധിക നിക്ഷേപമാണ്. കൊച്ചിയിൽ 5,000 കോടിയുടെ ഇ-കൊമേഴ്സ് ഹബ്ബ് സ്ഥാപിക്കുമെന്നും തിരുവനന്തപുരം വിമാനത്താവളത്തിൽ 5,000 കോടിയുടെ പദ്ധതികൾ നടപ്പാക്കുമെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്. 5,000 കോടിയുടെ വീതം പുതിയ നിക്ഷേപത്തിനാണ് ലുലു ഗ്രൂപ്പും ഷറഫ് ഗ്രൂപ്പും തയാറാവുന്നത്. കളമശേരി ഫുഡ് പ്രോസസിങ് സോണിൽ ഭക്ഷ്യസംസ്കരണ കേന്ദ്രം സ്ഥാപിക്കുമെന്ന് ലുലു ഗ്രൂപ്പ് വ്യക്തമാക്കിയിട്ടുണ്ട്. കാർഷിക വിഭവങ്ങൾ സംസ്കരിച്ച് ലുലുവിന്‍റെ ആഗോളതലത്തിലുള്ള ഹൈപ്പർ മാർക്കറ്റുകളിലേക്ക് കയറ്റുമതി ചെയ്യുന്ന സംരംഭമാണിത്. ഈ പദ്ധതി വഴി 15,000 പേർക്കു തൊഴിൽ ലഭിക്കുമെന്നാണ് അവർ അവകാശപ്പെടുന്നത്. കൊച്ചിയിൽ സംസ്ഥാന സർക്കാർ വിഭാവനം ചെയ്യുന്ന ഗ്ലോബൽ സിറ്റിയിൽ ഐടി, ഫിൻടെക് മേഖലകളിലും നിക്ഷേപം നടത്തുമെന്നും സ്മാർട്ട് സിറ്റിയിൽ ലുലു ഗ്രൂപ്പ് നിർമിക്കുന്ന ഇരട്ട ഐടി ടവർ മൂന്നു മാസത്തിനകം ഉദ്ഘാടനം ചെയ്യുമെന്നും അവർ അറിയിക്കുന്നു. ഇൻഫോപാർക്കിലെ ഐടി പദ്ധതികളിലും ലുലു ഗ്രൂപ്പിന്‍റെ കൂടുതൽ നിക്ഷേപം ഉണ്ടാവും.

ഇതിനൊക്കെ പുറമേ കൂടുതൽ മിനി മാളുകളും അവർ പദ്ധതിയിടുന്നുണ്ട്. തെലങ്കാനയിലെ കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് 3,000 കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ചിട്ടുണ്ട്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ അടക്കം ആറിടങ്ങളിൽ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികൾ തുടങ്ങാനാണിത്. ആസ്റ്റർ ഗ്രൂപ്പ് 850 കോടിയുടെ നിക്ഷേപം ‍നടത്തുമെന്നാണു പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്തരത്തിൽ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള മുഴുവൻ പദ്ധതികളുടെയും ലിസ്റ്റെടുത്താൽ അതു വളരെ നീണ്ടതാണ്. ഒന്നര ലക്ഷം കോടിയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചിട്ടുണ്ടെന്നും 374 കമ്പനികൾ താത്പര്യ കരാർ ഒപ്പുവച്ചുവെന്നും വ്യവസായ മന്ത്രി പി. രാജീവ് വ്യക്തമാക്കിയിട്ടുണ്ട്.

ചുവപ്പുനാടയുടെ ആശങ്ക വേണ്ടെന്നും ഭൂമി കിട്ടാത്തതിന്‍റെ പേരില്‍ ഒരു നിക്ഷേപകനും കേരളത്തില്‍ നിന്നു മടങ്ങേണ്ടി വരില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിക്ഷേപകർക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്. ദൈവത്തിന്‍റെ സ്വന്തം നാടിനെ നിക്ഷേപത്തിന്‍റെ സ്വര്‍ഗമാക്കാനുള്ള ശ്രമമാണു നടക്കുന്നതെന്ന് അദ്ദേഹം അവകാശപ്പെടുന്നു. വ്യവസായ വികസനത്തിനു പൂര്‍ണ പിന്തുണ നൽകുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും വ്യക്തമാക്കിയിരിക്കുന്നു. ഭരണ- പ്രതിപക്ഷ ഭേദമില്ലാതെ വ്യവസായ വികസനത്തിനു വേണ്ടി നിലകൊള്ളാൻ കേരളത്തിനു കഴിയണം. ഇക്കാര്യത്തിൽ നമുക്കു രാഷ്ട്രീയം മാറ്റിവയ്ക്കാം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com