സ്ത്രീ സുരക്ഷയ്ക്കുള്ള ഹൈക്കോടതി വിധി| മുഖപ്രസംഗം

സ്ത്രീകളെയും കുട്ടികളെയും അതിക്രമങ്ങൾക്ക് ഇരയാക്കുന്നവർക്കുള്ള ശക്തമായ താക്കീതായി തന്നെ വേണം ഇത്തരം വിധികളെ കാണുന്നതിന്.
കേരള ഹൈക്കോടതി
കേരള ഹൈക്കോടതിfile

നിയമ വിദ്യാർഥിനിയായിരുന്ന ജിഷയെ എട്ടുവർഷം മുൻപ് അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതി അമിറുൾ ഇസ്‌ലാമിന് വിചാരണക്കോടതി വിധിച്ച വധശിക്ഷ ശരിവച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് സ്ത്രീ സുരക്ഷയോടുള്ള കോടതിയുടെ പ്രതിബദ്ധത വ്യക്തമായി പ്രതിഫലിപ്പിക്കുന്നതാണ്. ഇതുപോലൊരു കൊലപാതകം ഇനിയും ആവർത്തിക്കാതിരിക്കാൻ പ്രതിക്കു പരമാവധി ശിക്ഷ തന്നെ നൽകുക എന്ന വിചാരണക്കോടതിയുടെ കാഴ്ചപ്പാട് ഹൈക്കോടതിയും ശരിവയ്ക്കുന്നു. സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ച കേസിൽ പ്രതിക്കു വധശിക്ഷ നൽകേണ്ടതു കോടതിയുടെ കടമയാണെന്നു വിചാരണക്കോടതി പറഞ്ഞിരുന്നു. സമാന കുറ്റകൃത്യങ്ങളിലേർപ്പെടുന്നവർക്കുള്ള താക്കീതാണ് ഈ ഉത്തരവിലൂടെ മുന്നോട്ടുവയ്ക്കുന്നതെന്ന് വിധിപ്രസ്താവത്തിൽ ഹൈക്കോടതിയും വ്യക്തമാക്കുന്നുണ്ട്. ദരിദ്രമായ സാഹചര്യങ്ങളിൽ ജീവിച്ചിരുന്ന പെൺകുട്ടിയെ അവൾ താമസിക്കുന്ന സ്ഥലത്തു ചെന്ന് അതിക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം സ്ത്രീസമൂഹത്തിലുണ്ടാക്കുന്നത് വലിയ ഭീതിയും അരക്ഷിതാവസ്ഥയും തന്നെയാണ്. അതുകൊണ്ടു തന്നെ സ്ത്രീ സമൂഹത്തിന് ഈ വിധി ആശ്വാസകരവുമാണ്.

ആലുവയിൽ അതിഥി തൊഴിലാളി കുടുംബത്തിലെ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ ബിഹാർ സ്വദേശിയായ അസ്ഫാക് ആലത്തിനു വധശിക്ഷ വിധിച്ചുകൊണ്ടുള്ള പോക്സോ പ്രത്യേക കോടതിയുടെ വിധി പ്രഖ്യാപനത്തിലും ചൂണ്ടിക്കാണിക്കുന്നത് പ്രതി സമൂഹത്തിനാകെ ഭീഷണിയാണെന്നാണ്. സ്ത്രീകളെയും കുട്ടികളെയും അതിക്രമങ്ങൾക്ക് ഇരയാക്കുന്നവർക്കുള്ള ശക്തമായ താക്കീതായി തന്നെ വേണം ഇത്തരം വിധികളെ കാണുന്നതിന്. ജിഷ ജീവിച്ചിരുന്നതുപോലുള്ള സാഹചര്യങ്ങളിൽ ജീവിക്കുന്നവർ പലരുണ്ട്. അവർക്കെല്ലാം ഭീതിയില്ലാതെ ജീവിക്കേണ്ടതുമുണ്ട്. അതിനു സഹായകരമാണ് പ്രതിക്കു വധശിക്ഷ ശരിവച്ചുകൊണ്ടുള്ള ഹൈക്കോടതിയുടെ നിലപാട്. മകൾക്കു നീതി ലഭിക്കുന്ന ഈ ദിവസത്തിനായാണു കാത്തിരുന്നതെന്ന് ജിഷയുടെ അമ്മ പ്രതികരിച്ചിട്ടുണ്ട്. മകൾ അനുഭവിച്ച വേദന പ്രതിയും അനുഭവിക്കണമെന്ന് അവർ പറയുന്നു. ആ അമ്മയും വധശിക്ഷയെ ന്യായീകരിച്ചുകൊണ്ടു പറയുന്നത് ഇങ്ങനെയൊരു കൊലപാതകി ഇനി ഉണ്ടാവരുത് എന്നതാണ്.

സമൂഹത്തിലെ കുറ്റവാളികൾക്കുള്ള സന്ദേശമാണ് ഹൈക്കോടതി വിധിയെന്നും കുറ്റം ചെയ്ത ഒരാളും രക്ഷപെടില്ലെന്ന ഉറച്ച ബോധ്യമാണ് കോടതി വിധി തരുന്നതെന്നുമുള്ള പ്രോസിക്യൂട്ടറുടെ പ്രതികരണവും ഇതുമായി ബന്ധപ്പെട്ടു ശ്രദ്ധേയമാണ്. പൊലീസിന്‍റെയും പ്രോസിക്യൂഷന്‍റെയും ഒത്തൊരുമയോടെയുള്ള പരിശ്രമവും ഈ കേസിൽ എടുത്തുപറയേണ്ടതാണ്. കൊലപാതകം, ബലാത്സംഗം, അതിക്രമിച്ചു കയറൽ, മാരകമായി മുറിവേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് അസം സ്വദേശിയായ അമിറുൾ ഇസ്‌ലാമിനെതിരേ തെളിഞ്ഞിട്ടുള്ളത്. താൻ കുറ്റം ചെയ്തിട്ടില്ലെന്നും പൊലീസ് കെട്ടിച്ചമച്ച തെളിവുകളാണ് വിചാരണക്കോടതി പരിഗണിച്ചതെന്നും പ്രതി ഹൈക്കോടതിയിൽ നൽകിയ അപ്പീലിൽ വാദിച്ചിരുന്നു. എന്നാൽ, കോടതി ഈ വാദം തള്ളി. ഡിഎൻഎ സാംപിളുകൾ ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകൾ വിശ്വസിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു. ഇത്തരം കുറ്റവാളികൾക്കു വധശിക്ഷയിൽ ഇളവു നൽകുന്നത് തെറ്റാണെന്നും കോടതി അഭിപ്രായപ്പെട്ടു.

കേരളത്തിൽ ഇതിനുമുൻപ് കേട്ടുകേൾവിയില്ലാത്ത അത്രയും മൃഗീയവും പൈശാചികവുമായ രീതിയിലാണ് പ്രതി ജിഷയെ കൊലപ്പെടുത്തിയത്. കേരളത്തിലെ സ്ത്രീസുരക്ഷ ചോദ്യം ചെയ്യപ്പെട്ട സൗമ്യ വധക്കേസിനു പിന്നാലെയാണ് ജിഷ വധക്കേസും ഉണ്ടാവുന്നത്. എറണാകുളം ലോ കോളെജിൽ നിയമബിരുദത്തിനു പഠിക്കുമ്പോൾ പല തരത്തിലുള്ള പ്രതിബന്ധങ്ങളും നേരിടേണ്ടിവന്ന ജിഷ അവയെല്ലാം തരണം ചെയ്യാനുള്ള മനോബലം ആർജിച്ചാണ് അടച്ചുറപ്പില്ലാത്ത വീട്ടിൽ കഴിഞ്ഞിരുന്നത്. പക്ഷേ, അവളുടേതായ എല്ലാവിധ മുൻകരുതലുകളും തട്ടിമാറ്റിയാണ് പ്രതി അവളുടെ പ്രാണൻ കവർന്നത്. കൊടുംക്രൂരരായ കുറ്റവാളികൾ പോലും ചെയ്യാൻ മടിക്കുന്ന തരത്തിലായിരുന്നു കൊലയാളിയുടെ പെരുമാറ്റം. അതിക്രൂരമായി ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തിയ ശേഷം മൃതദേഹം വികൃതമാക്കുകയും ചെയ്ത പ്രതിയിൽ മനുഷ്യത്വത്തിന്‍റെ കണിക പോലും ഉണ്ടായിരുന്നില്ല. പ്രതിക്ക് അർഹമായ ശിക്ഷ ലഭിക്കാത്തപക്ഷം പൊതുമനസ്സാക്ഷി നൊമ്പരപ്പെടുമെന്ന വിചാരണക്കോടതിയുടെ നിരീക്ഷണം വളരെയേറെ പ്രസക്തമാണ്.

നേരിട്ടുള്ള സാക്ഷികളില്ലാതെയാണ് ജിഷ വധക്കേസിന്‍റെ വിചാരണ സെഷൻസ് കോടതിയിൽ നടന്നത്. സാഹചര്യങ്ങളുടെ സാധ്യത ശാസ്ത്രീയമായി അപഗ്രഥിച്ചു തയാറാക്കിയ കുറ്റപത്രം കോടതിക്കു സ്വീകാര്യമായതിനാൽ പ്രതിക്കു പരമാവധി ശിക്ഷ ഉറപ്പാക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞു. അന്വേഷണ സംഘത്തിനും പ്രോസിക്യൂഷനും അഭിമാനിക്കാനുള്ള വക പ്രതിക്കു പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുന്നതിലുണ്ട്. സൗമ്യ വധക്കേസിലും പ്രതി ഗോവിന്ദച്ചാമിക്കു വിചാരണക്കോടതി വധശിക്ഷ വിധിച്ചതാണ്. ഹൈക്കോടതി അതു ശരിവയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ, സുപ്രീം കോടതി വധശിക്ഷ ജീവപര്യന്തമാക്കി ഇളവ് അനുവദിച്ചു. വധശിക്ഷ ലഭിക്കുന്നതിനുള്ള കുറ്റം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷനു സാധിച്ചില്ലെന്നാണ് അന്നു സുപ്രീം കോടതി ചൂണ്ടിക്കാണിച്ചത്. ജിഷ കേസിലും സുപ്രീം കോടതിയെ സമീപിക്കുമെന്നു പ്രതിഭാഗം അഭിഭാഷകൻ മാധ്യമ പ്രവർത്തകരോടു പറയുകയുണ്ടായി. കേസ് പരമോന്നത കോടതിയിൽ എത്തിയാൽ അവിടെയും പാളിപ്പോവാതെ കേസ് നടത്താൻ പ്രോസിക്യൂഷനു കഴിയേണ്ടതുണ്ട്.

Trending

No stories found.

Latest News

No stories found.