കേരളത്തിന്‍റെ ആവശ്യങ്ങൾ അവഗണിക്കാതിരിക്കട്ടെ | മുഖപ്രസംഗം

വായ്പകളെ ആശ്രയിച്ചു മുന്നോട്ടുപോകുന്നതു വലിയ കടക്കെണിയിലേക്കാണു സംസ്ഥാനത്തെ എത്തിക്കുന്നതെന്ന ആരോപണം ശക്തമായിട്ടുണ്ട്. വരവും ചെലവും തമ്മിലുള്ള പൊരുത്തമില്ലായ്മ സംസ്ഥാനത്തെ മൊത്തത്തിൽ ബാധിക്കുന്നുണ്ട്.
Editorial on Kerala financial crunch
കേരളത്തിന്‍റെ ആവശ്യങ്ങൾ അവഗണിക്കാതിരിക്കട്ടെRepresentative image

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണു കേരളം കടന്നുപോകുന്നതെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാവില്ല. പൊതുഖജനാവിന് ഈയൊരു പ്രതിസന്ധി എങ്ങനെയുണ്ടായി എന്നതിൽ രാഷ്‌ട്രീയ വിയോജിപ്പുകളുണ്ട്. സംസ്ഥാന സർക്കാരിന്‍റെ പിടിപ്പുകേടാണു പ്രധാന കാരണമെന്നു പ്രതിപക്ഷം ആരോപിക്കുമ്പോൾ കേന്ദ്രത്തിന്‍റെ അവഗണനയാണു പ്രശ്നമെന്നത്രേ സിപിഎം ചൂണ്ടിക്കാണിക്കുന്നത്. പല മാസങ്ങളിലെ ക്ഷേമപെൻഷനുകൾ മുടങ്ങിക്കിടക്കുന്ന അവസ്ഥയാണു സംസ്ഥാനത്തുള്ളത്. സപ്ലൈകോയിൽ വിലക്കുറവിൽ അവശ്യ സാധനങ്ങൾ ലഭിക്കുന്നില്ല. ശമ്പളവും പെൻഷനും നൽകാനും വികസന പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ടുകൊണ്ടുപോകാനും ബുദ്ധിമുട്ടുന്ന സാഹചര്യമുണ്ട്. ആയിരക്കണക്കിനു കോടി രൂപയുടെ കുടിശ്ശികകൾ കൊടുത്തുതീർക്കാനുണ്ട്. വായ്പകളെ ആശ്രയിച്ചു മുന്നോട്ടുപോകുന്നതു വലിയ കടക്കെണിയിലേക്കാണു സംസ്ഥാനത്തെ എത്തിക്കുന്നതെന്ന ആരോപണം ശക്തമായിട്ടുണ്ട്. വരവും ചെലവും തമ്മിലുള്ള പൊരുത്തമില്ലായ്മ സംസ്ഥാനത്തെ മൊത്തത്തിൽ ബാധിക്കുന്നുണ്ട്. ഭരണസംവിധാനത്തിന്‍റെ ചെലവു നിയന്ത്രിക്കുന്നതടക്കം നടപടികൾ സംസ്ഥാനത്ത് ഉണ്ടാവേണ്ടതുണ്ട്. അതിനൊപ്പം കേന്ദ്ര സർക്കാരിന്‍റെ സഹായവും ആവശ്യമാണ്. സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉന്നയിച്ച 24,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കെജ് ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ കണക്കിലെടുക്കേണ്ടതാണ്.

നരേന്ദ്ര മോദിയുടെ മൂന്നാം സർക്കാരിന്‍റെ ആദ്യ ബജറ്റിനു മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ കഴിഞ്ഞ ദിവസം വിളിച്ചു ചേർത്ത സംസ്ഥാന ധനമന്ത്രിമാരുടെ യോഗത്തിലാണ് പ്രത്യേക പാക്കെജ് ബാലഗോപാൽ ആവശ്യപ്പെട്ടത്. നിലവിലുള്ള സാമ്പത്തിക പ്രയാസങ്ങൾ മറികടക്കാൻ സഹായിക്കുന്ന നിലയിൽ രണ്ടുവർഷ കാലയളവിലെ പ്രത്യേക സാമ്പത്തിക സഹായമാണു കേരളം തേടുന്നത്. മനുഷ്യവിഭവ വികസനം, സുസ്ഥിര വികസന ലക്ഷ്യങ്ങൾ, സ്റ്റാർട്ടപ്പ്, നൂതനത്വം തുടങ്ങിയ മേഖലകളിൽ അഭിമാനകരമായ നേട്ടങ്ങൾ കേരളത്തിനുണ്ടെന്നു ബാലഗോപാൽ ചൂണ്ടിക്കാണിക്കുന്നു. കേരളത്തിന്‍റേതായ ഇത്തരം നേട്ടങ്ങളൊക്കെ നിലനിർത്താനും കൂടുതൽ മുന്നേറാനും സാമ്പത്തിക സഹായം ആവശ്യമാണ്. കേന്ദ്രത്തിൽ നിന്ന് അർഹിക്കുന്നത്ര തുക കിട്ടാതെ വരുകയും കടമെടുപ്പു പരിധി വെട്ടിക്കുറയ്ക്കുകയും ചെയ്യുന്ന സാഹചര്യം ഗുരുതരമായ പ്രശ്നം സൃഷ്ടിക്കുന്നുണ്ടെന്നാണു സംസ്ഥാന സർക്കാർ വാദിക്കുന്നത്.

വായ്പാനുവാദത്തിൽ വെട്ടിക്കുറവു വരുത്തുന്നതുമൂലം ഈ വർഷവും അടുത്ത വർഷവും 5,710 കോടി രൂപ വീതം വായ്പയിൽ കുറയുമെന്നും സംസ്ഥാന ധനമന്ത്രി ചൂണ്ടിക്കാണിക്കുന്നുണ്ട്. കിഫ്ബിയുടെയും പെൻഷൻ കമ്പനിയുടെയും മുൻകാല വായ്പകളെ സംസ്ഥാനത്തിന്‍റെ കടമെടുപ്പു പരിധിയിൽ പെടുത്തി സംസ്ഥാനത്തിന്‍റെ വായ്പാനുവാദത്തിൽ നിന്നു കുറയ്ക്കുകയാണു ചെയ്യുന്നത്. എന്നാൽ, ദേശീയപാതാ വികസനത്തിനു ഭൂമിയേറ്റെടുക്കാൻ 6,000 കോടിയോളം രൂപ കേരളം നൽകി. അത്രയും തുക ഉപാധിരഹിതമായി കടമെടുക്കാൻ അനുവദിക്കണമെന്നും ബാലഗോപാൽ ആവശ്യപ്പെടുന്നു. പത്താം ധനകാര്യ കമ്മിഷന്‍റെ കാലത്ത് കേരളത്തിനു ശുപാർശ ചെയ്തത് 3.875 ശതമാനം കേന്ദ്ര നികുതി വിഹിതമായിരുന്നു. പതിനഞ്ചാം ധനകാര്യ കമ്മിഷനിൽ എത്തിയപ്പോൾ അത് 1.92 ശതമാനമായി വെട്ടിച്ചുരുക്കിയിട്ടുണ്ട്. ഇതുമൂലം സംസ്ഥാനത്തിനുണ്ടായ വരുമാനനഷ്ടവും വലുതാണ്. ഇത്തരം സാഹചര്യങ്ങളൊക്കെ പരിഗണിച്ചാണു പ്രത്യേക പാക്കെജ് സംസ്ഥാനം ആവശ്യപ്പെടുന്നത്. ജിഎസ്‌ടിയിലെ കേന്ദ്ര, സംസ്ഥാന നികുതി പങ്കുവയ്‌ക്കൽ അനുപാതം പുനഃപരിശോധിക്കണമെന്നതാണ് ബാലഗോപാൽ കേന്ദ്രത്തിനു മുന്നിൽ ഉന്നയിക്കുന്ന മറ്റൊരു വിഷയം. നിലവിൽ 50:50 എന്നതാണ്‌ അനുപാതം. ജിഎസ്‌ടിയുടെ 60 ശതമാനമെങ്കിലും സംസ്ഥാനങ്ങൾക്ക്‌ ഉറപ്പാക്കണമെന്ന് ധനമന്ത്രി ആവശ്യപ്പെടുന്നുണ്ട്.

നിർമല സീതാരാമൻ ബജറ്റിനു മുന്നോടിയായി വിളിച്ചുചേർത്ത യോഗത്തിൽ കേരളം മാത്രമല്ല പ്രത്യേക സഹായങ്ങൾ ആവശ്യപ്പെട്ടിട്ടുള്ളത്. സംസ്ഥാന തലസ്ഥാനങ്ങളുടെ വികസനത്തിനു പ്രത്യേക സഹായം വേണമെന്ന് ആന്ധ്രപ്രദേശും ഛത്തിസ്ഗഡും ആവശ്യപ്പെട്ടിട്ടുണ്ട്. വിവിധ പദ്ധതികൾ നടപ്പാക്കുന്നതിനു പ്രത്യേക ഗ്രാന്‍റ് വേണമെന്ന് ഹരിയാന ആവശ്യപ്പെട്ടിരിക്കുന്നു. ചെന്നൈ മെട്രൊ റെയ്‌ലിന്‍റെ രണ്ടാം ഘട്ടത്തിന് 63,000 കോടി രൂപയാണ് ബജറ്റിൽ തമിഴ്നാട് ആവശ്യപ്പെടുന്നത്. ഇത്തരത്തിൽ വിവിധ സംസ്ഥാനങ്ങൾ ഉന്നയിക്കുന്ന ആവശ്യങ്ങളിൽ കേന്ദ്ര ധനമന്ത്രി എന്തു നിലപാട് സ്വീകരിക്കുമെന്ന് ബജറ്റിൽ കാണാവുന്നതാണ്. എന്തായാലും വിവിധ മേഖലകളിൽ രാജ്യത്തിന്‍റെ അഭിമാനമുയർത്തുന്ന നേട്ടങ്ങൾ കരസ്ഥമാക്കിയിട്ടുള്ള സംസ്ഥാനം എന്ന നിലയ്ക്ക് കേരളത്തെ കേന്ദ്ര ധനമന്ത്രി അവഗണിക്കാതിരിക്കട്ടെ.

Trending

No stories found.

Latest News

No stories found.