
ദേശീയ തലത്തിലും അന്താരാഷ്ട്ര രംഗത്തും കേരളത്തിനു നിരവധി മെഡലുകൾ സമ്മാനിച്ച കായിക ഇനമാണ് അത്‌ലറ്റിക്സ്. ദേശീയ മത്സരങ്ങളിൽ ട്രാക്കിലും ഫീൽഡിലും ആധിപത്യം പുലർത്തിയ മലയാളി താരങ്ങൾ പലരുണ്ട്. ടി.സി. യോഹന്നാനും സുരേഷ് ബാബുവും പി.ടി. ഉഷയും ഷൈനി വിൽസനും എം.ഡി. വത്സമ്മയും അഞ്ജു ബോബി ജോർജും അടക്കം എത്രയോ താരങ്ങൾ മലയാളികളുടെ അഭിമാനമായി ദേശീയ, അന്തർദേശീയ മത്സരങ്ങളിൽ നിന്ന് മെഡലുകൾ വാരിക്കൂട്ടിയിട്ടുണ്ട്. ദേശീയ സ്കൂൾ അത്‌ലറ്റിക്സിൽ കേരളത്തിന്‍റെ ആധിപത്യം തുടർച്ചയായി കണ്ടുവന്നിരുന്നതാണ്. കുട്ടികളിലെ കായിക മികവ് കണ്ടെത്തുന്നതിലും അതു പരിപോഷിപ്പിക്കുന്നതിലും നമ്മുടെ സംവിധാനങ്ങൾ വിജയം കണ്ടിരുന്നു. എന്നാൽ, പിന്നീടുണ്ടായ ചില തിരിച്ചടികൾ കേരള അത്‌ലറ്റിക്സിന്‍റെ ആവേശം തന്നെ കുറച്ചു. മറ്റു പല സംസ്ഥാനങ്ങളും മുന്നോട്ടു കുതിച്ചപ്പോൾ കേരളം കിതയ്ക്കുന്നതാണു കണ്ടത്. പുതിയ കുട്ടികൾക്കു വേണ്ടത്ര പ്രോത്സാഹനം നൽകുന്നതിലും സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുന്നതിലും താത്പര്യം കുറഞ്ഞു.
കേരള അത്‌ലറ്റിക്സിന് വീണ്ടും ആവേശം പകർന്നുകൊണ്ടാണ് ഇപ്പോൾ പുതിയ കുട്ടികൾ ദേശീയ മേളകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത്. കഴിഞ്ഞ ദിവസം റാഞ്ചിയിൽ സമാപിച്ച ദേശീയ സീനിയർ സ്കൂൾ അത്‌ലറ്റിക്സിൽ കിരീടം നിലനിർത്താൻ കേരളത്തിനു കഴിഞ്ഞത് അഭിമാനകരം തന്നെയാണ്. 138 പോയിന്‍റോടെ കേരളം ഓവറോൾ ചാംപ്യൻമാരായപ്പോൾ 123 പോയിന്‍റുമായി മഹാരാഷ്ട്രയാണ് രണ്ടാം സ്ഥാനത്തെത്തിയത്. 104 പോയിന്‍റോടെ തമിഴ്നാട് മൂന്നാം സ്ഥാനത്തായി. ഹരിയാന (91), കർണാടക (85) സംസ്ഥാനങ്ങൾക്കാണ് നാലും അഞ്ചും സ്ഥാനങ്ങൾ. മഹാരാഷ്ട്രയുമായി ശക്തമായ പോരാട്ടം കാഴ്ചവച്ച കേരള ടീം അവസാന ദിവസത്തെ രണ്ടു റിലേ സ്വർണങ്ങളിലൂടെയാണു കിരീടമുറപ്പിക്കുന്നത്. ആറു വീതം സ്വർണവും വെള്ളിയും നാലു വെങ്കലവും കേരളം ഈ മേളയിൽ നേടി. ഈ വിജയം കൂടുതൽ തിളക്കമുള്ളതാക്കി മാറ്റുക എന്നതാണു വരും വർഷങ്ങളിലും മേളകളിലും കേരളത്തിനു ചെയ്യാനുള്ളത്. അത്‌ലറ്റിക്സിന്‍റെ സ്വർണഖനി എന്ന വിശേഷണം നമുക്കു തിരിച്ചെടുക്കണം. അതിന് ഇപ്പോഴുള്ള താരങ്ങൾക്ക് എല്ലാ സഹായവും ചെയ്തു കൊടുക്കേണ്ടതുണ്ട്. സർക്കാരും സർക്കാർ സംവിധാനങ്ങളും കുട്ടികളോടൊപ്പം നിൽക്കണം. നേട്ടങ്ങളുണ്ടാവുമ്പോൾ പ്രശംസയുമായി രംഗത്തുവരുന്നതു കൊണ്ടു മാത്രം കാര്യമില്ല. നേട്ടങ്ങളിലേക്കെത്താൻ വേണ്ടതൊക്കെ ചെയ്തു കൊടുക്കേണ്ടതുണ്ട്.
ദേശീയ സീനിയർ സ്കൂൾ അത്‌ലറ്റിക്സിൽ മുൻവർഷം നാലാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടുപോയ കേരളത്തിന്‍റെ ഗംഭീര തിരിച്ചുവരവായിരുന്നു കഴിഞ്ഞവർഷം മഹാരാഷ്ട്രയിൽ നടന്ന മീറ്റിൽ കണ്ടത്. 11 സ്വർണവും ആറു വെള്ളിയും ഏഴു വെങ്കലവും അന്ന് ചാംപ്യൻമാരായപ്പോൾ കേരളം നേടി. മഹാരാഷ്ട്രയായിരുന്നു അതിലും രണ്ടാം സ്ഥാനത്ത്. അന്നത്തെ അത്രയും സ്വർണമെഡലുകൾ ഇത്തവണ നേടാനായില്ല എന്നതു യാഥാർഥ്യമാണ്. കടുത്ത മത്സരം അതിജീവിച്ച് സ്വർണത്തിൽ തന്നെ നിലയുറപ്പിക്കാൻ വേണ്ട ആത്മവിശ്വാസം താരങ്ങൾക്ക് ഇനിയും പകരേണ്ടതുണ്ട്. അതിനു പകരം അവരെ നിരാശപ്പെടുത്തരുത്. സംസ്ഥാന സ്കൂൾ കായിക മേളയിൽ നിന്ന് രണ്ട് സ്കൂളുകളെ വിലക്കിയ നടപടി എത്രയും പെട്ടെന്നു പിൻവലിക്കണം. സ്കൂൾ ഒളിംപിക്സിന്‍റെ സമാപനച്ചടങ്ങിലെ പ്രതിഷേധ പ്രകടനങ്ങളെത്തുടർന്നാണ് തിരുനാവായ നാവാമുകുന്ദ ഹയർ സെക്കൻഡറി സ്കൂളിനെയും കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളിനെയും അടുത്ത കായികമേളയിൽ നിന്നു വിലക്കിയത്. നവംബറിൽ എറണാകുളത്തു നടന്ന കായിക മേളയുടെ സമാപനച്ചടങ്ങിലാണ് ഈ സ്കൂളുകളിലെ കുട്ടികൾ പ്രതിഷേധവുമായി രംഗത്തുവന്നത്. പതിവിനു വിരുദ്ധമായി ജനറൽ സ്കൂളുകൾക്കൊപ്പം സ്പോർട്സ് ഡിവിഷനുകളെയും ചാംപ്യൻപട്ടത്തിനു പരിഗണിച്ചതിലായിരുന്നു കുട്ടികളുടെ പ്രതിഷേധം. ജനറൽ സ്കൂളുകളിൽ രണ്ടാം സ്ഥാനത്ത് നാവാമുകുന്ദയും മൂന്നാം സ്ഥാനത്ത് മാർ ബേസിലുമായിരുന്നു. സ്പോർട്സ് സ്കൂളായ തിരുവനന്തപുരം ജിവി രാജയ്ക്ക് രണ്ടാം സ്ഥാനം നൽകിയപ്പോൾ വിദ്യാർഥികൾ പ്രതിഷേധിച്ചു.
പതിവു മാറ്റുമ്പോഴുള്ള നിരാശ സ്വാഭാവികമായും കുട്ടികൾക്കുണ്ടാവും. അത് അവർ പ്രകടിപ്പിച്ചു എന്നേ കരുതേണ്ടതുള്ളൂ. അതിനു പകരം ഈ സ്കൂളുകളെ വിലക്കിയ നടപടി അനുചിതമാണ്. കായിക രംഗത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സ്കൂളുകളെയാണു വിലക്കിയതെന്നതു പ്രത്യേകം ഓർക്കേണ്ടതുണ്ട്. വിദ്യാഭ്യാസ വകുപ്പ് വിലക്ക് പ്രഖ്യാപിച്ചിട്ടുള്ള ഈ സ്കൂളുകളിലെ കുട്ടികളുടെ കരുത്തിൽ കൂടിയാണ് ദേശീയ മീറ്റിൽ ഇപ്പോൾ കേരളം ചാംപ്യൻമാരായിരിക്കുന്നത് എന്നതും ശ്രദ്ധിക്കണം. ദേശീയ മീറ്റിൽ കേരളത്തിനു വേണ്ടി കൂടുതൽ വ്യക്തിഗത മെഡലുകൾ നേടിയത് മാർ ബേസിൽ സ്കൂളാണ്. നാവാമുകുന്ദയുടെ താരവും സ്വർണം നേടിയവരുടെ പട്ടികയിലുണ്ട്. സംസ്ഥാനത്തിന് ഏറെ പ്രതീക്ഷയുള്ള കൗമാര താരങ്ങളുടെ ഭാവി സർക്കാരിന്‍റെ പിടിവാശി മൂലം ഇരുളിലാവരുത്. സ്കൂളുകളെ വിലക്കിയ നടപടി പുനപ്പരിശോധിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി കഴിഞ്ഞ ദിവസം അറിയിക്കുകയുണ്ടായി. നല്ലത്. വിദ്യാർഥികളുടെ അവസരം നിഷേധിക്കപ്പെടില്ലെന്ന് എത്രയും പെട്ടെന്നു സർക്കാർ ഉറപ്പാക്കട്ടെ. പ്രതികൂല സാഹചര്യങ്ങളോടു പൊരുതി നേട്ടങ്ങൾ വെട്ടിപ്പിടിക്കുന്ന സ്കൂളുകളെയും വിദ്യാർഥികളെയും നിരാശപ്പെടുത്തുന്ന ഒരു നടപടിയും സർക്കാർ ഭാഗത്തുനിന്ന് ഉണ്ടാവാതിരിക്കണം.