
അധികാര തർക്കത്തിനു പരിഹാരമാവട്ടെ
അധികാരത്തർക്കം മൂലം കേരള സർവകലാശാലയിലുണ്ടായിട്ടുള്ള ഭരണ പ്രതിസന്ധിക്കു പരിഹാരം കാണാനുള്ള ശ്രമങ്ങൾ സർക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നു എന്നതു സ്വാഗതാർഹമാണ്. എത്രയും വേഗം ഈ നീക്കം വിജയത്തിലെത്തേണ്ടതുണ്ട്. രാഷ്‌ട്രീയ തർക്കങ്ങളും വ്യക്തിപരമായ പോരാട്ടങ്ങളും ഈഗോ ക്ലാഷുകളും ഒരു സർവകലാശാലയുടെയും പ്രവർത്തനത്തെ ബാധിക്കാതിരിക്കേണ്ടതുണ്ട്. വൈസ് ചാൻസലർ - രജിസ്ട്രാർ പോര് സർവകലാശാലയെ ഭരണസ്തംഭനത്തിലാക്കിയ ശേഷം നിരവധി ഫയലുകളാണു കെട്ടിക്കിടന്നത്. വിദ്യാർഥികൾക്കുള്ള ബിരുദ സർട്ടിഫിക്കറ്റുകൾ അടക്കം ഇങ്ങനെ കിടക്കുന്നുണ്ടായിരുന്നു. വിസിയുടെ ഒപ്പ് ആവശ്യമായ ഫയലുകളൊക്കെ അംഗീകരിക്കാൻ അദ്ദേഹത്തിന്‍റെ സാന്നിധ്യം തന്നെയുണ്ടാവണം.
ഏതാണ്ട് മൂന്നാഴ്ചയായി കേരള സർവകലാശാലാ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ ഓഫിസിൽ എത്തിയിരുന്നില്ല. പൊലീസ് വാഹനങ്ങളുടെ അകമ്പടിയിലാണെങ്കിലും ഇന്നലെ അദ്ദേഹം ഓഫിസിൽ വന്നു. വിസിക്കെതിരേ സമരം നയിക്കുന്ന എസ്എഫ്ഐക്കാർ പ്രതിഷേധവുമായി എത്തിയതുമില്ല. കെട്ടിക്കിടന്ന ഫയലുകളിൽ വിസി ഒപ്പുവച്ചു. ഉന്നത വിദ്യാഭ്യാസ കൗൺസിലിന്‍റെ യോഗത്തിൽ ഓൺലൈനായി പങ്കെടുത്തു. വിസി സർവകലാശാലയിലേക്കു തിരികെയെത്തിയത് താൻ നേരിട്ടു സംസാരിച്ചതിന്‍റെ അടിസ്ഥാനത്തിലാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു പറയുകയുണ്ടായി. പ്രശ്നം പരിഹരിക്കാൻ ഇടപെടൽ നടക്കുന്നുവെന്നും മന്ത്രി പറഞ്ഞു. വിസിയുമായും സിൻഡിക്കെറ്റുമായും സംസാരിക്കുന്നുണ്ടെന്നും ആവശ്യമെങ്കിൽ ഗവർണറുമായി സംസാരിക്കുമെന്നും മന്ത്രി പറയുന്നുണ്ട്. പ്രതിഷേധവും സമരവും ഒഴിവാക്കി മുന്നോട്ടുപോകാനാണ് ആഗ്രഹിക്കുന്നതെന്ന മന്ത്രിയുടെ പ്രസ്താവന കാര്യങ്ങൾ കൈവിട്ടുപോകരുതെന്ന സർക്കാരിന്‍റെ ആഗ്രഹമാണ് കാണിക്കുന്നതെന്നു കരുതാം.
തത്കാലം സമരത്തിന് ഇടവേള നൽകാൻ സിപിഎം നിർദേശിച്ചതിനെത്തുടർന്നാണ് എസ്എഫ്ഐ നേതാക്കൾ വിസിയെ തടയുന്നതിൽ നിന്നു വിട്ടുനിന്നതെന്നാണു റിപ്പോർട്ടുകൾ. ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയ ഡോ. മോഹനൻ കുന്നുമ്മൽ അവരുമായി കൂടിക്കാഴ്ച നടത്തി എന്നതും സമവായ ശ്രമങ്ങളുടെ ഭാഗമായി കാണണം. ചാൻസലർ കൂടിയായ ഗവർണറുടെ നിർദേശ പ്രകാരമാണ് മന്ത്രിയെ കണ്ടതെന്നു വിസി പറയുന്നുണ്ട്. ഏതാനും ദിവസം മുൻപ് അദ്ദേഹം തൃശൂരിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അപ്പോൾ സർവകലാശാലയിലെ സ്ഥിതിഗതികൾ ഗവർണറെ ധരിപ്പിച്ചതായാണ് വിസി പറഞ്ഞിരുന്നത്.
സമവായ സാധ്യതകൾ തെളിഞ്ഞിട്ടുണ്ടെങ്കിലും രജിസ്ട്രാറുടെ സസ്പെൻഷൻ സംബന്ധിച്ച തർക്കത്തിനു പരിഹാരമായിട്ടില്ല. രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാറിനെ സസ്പെൻഡ് ചെയ്ത നടപടിയിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് വിസി. ഗവർണറെ അപമാനിച്ചതുകൊണ്ടാണ് രജിസ്ട്രാറെ സസ്പെൻഡ് ചെയ്തതെന്നു വിസി പറയുന്നു. ഇന്നലെ ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ഈ വിഷയം ചർച്ചയായിട്ടുണ്ടാവും. പക്ഷേ, വിസി നിലപാടിൽ അയവു വരുത്തിയോ എന്നു വ്യക്തമല്ല. ഗവർണർ നിയമിച്ച വിസി സസ്പെൻഡ് ചെയ്ത രജിസ്ട്രാറിനാണ് ഇടതുപക്ഷത്തിനു ഭൂരിപക്ഷമുള്ള സിൻഡിക്കെറ്റിന്‍റെ പിന്തുണയുള്ളത്. രജിസ്ട്രാറുടെ സസ്പെൻഷൻ സിൻഡിക്കെറ്റ് പിൻവലിച്ചിരുന്നു. വിസിയുടെ നിർദേശം ലംഘിച്ച് അനിൽകുമാർ ഓഫിസിൽ എത്തുന്നുണ്ട്. വിസി രജിസ്ട്രാറുടെ പകരം ചുമതല നൽകിയ ഡോ. മിനി കാപ്പന് ഇ-ഫയൽ ലഭ്യമാക്കാൻ സർവകലാശാലാ ഉദ്യോഗസ്ഥർ തയാറായിട്ടില്ല. ഈ വടം വലിക്കാണ് പരിഹാരം തെളിയേണ്ടത്.
ചർച്ചകളിലൂടെ പ്രതിസന്ധിക്ക് അയവുണ്ടാക്കാൻ സർക്കാരും ഗവർണറും ശ്രമിക്കുന്നത് എന്തുകൊണ്ടും നല്ല കാര്യമാണ്. എന്തൊക്കെ പറഞ്ഞാലും സർവകലാശാലയിലെ കലാപം സർക്കാരിന്‍റെ പ്രതിച്ഛായയെ ബാധിക്കുമെന്നുറപ്പ്. ഇപ്പോൾത്തന്നെ സർവകലാശാലയുടെ സത്പേരിനു വലിയ കോട്ടം സംഭവിച്ചുകഴിഞ്ഞു. ഇനിയും ഇതു നീണ്ടുപോയാൽ ഉന്നത വിദ്യാഭ്യാസ രംഗം യുദ്ധക്കളമാക്കി മാറ്റുന്നു എന്ന ആരോപണത്തിനു ശക്തിയേറും. അതു ഗവർണർക്കും സർക്കാരിനും മന്ത്രിക്കും വിസിക്കും രജിസ്ട്രാറിനും ഒന്നും നല്ലതല്ല. വിദ്യാർഥികളുടെ ഭാവി കൊണ്ടു കളിക്കുന്നത് നാടിന് ഏറെ ദോഷകരമാണ്. ജനങ്ങൾക്കു മുഴുവൻ അതറിയാം. ഉത്തരവാദപ്പെട്ട നേതാക്കൾക്കും ഉദ്യോഗസ്ഥർക്കുമാണ് അറിയാതെ പോകുന്നതെങ്കിൽ നാടിന്‍റെ ഗതികേട് എന്നേ പറയാനാവൂ. വിദ്യാർഥികളുടെ ഭാവിയേക്കാൾ പ്രധാനം രാഷ്‌ട്രീയ താത്പര്യങ്ങളാവുന്നത് ഏതു സർവകലാശാലയുടെയും നിലവാരം ഇടിച്ചുതാഴ്ത്തുന്നതാവും.
കേരളത്തിൽ ഗവർണർ- സർക്കാർ പോരു മൂലം കുറെക്കാലമായി സർവകലാശാലകളുടെ ഭരണം കുത്തഴിഞ്ഞ അവസ്ഥയാണ്. സർവകലാശാലകളിൽ സ്ഥിരം വിസിമാരുടെ നിയമനത്തിന് ഈ പോര് തടസമാവുകയാണ്. ഡിജിറ്റൽ, സാങ്കേതിക (കെടിയു) സർവകലാശാലകളിൽ സർക്കാർ പാനലിൽ നിന്നല്ലാതെ താത്കാലിക വിസിമാരെ നിയമിച്ച ഗവർണറുടെ നടപടി നിയമപരമല്ലെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ചിന്‍റെ ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവച്ചത് അടുത്തിടെയാണ്. ആരിഫ് മുഹമ്മദ് ഖാൻ ഗവർണറായിരുന്നപ്പോഴായിരുന്നു ഈ നിയമനങ്ങൾ. ഗവർണർ സ്ഥാനത്ത് രാജേന്ദ്ര ആർലേക്കർ എത്തിയ ശേഷവും സർവകലാശാലാ കാര്യങ്ങളിൽ സമവായമുണ്ടാവാത്തത് നിരാശാജനകമാണ്.