സ്ഥിരം വിസിമാർ വരട്ടെ, എത്രയും വേഗം

നമ്മുടെ സർവകലാശാലകളുടെ സത്പേരിനു വലിയ തോതിലുള്ള കളങ്കം വരുത്തിവയ്ക്കുന്ന നടപടികളാണു കുറച്ചുകാലമായി ഇരു ഭാഗത്തുനിന്നും ഉണ്ടാവുന്നത്
Kerala's university VC postings

സ്ഥിരം വിസിമാർ വരട്ടെ, എത്രയും വേഗം

freepik.com

Updated on

സംസ്ഥാനത്തെ സർവകലാശാലകളിൽ സ്ഥിരം വൈസ് ചാൻസലർമാരെ നിയമിക്കുന്നതു സംബന്ധിച്ച് സംസ്ഥാന സർക്കാരും ചാൻസലർ കൂടിയായ ഗവർണറും തമ്മിൽ ധാരണയാവാത്തത് ഉന്നത വിദ്യാഭ്യാസ മേഖലയിൽ വളരെയേറെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. നമ്മുടെ സർവകലാശാലകളുടെ സത്പേരിനു വലിയ തോതിലുള്ള കളങ്കം വരുത്തിവയ്ക്കുന്ന നടപടികളാണു കുറച്ചുകാലമായി ഇരു ഭാഗത്തുനിന്നും ഉണ്ടാവുന്നത്. രാഷ്‌ട്രീയമായ ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങൾ ഉന്നത വിദ്യാഭ്യാസരംഗം യുദ്ധക്കളമാക്കി മാറ്റുന്ന അവസ്ഥയുണ്ടാക്കിയിട്ടുണ്ട്. കേരള സർവകലാശാലയിലെ വിസി- രജിസ്ട്രാർ പോരു വരെ നീളുന്ന രാഷ്‌ട്രീയ നാടകങ്ങൾ പലതു കണ്ടുകഴിഞ്ഞു കേരളം. എന്തായാലും സംസ്ഥാനത്തെ സർവകലാശാലകളിൽ സ്ഥിരം വൈസ് ചാൻസലർമാരെ നിയമിക്കുന്നതു വരെ നിലവിലെ വിസിമാർക്കു തുടരാമെന്ന സുപ്രീം കോടതി വിധി സർക്കാരുമായുള്ള പോരിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറിനു താത്കാലിക ആശ്വാസമായിട്ടുണ്ട്. പക്ഷേ, അതുകൊണ്ട് ഉന്നത വിദ്യാഭ്യാസ മേഖലയിലെ യാതൊരു പ്രശ്നവും തീരുന്നില്ല. സർക്കാരും ഗവർണറും തമ്മിലുള്ള യുദ്ധം തുടരുകയാണെങ്കിൽ ഇനിയും അനിശ്ചിതത്വം ഉണ്ടാവാം.

കഴിഞ്ഞ ദിവസത്തെ സുപ്രീം കോടതി വിധിയിലൂടെ സാങ്കേതിക സർവകലാശാലയിലും ഡിജിറ്റൽ സർവകലാശാലയിലും നിലവിലുള്ള താത്കാലിക വൈസ് ചാൻസലർമാർക്കു തുടരാനുള്ള വഴിയാണ് ഒരുങ്ങിയിരിക്കുന്നത്. അതുമായി ബന്ധപ്പെട്ട് ചാൻസലർ പുതിയ വിജ്ഞാപനം ഇറക്കുന്നതോടെ, ഡോ. സിസ തോമസ് ഡിജിറ്റൽ സര്‍വകലാശാലയിലും ഡോ. കെ. ശിവപ്രസാദ് സാങ്കേതിക സര്‍വകലാശാലയിലും വിസിമാരായി തിരികെ ചുമതലയേല്‍ക്കാനുള്ള അവസരമൊരുങ്ങും. ആറു മാസം ഇവര്‍ക്ക് ആ പദവിയിൽ തുടരുകയും ചെയ്യാം. നേരത്തേ ഡിജിറ്റല്‍ സര്‍വകലാശാലയില്‍ ചുമതലയേറ്റ ശേഷം അവിടത്തെ സാമ്പത്തിക ക്രമക്കേടുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് ഡോ. സിസ തോമസ് ഗവര്‍ണര്‍ക്കു നൽകിയിരുന്നു. സിസയെ ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ കരു നീക്കിയ സർക്കാരിന് ഹൈക്കോടതിയിൽ നിന്നുള്ള അനുകൂല വിധി ആശ്വാസമായി പലരും കണ്ടു. ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ താത്കാലിക വിസിമാരെ നിയമിച്ച മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ നടപടി നിയമപരമല്ലെന്നാണു ഹൈക്കോടതി വിധിച്ചത്. നിയമനം നടത്തേണ്ടത് സർക്കാർ പാനലിൽ നിന്നാണെന്ന സിംഗിൾ ബെഞ്ചിന്‍റെ ഉത്തരവ് ഡിവിഷൻ ബെഞ്ചും ശരിവച്ചപ്പോൾ ഇനിയെങ്കിലും ഒരു ധാരണയുണ്ടാവുമെന്ന പ്രതീക്ഷ വളർന്നതാണ്. രണ്ടു സർവകലാശാലകളിലും താത്കാലിക വിസിമാരെ നിയമിക്കുന്നതിന് സർക്കാർ മൂന്നംഗ പാനൽ ഗവർണർക്കു കൈമാറുകയും ചെയ്തിരുന്നു. എന്നാൽ, സുപ്രീം കോടതിയെ സമീപിക്കുകയാണു ഗവർണർ ചെയ്തത്. താത്കാലിക വിസിയുമായി ബന്ധപ്പെട്ടുള്ള കേസ് മൂലം വിദ്യാർഥികൾ എന്തിനു ബുദ്ധിമുട്ടണം എന്ന നിരീക്ഷണത്തോടെയാണ് നിലവിലുള്ള വിസിമാർക്കു തുടരാൻ പരമോന്നത കോടതി അനുമതി നൽകുന്നത്.

എന്നാൽ, ഈ "താത്കാലിക' അവസ്ഥ ഇതുപോലെ തുടരരുതെന്നു കോടതി പറയുന്നുണ്ട് എന്നതാണ് ഏറെ ശ്രദ്ധേയമായിട്ടുള്ളത്. കേരളത്തിലെ സര്‍വകലാശാലകളില്‍ സ്ഥിരം വിസിമാരെ ഉടന്‍ നിയമിക്കണമെന്നു കോടതി നിർദേശിച്ചിരിക്കുകയാണ്. ഇതു സംബന്ധിച്ച വിജ്ഞാപനം ഇറക്കാന്‍ ഗവര്‍ണറോടു കോടതി ആവശ്യപ്പെടുകയും ചെയ്തിരിക്കുന്നു. സ്ഥിരം വിസി നിയമനത്തിനു സര്‍ക്കാര്‍ ഗവര്‍ണറുമായി സഹകരിച്ചു പ്രവര്‍ത്തിക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം. വിസി നിയമനം നീളുന്നത് വിദ്യാർഥികളെയാണു ബാധിക്കുകയെന്ന് കോടതി വ്യക്തമായി ചൂണ്ടിക്കാണിക്കുന്നു. ചാൻസലറും സർക്കാരും ഐക്യത്തോടെ പ്രവർത്തിക്കേണ്ടതുണ്ടെന്നും സർവകലാശാലാ കാര്യങ്ങളിൽ രാഷ്‌ട്രീയം കൊണ്ടുവരരുതെന്നും കോടതി ഓർമിപ്പിക്കുന്നുണ്ട്. സർക്കാർ പറയുന്നതു ചാൻസലർ കേൾക്കുകയും ചാൻസലറോട് സർക്കാർ സഹകരിക്കുകയും വേണം. കുറച്ചുകാലമായി ഇതൊന്നും കേരളത്തിൽ നടക്കുന്നില്ല. സർവകലാശാലകളിൽ അത്യാവശ്യമുള്ളതു രാഷ്‌ട്രീയക്കളികളല്ല, വിദ്യാർഥികളുടെ ക്ഷേമം മുൻനിർത്തിയുള്ള പ്രവർത്തനങ്ങളാണ്. രാഷ്‌ട്രീയ താത്പര്യങ്ങളാണു പ്രധാനം എന്നു വരുന്നത് ഏതു സർവകലാശാലയുടെയും നിലവാരം ഇടിച്ചുതാഴ്ത്തുന്നതാവും.

സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പ്രശ്‌നങ്ങള്‍ മൂലം സംസ്ഥാനത്തെ 14 സര്‍വകലാശാലകളില്‍ ആരോഗ്യ സര്‍വകലാശാലയില്‍ മാത്രമാണു സ്ഥിരം വിസിയുള്ളത്. ഡോ. മോഹനന്‍ കുന്നുമ്മലിന്‍റെ കാലാവധി 2024 ഒക്റ്റോബറില്‍ അവസാനിച്ചതിനു പിന്നാലെ അഞ്ചു വര്‍ഷത്തേക്കു കൂടി നീട്ടി നല്‍കുകയായിരുന്നു. അദ്ദേഹത്തിനു തന്നെയാണ് കേരള സർവകലാശാലയുടെ അധികച്ചുമതലയും. കേരളയിൽ അടക്കം 13 സര്‍വകലാശാലകളിലും താത്കാലിക വിസിമാരാണ്. സെർച്ച് കമ്മിറ്റി രൂപവത്കരണവുമായി ബന്ധപ്പെട്ട തർക്കമാണ് സ്ഥിരം വിസിമാരുടെ നിയമനത്തിനു തടസമായി നിൽക്കുന്നത്. ഗവർണർ രൂപീകരിച്ച സെർച്ച് കമ്മിറ്റികൾക്കെതിരേ സർക്കാർ കോടതിയെ സമീപിച്ചു സ്റ്റേ നേടുകയുണ്ടായി. കമ്മിറ്റി രൂപവത്കരണവുമായി ബന്ധപ്പെട്ടുള്ള അധികാരം ആർക്കാണെന്ന കാര്യത്തിൽ തർക്കം തുടരുകയാണെങ്കിൽ പ്രതിസന്ധിക്കു പരിഹാരമാവില്ല. പരസ്പര ധാരണയിൽ പ്രശ്നം പരിഹരിക്കാൻ ഇരു കൂട്ടർക്കും കഴിയേണ്ടതാണ്. സംസ്ഥാനത്തെ ഭൂരിപക്ഷം സർക്കാർ കോളെജുകളിലും സ്ഥിരം പ്രിൻസിപ്പൽമാരില്ല എന്നതടക്കം പ്രശ്നങ്ങൾ ഉന്നത വിദ്യാഭ്യാസ മേഖലയിലുണ്ട്. അതിനൊന്നും യാതൊരു പരിഹാരവും ഉണ്ടാവുന്നില്ലെങ്കിൽ മികവിന്‍റെ കേന്ദ്രങ്ങൾ എന്നൊക്കെ പറയുന്നതു വാക്കുകളിൽ മാത്രമായി ഒതുങ്ങും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com